ദാമ്പത്യ സുഖത്തിനും കുടുംബജീവിതം ഭദ്രമാക്കുന്നതിനും പ്രധാനമായും ആരാധിക്കേണ്ടത് മഹാദേവനെയും ഉമയേയുമാണ്. ഉമാമഹേശ്വര പൂജ എന്നറിയപ്പെടുന്ന പൂജാവിധി ഇതിന് നടത്തേണ്ടത് ശിവനും പാർവതിയും പ്രതിഷ്ഠയായുള്ള ക്ഷേത്രത്തിലാണ്. അവിടെയാണ് വഴിപാട് നടത്തി പ്രാർത്ഥിക്കേണ്ടതും.
ജാതകത്തിലെ ദോഷങ്ങൾക്കും പ്രശ്നവശാൽ കാണുന്ന ദോഷങ്ങൾക്കും മികച്ച പരിഹാരമാണ് ഉമാ മഹേശ്വര പൂജ. വിവാഹം നടക്കുന്നതിന് തടസ്സം നേരിടുന്നവർക്കും വിവാഹം കഴിഞ്ഞവർക്കു ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനും ഉമാമഹേശ്വരപൂജയും ശിവനും പാർവതി ദേവിയും പ്രധാന മൂർത്തികളായുള്ള ക്ഷേത്രദർശനവും ഉത്തമമാണ്.
വിവാഹതടസ്സം മാറ്റുന്ന ഏറ്റവും ശക്തമായ പൂജയാണ് ഉമാമഹേശ്വര പൂജ. മഹേശ്വരനും ഉമയും ഇടം വലമായി ഇരിക്കുന്ന പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ നടത്തുന്ന ഈ പൂജയ്ക്ക് കൂടുതൽ ശക്തിയുണ്ട്. ജാതക ഗ്രഹദോഷം, ശാപദോഷം മറ്റ് കാരണങ്ങൾ എന്നിവയാൽ വിവാഹം വൈകുന്നവർ ഉമാമഹേശ്വരപൂജ ചെയ്യണം. അങ്ങനെ ചെയ്താൽ ക്ഷിപ്രവേഗത്തിൽ ഫലസിദ്ധിയുണ്ടാകും.
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പത്മതീർത്ഥക്കരയിലുള്ള ശിവപാർവ്വതി ക്ഷേത്രത്തിൽ ഉമാമഹേശ്വരപ്രതിഷ്ഠയുണ്ട്. വിവാഹതടസ്സം മാറാൻ മാത്രമല്ല വിവാഹം കഴിഞ്ഞവർക്ക് പരസ്പരം സ്‌നേഹം വർദ്ധിക്കാനും കലഹം ഒഴിവാക്കാനും സന്തുഷ്ടമായ ദാമ്പത്യജീവിതത്തിനും ഉമാമഹേശ്വര പൂജ നടത്തുന്നത് ഉത്തമമാണ്. എട്ടുവീട്ടിൽപ്പിള്ളമാർ ശ്രീപത്മനാഭനെ തൊഴാൻ വരുമ്പോൾ ആരാധിച്ച തേവാര മൂർത്തിയാണ് ഈ ഉമാമഹേശ്വരപ്രതിഷ്ഠ. പത്മതീർത്ഥകരയിലെ ഈ സന്നിധിയിൽ ശിവകുടുംബം ഒന്നടങ്കം കുടികൊള്ളുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ശങ്കര പാർവതിമാർക്ക് ഒപ്പമിവിടെ വിഘ്നേശ്വരനും സ്കന്ദനും പ്രതിഷ്ഠയുണ്ട്.
ഉമാമഹേശ്വരപൂജയാണ് ഇവിടുത്തെ ഏറ്റവും പ്രധാന പൂജ. വിവാഹം കാര്യസാദ്ധ്യം, ഐകമത്യം എന്നിവയ്ക്ക് ഇവിടെ ഉമാമഹേശ്വരപൂജനടത്തുന്നത് വളരെ നല്ലതാണ്. അനേകായിരം പേർക്ക് ഇവിടെ നടത്തിയ പൂജയിലൂടെ ഫലസിദ്ധിയുണ്ടായിട്ടുണ്ട്. ഭക്തർ ഉമാമഹേശ്വരപൂജ നടത്തുന്നതിന് 3 സമ്പ്രദായം ഇവിടെ പിൻതുടരുന്നുണ്ട്.