എന്താണ് കരിനാള്‍, പ്രതിവിധിയെന്ത്

ജീവിച്ചിരിക്കുമ്പോള്‍ എത്ര നന്മയോടെ ജീവിച്ചാലും മരിക്കുന്നത് ചില പ്രത്യേക നക്ഷത്രത്തിലോ, തിഥിയിലോ ആയാല്‍ ബന്ധുജനങ്ങള്‍ക്ക് അകാലമരണമുള്‍പ്പെടെ പലവിധ അനര്‍ത്ഥങ്ങളും സംഭവിക്കാമെന്നു ആധികാരിക ജ്യോതിഷഗ്രന്ഥങ്ങള്‍ പറയുന്നു

author-image
Biju
New Update
kari

തമിഴ് പക്ഷപ്രകാരം ചില പ്രത്യേക നക്ഷത്രങ്ങള്‍, രാശികള്‍, വാരങ്ങള്‍, തിഥികള്‍ എന്നിവയില്‍ മൃത്യുസംഭവിച്ചാല്‍ വീണ്ടും അധികം താമസിയാതെ വര്‍ഷമാസദിന ( കുടുംബത്തില്‍ മരണം സംഭവിക്കുമെന്ന് സൂചനയാകുന്നു) അതിനാല്‍ തമിഴ് പക്ഷപ്രകാരം ഓരോ മാസത്തിലും ചില തിയതികള്‍ കരിനാളായി നിശ്ചയിച്ചിട്ടുണ്ട്. ഇവയ്ക്കു ഒരു ശാസ്ത്രീയാടിസ്ഥാനം കാണുന്നില്ല. മുന്‍കാലങ്ങളില്‍ തമിഴ്നാട് അടക്കി ഭരിച്ചിരുന്ന ചില രാജാക്കന്മാര്‍ക്ക്  ദാരുണമായ അന്ത്യം സംഭവിച്ചതിന്റെ ദിനങ്ങളാണ്.
 കരിനാളായി ആചരിക്കുന്നതെന്നു പഴയ ചിലര്‍ പറയുന്നു. ഈ ദിവസങ്ങള്‍ ശുഭകര്‍മ്മങ്ങക്ക് വര്‍ജ്ജ്യം എന്നാണ് പറയുന്നത്. മലയാളത്തില്‍ ഇപ്രകാരം സ്ഥിരമായ നാളുകളല്ല കരിനാളായി എടുക്കുന്നത് ഒരു കുടുംബത്തില്‍ ഏതെങ്കിലും വ്യക്തി മരിക്കുന്ന സമയത്തെ ഉദയരാശി സ്ഥിരരാശിയാകുക, ആ സമയത്തെ നാള്‍ ബലിനക്ഷത്രമാവുക, എന്നിങ്ങനെ വന്നാല്‍ ആ കുടുംബത്തില്‍ വീണ്ടും മരണം ആവര്‍ത്തിക്കുമെന്നാണ് സൂചന.

മരിക്കുന്ന സമയത്തെ സൂര്യന്‍ നില്‍ക്കുന്ന നാള്‍ മുതല്‍ 4 നാള്‍ അകനാളായും 3 നാള്‍ പുറനാളായും അഭിജിത് നക്ഷത്രവും കൂടി ചേര്‍ത്ത് എണ്ണിയാല്‍ അന്നത്തെ നക്ഷത്രം അകനാളായാല്‍ കരിനാളിന്റെ ദോഷം ഏറെയാണെന്നും പുറനാളിലായാല്‍ ഗൗരവമുള്ളതല്ല എന്നും ആണ്. ശാസ്ത്രം, കേട്ട, കാര്‍ത്തിക,പൂരം, പൂരാടം, പൂരുരുട്ടാതി, ആയില്യം, ഭരണി, തിരുവാതിര, മൂലം നക്ഷത്രത്തില്‍ മൃതിപ്പെടുന്നവരുടെ പിണ്ഡം ഊട്ടാന്‍ ചുമതലയുള്ളവര്‍ക്ക് ഒരാണ്ടിനുള്ളില്‍ മരണമുണ്ടാകും. ഈ നക്ഷത്രത്തില്‍ ജനിച്ചവരും ബലികര്‍മ്മങ്ങള്‍ ചെയ്യണം. കുംഭം രാശി മുതല്‍ മീനം രാശിവരെയുള്ള 5 നക്ഷത്രങ്ങളെ ധനിഷ്ഠാ പഞ്ചകദോഷം (വസുപഞ്ചകദോഷം) ഉണ്ട്. 

ഇതിന് പരിഹാരമായി യഥാവിധി മഹാമൃത്യുജ്ഞയഹോമം മൃത്യു സംഭവിച്ച ഗൃഹത്തില്‍ വച്ച് നടത്തി ഒഴിവുനോക്കി ഒഴിവില്‍ കാണുന്ന ക്ഷേത്രത്തില്‍ സമര്‍പ്പിക്കുക. വെള്ളിയാഴ്ച എന്നിവയിലും പ്രേതകാര്യങ്ങള്‍ ഒന്നും ചെയ്യരുതെന്നും അങ്ങനെ ചെയ്താല്‍ കുലനാശമുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. സഞ്ചയനത്തിനു ഇതുപോലെ അശുഭദിനങ്ങള്‍ വിലക്കപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച, കൃഷ്ണചതുര്‍ദ്ദശി പിണ്ഡദാതാവിന്റെ ജന്മനക്ഷത്രം, അനുജന്മനക്ഷത്രങ്ങള്‍, മരിച്ച വ്യക്തിയുടെ ലഗ്നാലും ചന്ദ്രാലുമുള്ള അഷ്ടമരാശികള്‍ അതില്‍പെടുന്ന നക്ഷത്രങ്ങള്‍ക്ക ഇടവം രാശി, മരിച്ചവ്യക്തിയുടെ ഭാര്യാപുത്രാദികളുടെ ജന്മനക്ഷത്രം, ജന്മരാശി തുടങ്ങിയവ ഒഴിവാക്കണമെന്ന് വിധിയുണ്ട്. മുഴുനക്ഷത്രങ്ങള്‍, ശുഭവും മുറിനക്ഷത്രങ്ങള്‍അശുഭമാണ്. അശ്വതി, ഭരണി, രോഹിണി, തിരുവാതിര,പൂയം, ആയില്യം, മകം, പൂരം, അത്തം, ചോതി, അനിഴം, കേട്ട, മൂലം, പൂരാടം, തിരുവോണം, ചതയം, ഉത്തൃട്ടാതി, രേവതി എന്നിവയാണ് മുഴുനക്ഷത്രങ്ങള്‍.
കറുത്ത പക്ഷത്തിലെ 1-3-5 തിഥികളില്‍ അസ്ഥിസഞ്ചയനം നടത്തുന്നത് ശ്രേഷ്ഠമെന്നാണ് ജ്യോതിഷം പറയുന്നത്. ഓജതിഥികളില്‍ തന്നെ പ്രഥമവും തൃതീയവും വര്‍ജ്ജിക്കണം. രണ്ട് രാശികൂറുകളിലായി വരുന്ന കാര്‍ത്തിക, മകയിരം, പുണര്‍തം എന്നീ നക്ഷത്രങ്ങള്‍  സ്വീകാര്യങ്ങളല്ല. അതുപോലെ വെള്ളി, ചൊവ്വ എന്നീ ദിനങ്ങളും സ്വീകാര്യങ്ങളല്ല എന്നാല്‍ ഓരോ ജാതിക്കാര്‍ക്കും വേറെ വേറെ ആചാരമര്യാദകളാണ് ഇക്കാര്യത്തിലുള്ളത്. ബ്രാഹ്‌മണര്‍ക്ക് 4-ാം ദിവസമാണ് സഞ്ചയനത്തിന് വിധി. അഞ്ചാം ദിവസം കൊള്ളരുത്. അതിനുശേഷം എല്ലാ ദിവസവും വിഹിതമാണ് ഭദ്രാതിഥികളായ ദ്വിതീയ, സ്പതമി ദ്വാദശി എന്നീ തിഥികള്‍ വ്യാഴം, വെള്ളി എന്നീ ആഴ്ചദിവസങ്ങള്‍ കാര്‍ത്തിക, പുണര്‍തം, ഉത്രം, വിശാഖം, ഉത്രാടം, പൂരുരുട്ടാതി എന്നീ ത്രിപാദ നക്ഷത്രങ്ങള്‍ എന്നിവയില്‍ മരിക്കുക ഈ ദിവസങ്ങളില്‍ ദഹനം നടത്തുക എന്നിവയും ദോഷപ്രദമാണെന്നു ഗ്രന്ഥത്തില്‍ കാണുന്നു.

