/kalakaumudi/media/media_files/2025/09/01/blue-moon-2025-09-01-19-14-22.jpg)
2025 സെപ്റ്റംബര്‍ 7 ന്/ 1201 ചിങ്ങം 22 ന്, ഞായറാഴ്ച രാത്രി 9 മണി 58 മിനിറ്റു മുതല്‍ 1 മണി 22 മിനിറ്റുവരെ പൂര്‍ണ്ണചന്ദ്രഗ്രഹണം നടക്കും. കുംഭക്കൂറില്‍ ചതയം/പൂരൂരുട്ടാതി നക്ഷത്രസന്ധികളില്‍ ഗ്രഹണം ആരംഭിക്കും. തുടര്‍ന്ന് പൂര്‍ണ്ണമാകുന്നത് പൂരൂരുട്ടാതി നക്ഷത്രത്തിലായിരിക്കും.
സെപ്തംബര്‍ 7 ലെ ചന്ദ്രഗ്രഹണം ഭാരതത്തിലും ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ദൃശ്യവും ആചരണീയവുമാകയാല്‍ ഇതിനെ 'സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം' എന്ന് വിശേഷിപ്പിക്കാം.
ഏതാണ്ട് രാത്രി 11 മുതല്‍ 12 മണി വരെ ഗ്രഹണമദ്ധ്യകാലമാണ്. ഗ്രഹണം വ്യക്തമായും ദൃശ്യമാകുമ്പോള്‍ ചുവന്നനിറത്തിലുള്ള ചന്ദ്രനെ കാണാനാകുന്നതിനാല്‍ 'Blood Moon Eclipse' എന്ന് ഈ ഗ്രഹണം വിശേഷിപ്പിക്കപ്പെടുന്നു.
കുംഭക്കൂറില്‍ പൂരൂരുട്ടാതി നക്ഷത്രത്തില്‍ രാഹു സഞ്ചരിക്കുകയാണ്. ആയതിനാല്‍ ഈ ഗ്രഹണം 'രാഹുഗ്രസ്ത ചന്ദ്രഗ്രഹണ' മാകുന്നു. പുരാണകഥകള്‍ പ്രകാരം സൂര്യചന്ദ്രഗ്രഹണങ്ങള്‍ ഒന്നുകില്‍ രാഹു ഇവയെ വിഴുങ്ങുന്നതാവും. അല്ലെങ്കില്‍ കേതു ഇവയെ വിഴുങ്ങുന്നതാവും. ഇത്തവണ ചന്ദ്രനെ രാഹു ഗ്രഹിക്കുന്നു അഥവാ ഗ്രസിക്കുന്നു. ആകയാല്‍ ഇത് 'രാഹുഗ്രസ്തഗ്രഹണ' മായി അറിയപ്പെടും.
ഗ്രഹണഫലങ്ങള്‍ പ്രായേണ ദോഷപ്രധാനമാണ്. അവ നല്‍കുന്ന കയ്പന്‍ അനുഭവങ്ങളും ജീവിതവിഘാതങ്ങളും രാഷ്ട്രത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പോലും ബാധിക്കാറുള്ളതായി പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.
ഗ്രഹണഫലം ചില കൂറുകാര്‍ക്ക് ആറുമാസത്തോളം അനുഭവത്തില്‍ വരും. 2025 സെപ്തംബര്‍ 7ാം തീയതിയിലെ ചന്ദ്രഗ്രഹണഫലം മേടക്കൂറു മുതല്‍ കര്‍ക്കടകകൂറു വരെയുള്ള നാല് കൂറുകാര്‍ക്കും അതിലെ ഒന്‍പത് നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്കും ഏതുവിധത്തിലുള്ള ഫലങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഈ ലേഖനം വിശദീകരിക്കുന്നു.
