റമദാന്‍ വ്യക്തിപരമായ ഒരു അനുഭവം എന്നതിനെക്കാളുപരി സാമൂഹികമായ ഒത്തുചേരല്‍ കൂടിയാണ്

ആദ്രതയുടെ, സാഹോദര്യത്തിന്റെ, സൗഭ്രാത്രത്തിന്റെ മാസമാണ് റമദാന്‍. മറ്റുള്ളവരുടെ വിശപ്പിന്റെ വേദന സ്വയം അനുഭവിക്കാനുള്ള അവസരം എല്ലാവര്‍ക്കും ലഭിക്കുന്നു. ഇത് ഏത് കഠിന ഹൃദയിയേയും കൂടുതല്‍ ആദ്രചിത്തനാക്കും. മറ്റൊരു മതത്തിന്റെ ഉപവാസത്തിലും ഇത്തരത്തിലുള്ള തീവ്രമായ പരിശീലനം ലഭിക്കുമെന്ന് തോന്നുന്നില്ല.

author-image
Biju
New Update
reg

മുസ്ലിംങ്ങളെ സംബന്ധിച്ചിടുത്തോളം റമദാന്‍ മാസം നോമ്പിന്റെ മാസമാണ്. റമദാന്‍ ഒരു അതിഥിയെ പോലെ കടന്ന് വരുകയും ഒട്ടേറെ സമ്മാനങ്ങള്‍ നമുക്ക് നല്‍കി അത് വിടപറയുകയും ചെയ്യുന്നു. ഏത് കാര്യത്തില്‍ നിന്നും വിട പറയുന്നത് താല്‍കാലികമായിട്ടെങ്കിലും ദു:ഖസാന്ദ്രമായ നിമിഷങ്ങളാണ്. റമദാനിനെ ഒരു ജൈവിക സത്തയുള്ള അസ്ഥിത്വം പോലെയാണ് നമ്മുടെ പൂര്‍വ്വികര്‍ മുതല്‍ അതിനെ ആദരിച്ച് വരുന്നത്. അത്‌കൊണ്ടാണ് മുമ്പു മുതലെ അതിനെ അതിഥി എന്ന് വിശേഷിപ്പിക്കുന്നത്.

കല കലയ്ക്ക് വേണ്ടി എന്ന് പറയുന്നത് പോലെ നിരര്‍ത്ഥകമാണ് ആരാധനകള്‍ ആരാധനക്ക് വേണ്ടി എന്ന് പറയുന്നത്. ഇസ്ലാമില്‍ ഒരു ആരാധനയും/കര്‍മ്മവും കര്‍മ്മത്തിനായി ചെയ്യാറില്ല. കൃത്യമായ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെയായിരിക്കണം അവ നിര്‍വ്വഹിക്കപ്പെടേണ്ടത്. അതിനാല്‍ ഇസ്ലാമില്‍ എല്ലാ ആരാധനയും/കര്‍മ്മത്തിലും നിയ്യത് അഥവാ ഉദ്ദേശ്യം പ്രധാനമാണെന്ന് ഊന്നി പറയുന്നത്. ''ഉദ്ദേശ്യത്തെ പറ്റി എപ്പോഴും ഓര്‍മ്മ ഉണ്ടാവണം. ചെയ്യുന്നത് എന്താണ് എന്നറിയുക. എന്തിനാണത് ചെയ്യുന്നതെന്നും അറിഞ്ഞിരിക്കണമെന്ന്' അലീ ശരീഅത്തി തന്റെ ഹജ്ജ് എന്ന കൃതിയില്‍ എഴുതീട്ടുണ്ട്.

വിത്യസ്ത തരത്തിലുള്ള ഉപവാസം എല്ലാ ലോക മതങ്ങളിലും കാണാന്‍ കഴിയുന്ന പൊതുഘടകമാണെന്ന് പറയാം. പ്രാര്‍ത്ഥനകള്‍, ധര്‍മ്മം ചെയ്യല്‍, തീര്‍ത്ഥാടനം, ആഘോഷങ്ങള്‍ തുടങ്ങിയവ പോലെ എല്ലാ പ്രധാന മതങ്ങളുടേയും പൊതുഘടകമാണ് ഉപവാസവും. അനുഷ്ടാനത്തില്‍ വിത്യാസവും വൈവിധ്യവുമുണ്ടെങ്കിലും. ഏറ്റവും ശാസ്ത്രീയവും തീവ്രവും കൃത്യവുമായ ഉപവാസ രീതി ഇസ്ലാം മുന്നോട്ട്വെക്കുന്ന ഉപവാസ രീതിയാണെന്ന് നിഷ്പക്ഷമതികളായ എല്ലാവരും സമ്മതിക്കുക മാത്രമല്ല അത് അവര്‍ അനുഷ്ടിക്കുകയും ചെയ്യുന്നു.