 പ്രഥമ, ഷഷ്ഠി, ഏകാദശി, ചതുര്‍ദ്ദശി, ഇതിനുപുറമേ അകനാള്‍ ദോഷത്തില്‍ അഭിജിത്ത് നക്ഷത്രം പറഞ്ഞിട്ടുണ്ട്. ആ അഭിജിത്ത് നക്ഷത്രം എന്താണെയെന്നു നോക്കാം. ഉത്രാടം നക്ഷത്രത്തിന്റെ അന്ത്യപാദവും (ഒടുവിലത്തെ പതിനഞ്ച് നാഴികയും തിരുവോണം നക്ഷത്രത്തിന്റെ ആദ്യത്തെ നാല് നാഴികയും കൂടിയ 19 നാഴിക സമയത്തെയാണ് അഭിജിത്ത് നക്ഷത്രം എന്നു പറയുന്നത്. ഈ നക്ഷത്രം ഇരുപത്തേഴ് നക്ഷത്രങ്ങളില്‍ പെടാത്തതുകൊണ്ട് ജാതക-പ്രശ്നവിഷയങ്ങളില്‍ ഈ അധിനക്ഷത്രം പരിഗണിക്കപ്പെടുന്നില്ല എന്നാല്‍ മറ്റു നക്ഷത്രങ്ങളെപ്പോലെ ഇതും വൈദികകാലത്ത് അംഗീകരിച്ചിരുന്നു ഇപ്പോഴും പല നക്ഷത്രപരിഗണനകളിലും അഭിജിത്തിനെകണക്കാക്കാറുണ്ട്. മുഹൂര്‍ത്തത്തിന് ശലാകാവേഗം നിര്‍ണ്ണയിക്കേണ്ടി വരുമ്പോഴാണ് അഭിജിത്ത് നക്ഷത്രത്തെ പ്രത്യേകമായി ഗണിക്കുന്നത്.
ജീവന്‍ വെടിഞ്ഞുകഴിഞ്ഞ ശരീരത്തെ വിധിപ്രകാരം സംസ്‌കരിക്കുന്ന ചടങ്ങ് ഷോഡശസംസ്‌കാരങ്ങളില്‍ അവസാനത്തെതാണ് അന്ത്യേഷ്ടി എന്നും അറിയപ്പെടുന്നു. ഭസ്മാന്തം ശരീരം എന്ന വചനമനുസരിച്ച് ഭസ്മമായി തീരുന്നതുവരെയാണ് ഈ സംസ്‌കാരം. 

വിധിപ്രകാരം തയ്യാറാക്കുന്ന അഗ്നികുണ്ഠത്തില്‍ ശവശരീരം സുഗന്ധദ്രവ്യങ്ങളോടൊപ്പം ദഹിപ്പിക്കുന്നത് ഒരു യാഗകര്‍മം തന്നെയെന്ന് കരുതപ്പെടുന്നു. ഇഷ്ടി എന്നാല്‍യാഗം എന്നര്‍ത്ഥം. അന്ത്യേഷ്ടി അങ്ങനെ ഒരു വ്യക്തിയുടെ അവസാനത്തെ യാഗമായി വിവക്ഷിക്കപ്പെടുന്നു. ജീവനൊഴിഞ്ഞുപോയ ശരീരം ജഡവും അശുദ്ധമാണ്. സകലതിനേയും ശുദ്ധീകരിക്കുവാന്‍ കഴിവുള്ള അഗ്നിതന്നെ ദഹനത്തിലൂടെ ശവശരീരത്തെയും ശുദ്ധീകരിച്ച് അവസാനം ഒരു പിടി ചാരമാകുന്നു. ശവസംസ്‌കാര പ്രക്രിയക്കും ദേശകാല ജാതിവ്യത്യാസങ്ങള്‍ കാണാം. പ്രാദേശികമായും സാമുദായകമായും പല വ്യത്യാസങ്ങളുമുണ്ട്. ഒരു ഏകീകൃത അനുഷ്ഠാനരീതി എഴുതുക പ്രയാസകരമാണ്. ഓരോ സമുദായത്തിനും വ്യത്യസ്തകളുള്ള ശവസംസ്‌കാരരീതികളാണ് ഇന്ന്നിലവിലുള്ളത് എന്ന് പ്രധാനകാര്യമാണ്.