Also Read:
മേടക്കൂറുകാര്‍ക്ക് (അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാം പാദം)
പതിനൊന്നാം ഭാവത്തില്‍ ചന്ദ്രഗ്രഹണം നടക്കുന്നതിനാല്‍ ഗ്രഹണദോഷം ഏറ്റവും കുറവ് ബാധിക്കുന്നത് മേടക്കൂറുകാരെയാണ് എന്നുപറയാം. ഗ്രഹണം മൂലം നിലവിലെ ജീവിത സാഹചര്യങ്ങളില്‍ കാര്യമായ കോട്ടം ഉണ്ടാവുകയില്ല. പ്രതീക്ഷിച്ച കാര്യങ്ങള്‍ തടസ്സപ്പെടുന്നതല്ല. എങ്കിലും ചന്ദ്രന്‍ നാലാം ഭാവത്തിന്റെ അധിപനാകയാല്‍ മനസ്സില്‍ കുറച്ചെങ്കിലും സംശയഗ്രസ്തതയുണ്ടാവും. ഭയക്കുന്ന ശീലം തെല്ല് കൂടിയേക്കാം. കുറച്ചുദിവസത്തേക്ക് ഉറക്കം കുറയാനുള്ള സാധ്യതയുണ്ട്. കൂട്ടുകെട്ടുകളില്‍ ജാഗ്രത പുലര്‍ത്തണം. അകലയാത്രകള്‍ ഒഴിവാക്കുന്നത്/ കുറയ്ക്കുന്നത് ഉചിതമായിരിക്കും. വളര്‍ത്തുമൃഗങ്ങളുടെ പരിപാലനം ക്ലേശിപ്പിക്കുന്നതാവും. ദീര്‍ഘയാത്രകളുടെ തീയതി പ്രതീക്ഷിച്ചതില്‍ നിന്നും നീളാനിടയുണ്ട്. കുടുംബത്തിലെ സ്ത്രീകളുടെ കാര്യത്തില്‍ കരുതലുണ്ടാവണം. രോഗഗ്രസ്തര്‍ക്ക് വൈദ്യസഹായം ഏര്‍പ്പാടാക്കാന്‍ മടിക്കരുത്. ഊഹക്കച്ചവടത്തില്‍ നഷ്ടം വരാനിടയുണ്ട്. അക്കാര്യത്തില്‍ കരുതല്‍ വേണം.
ഇടവക്കൂറിന് (കാര്‍ത്തിക 2,3,4 പാദങ്ങള്‍, രോഹിണി, മകയിരം 1,2 പാദങ്ങള്‍)
ഗ്രഹണം നടന്നത് പത്താം ഭാവത്തിലാണ്. തൊഴിലും തൊഴിലിടവുമാണ് പത്താംഭാവം. ആകയാല്‍ ഗ്രഹണത്തിന്റെ അനന്തരഫലമെന്ന നിലയ്ക്ക് കര്‍മ്മരംഗത്ത് ചില ശൈഥില്യങ്ങള്‍ വരാം. ലക്ഷ്യത്തിലെത്താന്‍ വൈകുന്നതായിരിക്കും. മേലധികാരികള്‍ / സഹപ്രവര്‍ത്തകര്‍ ഒക്കെയായി തര്‍ക്കത്തിലേര്‍പ്പെടാം. അധികച്ചുമതലകള്‍ ഏറ്റെടുക്കേണ്ട സാഹചര്യം ഉദയം ചെയ്താല്‍ അത്ഭുതപ്പെടാനില്ല. വിദേശത്ത് പോകാനാഗ്രഹിക്കുന്നവര്‍ക്കും നാട്ടിലേക്ക് വരാന്‍ ഒരുങ്ങുന്നവര്‍ക്കും തടസ്സങ്ങളുണ്ടാവും. നവസംരംഭങ്ങള്‍ തുടങ്ങാന്‍ അല്പം കൂടി കാത്തിരിക്കുക ഉചിതം. സഹായിക്കാമെന്നേറ്റവര്‍ പിന്‍വാങ്ങാം. പഠിപ്പിലും ഗവേഷണത്തിലും ഏകാഗ്രത കുറയുന്നതാണ്. സഹോദരരുമായി പിണക്കമുണ്ടാവാം. അകാരണമായ വിഷാദമോ ഭയമോ ഉണ്ടാവാം. ജോലി മാറുന്നതിന് ഇപ്പോള്‍ ഗ്രഹാനുകൂല്യമില്ല. സാമ്പത്തിക കാര്യങ്ങളില്‍ ഏറെ ശ്രദ്ധ ആവശ്യമുണ്ട്. തീര്‍ത്ഥാടനം മാറ്റിവെക്കാനുള്ള സാഹചര്യം ഉദയം ചെയ്‌തെന്നുവരാം.
