/kalakaumudi/media/media_files/2025/09/08/horo-3-2025-09-08-09-51-18.jpg)
സെപ്തംബര്‍ 13 ന് (1201 ചിങ്ങം 28) ചൊവ്വ അഥവാ കുജന്‍ കന്നിരാശിയില്‍ നിന്നും തുലാം രാശിയിലേക്ക് സംക്രമിക്കുന്നു. ഒക്ടോബര്‍ 27 തുലാം 10 വരെ ചൊവ്വ തുലാം രാശിയില്‍ സഞ്ചരിക്കും. ചിത്തിര നക്ഷത്രത്തിലാണ് ഇപ്പോള്‍ ചൊവ്വ. സെപ്തംബര്‍ 24ന് ചോതി നക്ഷത്രത്തില്‍ പ്രവേശിക്കും. ഒക്ടോബര്‍ 13 ന് വിശാഖത്തിലേക്ക് സംക്രമിക്കുന്നതാണ്. ചിത്തിര 3, 4 പാദങ്ങള്‍, ചോതി മുഴുവന്‍ 4 പാദങ്ങള്‍, വിശാഖം 1, 2, 3 എന്നീ നക്ഷത്രപാദങ്ങളാണ് തുലാം രാശിയിലുള്ളത് എന്നോര്‍മ്മിക്കാം.
ചൊവ്വയും തുലാം രാശിയുടെ അധിപനായ ശുക്രനും സമന്മാരാണ്. ഗുണം, ദോഷം എന്നിവ സമമായ അവസ്ഥയെന്ന് പറയാം. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ഇതിനെ Neutrality എന്നു വിശേഷിപ്പിക്കുന്നത് ഉചിതമായിരിക്കും. ചുവന്ന നിറത്താല്‍ ചൊവ്വ (ലോഹിതന്‍/ അംഗാരകന്‍) എന്ന പേരുണ്ടായ ചൊവ്വ ഭൂമിപുത്രനായും വിശേഷിപ്പിക്കപ്പെടുന്നു. ഭൗമന്‍, കുജന്‍, മാഹേയന്‍ തുടങ്ങിയ പേരുകളുടെ പൊരുളതാണ്. മംഗലന്‍, വക്രന്‍, കുമാരന്‍, ആരന്‍, രക്തന്‍ തുടങ്ങിയ പേരുകളുമുണ്ട്.
ക്രൂരഗ്രഹം അഥവാ പാപഗ്രഹമായി ചൊവ്വ വിശേഷിപ്പിക്കപ്പെടുന്നു. ഗ്രഹങ്ങളില്‍ ആദിത്യന്‍, ചന്ദ്രന്‍, വ്യാഴം എന്നിവ ചൊവ്വയുടെ മിത്രങ്ങള്‍. ശുക്രനും ശനിയും തുല്യര്‍. ബുധന്‍ ശത്രുവാണ്. മേടം, വൃശ്ചികം എന്നിവ ചൊവ്വയുടെ സ്വക്ഷേത്രങ്ങള്‍. മകരം ഉച്ചരാശിയും കര്‍ക്കടകം നീചരാശിയുമാകുന്നു. പവിഴം ചൊവ്വയുടെ രത്‌നം. തുവരയാണ് ധാന്യം. ചുവപ്പ് നിറമുള്ള വസ്ത്രം ചൊവ്വയുമായി ബന്ധപ്പെട്ടതാണ്. രക്തത്രികോണാകൃതിയാണ് ചൊവ്വയുടെ ഇരിപ്പിടത്തിന്.
ആടാണ് വാഹനം. ശക്തി അഥവാ വേലാണ് ആയുധം. യുദ്ധത്തിന്റെ കാരകന്‍ ചൊവ്വയാണ്. അതിനാല്‍ 'ഗ്രഹങ്ങളുടെ സേനാനായകന്‍' എന്ന പദവി ചൊവ്വ വഹിക്കുന്നു.
വ്യാപാരരാശിയാണ് തുലാം രാശി. ത്രാസ്സ് അഥവാ തുലാസ്സ് കൈയ്യില്‍ ധരിച്ച് അങ്ങാടിയില്‍ ഇരിക്കുന്ന ഒരു കച്ചവടക്കാരനാണ് തുലാം രാശിയുടെ സ്വരൂപം. ലോകമെങ്ങും ഇപ്പോള്‍ കച്ചവടവും തല്‍സംബന്ധമായ ചുങ്കവും തര്‍ക്ക കോലാഹലത്തിലാണല്ലോ? ചൊവ്വ തുലാം രാശിയില്‍ സഞ്ചരിക്കുമ്പോള്‍ പ്രസ്തുതവിഷയം കൂടുതലാവാനാണ് സാധ്യതയുള്ളത്! ഏതാണ്ട് ഒന്നരമാസം ചൊവ്വ തുലാം രാശിയില്‍ സഞ്ചരിക്കുന്നു.