വസുപഞ്ചകദോഷം

    ജീവിച്ചിരിക്കുമ്പോള്‍ എത്ര നന്മയോടെ ജീവിച്ചാലും മരിക്കുന്നത് ചില പ്രത്യേക നക്ഷത്രത്തിലോ, തിഥിയിലോ ആയാല്‍ ബന്ധുജനങ്ങള്‍ക്ക് അകാലമരണമുള്‍പ്പെടെ പലവിധ അനര്‍ത്ഥങ്ങളും സംഭവിക്കാമെന്നു ആധികാരിക ജ്യോതിഷഗ്രന്ഥങ്ങള്‍ പറയുന്നു. അതില്‍ പ്രധാനപ്പെട്ട ദോഷം വസുപഞ്ചകദോഷം. 'വസു' ആദിയായ പഞ്ചകമാണ് വസുപഞ്ചകം. അവിട്ടം നക്ഷത്രത്തിന്റെ ദേവത വസു ആണ്. ആയതിനാല്‍ അവിട്ടം മുതലുള്ള നക്ഷത്രത്തിന്റെ ആദ്യപകുതി ദോഷരഹിതമാണെന്നും ദോഷം രണ്ടാമത്തെ പകുതിക്കു മാത്രമേയുള്ളൂ എന്നാണ് അഭിജ്ഞമതം. മൃത്യുകാരനായ ശനിയുടെ മൂലക്ഷേത്രരാശിയില്‍ ചന്ദ്രന്‍ പ്രവേശിക്കുന്നത് അവിട്ടത്തിന്റെ രണ്ടാം പകുതി മുതല്‍ക്കാണ്. 
 
വസുപഞ്ചകത്തില്‍ മരിക്കുന്നവരുടെ കുടുംബത്തില്‍ നിര്‍ബന്ധമായും അഞ്ചുമരണങ്ങള്‍ ഉണ്ടാകണ മെന്നില്ലെന്നും, അവിട്ടം 1, ചതയം 2, പുരുരുട്ടാതി 3, ഉതൃട്ടാതി 4, രേവതി 5 മരണങ്ങള്‍ എന്നിങ്ങനെ ഉണ്ടാകുമെന്നും ഇതില്‍ തന്നെ പാഠഭേദം ഉണ്ട്.  മരണ സംഖ്യയില്‍ വ്യത്യാസമുണ്ടാകാം. ചിലപ്പോള്‍ ഈ കാലയളവിനുള്ളില്‍ മരണമോ, മരണതുല്യമായ ദുരനുഭവങ്ങളോ കുടുംബത്തില്‍ ഉണ്ടാകും. ഈ വസ്തുത അനുഭവമായിത്തീരുന്നുവെന്നു പൂര്‍വ്വികര്‍ വിശ്വസിക്കുന്നു. ഇതില്‍ എന്തെങ്കിലും ഒന്നില്‍ മരിച്ചാല്‍ വസുപഞ്ചക ദോഷമുണ്ട്. ഇവരുടെ ആത്മാക്കള്‍ക്ക് സാധാരണ ഗതിയില്‍ മോക്ഷപ്രാപ്തിയുണ്ടാകില്ല. അ മൃതദേഹം പരിഹാരം ചെയ്യാതെ അഗ്നിയില്‍ ദഹിപ്പിക്കുവാന്‍ പാടില്ല. അഥവാ ദഹിപ്പിച്ചാല്‍ മരിച്ചയാളിന്റെ കുടുംബാംഗങ്ങള്‍ക്കോ അടുത്ത മിത്രങ്ങള്‍ക്കോ, ആപത്തോ കഷ്ടനഷ്ടങ്ങളോ വരാം. പൊതുവെ വസുപഞ്ചക ദോഷത്തിന്റെ കാലാവധി ഒരുവര്‍ഷമാണ്. ഈവിധ ദോഷങ്ങള്‍ രാശിസന്ധി, നക്ഷത്രസന്ധി, മാസസന്ധി, വാരസന്ധി, സന്ധ്യസന്ധി ഇവ ഒത്തുവന്നാല്‍ മാത്രമേ കൃത്യമായ ദോഷങ്ങള്‍ സംഭവിക്കൂ. ഇവയിലൊന്നും മരണസമയം ഉള്‍പ്പെടുന്നില്ലെങ്കില്‍ മരണം മനുഷ്യനുതന്നെ സംഭവിക്കാതെ പകരം ആ കുടുംബത്തിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് സംഭവിക്കാം.

വസുപഞ്ചകദോഷവുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന മറ്റൊരു അഭിപ്രായം
 1.  അവിട്ടം നക്ഷത്രം രണ്ടാം പകുതി - ചൊവ്വഴ്ച ഏകാദശി തിഥി വൃശ്ചികം ലഗ്നം.
 2.  ചതയം നക്ഷത്രം- ബുധനാഴ്ച- ദ്വാദശിതിഥി ധനുലഗ്നം
 3.  പൂരുരുട്ടാതി നക്ഷത്രം- വ്യാഴാഴ്ച- ത്രയോദശി- മകരലഗ്നം
 4.  ഉതൃട്ടാതി നക്ഷത്രം- വെള്ളിയാഴ്ച- ചതുര്‍ദ്ദശി കുംഭലഗ്നം
 5.  രേവതി നക്ഷത്രം - ശനിയാഴ്ച- വാവ്- മീനലഗ്നം.
    എന്നിവ ഒത്തുചേരുന്ന സമയത്ത് മരിച്ചാലേ കാര്യമായ വസുപഞ്ചകദോഷം സംഭവിക്കുകയുള്ളൂ. 
ഞായര്‍, തിങ്കള്‍, ദിവസം മരിച്ചാല്‍ ദോഷമില്ല.

    ഇതിനുള്ള പരിഹാരമായി സഞ്ചയനത്തിനു മുമ്പ് ദര്‍ഭകൊണ്ടോ, യവശിഷ്ടം കൊണ്ടോ അഞ്ചു പ്രതിമ ഉണ്ടാക്കി കര്‍മ്മിയെകൊണ്ട് അതില്‍ അപമൃത്യുദോഷം ആവാഹിച്ചു മൃതദേഹമെന്നപോലെ യഥാവിധി ചിതയില്‍ പ്രത്യേകം പ്രത്യേകം വച്ച് ദഹിപ്പിക്കണം. മരിച്ച് 17-ാം നാള്‍ ഗൃഹത്തില്‍ മൃത്യുഞ്ജയ ഹവനം നടത്തുകയും പിണ്ഡകര്‍ത്താവിന്റെ പിറന്നാള്‍ദിനം ശിവക്ഷേത്രത്തില്‍ ഒരു വര്‍ഷക്കാലം മാസത്തില്‍ ഒന്ന് എന്ന കണക്കില്‍ മൃത്യുഞ്ജയഹോമവും മൃത്യുഞ്ജയ പുഷ്പാഞ്ജലിയും നടത്തുകയും വേണം. അതുപോലെ യഥാശക്തി ദാനധര്‍മ്മാദികളും ചെയ്യുന്നത് നല്ലതാണ്. 

