മഹാമാഘ മഹോത്സവത്തിന് നാളെ സമാപനം കുറിക്കുന്നു

അമൃതസ്‌നാനത്തിന് ശേഷം യതി പൂജ നടക്കും. സനാതനധർമ്മത്തിന്റെ നിലനിൽപ്പിനായി സർവ്വതും ഉപേക്ഷിച്ച് ജീവിതം സമർപ്പിച്ച സന്യാസിമാരെയാണ് യതി എന്ന് വിളിക്കുന്നത്

author-image
Devina
New Update
sama

മലപ്പുറം: ഫെബ്രുവരി 3, ചൊവ്വാഴ്ച മഹാമാഘ മഹോത്സവത്തിന്റെ അവസാനദിനമായി ആചരിക്കും. മകം നക്ഷത്രം, ദ്വിതീയ തിഥി എന്നീ അത്യന്തം ശുഭയോഗങ്ങളോടെയാണ് മഹാമാഘത്തിന്റെ സമാപനം കുറിക്കുന്നത്.

 സമാപനദിനത്തിലെ പ്രധാന ആചാരമായി മാഘമകം അമൃതസ്‌നാനം രാവിലെ 8 മണിക്ക് ആരതി ഘാട്ടിൽ നടക്കും.

മഹാമാഘ മഹോത്സവത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നായ അമൃതസ്‌നാനത്തിൽ നാഗസന്യാസിവര്യന്മാർ ഉൾപ്പെടെയുള്ള സന്യാസിമാരും ആയിരക്കണക്കിന് ഭക്തജനങ്ങളും പങ്കുചേരും. ഹിന്ദു പുരാണപരമ്പരകളനുസരിച്ച്, അമൃതസ്‌നാനം ആത്മശുദ്ധിയെയും അമരത്വസാധനയെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നു.

ഈ ദിവ്യയോഗത്തിൽ നടത്തുന്ന പുണ്യസ്‌നാനം പാപമുക്തി നൽകുകയും ജന്മമരണചക്രത്തിൽ നിന്നുള്ള മോചനത്തിന് വഴിയൊരുക്കുകയും ആത്മീയ ഉണർവിലേക്കുള്ള യാത്ര സഫലമാക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.
യതി പൂജ     

അമൃതസ്‌നാനത്തിന് ശേഷം യതി പൂജ നടക്കും. സനാതനധർമ്മത്തിന്റെ നിലനിൽപ്പിനായി സർവ്വതും ഉപേക്ഷിച്ച് ജീവിതം സമർപ്പിച്ച സന്യാസിമാരെയാണ് യതി എന്ന് വിളിക്കുന്നത്. ധർമ്മത്തെ നയിക്കുന്ന ഇത്തരം യതി ആചാര്യന്മാരെ പൂജിക്കുന്നത് ഭക്തർക്ക് ഗുരുത്വബോധവും ജീവിതത്തിൽ സൽമാർഗ്ഗഗതിയും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ജ്ഞാനികളായ സന്യാസിമാരുടെ പാദപൂജയും അവർക്കുള്ള അന്നദാനവും വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും മഹത്തായ പുണ്യം നൽകുമെന്നാണ് വിശ്വാസം.