/kalakaumudi/media/media_files/2025/10/10/sabarimala-2025-10-10-19-01-19.jpg)
സന്നിധാനം: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് നാലിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറന്നു ശ്രീകോവിലിലെ ദീപം തെളിച്ചത്. പിന്നീട് മാളികപ്പുറം ക്ഷേത്രം തുറക്കാന്‍ മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിക്കു താക്കോലും ഭസ്മവും നല്‍കി യാത്രയാക്കും. പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ച ശേഷമാണു തീര്‍ഥാടകരെ പടികയറി ദര്‍ശനത്തിന് അനുവദിക്കുക.
നാളെ തുലാമാസ പുലരിയില്‍ ഉഷഃപൂജയ്ക്കു ശേഷം മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും.നാളെ മുതല്‍ 22 വരെ ദിവസവും ഉദയാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. ചിത്തിര ആട്ടത്തിരുനാള്‍ പ്രമാണിച്ച് 21ന് വിശേഷാല്‍ പൂജകള്‍ ഉണ്ടാകും. 22ന് രാത്രി 10ന് നട അടയ്ക്കും
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി ഉന്നത പൊലീസ് സംഘം ശബരിമലയില്‍ സുരക്ഷാ പരിശോധന തുടങ്ങി. സന്നിധാനം, പമ്പ, സ്വാമി അയ്യപ്പന്‍ റോഡ്, നിലയ്ക്കല്‍ ഹെലിപാഡ് എന്നിവിടങ്ങളില്‍ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി ആര്‍.ആനന്ദ്, ഇന്റലിജന്‍സ് എസ്പി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശോധന നടത്തി. വനമേഖലയിലും കുണ്ടാര്‍ ഡാമിന്റെ സമീപത്തും അധികൃതര്‍ പരിശോധന നടത്തി.
22ന് ഉച്ചയ്ക്ക് 11.50ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ദര്‍ശനത്തിനായി സന്നിധാനത്ത് എത്തും. പമ്പയില്‍ നിന്നു സന്നിധാനത്തേക്കുള്ള രാഷ്ട്രപതിയുടെ യാത്ര പ്രത്യേക വാഹനത്തിലാണ്. സുരക്ഷയ്ക്കായി 6 വാഹനങ്ങള്‍ ഒപ്പമുണ്ടാകും. ഇവയുടെ ട്രയലും ഉണ്ടാകും. ദര്‍ശനത്തിനു ശേഷം സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കുന്ന രാഷ്ട്രപതി ഉച്ചകഴിഞ്ഞ് 3ന് മടങ്ങും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