ഏകദേശം പതിനാല് മണിക്കൂറുകളോളം അന്ന പാനീയങ്ങളും ഭോഗങ്ങളും ഉപേക്ഷിക്കലാണ് ഇസ്ലാമിലെ ഉപവാസത്തിന്റെ ചട്ടക്കൂട്. പ്രത്യക്ഷത്തില്‍ ഇത് പീഡനമാണെന്ന് തോന്നാമെങ്കിലും അത് ഒരിക്കലും പീഡനമാവുന്നില്ല. കാരണം രോഗികള്‍ക്കും യാത്രക്കാര്‍ക്കും മറ്റു പ്രയാസപ്പെടുന്നവര്‍ക്കും നോമ്പില്‍ ഇളവ് നല്‍കിയത് അത്‌കൊണ്ടാണ്. മാത്രമല്ല പട്ടിണി കിടക്കുന്നതിലൂടെയും ഭോഗതൃഷ്ണ ഉപേക്ഷിച്ചതിലൂടെയും മാത്രം നോമ്പ് ലക്ഷ്യം വെക്കുന്ന മഹത്തായ പ്രതിഫലം ലഭിക്കാത്തതും വൃതം പീഡനമല്ലാത്തത്‌കൊണ്ടാണ്.

അപ്പോള്‍ റമദാന്‍ നല്‍കുന്ന സുപ്രധാനമായ പാഠങ്ങള്‍ എന്താണ് അത് എങ്ങനെ നമ്മുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും കാരണമാവുന്നു അതില്‍ പ്രധാനപ്പെട്ടതാണ് അച്ചടക്കം. ഒരു നിമിഷംപോലും തെറ്റാതെ നിര്‍ണ്ണിതമായ സമയത്തു അന്ന പാനീയങ്ങള്‍ ഉപേക്ഷിക്കുകയും അതേ കൃത്യതയോടെ അത് പുനരാരംഭിക്കുകയും ചെയ്യുന്നത് അച്ചടക്കം പാലിക്കാനുള്ള പരിശീലനമാണ്. ആരോഗ്യം, സമ്പത്ത്, വിദ്യാഭ്യാസം, ആത്മീയം, കായികം തുടങ്ങി ഏത് രംഗത്തും പുരോഗതി കൈവരിക്കാന്‍ അച്ചടക്കം അനിവാര്യമാണ്. എല്ലാ വികസന പ്രവര്‍ത്തനങ്ങളുടേയും സന്തോഷകരമായ ജീവിതത്തിന്റെയും അടിസ്ഥാനം അച്ചടക്കമാണ്.

റമദാന്‍ നല്‍കുന്ന സിവിശേഷമായ മറ്റൊരു പാഠം സ്വഭാവ നിര്‍മ്മിതിയാണ്. അനാവശ്യമായ വാക്കും പ്രവര്‍ത്തിയും ഉപേക്ഷിക്കുന്നില്ലെങ്കില്‍, അന്നപാനീയങ്ങള്‍ ഉപേക്ഷിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന് അരുളിയത് നബി തിരുമേനിയാണ്. സ്വഭാവം ശക്തിയാണ്. യുദ്ധത്തില്‍ തോല്‍ക്കുമ്പോള്‍ പോലും ജയിക്കാന്‍ പ്രാപ്തമാക്കുന്ന ശക്തി. എല്ലാ വെളിച്ചവും അണഞ്ഞുപോയാലും ജ്വലിച്ചുനില്‍ക്കുന്ന പ്രകാശമാണ് സദ്‌സ്വഭാവം. കവര്‍ച്ചക്കാര്‍ക്ക് അപഹരിക്കാന്‍ കഴിയാത്ത ഒരേ ഒരു അമൂല്യനിധിയാണ് സ്വഭാവം. ഇസ്ലാമിന്റെ മുഖ്യ പ്രവര്‍ത്തന മേഖല മനുഷ്യ സ്വഭാവ നിര്‍മ്മിതിയാണ്. സ്വഭാവത്തില്‍ മികച്ചു നില്‍ക്കുന്ന ഒരു ജനതയെ കീഴടക്കുക സാധ്യമല്ല. പരലോകത്ത് വിജയിക്കുന്നതിനും സദ്‌സ്വഭാവം പ്രധാനം തന്നെ.

റമദാന്‍ നല്‍കുന്ന മറ്റൊരു പാഠം വിശുദ്ധ ഖുര്‍ആനുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതാണ്. ഖുര്‍ആനിനെ ഒഴിവാക്കി റമദാനൊ, റമദാനിനെ ഒഴിച്ചു നിര്‍ത്തി ഖുര്‍ആനിനെ കുറിച്ചൊ ചിന്തിക്കുക അസാധ്യം. റമദാനില്‍ ഖുര്‍ആന്‍ ഒരക്ഷരം പാരായണം ചെയ്താല്‍ പത്ത് മുതല്‍ എഴുന്നൂറ് ഇരട്ടി വരെ പ്രതിഫലം ലഭിക്കുന്നു. പാരായണം ചെയ്യുന്നത് ഖുര്‍ആന്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കണം. അല്ലാഹുവുമായി നമ്മെ ബന്ധിപ്പിക്കുന്ന പാശമാണ് ഖുര്‍ആന്‍. ഉമര്‍ (റ) വില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ: അല്ലാഹു ഈ വേദം പുസ്തകം ഉപയോഗിച്ച് ചിലരെ ഉയര്‍ത്തുകയും മറ്റുള്ളവരെ താഴ്ത്തുകയും ചെയ്യന്നു.''

