/kalakaumudi/media/media_files/2025/12/02/vaikom-2-2025-12-02-10-21-09.jpg)
വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് കൊടിയേറിയതോടെ വൈക്കത്തിന് ഇനി ആഘോഷദിനങ്ങള്‍. ക്ഷേത്രത്തിലെ വിശേഷാല്‍ ചടങ്ങുകള്‍ക്കു ശേഷം, ആചാരപ്രകാരം അവകാശിയായ മൂസത് ചമയങ്ങളില്ലാത്ത ആനപ്പുറത്ത് എഴുന്നള്ളി ഉദയനാപുരം ക്ഷേത്രത്തില്‍ എത്തി മുഹൂര്‍ത്ത ചാര്‍ത്ത് വായിച്ച് കൊടിയേറ്റ് അറിയിച്ചു. പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധീകരിച്ച് അയ്യര്‍കുളങ്ങര കുന്തീദേവി ക്ഷേത്രം, തെക്കേനട ഇണ്ടംതുരുത്തി മന എന്നിവിടങ്ങളിലും കൊടിയേറ്റ് അറിയിപ്പ് നടത്തിയിരുന്നു.
നടന്‍ ദിലീപും നടി ഗൗരിനന്ദയും ചേര്‍ന്ന് കലാമണ്ഡപത്തില്‍ ദീപം തെളിയിച്ചു. 5, 6, 8, 11 തീയതികളില്‍ ഉച്ചയ്ക്ക് 1ന് ഉത്സവബലി ദര്‍ശനം. 9ന് പുലര്‍ച്ചെ 5ന് വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പ്, 10ന് പുലര്‍ച്ചെ 5ന് തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പ്. 13ന് രാത്രി 10ന് ഉദയനാപുരം ക്ഷേത്രത്തില്‍ കൂടിപ്പൂജ എന്നിവ നടത്തും.
പ്രാധാന്യം:
വൈക്കം മഹാദേവക്ഷേത്രത്തിലെ ശിവനെ വൈക്കത്തപ്പന്‍ എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്നു. ഇവിടുത്തെ ശിവലിംഗം ത്രേതായുഗത്തില്‍ നിന്നുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു, തുടക്കം മുതല്‍ പൂജകള്‍ മുടക്കം വരുത്താത്ത കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.
കൃഷ്ണ അഷ്ടമി ദിനത്തിലാണ് വൈക്കത്തഷ്ടമി ആഘോഷിക്കുന്നത്. ഈ ഉത്സവത്തിന്റെ പിന്നിലെ ഐതിഹ്യം, വര്‍ഷങ്ങള്‍ക്കുമുമ്പ് വ്യഗ്രപദന്‍ എന്ന മുനി ശിവനോട് വര്‍ഷങ്ങളോളം പ്രാര്‍ത്ഥിച്ചു എന്നതാണ്. വര്‍ഷങ്ങള്‍ക്കുശേഷം ശിവനും ഭാര്യ പാര്‍വതി ദേവിയും അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. കൃഷ്ണ അഷ്ടമിയുടെ ദിവസത്തില്‍ ശിവന്‍ തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നു ഇതിന്റെ ഓര്‍മ്മക്കായാണ് വൈക്കത്തഷ്ടമി ആഘോഷിക്കപ്പെടുന്നുത് . 12 ദിവസത്തേക്ക് നീളുന്ന ഉത്സവമാണിത്. പന്ത്രണ്ടാം ദിവസം വൈക്കത്തഷ്ടമി.
മുനിവര്യനായ വ്യാഘ്രപാദ മഹര്‍ഷി ക്ക് ഭഗവാന്‍ പരമേശ്വരന്‍ കുടുംബ സമേതം ദര്‍ശനം നല്‍കിയതിന്റെ പുണ്യ സ്മരണയാണ് അഷ്ടമി ദര്‍ശനം . വെളുപ്പിന് 3 മണിക്ക് തുടങ്ങുന്ന അഷ്ടമി ദര്‍ശനത്തിന് തലേ ദിവസം മുതല്‍ പതിനായിരങ്ങള്‍ ആണ് ഇവിടെ എത്തിച്ചേരുന്നത്.
വൈക്കത്തെ പ്രാതല്‍
വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഏറ്റവും വലിയ വഴിപാടാണ് പ്രാതല്‍ സദ്യ. തന്റെ നാട്ടില്‍ ആരും പട്ടിണി കിടക്കരുതെന്ന് നിര്‍ബന്ധമുള്ള ദക്ഷിണാ മൂര്‍ത്തിയാണ് വൈക്കത്തപ്പന്‍. ഈ ക്ഷേത്രത്തില്‍ എല്ലാ ദിവസവും രാത്രി നട അടക്കുന്നതിന് മുന്‍പായി അത്താഴപട്ടിണിക്കാരുണ്ടോ എന്ന് വിളിച്ചു ചോദിക്കുന്ന പതിവ് ഇപ്പോഴുമുണ്ട്. എല്ലാ ദിവസവും ക്ഷേത്രം ഊട്ടുപുരയില്‍ വച്ച് പ്രാതല്‍ സദ്യ ഉണ്ട്. ഭഗവാന്റെ നിത്യസാന്നിധ്യമുള്ള അടുക്കളയും ഊട്ടുപുരയുമാണ് ഈ ക്ഷേത്രത്തില്‍ ഉള്ളത്. ഒരിക്കല്‍ വില്വമംഗലം സ്വാമിയാര്‍ ഇവിടെ ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ ഭഗവാനെ ശ്രീലകത്ത് കാണായ്കയാല്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ ഊട്ടുപുരയില്‍ നിന്ന് ഭഗവാന്‍ ദേഹണ്ഡം നടത്തുന്നത് കണ്ടു. തന്നെ സ്വാമിയാര്‍ കണ്ടെന്നു മനസിലായ ഭഗവാന്‍ അടുത്തു നിന്ന മുട്ടസ് തിരുമേനിയോട് 'മുട്ടസേ പിടി ചട്ടുക ' മെന്ന് പറഞ്ഞ് ശ്രീലകത്തേക്ക് കയറി പോയി. അതില്‍ പിന്നെ ഇവിടെ പാചകം മുട്ടസ് തിരുമേനിക്കായി തീര്‍ന്നു.. തന്റെ ഉത്സവം കേമമാക്കാന്‍ മേളത്തിനെത്തുന്ന മാരാര്‍മാരുടെ സദ്യക്കും ഭഗവാന്‍ സദ്യ വിളമ്പാനെത്തുമെന്നും വിശ്വസിക്കുന്നു.