പിണ്ഡനൂല്‍ദോഷം
    
ചില നക്ഷത്രങ്ങളില്‍ മരണം സംഭവിച്ചാല്‍ പിണ്ഡനൂല്‍ ദോഷമുണ്ട്. തൃക്കേട്ട, കാര്‍ത്തിക, പൂരം, പൂരാടം, പൂരുരുട്ടാതി, ഭരണി, ആയില്യം, തിരുവാതിര, മൂലം എന്നീ ഒന്‍പതു നക്ഷത്രങ്ങളും പിണ്ഡനൂല്‍ നക്ഷത്രങ്ങളാണ്. ഈ ഒന്‍പതു നക്ഷത്രങ്ങളില്‍ മരിച്ചാല്‍ പിണ്ഡനൂല്‍ ദോഷം സംഭവിക്കാം. സുകൃതക്ഷയമാണ് ഫലം. ഈ ദോഷത്തിന് പരിഹാരമായി മൃത്യുഞ്ജയ ഹവനം ഗൃഹത്തില്‍ വച്ച് നടത്തുക. ഈ നക്ഷത്രങ്ങളില്‍ മൃതി സംഭവിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പിണ്ഡകര്‍ത്താവിനു മരണതുല്യമായ ദുരിതദോഷങ്ങള്‍ സംഭവിക്കാം. ജാതകന് ദശാസന്ധി, ഗോചരാല്‍ അനിഷ്ടകാലം എന്നിയുണ്ടെങ്കില്‍ പിണ്ഡകര്‍ത്താവിനു മരണവും ചിന്തിക്കാം. പിണ്ഡകര്‍ത്താവ് ഒരു വര്‍ഷക്കാലം മൃത്യുഞ്ജയപുഷ്പാഞ്ജലി, പിന്‍വിളക്ക് എന്നിവ ശിവക്ഷേത്രത്തില്‍ ഭക്തിവിശ്വാസത്തോടെ നടത്തുക.

ബലിനക്ഷത്രദോഷം

    ചില നക്ഷത്രങ്ങളിലെ മരണംമൂലം സംഭവിക്കാവുന്ന ദോഷമാണ് ബലിനക്ഷത്ര ദോഷം മൃത്യു സ്ഥിരരാശിയും പുണര്‍തം, വിശാഖം, ചിത്തിര, രേവതി, രോഹിണി, ഉത്രം, തിരുവോണം, കേട്ട, അവിട്ടം ജന്മനക്ഷത്രം എന്നീ നക്ഷത്രങ്ങളും അഷ്ടമി, വാവ്, ചതുര്‍ത്ഥി, നവമി, ചതുര്‍ദശി എന്നീ തിഥികളും ഒത്തുവന്നാല്‍ ബലിനക്ഷത്രദോഷം സംഭവിക്കാം, ഈ പറഞ്ഞ രാശിയും നക്ഷത്രവും (ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം, രാശികളും) പുണര്‍തം-വിശാഖം-ചിത്തിര-രോഹിണി-രേവതി-ഉത്രം-തിരുവോണം- തൃക്കേട്ട-അവിട്ടം നക്ഷത്രങ്ങളും ഒത്തുവന്നാലും ബലിനക്ഷത്രദോഷം ഉണ്ടാകുമെന്ന് പറയുന്നു.   ചില ദേശങ്ങളില്‍ ബലി നക്ഷത്ര ദോഷങ്ങളില്‍ ഉത്രാടം, ഉതൃട്ടാതി, അത്തം, തിരുവാതിര എന്നീ നക്ഷത്രങ്ങളെയും ഉള്‍പ്പെടുത്താറുണ്ട്.  മുന്‍പറഞ്ഞ നക്ഷത്ര തിഥികള്‍ ഒത്തുവന്നാല്‍ ഗൃഹത്തില്‍ പലവിധ ദുരിതങ്ങളും മരണഭയവും സംഭവിക്കും.  ആ കുടുംബത്തില്‍ ജാതകദോഷവും സമയദോഷവും കൂടി നില്ക്കുന്നയാള്‍ക്ക് മരണംതന്നെ സംഭവിക്കാന്‍ ഇടയുണ്ട്.  ഇതിന് പരിഹാരമായി ഗൃഹത്തില്‍വച്ച് മൃത്യുഞ്ജയഹോമം യഥാവിധി നടത്തുകയും കാലന് ബലികൊടുക്കുകയും ചെയ്യണം.

അകനാള്‍ ദോഷം
    
മൃത്യു സംബന്ധമായി മറ്റൊരു ദോഷമുണ്ട്.  അകനാള്‍ദോഷം മൃത്യു നടന്ന മാസത്തില്‍ സൂര്യന്‍ പ്രവേശിച്ച ആദ്യനക്ഷത്രം (സംക്രമ നക്ഷത്രം) മുതല്‍ മരിച്ച ദിവസത്തെ നക്ഷത്രംവരെ ആദ്യം എണ്ണി തിട്ടപ്പെടുത്തണം.  ഇതില്‍ ആദ്യത്തെ നാല് നക്ഷത്രം അകനാളായും പിന്നത്തെ മൂന്ന് നക്ഷത്രം പുറനാളായും കണക്കാക്കണം.  അഭിജിത്തുകൂടി ഉള്‍പ്പെടുത്തണം.  (ഉത്രാടം, അഭിജിത്ത്, തിരുവോണം-ഉള്‍പ്പെടെ ഇരുപത്തിയെട്ട് നക്ഷത്രങ്ങള്‍ വരും) ഇങ്ങനെ കണക്കാക്കുമ്പോള്‍ അകനാളായി വരുന്ന നക്ഷത്രത്തിലാണ് മൃത്യു സംഭവിച്ചതെങ്കില്‍ അകനാള്‍ ദോഷം ഉണ്ട്.  വീണ്ടും ഒരു മൃത്യു കൂടെ അധികം താമസിയാതെ ആ കുടുംബത്തില്‍ നടക്കും.  പരിഹാരമായി വിധിപ്രകാരം മൃത്യഞ്ജയഹോമം നടത്തുക.  കരിനാള്‍, ബലി, മറ്റ് കരിനാള്‍ ദോഷ പരിഹാര ക്രിയകള്‍ തുടങ്ങിയവ ശ്രീ പരശുരാമ ക്ഷേത്രത്തിലും, അതുപോലെ പിതൃകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ ശ്രേഷ്ഠമായ ക്ഷേത്രങ്ങളിലും ചെയ്താല്‍ ദോഷം അനുഭവത്തില്‍ വരില്ല.  ദോഷശാന്തിക്കുള്ള കര്‍മ്മങ്ങള്‍ ചെയ്യിക്കുന്നതിനോടൊപ്പം ദോഷം ബാധിക്കാന്‍ സാദ്ധ്യതയുള്ളവര്‍ സുകൃത കര്‍മ്മം അനുഷ്ഠിക്കുകയും മനംനൊന്ത് ഭക്തിവിശ്വാസത്തോടെ ഈശ്വരനോടു പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ കൂടുതല്‍ ഫലപ്രദമാണെന്ന കാര്യം അനുഭവസ്ഥര്‍ പറയുന്നു.