റമദാന്‍ വ്യക്തിപരമായ ഒരു അനുഭവം എന്നതിനെക്കാളുപരി സാമൂഹികമായ ഒത്തുചേരല്‍ കൂടിയാണ്. എല്ലാവരും ഒരേ സമയം നോമ്പനുഷ്ടിക്കുകയും ഒന്നിച്ച് നോമ്പ് തുറക്കുകയും ഒന്നിച്ച് നമസ്‌കരിക്കുകയും ചെയ്യുന്ന രംഗം എത്ര മനോഹരമാണു. ഇതെല്ലാം നമ്മള്‍ ഒന്നാണെന്ന ബോധം സൃഷ്ടിക്കുന്നു. ഓരോ നോമ്പും അവിസ്മരണീയ അനുഭവങ്ങളാണ്. ഒറ്റപ്പെട്ട മനുഷ്യന്റെ ശക്തി എണ്ണികണക്കാക്കാന്‍ കഴിഞ്ഞേക്കുമെങ്കിലും, ഒരു സമൂഹത്തിന്റെ ഒത്തൊരുമിച്ച മുന്നേറ്റത്തെ അളക്കാന്‍ കഴിയില്ല.

ആദ്രതയുടെ, സാഹോദര്യത്തിന്റെ, സൗഭ്രാത്രത്തിന്റെ മാസമാണ് റമദാന്‍. മറ്റുള്ളവരുടെ വിശപ്പിന്റെ വേദന സ്വയം അനുഭവിക്കാനുള്ള അവസരം എല്ലാവര്‍ക്കും ലഭിക്കുന്നു. ഇത് ഏത് കഠിന ഹൃദയിയേയും കൂടുതല്‍ ആദ്രചിത്തനാക്കും. മറ്റൊരു മതത്തിന്റെ ഉപവാസത്തിലും ഇത്തരത്തിലുള്ള തീവ്രമായ പരിശീലനം ലഭിക്കുമെന്ന് തോന്നുന്നില്ല. ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ. ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കുമെന്ന് പ്രവാചകന്‍ അരുളുകയുണ്ടായി.

ഇവിടെ സൂചിപ്പിച്ചതും അല്ലാത്തതുമായ എല്ലാ സദ്ഗുണങ്ങള്‍ക്കും ഇസ്ലാമിലെ സാങ്കേിതക ഭാഷയില്‍ ഉപയോഗിക്കുന്ന പദമാണ് തഖ് വ. ദൈവിക ശക്തിയില്‍ പ്രതീക്ഷയും ഭയവും ഉള്‍ചേര്‍ന്ന അവബോധമാണ് തഖ് വ. ദുര്‍ബലനായ ഈ അടിമയെ എന്റെ രക്ഷിതാവ് കൈവെടിയുകയില്ല. അവന്‍ എന്റെ പ്രാര്‍ത്ഥന സ്വീകരിക്കും എന്ന പ്രതീക്ഷയും, താന്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ ലഭിക്കുമെന്ന ഭയവുമാണ് ആ അവബോധം.

തഖ് വ ബോധം പരിശീലിപ്പിക്കുകയാണ് റമദാന്‍ ലക്ഷ്യംവെക്കുന്നത്. അതാകട്ടെ അല്ലാഹു താനിഛിക്കുന്നവര്‍ക്ക് മാത്രം നല്‍കുന്ന മഹത്തായ സമ്മാനവും. സ്വര്‍ഗ്ഗ പ്രവേശവും ഐഹിക വിജയവും കരസ്ഥമാക്കാനുള്ള സമ്മാനം. ആ സമ്മാനവുമായിട്ടാണ് റമദാന്‍ നമ്മിലേക്ക് ആഗതമായിട്ടുള്ളത്. അത് ഒരു അലങ്കാരമായി കൊണ്ട്‌നടക്കുന്നതിലല്ല വിജയം. മറിച്ച് തഖ് വ എന്ന വെളിച്ചം ഉപയോഗിച്ച് ജീവിതത്തിന്റെ ഇരുളടഞ്ഞ പാതകളിലൂടെ മുന്നേറിയാല്‍ ഇഹപരലോകത്തും വിജയിക്കാന്‍ കഴിയും. ആ തഖ്വയിലൂടെയായിരുന്നു പ്രവാചകനും അനുചരന്മാരും ശത്രുക്കളെ കീഴ്‌പ്പെടുത്തിയതും വിജയം നേടിയതും.

 

ramadan