എട്ട് ആലിലകൾ ചേർത്ത് വെച്ച് ഗണേശരൂപം സങ്കല്പിച്ച് പൂജിക്കുന്ന ഒരു സമ്പ്രദായം ചിലയിടങ്ങളിൽ നിലവിലുണ്ട്. ദൃഷ്ടിദോഷം മാറിക്കിട്ടാൻ ഈ പൂജ നല്ലതാണെന്നാണ് വിശ്വസം. ഇത്തരത്തിൽ ആലിലകൾ ചേർത്തുണ്ടാക്കുന്ന ഗണേശ രൂപത്തെ അഷ്ടദള ഗണപതി എന്നാണ് പറയുന്നത്. ഈ ഗണേശ രൂപത്തെ ആരാധിക്കുന്നത് പ്രധാനമായും കണ്ണേറ് മാറുന്നതിനാണെങ്കിലും ശാപദോഷ മോചനത്തിനും നല്ലതാണ്.
അടുപ്പിൽ തീ കത്തിക്കുമ്പോൾ കുറച്ച് ചകിരിയിൽ ഒരു കഷണം തേങ്ങാപ്പൂളും അല്പം ശർക്കരയും ചേർത്ത് ഓം ഗം ഗണപതയേ നമ: എന്നു ചൊല്ലി അടുപ്പിൽ നിക്ഷേപിക്കുന്നത് ദൃഷ്ടി ദോഷവും കരിനാക്ക് ദോഷവും മാറുന്നതിന് നല്ലതാണെന്ന് വീട്ടമ്മമാർ വിശ്വസിക്കുന്നു. അടുപ്പിൽ ഗണപതി എന്നാണ് പഴമക്കാർ ഇതിനെ വിശേഷിപ്പിക്കുന്നത്. രാവിലെ കുളിച്ച് ദേഹശുദ്ധി വരുത്തി കഴിഞ്ഞ് അടുക്കളയിൽ കയറുമ്പോഴാണ് ഇത് ചെയ്യേണ്ടത്. തലേന്ന് മത്സ്യവും മാംസവും പാചകം ചെയ്ത വിറകടുപ്പാണെങ്കിൽ ചാരം
വാരി മാറ്റി വെള്ളം തളിക്കണം.
ദൃഷ്ടിദോഷവും വിളിച്ചു ഓതലും ദോഷവും പ്രധാനമായും അനുഭവിച്ചാണ് അറിയുന്നത്. കണ്ണിടൽ, നാവേറ് എന്നെല്ലാം ദൃഷ്ടിദോഷത്തെ പ്രാദേശികമായി പറയും. വാഗ്ദോഷം, കരിനാക്ക്, നാവിൻ ദോഷം, അറം പറ്റൽ എന്നിവ ഇതിന്റെ വകഭേദങ്ങളാണ്. കുഞ്ഞുങ്ങളും, ഗർഭിണികളും നവവധൂവരന്മാരും പെട്ടെന്ന് ഐശ്വര്യമുണ്ടായി സമ്പന്നർ ആകുന്നവരും സൗന്ദര്യമുള്ളവരുമാണ് കൂടുതലും ദൃഷ്ടിദോഷത്തിന് ഇരയാകുന്നത്. കടുക്, മുളക് തുടങ്ങിയവ ഉഴിഞ്ഞിടുക, കറുത്ത ചരട് ക്ഷേത്രത്തിൽ ജപിച്ചു കെട്ടുക, മന്ത്രം ജപിച്ച് ഭസ്മം ഇടുക തുടങ്ങിയ കാര്യങ്ങൾ ദൃഷ്ടിദോഷത്തിനുള്ള ലഘുപരിഹാരമാണ്. നരസിംഹ ഭഗവാനെയും പ്രത്യുംഗിരാ ദേവിയെയും ഭദ്രകാളിയെയും ഉപാസിക്കുന്നതും ഉത്തമപരിഹാരമാണ്.