ഇരുമാസ ദോഷം

    മലയാള മാസത്തിലെ പകുത്തിക്കുശേഷം മരിച്ചാല്‍ പിണ്ഡക്രിയകളും പുലവീടലും മറ്റുഅടുത്ത മാസത്തേക്കു നീളും. ഇത് ഇരുമാസ ദോഷം എന്നറിയപ്പെടുന്നു. ഇതും കുടുംബത്തിലെ ഒരു മരണത്തെ കൂടി സൂചിപ്പിക്കുന്നതാണ്. യഥാവിധി ശാന്തിക്രിയകള്‍ ചെയ്യണം. കൂടാതെ ത്രിപുഷ്‌കര യോഗത്തെ പറഞ്ഞിട്ടുണ്ട്. ദ്വിതീയ, സപ്തമി, ദ്വാദശി എന്നീ ഭദ്രാതിഥികള്‍, ശനി, ചൊവ്വ, ഞായര്‍ ആഴ്ചകള്‍ വ്യാഴത്തിന്റെ നക്ഷത്രങ്ങളായ വിശാഖം, പൂരുരുട്ടാതി, പുണര്‍തം സൂര്യന്റെ നക്ഷത്രങ്ങളായ കാര്‍ത്തിക, ഉത്രം, ഉത്രാടം എന്നീ നാളുകള്‍ ഇവ ചേര്‍ന്നുള്ള തിഥി, വാര നക്ഷത്രയോഗം വന്നാല്‍ ത്രിപുഷ്‌കര യോഗമായി ഈ സമയത്ത് ഒരു തറവാട്ടില്‍ ഒരാള്‍ മരിച്ചാല്‍ രണ്ടുപേര്‍ കൂടു മരിക്കും. ഗുണഫലമുണ്ടായാല്‍ അവയും രണ്ട് തവണ കൂടി സംഭവിക്കും. ചൊവ്വയുടെ നക്ഷത്രങ്ങളായ അവിട്ടം, ചിത്ര, മകയിരം എന്നിവയായാല്‍ ഇരട്ടി ഫലമാണ് അതായത് 4 പേര്‍ കൂടി മരിക്കും. ദ്വിത്രിപുഷ്‌കരയോഗമാണിത്.      

പ്രേതദാഹ മുഹൂര്‍ത്തങ്ങള്‍

    അശ്വതി, പൂയം, അത്തം, അയില്യം, മൂലം, മകയിരം, തൃക്കേട്ട, തിരുവോണം, തിരുവാതിര, ചോതി എന്നീ 10 നാളുകളില്‍ മരിച്ചാല്‍ പ്രേതം ദഹിപ്പിക്കണം. മീനത്തിലും കുംഭത്തിലും ചന്ദ്രന്‍ നിന്നാല്‍ വസുപഞ്ചക ദോഷമുണ്ട്. ഇതിനുള്ള പ്രതിവിധി പറയുന്നു. തെക്കു ഭാഗത്ത് ദഹിപ്പിക്കണം. അധികം വൈകിപ്പിക്കരുത്. വീട് വൃത്തിയാക്കാനുള്ള ശ്രമങ്ങള്‍ പാടില്ല. മെഴുകുക, മരാമത്തുപണികള്‍ നടത്തുവാന്‍ പാടില്ല. മരക്കഷണങ്ങളോ, മര ഉരുപ്പടികളോ കൊണ്ടുവരരുത്, പ്രേതദാഹസമയത്ത് പുല്ലിന്റേയോ അഥവാ പഞ്ഞിയുടേയോ അഞ്ച് മൂര്‍ത്തികളെ കൂടി ഉണ്ടാക്കി അതുകൂടി യഥാവിധിപ്രകാരം പ്രേതത്തോടൊപ്പം ദഹിപ്പിക്കണം. കാര്‍ത്തിക മുതല്‍ അന്നത്തെ (ദഹന നാളില്‍ത്തന്നെയായിരിക്കണം അതിനുള്ള വിറക് കൊണ്ടുവരുന്നത്) നാള്‍വരെ എണ്ണി 7,8 നക്ഷത്രങ്ങളില്‍ ദഹനം പാടില്ല. അതായത് ആയില്യം, മകം, നാളികുളില്‍ ഇങ്ങനെ വിറകുശേഖരണ ഫലം പറഞ്ഞിട്ടുണ്ട്. പൂരം, ഉത്രാടം, അത്തം, ചിത്ര നാളുകളില്‍ വിറകു കൊണ്ടുവന്നാല്‍ സര്‍പ്പഭയമുണ്ടാകാന്‍ കാരണമാവാം. മൂലം, പൂരാടം, ഉത്രാടം, തിരുവോണം നാളുകളില്‍  രോഗഭയവും, അവിട്ടം, ചതയം, പൂരുട്ടാതി, ഉത്തൃട്ടാതി ഉഷ്ണമാണ്, പൊള്ളുക തുടങ്ങി അനിഷ്ട സംഭവങ്ങള്‍ പറയാം. മറ്റുള്ള ദോഷമില്ല. ആരെങ്കിലും മരിച്ച് പ്രേതത്തെ ലഭിച്ചില്ലെങ്കില്‍ മരണാനന്തര ക്രിയകള്‍ ചെയ്യാനുള്ള വിധം പറയുന്നു.