മേടക്കൂറിന് (അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാം പാദം)
അനുകൂലഭാവമായിരുന്ന ആറാമെടത്തില്‍ നിന്നും പ്രതികൂലമായ ഏഴാമെടത്തിലേക്ക് കുജന്‍ മാറുന്നു. ഏഴാമെടം കൊണ്ട് വാഹനയാത്ര സൂചിതമാകയാല്‍ അക്കാര്യത്തില്‍ കരുതലുണ്ടാവണം. യാത്രാക്ലേശത്തിന് സാധ്യത കാണുന്നു. പ്രണയഭാവങ്ങള്‍ ഏഴാമെടത്തിലെ കുജസ്ഥിതിയാല്‍ ശിഥിലമാവാനിടയുണ്ട്. ഉള്ളിലെ അഹംഭാവംകരുത്തുനേടുകയാല്‍ മസൃണഭാവങ്ങള്‍ തളരുകയും 'അഹം' അമിതബലമാര്‍ജ്ജിക്കുകയും ചെയ്യും. പൊരുത്തപ്പെടാനുള്ള മനസ്സ് പോയി, എല്ലാം പൊരുതി നേടണമെന്ന തോന്നല്‍ ശക്തി പ്രാപിക്കുന്നതാണ്. ദാമ്പത്യ ജീവിതത്തെയും അസംതൃപ്തി ബാധിക്കാം. കൂട്ടുകച്ചവടത്തില്‍, പാര്‍ട്ണര്‍മാര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉല്‍ഭവിക്കും. ദൂരയാത്രകള്‍ക്ക് അവസരം ഒരുങ്ങുന്നതാണ്. ഏഴില്‍ സഞ്ചരിക്കുന്ന ചൊവ്വ കര്‍മ്മഭാവത്തെ നോക്കുകയാല്‍ തൊഴിലിടത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ഉയരും. മൗനം പാലിക്കുകയും പ്രതികരണശേഷി നിര്‍വീര്യമാക്കുകയും ചെയ്താല്‍ കലഹങ്ങള്‍ ഒഴിവാക്കാം. രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ കരുതല്‍ കൈക്കൊള്ളണം.
ഇടവക്കൂറിന് (കാര്‍ത്തിക 1,2,3 പാദങ്ങള്‍, രോഹിണി, മകയിരം 1,2 പാദങ്ങള്‍)
ചൊവ്വആറാം ഭാവത്തില്‍ സഞ്ചരിക്കുകയാല്‍ അനുകൂലഫലങ്ങള്‍ ഏറും. ഇഷ്ടകാര്യങ്ങള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാക്കും. ആത്മവിശ്വാസം കൂടും. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പ്രതിരോധിക്കുന്ന തിനാവും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തേടിയ അവസരങ്ങള്‍ സംജാതമാകും. കുടുംബ പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരം കണ്ടെത്തുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റമുണ്ടാവും. ബിസിനസ്സിന്റെ ആവശ്യങ്ങള്‍ക്ക് വായ്പ ലഭിക്കുന്നതാണ്. മത്സരങ്ങളില്‍ വിജയം കരഗതമാവും. ചൊവ്വയ്ക്ക് ഭൂമികാരകത്വമുണ്ട്. അതിനാല്‍ വസ്തുവാങ്ങാനുള്ള സാധ്യതയുണ്ട്. വീടുപണി തുടങ്ങിയേക്കാം. സിവില്‍ വ്യവഹാരങ്ങളില്‍ അനുകൂലവിധി സമ്പാദിക്കാനിടയുണ്ട്. സഹോദരരുടെ ഇടയില്‍ അംഗീകാരം കൈവരുന്നതാണ്. ദാമ്പത്യത്തില്‍ സമാധാനമുണ്ടാവും. യാത്രകള്‍ ഗുണം ചെയ്‌തേക്കും. രാഷ്ട്രീയ നിലപാടുകളില്‍ നേട്ടം ഭവിക്കും. സ്വര്‍ണലാഭം, നിക്ഷേപങ്ങളില്‍ നിന്നും ആദായം എന്നിവ പ്രതീക്ഷിക്കാം.
