/kalakaumudi/media/media_files/2025/08/27/navarathri-2-2025-08-27-20-24-51.jpg)
തിരുവനന്തപുരം: ഈ വര്‍ഷത്തെ നവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി വി. എന്‍. വാസവന്‍ു. നവരാത്രി മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് മന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവരാത്രി ഉത്സവത്തോടു സഹകരിക്കുന്ന വിവിധ ഉത്സവ ആഘോഷ കമ്മിറ്റികളുടെ പ്രതിനിധികളെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് നവരാത്രി ഉത്സവവും ഉത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര പൂര്‍വ്വാധികം ഭംഗിയായി നടത്തുന്നതിലേക്കായാണ് ജനപ്രതിനിധികളെയും കേരള, തമിഴ്‌നാട് സര്‍ക്കാരുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളിച്ച് വിപുലമായ യോഗം ചേര്‍ന്നത്.നവരാത്രി മഹോത്സവത്തിനോടനുബന്ധിച്ചുള്ള ആനയെഴുന്നള്ളിപ്പിന് തടസ്സങ്ങള്‍ ഒന്നും ഉണ്ടാകാത്ത രീതിയില്‍ നിയമപരമായി വേണ്ട കാര്യങ്ങള്‍ വകുപ്പുതല ഏകോപനത്തിലൂടെ പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് തമിഴ്നാട്ടിലെ പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് സരസ്വതിദേവി വിഗ്രഹവും, ശുചിന്ദ്രത്ത് നിന്നും ശുചീന്ദ്രം ദേവി (മുന്നൂറ്റി നങ്ക) വിഗ്രഹവും കുമാരകോവിലില്‍ നിന്നും കമാരസ്വാമി വിഗ്രഹവും വെള്ളിക്കുതിരയും പത്മനാഭപുരം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഉടവാളിനോടൊപ്പം ഘോഷയാത്രയായി സെപ്റ്റംബര്‍ മാസം 20 തീയതിയില്‍ തമിഴ്നാട്ടില്‍ നിന്നും യാത്ര തിരിക്കും.
നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് മികവ് കൂട്ടാനായി തമിഴ്‌നാട് മുതല്‍ തിരുവനന്തപുരം വരെയും തിരുവനന്തപുരം മുതല്‍ തമിഴ്‌നാട് വരെയും സജന്യമായി കേരള പൊലീസും തമിഴ്നാട് പൊലീസും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി വിഗ്രഹത്തോടൊപ്പം അകമ്പടി സേവിക്കുമെന്നും മന്ത്രി പറഞ്ഞു.യോഗത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എം എല്‍ എ മാരായ സി.കെ. ഹരീന്ദ്രന്‍, കെ. എ. ആന്‍സലന്‍, ആന്റണി രാജു , തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോര്‍ഡ് മെമ്പര്‍ സന്തോഷ്, ദേവസ്വം സെക്രട്ടറി എം.ജി.രാജമാണിക്യം വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും പങ്കെടുത്തു.
വിഗ്രഹ ഘോഷയാത്ര
സെപ്റ്റംബര്‍ 20-ന് രാത്രി തമിഴ്നാട് കഴിത്തുറ മഹാദേവക്ഷേത്രത്തില്‍ എത്തി അവിടെ 21- രാവിലെ വിഗ്രഹങ്ങളെ ഇറക്കിപൂജ നടത്തും. സെപ്റ്റംബര്‍ 21 കഴിത്തുറ മഹാദേവക്ഷേത്രത്തില്‍ നിന്ന് യാത്രതിരിച്ച് ഉച്ചക്ക് 12 മണിയോടെ സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ എത്തിചേരും അവിടെ കേരള സര്‍ക്കാരിന്റെ സ്വീകരണം ഏറ്റുവാങ്ങി തുടര്‍ന്ന് പാറശ്ശാല ശ്രീ മഹാദേവക്ഷേത്രത്തില്‍ വിഗ്രഹങ്ങളെ ഇറക്കി പൂജ നടത്തുകയും 3 മണിയോടുകൂടി അവിടെ നിന്നും യാത്ര തിരിച്ച് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ എത്തിചേരുകയും ചെയ്യും.
സെപ്റ്റംബര്‍ 22-ന് രാവിലെ നെയ്യാറ്റിന്‍കരയില്‍ നിന്നും ഘോഷയാത്രയായി തിരുവനന്തപുരത്തേക്ക് തിരിച്ച് തിരുവനന്തപുരം നേമം വില്ലേജ് ഓഫീസില്‍ വിഗ്രഹങ്ങളെ ഇറക്കി പൂജ നടത്തി അവിടെനിന്നും 2 മണിക്ക് യാത്രതിരിച്ച് കരമന ആവണി അമ്മന്‍ കോവിലില്‍ 4 മണിക്ക് എത്തി ചേരുന്നതും അവിടുത്തെ പൂജയ്ക്ക് ശേഷം 5 മണിയോടു കൂടി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് തിരിക്കും.
തിരുവനന്തപുരത്ത് എത്തിയ ശേഷം സരസ്വതി ദേവിയും ഉടവാളും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുമ്പിലുള്ള നവരാത്രി മണ്ഡപത്തിലും, ശുചീന്ദ്രം ദേവിയും (മുന്നൂറ്റി നങ്ക) പല്ലക്കും ചെന്തിട്ട ദേവി ക്ഷേത്രത്തിലും, കുമാരസ്വാമിയും പല്ലക്കും വെള്ളിക്കുതിരയും ആര്യശാലാദേവി ക്ഷേത്രത്തിലുമായി സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 4 വരെ കുടിയിരുത്തും.