/kalakaumudi/media/media_files/2025/10/21/padma-2025-10-21-13-45-49.jpg)
തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അല്പശി ഉത്സവത്തിന് കൊടിയേറി. 360 സ്വര്‍ണക്കുടങ്ങളില്‍ ബ്രഹ്‌മകലശപൂജ ഞായറാഴ്ച വൈകീട്ട് നടന്നു. തിങ്കളാഴ്ച രാവിലെ ബ്രഹ്‌മകലശാഭിഷേകവും ഉണ്ടായിരുന്നു. 29-ന് രാത്രി സുന്ദരവിലാസം കൊട്ടാരത്തിനു മുന്നില്‍ പള്ളിവേട്ട. 30-ന് വൈകീട്ട് ശംഖുംമുഖം കടവില്‍ ആറാട്ട് നടക്കും. എട്ടാം ഉത്സവദിവസമായ 28-ന് രാത്രി 8.30-നു നടക്കുന്ന ശീവേലിയില്‍ ഭക്തര്‍ക്കു വലിയകാണിക്ക സമര്‍പ്പിക്കാം.
ഇന്ന് രാത്രി 8.30-ന് ഉത്സവശ്രീബലി സിംഹാസനവാഹനത്തിലാണ് നടത്തുന്നത്. കിഴക്കേനട, തുലാഭാരമണ്ഡപം, ശ്രീപാദമണ്ഡപം എന്നിവിടങ്ങളില്‍ ദിവസവും കലാപരിപാടികള്‍ അരങ്ങേറും. കിഴക്കേഗോപുരത്തിലെ നാടകശാലയില്‍ ദിവസവും രാത്രി 9.30-ന് കഥകളി ഉണ്ടായിരിക്കും.
മൂന്നാം ഉത്സവത്തിന് അനന്തവാഹനത്തിലും 4-ന് കമലവാഹനത്തിലും 5-ന് പല്ലക്കിലും 6-ന് ഗരുഡവാഹനത്തിലും 7-ന് ഇന്ദ്രവാഹനത്തിലും 8-ന് പല്ലക്കിലും 9-ന് ഗരുഡവാഹനത്തിലുമാണ് ഉത്സവശ്രീബലിക്കു ദേവനെ എഴുന്നള്ളിക്കുന്നത്. ആറാട്ടിന് ഗരുഡവാഹനത്തിലാണ് എഴുന്നള്ളത്ത്.
സുന്ദരവിലാസം കൊട്ടാരത്തിനുമുന്നില്‍ തയ്യാറാക്കുന്ന വേട്ടക്കളത്തിലാണ് പള്ളിവേട്ട നടത്തുന്നത്. പടിഞ്ഞാറേനട വഴി ശ്രീപദ്മനാഭസ്വാമിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും നരസിംഹമൂര്‍ത്തിയെയും വേട്ടക്കളത്തിലേക്ക് എഴുന്നള്ളിക്കും.
ക്ഷേത്രസ്ഥാനി പ്രതീകാത്മകമായി കരിക്കില്‍ അമ്പ് എയ്ത് വേട്ട നിര്‍വഹിച്ചശേഷം വാദ്യഘോഷങ്ങളോടെ മടക്കി എഴുന്നള്ളിക്കും. 30-ന് വൈകീട്ട് അഞ്ചിന് പടിഞ്ഞാറേനട വഴി ആറാട്ട് ഘോഷയാത്ര ആരംഭിക്കും. ശംഖുംമുഖം ആറാട്ടുകടവിലെ പൂജകള്‍ക്കുശേഷം വിഗ്രഹങ്ങള്‍ സമുദ്രത്തില്‍ ആറാടിക്കും.
30ന് നടക്കുന്ന ആറാട്ട് ഘോഷയാത്രയില്‍ സുരക്ഷാ കാരണങ്ങള്‍ കരുതി ഭക്തര്‍ക്ക് പങ്കെടുക്കാന്‍ ക്ഷേത്രത്തില്‍നിന്ന് പ്രത്യേക പാസ് അനുവദിക്കും.