അക്കിക്കാവ് പകല്‍പ്പൂര എഴുന്നള്ളപ്പിന് മാത്രം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് 13.50 ലക്ഷം രൂപ

കഴിഞ്ഞ വര്‍ഷം ചാലിശ്ശേരി പൂരത്തിന് 1333333 രൂപയ്ക്ക് ചാലിശ്ശേരി പടിഞ്ഞാറെമുക്ക് പൂരാഘോഷ കമ്മിറ്റി രാമചന്ദ്രനെ ഏക്കത്തിനടുത്ത് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു

author-image
Biju
New Update
thechikkottu

തൃശൂര്‍: ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോര്‍ഡ് ഏക്കതുക. അക്കിക്കാവ് പൂരത്തിലെ കൊങ്ങണൂര്‍ ദേശം പൂരാഘോഷകമ്മിറ്റി പകല്‍ പൂര എഴുന്നെള്ളപ്പിന് മാത്രം ആനയെ ഏക്കത്തിനെടുത്തത് 13.50 ലക്ഷം രൂപക്കാണ്. കഴിഞ്ഞ വര്‍ഷം ചാലിശ്ശേരി പൂരത്തിന് 1333333 രൂപയ്ക്ക് ചാലിശ്ശേരി പടിഞ്ഞാറെമുക്ക് പൂരാഘോഷ കമ്മിറ്റി രാമചന്ദ്രനെ ഏക്കത്തിനടുത്ത് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 

ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ കൊങ്ങണൂര്‍ ദേശം മറികടന്നിട്ടുള്ളത്. ഫെബ്രുവരി ഏഴിനാണ് അക്കികാവ് പൂരം. ചീരംകുളം ചെമ്മണൂര്‍ ഗ്രാമം പൂരാഘോഷ കമ്മിറ്റിയാണ് കൊങ്ങണൂര്‍ ദേശത്തിനൊപ്പം ആനയെ ലേലത്തിന് എടുക്കാന്‍ മത്സരിച്ചത്. പകല്‍ പൂരത്തിന് ഉച്ചതിരിഞ്ഞ് നിശ്ചിത സമയത്തിന് മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാറുള്ളത്. രാത്രി പുരത്തിന് മറ്റൊരു ആനയെയാണ് പകരമായി എഴുന്നെള്ളിക്കാറുള്ളത്. തെച്ചിക്കോട്ടുകാവ് ക്ഷേത്ര ഓഫീസിലാണ് ലേലം നടന്നത്.

കേരളത്തിലങ്ങോളമിങ്ങോളും ആരാധകരുള്ള ഗജപ്രമുഖനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. എല്ലാ ഗജലക്ഷണങ്ങളും തികഞ്ഞ ആനയെന്ന് കണക്കാക്കുന്ന ഈ ആനയെ ആനപ്രേമികള്‍ രാമരാജന്‍ എന്നാണ് വിളിക്കുന്നത്. കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെ. നിരവധി ഫേസ്ബുക്ക് പേജുകളും വാട്‌സാപ് കൂട്ടായ്മകളുമൊക്കെ തെച്ചിക്കോട്ട് രാമചന്ദ്രന്റെ പേരിലുണ്ട്. കേരളത്തില്‍ 'ഏകഛത്രാധിപതി' പട്ടമുള്ള ഏക ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. 1984 ലാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തില്‍ ആനയെ നടക്കിരുത്തുന്നത്.

കേരളത്തിലങ്ങോളം ഇങ്ങോളമുള്ള ആനപ്രേമികളുടെ ആവേശമാണെങ്കിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ജന്മം കൊണ്ട് ഇവിടത്തുകാരനല്ല. ബിഹാറിലെ ആനച്ചന്തയില്‍ നിന്ന് വാങ്ങി കേരളത്തിലേക്ക് എത്തിക്കുമ്പോള്‍ പേര് മോട്ടിപ്രസാദ് എന്നായിരുന്നു. ധനലക്ഷ്മി ബാങ്ക് മാനേജരായിരുന്ന എ എന്‍ രാമചന്ദ്ര അയ്യരായിരുന്നു ആദ്യത്തെ ഉടമ. അദ്ദേഹത്തില്‍ നിന്നും തൃശ്ശൂര്‍ക്കാരന്‍ വെങ്കിടാദ്രി സ്വാമി ആനയെ വാങ്ങി ഗണേശന്‍ എന്ന് പേരിട്ടു. 1984ല്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങി നടക്കിരുത്തിയപ്പോള്‍ ഇട്ട പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.