    1.    വെള്ളി, ചൊവ്വ, ശനി ആഴ്ചകളിലും 
    2.     ചതുര്‍ദ്ദശി, അമാവാസി, ത്രയോദശി, പ്രഥമ, ഷഷ്ഠി, ഏകാദശി എന്നീ 6 തിഥികള്‍.      
    3.    മൂലം, കേട്ട, തിരുവാതിര, ആയില്യം, പൂരം, പൂരാടം, പൂരുരുട്ടാതി, ഭരണി, മകം, രേവതി,             ചതയം എന്നീ 11 നക്ഷത്രങ്ങളിലും 
    4.    ത്രിപുഷ്‌കര യോഗത്തിലും
    5.    ദ്വിത്രിപുഷ്‌കരയോഗത്തിലും 
    6.    മലമാസത്തിലും 
    7.    ക്ഷയമാസത്തിലും
    8.    കര്‍ക്കിടക മകര സംക്രാന്തികളിലും
    9.    മരിച്ചിട്ട് ഒരു കൊല്ലത്തിലധികമായിട്ടുണ്ടെങ്കില്‍ ദക്ഷിണായനത്തിലും
    10.    വൃതിപാതപരീഘ നിത്യയോഗങ്ങളിലും
    11.    ശുക്രനും വ്യഴത്തിനും മൗഢ്യമുള്ളപ്പോഴും 
    12.    ഭദ്രാതിഥികളായ ദ്വിതീയാ, സപ്തമി, ദ്വാദശി എന്നിവയും വൈധൃതി നിത്യയോഗവും             ഒന്നിച്ചു വരുമ്പോഴും
    13.    ശുക്ലപക്ഷത്തിലും - കറുക, പിണ്ഡച്ചോറ്, തുടങ്ങിയവകൊണ്ട് ഉണ്ടാക്കിയ ശവ പിണ്ഡ ത്തെ ദഹിപ്പിക്കരുത്. ഈ പറഞ്ഞ കാര്യങ്ങള്‍ ശവദഹനത്തിനും പ്രകൃതി ദഹനത്തിനും നിഷേധിച്ച സമയങ്ങളാണ്. ക്രിയ ചെയ്യുന്നയാളുടെ ശുദ്ധിയും പ്രധാനമാണ്. ക്രിയ ചെയ്യുന്നയാളുടെ ജ•-നക്ഷത്രത്തിലോ, അഞ്ചാംനക്ഷത്രത്തിലോ, ചന്ദ്രന്‍ ജ•-രാശിയുടെ 4, 8, 12 ഭാവരാശികളിലെ നില്‍ക്കുന്നവര്‍ ക്രിയ പാടില്ല. എന്നാല്‍ അനിഴം, പുണര്‍തം, ഉത്രം, ഉത്രാടം, ഉത്തൃട്ടാതി, രോഹിണി, വിശാഖം, മകയിരം, ചിത്ര, അവിട്ടം, ബുധനാഴ്ച എന്നിവയില്‍ ഈ ക്രിയ മധ്യമമാകുന്നു. 

ഞായര്‍, വ്യാഴം, തിങ്കള്‍, ആഴ്ചകളില്‍ തിരുവോണം, അത്തം, ചോതി, പൂയം, അശ്വതി നക്ഷത്രങ്ങള്‍ ശുഭങ്ങളാകുന്നു. പ്രേതത്തില്‍ ക്രിയകളൊന്നും നേരില്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ഈ പറഞ്ഞ ദിവസങ്ങളില്‍ ക്രിയകള്‍ ചെയ്താല്‍ അശുദ്ധിയൊന്നും ഉണ്ടാകുന്നതല്ല. പലവിധ വിഷയങ്ങള്‍ ചിന്തിച്ചും വളരെ ശ്രദ്ധിച്ചു വേണം മരണാനന്ത ക്രിയകള്‍ക്കു വേണ്ട ഉത്തമമായ മുഹൂര്‍ത്തം ജ്യോത്സ്യന്‍ കണ്ടെത്തേണ്ടത്. ദോഷകാര്യമെല്ലാം വിശദീകരിച്ചു നോക്കി അതെല്ലാം യഥാവിധി പ്യച്ഛകനോട് പറയണം.  ശരിയായ പരിഹാര കര്‍മ്മങ്ങളും വിധിക്കണം. യഥാവിധി പ്രകാരം നിഷ്ടയായി മൂന്ന് തലമുറകളിലുള്ളവര്‍ കൂടി കൃത്യമായി ചെയ്യണമെന്നു നിഷ്‌കര്‍ഷിക്കണം. ഇങ്ങനെ ചെയ്താല്‍ മൃത്യും ദോഷം മാറിപ്പോകും. വസുപഞ്ച നക്ഷത്ര ദോഷം തീര്‍ക്കാന്‍ ദഹിപ്പിക്കരുതെന്നാണ് മറ്റൊരു നിര്‍ദ്ദേശം. അഥവാ ദഹിപ്പിക്കുകയാണെങ്കില്‍ വിധിപ്രകാരം വേണം ഊര്‍ദ്ധ്വമുഖരാശിയില്‍ മരണം സംഭവിച്ചാല്‍ ഉത്തമവും, അധോമുഖത്തില്‍ അധമവും, നിര്യങ്മുഖരാശിയില്‍ മധ്യമവുമാകുന്നു. 

ദോഷകരമായ മരണ ലക്ഷണം കണ്ടാല്‍ പിണ്ഡച്ചോറുകൊണ്ട് 1 മുതല്‍ 5 വരെ ആള്‍ രൂപമുണ്ടാക്കി ബന്ധുക്കളാണെന്ന് നിശ്ചയിച്ച് മൂന്നോ, അഞ്ചോ, തലമുറകളിലുള്ളവര്‍ കൂടി യഥാവിധി മരണാനന്തര ക്രിയകള്‍ നടത്തി സംസ്‌കരിക്കണം.  ഇത് മരിച്ച ആളെ സംസ്‌കരിച്ചതോടൊപ്പമോ, പട്ടനാട്ടിക്രിയ തുടങ്ങുന്ന ദിവസമോ അല്ലെങ്കില്‍ അസ്ഥി സഞ്ചയനത്തിന് മുന്‍മ്പെങ്കിലും നടത്തിയിരിക്കണം, തുടര്‍ന്ന് സഞ്ചയനക്രിയകളും മറ്റും ചെയ്യുന്നതോടൊപ്പം ഈ മരിച്ച 5 പേര്‍ക്കും കൂടി ചെയ്യണം. ഇവരുടെയും പുല ആചരിച്ച് പുല വിടുന്നതിനുമുന്‍പായി സപിണ്ഡിശ്രാദ്ധം ഊട്ടി ബലികര്‍മ്മങ്ങള്‍ ചെയ്യണം. പിന്നേട് വീട്ടില്‍വച്ച് അന്നദാനത്തോടെ അടിയന്തര സദ്യ നടത്തണം. പിന്നീട് ജ്യോത്സ്യനെ കണ്ട് കുടുംബത്തിലെ മൃത്യു ദോഷങ്ങള്‍, അപമൃത്യു ദോഷങ്ങള്‍ എന്നിവയെപ്പറ്റി യഥാവിധി പ്രശ്‌നം വച്ച് ഫലം അറിയണം. മൃത്യും ദോഷവും അപമൃത്യും ദോഷങ്ങളും തറവാട്ടില്‍ ഉണ്ടെങ്കില്‍ തറവാട്ടില്‍ വച്ചു തന്നെ മൃത്യുഞ്ജയ ഹോമം നടത്തണം. ഹോമത്തില്‍ തറവാട്ടിലെ എല്ലാവരും പങ്കെടുക്കണം. മൃത്യു ദോഷങ്ങളും അപമൃത്യു ദോഷങ്ങളും ഉഴിഞ്ഞിട്ട് തറവാട് ശുദ്ധമാക്കുന്നതുവരെ അഘോരഹോമവും, മൃത്യുജ്ഞയഹോമവും യഥാവിധി നടത്തണം. ഇവിടെയും ഉത്തമമായ ജ്യോത്സ്യനെകൊണ്ട് യഥാവിധി ഒഴിവു നോക്കിക്കണം. മേല്‍പ്പറഞ്ഞ ദോഷങ്ങള്‍ക്കു പരിഹാരമായി ഗൃഹം പൂട്ടി കുറച്ചു കാലം മാറി താമസിക്കുന്നതുകൊണ്ട് പരിഹാരമാവുകയില്ല. വീണ്ടും ആ ഗൃഹത്തില്‍ ജ്യേഷ്ഠ ലക്ഷ്മിയുടെ വാസം തുടങ്ങും മുമ്പ് പറഞ്ഞ പരിഹാര ക്രിയകള്‍ യഥാവിധി ചെയ്യുക. പ്രാചീന കാലത്ത് ദുര്‍ദിനങ്ങളില്‍ മരണം സംഭവിച്ചാല്‍ ദോഷപരിഹാരമായി ചെയ്യാറുള്ള കര്‍മ്മത്തെ അകനാള്‍ നീക്ക് എന്നു കേരളീയര്‍ വിശ്വസിച്ചിരുന്നു. 

