ഉദ്യോഗ സംബന്ധമായ ദുരിതങ്ങൾ മാറാനും തൊഴിൽ ഇല്ലാത്തവർക്ക് ജോലി ലഭിക്കുന്നതിനും ഹനുമാൻ സ്വാമിയെ പ്രാർഥിക്കുന്നത് നല്ലതാണ് . കരുത്തിന്റെയും അലിവിന്റെയും ബ്രഹ്മചര്യത്തിന്റെയും ശ്രീരാമ ഭക്തിയുടെയും പ്രതീകമായ ആഞ്ജനേയ സ്വാമിക്ക് ഏറ്റവും പ്രിയങ്കരമായ വെറ്റിലമാല വഴിപാടാണ് ഇതിനായി സമർപ്പിക്കേണ്ടത്. കാര്യ സിദ്ധി ആഗ്രഹിക്കുന്നവരുടെ വയസ് എത്രയാണോ അത്രയും വെറ്റില കൊണ്ട് മാലയുണ്ടാക്കി ഹനുമാൻസാമിക്ക് സമർപ്പിക്കണം. ഹനുമാൻ സ്വാമിയെയും ശ്രീരാമ ഭഗവാനെയും നന്നായി സ്മരിച്ച് പ്രാർത്ഥിച്ച് വേണം ഹനുമാൻ സന്നിധിയിൽ വെറ്റില മാലകെട്ടി അർപ്പിക്കേണ്ടത്. സ്വയം മാല കെട്ടാൻ അറിയാമെങ്കിൽ അതാണ് ഏറ്റവും ഉത്തമം. ഏഴ് ശനിയാഴ്ച ഇങ്ങനെ ചെയ്താൽ നല്ല മാറ്റം ഉണ്ടാകും. ഏഴ് ആഴ്ചയ്ക്കകം പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ അവർക്ക് ദോഷം കൂടുതൽ ഉണ്ടാകും. അവർ 12, 21, 41 ശനിയാഴ്ചകളിൽ വെറ്റിലമാല സമർപ്പിക്കണം.
നിത്യേന ഓം ഹം ഹനുമതേ നമ: എന്ന ആഞ്ജനേയ മന്ത്രം ജപിക്കുകയാണ് തൊഴിൽ സംബന്ധമായ വിഷമങ്ങൾ മാറാൻ മറ്റൊരു പരിഹാരം. തൊഴിലില്ലാത്തവർക്ക് തൊഴിൽ ലഭിക്കും. തൊഴിൽ രംഗത്ത് കഷ്ടപ്പെടുന്നവരുടെ ദുരിതങ്ങൾക്ക് പരിഹാരമുണ്ടാകും. അവർക്ക് ഉദ്യോഗക്കയറ്റം, ശമ്പള വർദ്ധനവ് എന്നിവയ്ക്കും ഹനുമാൻസ്വാമിയുടെ കൃപാകടാക്ഷം ഗുണകരമാകും. ഹനുമദ് മൂല മന്ത്രം 28 തവണ വീതം വ്രതനിഷ്ഠയോടെ രാവിലെയും വൈകിട്ടും 28 ദിവസം ജപിക്കണം. നിത്യേന ജപിക്കാം. ബുധൻ, ശനി ദിവസങ്ങളിൽ കറുത്ത വസ്ത്രം ധരിച്ച് ജപം തുടങ്ങണം. നെയ് വിളക്ക് തെളിക്കുന്നതും ഉത്തമം.