/kalakaumudi/media/media_files/g6WfGDTURwIeJkwOoxhX.jpeg)
21 ദിവസം തുടർച്ചയായി ശിവഭഗവാന് കൂവളത്തില കൊണ്ട് അർച്ചന നടത്തിയാൽ രോഗ ദുരിതങ്ങൾ അകന്ന് മന:സമാധാനം ലഭിക്കും. ആഗ്രഹ സാഫല്യത്തിനും ഈ വഴിപാട് ഉത്തമമാണ്. മൃത്യുഞ്ജയ പുഷ്പാഞ്ജലി, രുദ്രസൂക്ത പുഷ്പാഞ്ജലി, പാൽ, ഇളനീർ അഭിഷേകം തുടങ്ങിയവ മഹാദേവന് നടത്തുന്നത് എല്ലാത്തരത്തിലുള്ള ഭീതികളും അകറ്റുന്നതിനും അഭീഷ്ട സിദ്ധിക്കും ഉത്തമമാണ്. ദാമ്പത്യദുരിതം, വിവാഹതടസം എന്നിവ പരിഹരിക്കാൻ ഉമാമഹേശ്വര പൂജയും തിങ്കളാഴ്ച വ്രത്രവും പിൻവിളക്കും നല്ലതാണ്.
ജീവിതദുഃഖങ്ങൾ അപ്പാടെ അകറ്റുന്ന ദേവനാണ് മഹാദേവൻ. ശിവപൂജ ചെയ്താൽ പരിഹരിക്കാത്ത ദോഷങ്ങളില്ല എന്നാണ് വിശ്വാസം. രോഗദുരിതങ്ങളും ആയുർ ദോഷങ്ങളും വേട്ടയാടുമ്പോൾ അതിൽ നിന്നും മുക്തി നേടാൻ ഏറ്റവും ഫലപ്രദമായ അനുഷ്ഠാനമാണ് ശിവാരാധന. പക്ഷേ ശിവപൂജ ചെയ്യുമ്പോൾ ഭക്തിയും ശ്രദ്ധയും ഒരുപോലെയുണ്ടെങ്കിലേ പ്രാർത്ഥനകൾ വേഗം ഫലിക്കൂ. ജാതകദോഷങ്ങൾ, ദശാസന്ധി ദുരിതങ്ങൾ, ബാധകൾ എന്നിവ പരിഹരിക്കാനും ശിവപ്രീതിയാണ് ആചാര്യന്മാർ വിധിച്ചിട്ടുള്ളത്. പഞ്ചാക്ഷരി, മൃത്യുഞ്ജയ മന്ത്രം തുടങ്ങിയവ പതിവായി നിഷ്ഠയോടെ ജപിച്ച്, യഥാശക്തി ജല ധാര മുതലായ വഴിപാടുകൾ നടത്തി പ്രാർത്ഥിച്ചാൽ ശിവപ്രീതി നേടാം. ശിവക്ഷേത്ര ദർശനത്തിന് മൂന്ന് പ്രദക്ഷിണമാണ് വേണ്ടത്. കുളിച്ച് ശുദ്ധമായി ക്ഷേത്രത്തിലെത്തി ചുറ്റമ്പലത്തിന്റെ പ്രധാന കവാടത്തിലുള്ള ഛണ്ഡൻ, പ്രഛണ്ഡൻ എന്നീ ദ്വാരപാലകരെ ഇടം വലം നോക്കി തൊഴുത് അനുവാദം വാങ്ങി അകത്ത് കടക്കണം.
നന്ത്യാർവട്ടം, ചെമ്പകം, താമരപ്പൂവ്, പുന്ന, കരിംകൂവളം, വെള്ള എരിക്കിൻ പൂവ്, മഞ്ഞ അരളിപ്പൂവ്, മൂന്ന് ഇതളുള്ള കൂവളത്തില, ഇവയാണ് ശിവന് ഏറ്റവും പ്രിയപ്പെട്ട പുഷ്പങ്ങൾ. ശിവന് ആയിരം വെള്ള എരിക്കിൻ പൂവ് കൊണ്ട് ആരാധന നടത്തുന്ന ഫലം ഒരു മഞ്ഞ അരളിപ്പൂവ് കൊടുത്താൽ ലഭിക്കും. ഇത്രയും മഞ്ഞ അരളിപ്പൂവ് കൊടുത്താൽ ലഭിക്കുന്ന ഫലം മൂന്ന് ഇതളുള്ള ഒരു കൂവളത്തില സമർപ്പിച്ചാൽ മതി എന്നാണ് വിശ്വാസം. ഒരു കൂവളത്തില സമർപ്പിച്ചാൽ മൂന്ന് ജന്മങ്ങളിലെ പാപങ്ങൾ ശമിക്കുമെന്നാണ് പ്രമാണം. ദർശനം കഴിഞ്ഞാൽ ചുറ്റമ്പലത്തിന്റെ പ്രധാന കവാടത്തിലൂടെ തന്നെ പുറത്തിറങ്ങണം. എന്നിട്ട് ദ്വാരപാലകന്മാരെ മനസ്സ് കൊണ്ട് വന്ദിച്ച് നന്ദി പറയണം. ഇതാണ് രീതി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