ഒരു പിതാവിന്റെ കാത്തിരിപ്പ്
അഷ്ടമി ദിനം 101 പറയുടെ പ്രാതല്‍ സദ്യ ആണ് ക്ഷേത്രത്തില്‍ തയ്യാറാക്കുന്നത്. പക്ഷെ ഭഗവാന് അന്ന് നേദ്യമില്ല. അഷ്ടമി ദര്‍ശനം കഴിഞ്ഞാല്‍ ഭഗവാന്‍ കിഴക്കേ നടപന്തലിലേക്കിറങ്ങി നില്‍ക്കും. താരകാസുര നിഗ്രഹത്തിന് പോയ പ്രിയ പുത്രന്‍ ബാലകനായ കാര്‍ത്തികേയന്‍ (ഉദയനാപുരത്തപ്പന്‍) ആപത്തൊന്നും കൂടാതെ തിരികെ വരുന്നതും നോക്കി താളമേളങ്ങള്‍ ഒന്നുമില്ലാതെ നിരാഹാരനായിട്ടാണ് ആ നില്‍പ്പ്. അസുരനെ കൊന്ന് വിജയശ്രീലാളിതനായി സര്‍വ്വ വിധ ആഡംബരത്തോടെ പിതാവിനെ കാണാനുള്ള ഉദയനാപുരത്തപ്പന്റെ ആ വരവ് ഒന്ന് കാണേണ്ടതാണ്.
കൂടി പൂജ
മറ്റൊരു ക്ഷേത്രത്തിലും കേട്ടുകേള്‍വി ഇല്ലാത്ത ഒരു ചടങ്ങാണ് വൈക്കത്ത് നടക്കുന്ന കൂടി പൂജ. മറ്റൊരു ക്ഷേത്രത്തിലെ ചൈതന്യം ഒരു ക്ഷേത്രത്തിന്റെയും പ്രധാന ശ്രീകോവിലില്‍ സാധാരണ പ്രവേശിപ്പിക്കാറില്ല.എന്നാല്‍ അഷ്ടമി ദിനം വൈക്കം ക്ഷേത്രത്തിലെ ശ്രീകോവിലില്‍ ഉദയനാപുരത്തപ്പന്റെ ശീവേലി തിടമ്പ് കയറ്റി കൂടി പൂജയും നേദ്യവും നടക്കുന്നു.. പിതാവിന്റെ മടിയില്‍ പുത്രനെ ഇരുത്തിയാണ്
പൂജകള്‍.
കൂടി പൂജ ദര്‍ശനം സകല സൗഭാഗ്യവും തരുന്നതാണ്.12 മത്തെ ദിവസം വൈക്കത്തെ ആറാട്ട് നടക്കുന്നത് ഉദയനാപുരം ക്ഷേത്ര കുളത്തിലാണ്.. അന്നും ഉദയനാപുരം ക്ഷേത്രത്തില്‍ കൂടിപൂജ ഉണ്ട്. അന്ന് പിതാവിന്റെ പുറകില്‍ ദാസനായിട്ടാണ് പുത്രന്റെ നില്‍പ്പ്. കൂടി പൂജക്ക് ശേഷം വിട പറയല്‍ ആണ്. അതീവ ഹൃദയഭേദകമാണ് ഈ ചടങ്ങ്. ഒറ്റ നാദസ്വരത്തില്‍ മുഖാരി / ദു:ഖഘണ്ഡാര രാഗം ആലപിക്കുമ്പോള്‍ കണ്ടുനില്‍ക്കുന്ന ഭക്തരും എഴുന്നള്ളിച്ച ആനകള്‍ വരെ കണ്ണീര്‍ വാര്‍ക്കും.. അത്രക്ക് വികാരനിര്‍ഭരമാണ് പിതൃ പുത്ര വേര്‍പാട് .ഉദയനാപുരത്തപ്പന്റെ തിടമ്പെടുക്കുന്ന ആന മുന്‍പോട്ട് നടന്നിട്ട് തിരികെ പിതാവിനടുക്കലേക്ക് വരും. ഒടുവില്‍ മനസില്ലാ മനസോടെ ഇടക്കിടക്ക് തിരിഞ്ഞു നോക്കിയുള്ള ആ യാത്ര പറച്ചിലിന് സാക്ഷിയാവുന്ന ആലിന്റെ ഇലകള്‍ പോലും കണ്ണീര്‍ വാര്‍ക്കുന്നുവെന്നാണ് വിശ്വാസം
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
