ഭയം, വിഷമം, തടസ്സം തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് എപ്പോഴും അഭയമാണ് ശ്രീ വാരാഹി ദേവി. ഭക്തരുടെ ഏറ്റവും വലിയ രക്ഷകയാണ് വാരാഹി അമ്മ. ശ്രീ ലളിതാ ദേവിയുടെ സേനാതലൈവിയാണ് അത്യുഗ്ര ശക്തിയുള്ള ശ്രീ വാരാഹി ദേവി. ശ്രീ പഞ്ചമി ദേവി എന്ന പേരിലും വാരാഹി അമ്മ അറിയപ്പെടുന്നു.
കാട്ടുപന്നിയുടെ മുഖം, സൗന്ദര്യമുള്ള യുവതിയുടെ ശരീരം. 4, 8, 16 ഇങ്ങനെ വിവിധ കൈകളോടു കൂടിയ രൂപങ്ങൾ. തൃപ്പാദങ്ങൾ രണ്ട് മാത്രം. അതിൽ അഭയം തേടിയാൽ ഏതൊരു വ്യക്തിയുടെയും ജീവിതം സുഖകരമാകും എന്നത് അനുഭവം. ശത്രുക്കളുടെ ശല്യവും പകയും കാരണം ജീവിതം വഴി മുട്ടിയവർ വിളിച്ചാലുടൻ വിളി കേൾക്കുന്ന ഈ ദേവീശക്തി ചഞ്ചല ചിത്തരെ മാനോധൈര്യം പകർന്ന് കരുത്തരാക്കുകയും ചെയ്യും.
സപ്ത മാതൃക്കളിൽ ഒരാളായ വാരാഹി ദേവിയെ താന്ത്രിക ക്രിയകളിൽ സാധാരണ രാത്രിയിലാണ് കൂടുതലും ആരാധിക്കുന്നത്. ഈ ദേവിയുടെ 12 ദിവ്യ നാമങ്ങൾ ശ്രീലളിതോപാഖ്യാനം 11-ാംഅദ്ധ്യായത്തിലുണ്ട്. അതാണ് ശ്രീ വാരാഹി ദ്വാദശനാമവും സ്തോത്രവും. ഈ ദ്വാദശ നാമത്തിലെ ഒരോ നാമം കൊണ്ടും ആരംഭിക്കുന്ന 12 ശ്ലോകങ്ങളാണ് ശ്രീ വാരാഹി ദ്വാദശനാമ സ്തോത്രം. ഈ സ്തോത്രം പതിവായി ജപിക്കുന്ന ഭക്തർക്ക് ചുറ്റും വജ്റ പഞ്ജരം പോലെ അഭേദ്യമായ രക്ഷാകവചം ദേവി സൃഷ്ടിക്കും. ഈ ദിവ്യ സ്തോത്രം പതിവായി ജപിക്കുന്നവരെ ഒരു ആപത്തും ദു:ഖവും ബാധിക്കില്ല. അവരെ ഒരു തരത്തിലും ആർക്കും തന്നെ തകർക്കാനും കഴിയില്ല.
ദ്വാദശ നാമവും സ്തോത്രവും നിത്യേന ജപിക്കാം. ദേവീ പ്രധാന ദിവസങ്ങളിൽ വിശേഷിച്ച് പഞ്ചമി ദിവസം ഇത് ജപിച്ചാൽ അതിവേഗം ഫലം കിട്ടുമെന്ന് പറയുന്നു.വാരാഹി ദേവി പ്രധാന പ്രതിഷ്ഠയായി വരുന്ന ധാരാളം ക്ഷേത്രങ്ങൾ തമിഴ് നാട്ടിലുണ്ട്. സപ്തമാതാക്കളുടെ പ്രതിഷ്ഠ ഉള്ള പല ഭഗവതി ക്ഷേത്രങ്ങളിലും വാരാഹി പ്രതിഷ്ഠ കാണാം. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയുടെ ശ്രീകോവിന്റെ തുടർച്ചയായി സപ്തമാതാക്കളുടെ പ്രതിഷ്ഠ കാണാം. ഇതിൽ വാരാഹി ദേവിയുമുണ്ട്. മലപ്പുറം, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയുടെ ശ്രീകോവിലിൽ സപ്തമാതാക്കളുടെ കൂട്ടത്തിൽ വാരാഹി പ്രതിഷ്ഠ കാണാം. കണ്ണൂർ മാടായിക്കാവ് ഭഗവതി ക്ഷേത്രത്തിൽ സപ്ത മാതാക്കളുടെ കൂട്ടത്തിൽ വാരാഹി പ്രതിഷ്ഠ കാണാം. എറണാകുളം, തൃപ്പൂണിത്തുറ ആമേട സപ്തമാതാ ക്ഷേത്രത്തിലും തൃശ്ശൂർ പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിലും പത്തനംതിട്ട, പരുമല പനയന്നാർക്കാവ് ദേവി ക്ഷേത്രത്തിലും വാരാഹി സാന്നിദ്ധ്യമുണ്ട്.