ശബരിമലയില്‍ ഇന്ന് മുതല്‍ 75000 പേര്‍ക്ക് മാത്രം ദര്‍ശനം

വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് കര്‍ശനമായി നടപ്പാക്കും. ഇന്നലെ ദര്‍ശനം നടത്തിയത് 80,615 പേരാണ്. തിരക്ക് നിയന്ത്രിച്ചെങ്കിലും മണിക്കൂറുകളോളം ക്യൂ നീണ്ടു. കുടിവെള്ള വിതരണത്തില്‍ അടക്കം പരാതി ഉയര്‍ന്നിരുന്നു

author-image
Biju
New Update
sabarimala

സന്നിധാനം: ശബരിമലയില്‍ ഇന്നും വന്‍ ഭക്തജനത്തിരക്ക്. ദര്‍ശനത്തിനായി 12 മണിക്കൂറോളമാണ് ഭക്തര്‍ കാത്തുനിന്നത്. ഒരു മിനിറ്റില്‍ 65 പേര്‍ വരെയാണ് പടി കയറുന്നത്. ശബരിമലയില്‍ ഇന്നുമുതല്‍ പ്രതിദിനം 75,000 പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനത്തിന് അവസരം. സ്‌പോട്ട് ബുക്കിംഗ് തിങ്കളാഴ്ച വരെ അയ്യായിരമായി ചുരുക്കി. വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് കര്‍ശനമായി നടപ്പാക്കും. ഇന്നലെ ദര്‍ശനം നടത്തിയത് 80,615 പേരാണ്. തിരക്ക് നിയന്ത്രിച്ചെങ്കിലും മണിക്കൂറുകളോളം ക്യൂ നീണ്ടു. കുടിവെള്ള വിതരണത്തില്‍ അടക്കം പരാതി ഉയര്‍ന്നിരുന്നു.

ശബരിമലയില്‍ ഒരു ദിവസത്തെ ഭക്തരുടെ എണ്ണം എഴുപത്തി അയ്യായിരമായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സ്‌പോട്ട് ബുക്കിംഗ് അയ്യായിരമാക്കി കുറക്കണമെന്നും വെര്‍ച്വല്‍ ക്യു ബുക്കിംഗ് കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസ്  പരിഗണിച്ച കോടതി ഒരുക്കങ്ങള്‍ ആറ് മാസങ്ങള്‍ക്ക് മുന്‍പെങ്കിലും തുടങ്ങേണ്ടതായിരുന്നു എന്നും എന്ത് കൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും ബോര്‍ഡിനോട് ചോദിച്ചു.

സന്നിധാനത്ത് ഇന്നലെ കൈവിട്ട് പോയ ഏകോപനം. മണ്ഡലം മകരവിളക്ക് സീസണ്‍ തുടങ്ങി രണ്ടാം ദിവസം തന്നെ തിരക്ക് അനിയന്ത്രിതമായത് എന്ത് കൊണ്ടെന്ന് ചോദിച്ച കോടതി സ്‌പോട്ട് ബുക്കിംഗും വെര്‍ച്വല്‍ ക്യു ബുക്കിംഗും കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. സ്‌പോട്ട് ബുക്കിംഗ് 5,000 പേര്‍ക്കായി ചുരുക്കി. ഇന്നലെ 20,000 പേര്‍ വരെയാണ് സ്‌പോട്ട് ബുക്കിംഗ് വഴി മലകയറിയത്. വെര്‍ച്വല്‍ ബുക്കിംഗിലും ഇനി വിട്ട് വീഴ്ച പാടില്ല. ഷെഡ്യൂള്‍ സമയത്തിന് 6മണിക്കൂര്‍ മുന്‍പും 18മണിക്കൂറിന് ശേഷവും മാത്രമാകും അനുമതി.

ഈ സമയപരിധിക്കപ്പുറമുള്ള വെര്‍ച്വല്‍ ക്യു ബുക്കിംഗും ഇനി അംഗീകരിക്കില്ല. വെര്‍ച്വല്‍ ക്യു ടിക്കറ്റുള്ള എല്ലാ ഭക്തര്‍ക്കും അനുമതി നല്‍കുന്നതാണ് തിരക്ക് അനിയന്ത്രിതമായി കൂടാന്‍ കാരണം. ഒരു ദിവസം 75,000 പേര്‍ക്ക് മാത്രമാകും മല കയറാന്‍ അനുമതി. പതിനെട്ടാം പടിയില്‍ അനുഭവപരിചയമുള്ള പൊലീസുകാരെ വിന്യസിക്കണം. കേന്ദ്രസേനയെ എത്തിക്കാന്‍ കളക്ടര്‍ നടപടിയെടുക്കണം