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1,2,3 പാദങ്ങള്‍)
നാലാം ഭാവത്തില്‍ നിന്നും അഞ്ചാം ഭാവത്തിലേക്ക് ചൊവ്വ മാറുന്നു. ഫലം ചിന്തിക്കുമ്പോള്‍ വലിയ വ്യത്യാസമൊന്നും പറയാനില്ല.പിടിവാശി കൂടും. മുതിര്‍ന്നവരായാലും കുട്ടികളുടെ കൂട്ട് ചെറുകാര്യങ്ങള്‍ക്കും ശാഠ്യം കാട്ടും. പലപ്പോഴും മനസ്സ് വിഷാദാര്‍ദ്രമാവും. ആശയക്കുഴപ്പം തുടരുന്നതാണ്. ബൗദ്ധികമായ സമീപനം വേണ്ടിടത്ത് വൈകാരികമായി പ്രതികരിക്കും. മക്കളുടെ കാര്യത്തില്‍ കരുതല്‍ വേണം. അവരറിയാതെ അവരെ നിരീക്ഷിക്കുന്നതില്‍ തെറ്റില്ല. മുത്തശ്ശന്‍, വല്യമ്മാവന്‍ തുടങ്ങിയവര്‍ക്ക് ആരോഗ്യക്ലേശം ഭവിക്കാം. ഉപാസനകള്‍ക്ക് തടസ്സമുണ്ടായേക്കും. മുന്നേകുട്ടി നിശ്ചയിച്ച കാര്യങ്ങള്‍ മാറ്റിവെക്കാനിടയുണ്ട്. ബിസിനസ്സുകാരെ മൗഢ്യം ബാധിക്കും. തൊഴിലില്‍ വളര്‍ച്ച കുറയും. മേലധികാരികളുമായി രമ്യതയുണ്ടാവില്ല. കഠിനദൗത്യങ്ങള്‍ ഏല്‍പ്പിക്കപ്പെടാം. പ്രണയത്തില്‍ ഇളക്കം തോന്നുന്നതാണ്. ശൈത്യം ദാമ്പത്യത്തെ ബാധിക്കാനിടയുണ്ട്. ചൊവ്വ പതിനൊന്നാമെടത്തി ല്‍ നോക്കുന്നതിനാല്‍ ധനവരവ് കുറയും.
കര്‍ക്കടകക്കൂറിന് (പുണര്‍തം നാലാംപാദം, പൂയം, ആയില്യം)
അനുകൂലമായ മൂന്നാമെടത്തില്‍ നിന്നും ചൊവ്വ വൈകാരിക ഭാവങ്ങളെ കുറിക്കുന്ന നാലാമെടത്തിലേക്ക് മാറുകയാണ്. മനസ്സില്‍ അനാവശ്യമായ പിരിമുറുക്കം ഉണ്ടാവും. ക്ഷോഭം നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കില്ല. ഗൃഹനിര്‍മ്മാണത്തിന് വിഘ്‌നം വരാന്‍ സാധ്യതയുണ്ട്. നിശ്ചയിച്ച കാര്യങ്ങള്‍ തുടങ്ങാനും കഴിഞ്ഞേക്കില്ല. പലതരം തടസ്സങ്ങള്‍ വന്നുകൊണ്ടിരിക്കും. സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ അഭിപ്രായഭേദത്തിന് സാഹചര്യം ഉണ്ടാവും. വാഗ്വാദം ഒഴിവാക്കാനും സംയമം പാലിക്കാനും ശ്രമിക്കണം. അമ്മയുടെ ആരോഗ്യകാര്യത്താല്‍ ജാഗ്രത വേണ്ടതുണ്ട്. വസ്തു തര്‍ക്കങ്ങള്‍ വ്യവഹാരമായി മാറാതിരിക്കാന്‍ കരുതല്‍ പുലര്‍ത്തണം. പുതിയ വാഹനം വാങ്ങുന്നതിന് ഇപ്പോള്‍ സമയം ഉചിതമല്ല. വിപണനതന്ത്രങ്ങള്‍ ശരിക്കും ഫലവത്തായേക്കില്ല. തൊഴില്‍ തേടുന്നവര്‍ക്ക് കാത്തിരിക്കേണ്ടി വരുന്നതാണ്. അശ്രദ്ധകൊണ്ട് പണം നഷ്ടമാകാം. ചെലവില്‍ മിതത്വം വേണം. ജന്മദേശത്തിലേക്കുള്ള യാത്ര പിന്നീടത്തേക്കാക്കും. അനുഷ്ഠാനങ്ങളില്‍ ശ്രദ്ധ കുറയുന്നതാണ്.