/kalakaumudi/media/media_files/2026/03/02/makam2-2026-03-02-09-05-12.jpg)
കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴല്‍ ഇന്ന് നടക്കും. പകല്‍ രണ്ടു മണി മുതലാണ് മകംതൊഴല്‍ ആരംഭിക്കുക. രാത്രി 9.30 വരെ മകം തൊഴല്‍ നടക്കും. ഇന്ന് രാവിലെ 5.30ന് ഓണക്കുറ്റിചിറയില്‍ ആറാട്ടോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് വടക്കേപൂരപ്പറമ്പില്‍ പാണ്ടിമേളത്തോടു കൂടി മകം എഴുന്നള്ളിപ്പ്. പിന്നീട് ക്ഷേത്രാങ്കണത്തില്‍ തിരിച്ചെഴുന്നള്ളി നിത്യച്ചടങ്ങുകള്‍ക്കും ശ്രീഭൂതബലിക്കും ശേഷം അലങ്കാരത്തിനായി നട അടയ്ക്കും.
പകല്‍ ഒന്നുമുതല്‍ ചോറ്റാനിക്കര മുരളീധര മാരാരുടെയും സംഘത്തിന്റെയും പാണ്ടിമേളം അരങ്ങേറും. മകം തൊഴലിനായി നട തുറക്കുന്നതു മുതല്‍ ഇടതടവില്ലാതെ രാത്രി 9.30 വരെ മകം ദര്‍ശനം നടത്താം. ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം ക്ഷേത്രാങ്കണത്തിലും പുറത്തുമൊക്കെയായി പ്രത്യേകം ബാരിക്കേഡുകളും താത്കാലിക പന്തലുകളും സ്ഥാപിച്ചിട്ടുണ്ട്.
ഭക്തനായ വില്വമംഗലം സ്വാമിയാര്‍ക്ക് ക്ഷേത്രത്തില്‍ വച്ച് മകം നാളില്‍ സര്‍വാഭരണവിഭൂഷിതയായി ദേവി ദര്‍ശനം നല്‍കിയതുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ചോറ്റാനിക്കര മകം തൊഴലിനുള്ളത്. വരദാഭയ മുദ്രകളോടുകൂടിയ പ്രത്യേകം തങ്കഗോളകയാണ് മകം നാളില്‍ ദേവിക്ക് ചാര്‍ത്തുക. സ്വര്‍ണക്കിരീടവും വിശേഷാല്‍ സ്വര്‍ണാഭരണങ്ങളും പട്ടുടയാടകളും അണിയിക്കും. വിശേഷാല്‍ പുഷ്പാലങ്കാരങ്ങളും ഉണ്ടാകും.
ശ്രീകോവിലില്‍ നെയ്ത്തിരി ദീപങ്ങളായിരിക്കും. മകം നാളില്‍ ചോറ്റാനിക്കര ദേവിയെ ദര്‍ശിക്കാനായി ലക്ഷക്കണക്കിന് ആളുകളാണ് ക്ഷേത്രത്തില്‍ എത്തിച്ചേരാറുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ക്യൂവുണ്ട്. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദര്‍ശനന്റെ നേതൃത്വത്തില്‍ അഞ്ച് ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടെ 800 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മകം ദര്‍ശനത്തിനു ശേഷം മേളത്തോടു കൂടി മകം വിളക്കിനെഴുന്നള്ളിപ്പും നടക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