ഈ മാന്ത്രിക കര്‍മ്മം വണ്ണാന്‍, മലയരുടെയും, കണിയാന്‍ എന്നീ സമുദായത്തില്‍പ്പെട്ടവരാണ് ചെയ്യാറുള്ളത്. വീണ്ടും മരണത്തെക്കുറിച്ചുള്ള ഭയവിശ്വാസമാണ് ഇതിനു ആധാരം. ഇവരുടെ അകനാള്‍ നീക്കിന് ചില്ലറ വ്യത്യാസങ്ങളുണ്ട്. മലയര്‍ ഈ അനുഷ്ഠാന കര്‍മ്മത്തോടനുബന്ധിച്ച് അകനാള്‍ ഗുളികന്‍ എന്നൊരു കോലം കെട്ടി ആടാറുണ്ട്. കര്‍മ്മാന്ത്യത്തില്‍ മാന്ത്രികന്‍ ബലിത്തട്ടുഴിഞ്ഞു മറ്റു സാധനങ്ങളെല്ലാം എടുത്ത് യാത്ര ആരംഭിക്കുമ്പോള്‍ ഭവനത്തില്‍ കരി  കലക്കി ഉഴിഞ്ഞു പുറത്തുകളഞ്ഞ് വാതിലയ്ക്കണം. മാന്ത്രികന്‍ അതെല്ലാമെടുത്ത് തിരിഞ്ഞു നോക്കാതെ പോകണമെന്നാണ് നിയമം. മുന്‍പ് പറഞ്ഞ ദുര്‍ ദിനങ്ങളില്‍ മരണമുണ്ടായാല്‍ കാലന് ബലി നല്‍കി ആ ദോഷം തീര്‍ക്കണം. എന്നാല്‍ ബ്രാഹ്‌മണ- ക്ഷത്രീയ ഗൃഹങ്ങളില്‍ മുന്‍ പറഞ്ഞ വര്‍ഗ്ഗക്കാര്‍ വന്ന് പരിഹാരം ചെയ്ത് കാണുന്നില്ല. മറ്റു സമുദായക്കാരാണ് ഈ പരിഹാര കര്‍മ്മങ്ങള്‍ ചെയ്യുന്നത്. ബ്രാഹ്‌മണ ഗൃഹങ്ങളിലും മറ്റും വെള്ളി, ചൊവ്വ എന്നീ ദുര്‍ദിനങ്ങളില്‍ മറ്റും പിണ്ഡാടിയന്തിരം വന്നാല്‍ അവര്‍ 'ശാന്തി ഹോമമാണ്' ചെയ്യാറുള്ളത്. ബ്രാഹ്‌മണര്‍ ഈ ക്രിയകര്‍മ്മങ്ങള്‍ ചെയ്യാറില്ല. കാരണം അകനാള്‍ കര്‍മ്മം രാത്രിയില്‍ മനുഷ്യ സഞ്ചാരം ഇല്ലാത്ത സമയത്താണ് നടത്തേണ്ടത്. ഈ കര്‍മ്മത്തിന്റെ ഭാഗമായി ഭസ്മക്കളവും, ഗുളികരൂപവും ചിത്രീകരിച്ചശേഷം ചില ബലിക്രിയകള്‍ നടത്തുകയും മറ്റും ആണ്. ഇതിന്റെ ചടങ്ങാണ്. ഇതില്‍ 'കുക്കുടബലിയാണ്' മുഖ്യം. മാന്ത്രികന്‍ ഗുരൂപദേശമനുസരിച്ചു പലവിധമന്ത്രങ്ങള്‍ ഉച്ചരിക്കുകയും അകനാള്‍ സ്‌തോത്രം, ഗുളികന്‍ പാട്ട് തുടങ്ങിയ മന്ത്രവാദ പാട്ടുകള്‍ പാടുകയും അതനുസരിച്ച് കര്‍മ്മം നടത്തുകയും ചെയ്യുന്നു.

 ഈ കര്‍മ്മം ബ്രാഹ്‌മണര്‍ നടത്താറില്ല. എന്നാല്‍ മറ്റു സമുദായങ്ങള്‍ നടത്താറുണ്ട്. കരിനാളിന്റെ അര്‍ത്ഥം ശബ്ദതാരാവലിയില്‍ അശുഭദിനം (അവിട്ടം മുതല്‍ അഞ്ചുനാള്‍) എന്ന് കൊടുത്തിരിക്കുന്നു. തമിഴ് പക്ഷപ്രകാരം ''കരിനാള്‍'' എന്നത് ദിനങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നു ഇത് പ്രകാരം ഈ തീയതികളില്‍ ഒരു ശുഭകാര്യവും പാടില്ലെന്നാണ് നിയമം. ആ ദിവസങ്ങള്‍ ഇപ്രകാരമാണ്. മേടത്തില്‍          6, 15 ഇടവത്തില്‍ 7,16, 17 മിഥുനത്തില്‍ 1, 6 കര്‍ക്കടകത്തില്‍ 2, 10, 20 ചിങ്ങത്തില്‍ 2, 9, 28 കന്നിയില്‍ 16, 29 തുലാത്തില്‍ 6, 20 വൃശ്ചികത്തില്‍ 1, 10, 17 ധനുവില്‍ 6, 9, 11 മകരത്തില്‍ 1, 2, 3, 11, 17 മീനത്തില്‍ 6, 15, 19 എന്നീ തീയതികള്‍ തമിഴ് നാട്ടില്‍ കരി നാളുകളായി ആചരിക്കുന്നു. കേരളത്തില്‍ ഈ കരിനാള്‍ ദിനങ്ങള്‍ ആചരിക്കാറില്ല. ഇവിടെ വസുപഞ്ചകം, പിണ്ഡനൂല്‍, ബലി നക്ഷത്രങ്ങള്‍, അകനാള്‍, ഇരുമാസം എന്നീ ദോഷ ദുരിതങ്ങളുടെ യഥാവിധി ദോഷശാന്തിക്കുള്ള കര്‍മ്മങ്ങളും സുകൃത കര്‍മ്മങ്ങളും അനുഷ്ഠിക്കുകയാണ് പതിവ്.  വസുപഞ്ചക ദോഷത്തില്‍ മരിച്ചാല്‍ ഒരു വര്‍ഷത്തിനകം 5 പേര്‍ തറവാട്ടില്‍ മരിക്കുമെന്നാണ് ഇതിനു ഫലം എന്നു പറയുന്നു.  ഈ ദോഷത്തിനു പരിഹാരമായി അങ്ങിനെ മരിച്ചയാളെ ദഹിപ്പിക്കുവാന്‍ പാടില്ല എന്നാണ് ഗരുഢപുരാണത്തില്‍ പറയുന്നത്. അഥവാ ദഹിപ്പിക്കുയാണെങ്കില്‍ മരിച്ചു കിടക്കുന്ന സ്ഥലം, വാതില്‍, മുറ്റം, വഴി ദഹിപ്പിക്കുന്ന സ്ഥത്തുവച്ച് 3 എന്നീ ക്രമത്തില്‍ പിണ്ഡം വയ്ക്കണം. 