മിഥുനക്കൂറിന് (മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
ഒമ്പതാമെടത്ത് ഗ്രഹണം വരികയാല്‍ ഭാഗ്യാനുഭവങ്ങള്‍ക്ക് ഭ്രംശം വരാനിടയുണ്ട്. ഉറപ്പിച്ച കാര്യങ്ങള്‍ തടസ്സപ്പെടാം. അല്ലെങ്കില്‍ നീട്ടിവെക്കാം. പൈതൃക സ്വത്തിന്മേല്‍ തര്‍ക്കത്തിന് സാധ്യതയുണ്ട്. ഏകോപനത്തിലെ മിടുക്കിനെ ആലസ്യം ബാധിക്കാം. ഉപാസനാദികള്‍ക്ക് ഭംഗം വരുന്നതാണ്. ക്ഷേത്രാടനത്തില്‍ അലംഭാവം ഭവിക്കും. നീതിബോധത്തോടെ പ്രവര്‍ത്തിച്ചാലും വേണ്ടപ്പെട്ടവര്‍ പക്ഷപാതം ആരോപിച്ചേക്കും. കച്ചവടരംഗത്ത് രൊക്ക വ്യാപാരം തുടരുകയാവും അഭിലഷണീയം. കടം വാങ്ങിയവര്‍ കടം വീട്ടുന്നതില്‍ വിമനസ്‌കരായി കാണപ്പെടുന്നതാണ്. മാതാപിതാക്കളുടെ ആരോഗ്യസംരക്ഷണത്തില്‍ ജാഗരൂകരാവണം. ഭൂമിവില്‍പ്പനയില്‍ നഷ്ടം വന്നേക്കും. പ്രണയികള്‍ക്കിടയില്‍ വിപ്രതിപത്തി ഉദയം ചെയ്താല്‍ അത്ഭുതപ്പെടാനില്ല. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ്. നിലവിലെ ജോലി തത്കാലം ഉപേക്ഷിക്കാതിരിക്കുക ശ്‌ളാഘ്യം. പുതിയത് ഉടന്‍ കിട്ടിക്കൊള്ളണം എന്നില്ല.
കര്‍ക്കടകക്കൂറിന് (പുണര്‍തം നാലാം പാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറിന്റെ അഷ്ടമഭാവത്തിലാണ് ചന്ദ്രഗ്രഹണം ഭവിക്കുന്നത്. ഈ ഗ്രഹണത്തിന്റെ ദോഷഫലങ്ങള്‍ ഏറവും കൂടുതല്‍ അനുഭവിക്കാനിടയുള്ള കൂറുകളില്‍ ഒന്ന് കര്‍ക്കടകമാണ്. കൂടാതെ കൂറിന്റെ അധിപനുമാണ് ചന്ദ്രന്‍. തന്മൂലം വ്യക്തിത്വപ്രതിസന്ധി ഭവിക്കാം. മുന്‍കൂട്ടി ആസൂത്രണം ചെയ്താലും പലതും പൂര്‍ത്തിയാക്കാന്‍ വിഷമിക്കുന്നതാണ്. ധനവിനിമയത്തില്‍ ശ്രദ്ധയുണ്ടാവണം. കടം വാങ്ങി ചെലവു നടത്തുന്ന രീതി ദോഷം ചെയ്‌തേക്കും. എല്ലാവരെയും 'കണ്ണടച്ച് വിശ്വസിക്കുന്ന' സ്വഭാവം ക്ലേശം സൃഷ്ടിക്കുന്നതാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ നിസ്സാരീകരിക്കരുത്. ജീവിതശൈലീ രോഗങ്ങള്‍ക്ക് കൃത്യമായ പരിശോധന ആവശ്യമാണ്. പ്രണയത്തിലെ പ്രശ്‌നങ്ങള്‍ കുടുംബ ബന്ധങ്ങളെ ബാധിച്ചെന്നു വരാം. പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നത് വ്യവസ്ഥകള്‍ കൃത്യമായി മനസ്സിലാക്കിയിട്ടാവണം. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സങ്ങളേര്‍പ്പെടും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉപജാപങ്ങളെ നേരിടുന്നതാണ്. വാഹനം, വൈദ്യുതി തുടങ്ങിയവയുടെ ഉപയോഗത്തില്‍ കരുതലുണ്ടാവണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
