/kalakaumudi/media/media_files/2025/10/10/sabarimala-2025-10-10-19-01-19.jpg)
സന്നിധാനം: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. പുതിയ ശബരിമല മേല്‍ശാന്തിയായി ഇ ഡി പ്രസാദും മാളികപ്പുറം മേല്‍ശാന്തിയായി എം ജി മനുവും സ്ഥാനമേല്‍ക്കും. പ്രതിദിനം തൊണ്ണൂറായിരം പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ ഇന്ന് സന്നിധാനത്ത് എത്തും.
വൈകിട്ട് അഞ്ചിന് നട തുറക്കുമ്പോള്‍ പുതിയ ശബരിമല മേല്‍ശാന്തിയായി ഇ ഡി പ്രസാദും മാളികപ്പുറം മേല്‍ശാന്തിയായി എം ജി മനുവും സ്ഥാനമേല്‍ക്കും. മറ്റന്നാള്‍ മുതല്‍ പുലര്‍ച്ചെ 3 മണിക്ക് നട തുറക്കും. നിര്‍മ്മാല്യം അഭിഷേകം 3 മുതല്‍ 3.30 വരെ നടക്കും. ഉഷ പൂജ 7.30 മുതല്‍ 8 വരെ നടക്കും. 12 മണിക്കാണ് ഉച്ച പൂജ. 6.30ന് ദീപാരാധനയും രാത്രി 9.15 മുതല്‍ അത്താഴ പൂജയും നടക്കും. 10.45ന് ഹരിവരാസനം ചൊല്ലി 11.00 മണിയോടെ നട അടയ്ക്കും.
ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ സജ്ജമാക്കി. കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അടിയന്തര കാര്‍ഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കി. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഉടനടി ചികിത്സ ലഭ്യമാക്കാനായുള്ള സംവിധാനമുള്‍പ്പെടെയുള്ള കനിവ് 108 ആംബുലന്‍സ് സേവനങ്ങള്‍ ലഭ്യമാക്കി. സന്നിധാനത്ത് നിന്നും പമ്പയിലേക്ക് പ്രത്യേക ആംബുലന്‍സ് സേവനവും ലഭ്യമാക്കി.
ശബരിമലയില്‍ ഓണ്‍ലൈനായി 70,000 പേര്‍ക്കും തല്‍സമയ ബുക്കിംഗ് വഴി 20000 പേര്‍ക്കും ഒരു ദിവസം ദര്‍ശനത്തിന് സൗകര്യമുണ്ട്. ആദ്യ ദിവസങ്ങളിലെ ബുക്കിംഗ് ഇതിനോടകം പൂര്‍ത്തിയായി. വലിയ രീതിയിലുള്ള ബുക്കിങ് ആണ് ആദ്യ ദിവസങ്ങളിലുണ്ടായിരിക്കുന്നത്. മണ്ഡല സീസണിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. പമ്പയില്‍ നിന്ന് തീര്‍ഥാടകരെ ഉച്ചമുതല്‍ സന്നിധാനത്തേക്ക് കയറ്റിവിടും. മുപ്പതിനായിരം പേരാണ് ഇന്ന് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