കുഴിച്ചിടുകയാണ് ഇതില്‍ പറഞ്ഞ പരിഹാരം. ഇതു കൂടാതെ മരിച്ച ആളോടൊപ്പം ദഹിപ്പിക്കുന്നതിന് ദര്‍ഭ കൊണ്ടുള്ള നാലു ദേഹങ്ങള്‍ക്കു കൂടി മൃതദേഹത്തിനു ചെയ്യുന്ന കര്‍മ്മങ്ങള്‍ ശരിയാംവിധം ചെയ്തു മൃതദേഹത്തോടു കൂടി ദഹിപ്പിക്കണം. ഈ കര്‍മ്മം യഥാവിധി ചെയ്താല്‍ ദോഷമില്ലത്രേ. തുടര്‍ന്ന് ഈ അഞ്ചുപേര്‍ക്കും പട്ടനാട്ടി ബലിക്രിയ ചെയ്ത 15 ന് പുലവീടി 16 ന് അന്നദാനവും നടത്തണം. പിന്നീട് സപിണ്ഡി ശ്രാദ്ധവും നടത്തണമെന്നാണ് ഗരുഢപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്.  യമരാജഹോമം നടത്തുന്നത് പ്രേതവേര്‍പാട് നടത്തുമ്പോഴാണ്. പ്രേതം ആയതിനുശേഷം അവര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടു എന്നു കണ്ടാല്‍ പ്രശ്‌ന നിരൂപണത്തില്‍ ദുരിതം ഉണ്ടെങ്കില്‍ നാള്‍ഗതിക്കായി യമരാജഹോമം നടത്തി എള്ളുകൊണ്ടു 6000 സംഖ്യ ഹോമിച്ചു പ്രേതത്തെ ആള്‍രൂപത്തിലോ, വിഷ്ണുപ്രതിമയിലോ ആവാഹിച്ചു ഒഴിവില്‍ കാണുന്ന ക്ഷേത്രമായ തിരുവല്ലം, തിരുനാവാഴ എന്നീ പുണ്യ സ്ഥലങ്ങളില്‍ സമര്‍പ്പിച്ചു സായൂജ്യപൂജയും, സുകൃത പൂജയും എന്നിവ നടത്തിയാല്‍ സുകൃതക്ഷയം അകറ്റുവാനുള്ള ഉത്തമപരിഹാരമാര്‍ഗ്ഗമാണിത്. 

എന്നാല്‍ വസുപഞ്ചകം നക്ഷത്രത്തെ ആസ്പദമാക്കി ചിന്തിക്കുമ്പോള്‍ മരിച്ചയാളെ ദഹിപ്പിക്കുമ്പോള്‍ ദര്‍ഭകൊണ്ടും കറുകകൊണ്ടും അഞ്ചു ശരീരങ്ങള്‍ ചമച്ച് പ്രേതബിംബം തീര്‍ക്കണം. തുടര്‍ന്നു അവിട്ടത്തിന് -  വസുക്കള്‍, വരുണന്‍ തുടങ്ങിയ നക്ഷത്ര ദേവതകളെ അവരവരുടെ ഋക്‌ക്കൊണ്ട് യഥാവിധി കര്‍മ്മിയെക്കൊണ്ട് പൂജിച്ച് ശവത്തോടൊപ്പം ചേര്‍ത്തുവച്ച് ദഹിപ്പിക്കണം. 16-ാം ദിവസം പഞ്ചകദാനവും ചെയ്യണം. ഈ ക്രിയയ്ക്ക് അവശിഷ്ടപഞ്ചകശാന്തിയെന്നും  പറയും. മേല്‍പറഞ്ഞ അഞ്ച് പ്രതിബിംബത്തെ നെയ്യ് ദഹിപ്പിക്കുന്ന സമ്പ്രദായത്തെ പുത്തലവിധിയെന്നും അറിയപ്പെടുന്നു. അവിട്ടം പാതി മുതല്‍ രേവതിവരെയുള്ള നക്ഷത്രത്തില്‍ മരണം സംഭവിച്ചാല്‍ മാത്രമേ പുത്തലവിധി സാധാരണയായി ചെയ്യുകയുള്ളു. യമരാജഹോമം സപിണ്ഡിക്ക് മുമ്പായി നടത്തണം. എന്നാല്‍ മൃത്യുഞ്ജയഹോമം ശുഭകര്‍മ്മമായതുകൊണ്ട് 16 രാവികള്‍ക്കുശേഷം മാത്രമേ ചെയ്യാവൂ. ആയതിനാല്‍ 17-ാം തീയതി മൃത്യുജ്ഞയഹോമം നടത്തുകയും ശിവക്ഷേത്രത്തില്‍ പിണ്ഡകര്‍ത്താവിന്റെ പിറന്നാള്‍ തോറും മൃത്യുജ്ഞയ മന്ത്രത്താല്‍ പുഷ്പാജ്ഞലി നടത്തുകയും ചെയ്യണം. തുര്‍ന്നു യഥാവിധി ദാനധര്‍മ്മങ്ങള്‍ നടത്തുകയും വേണം. അകനാളില്‍ മൃത്യും സംഭവിച്ചാല്‍ കാലന് യഥാവിധി ബലികൊടുക്കണമെന്നാണ് നിയമം.

ബൈജുരാജന്‍,
മൊ: 9995011652