മദര്‍ ഏലീശ്വാ വാകയില്‍ ഇനി വാഴ്ത്തപ്പെട്ടവള്‍

1831 ഒക്ടോബര്‍ 15-ന് കേരളത്തിലെ വരാപ്പുഴ വികാരിയേറ്റില്‍ ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രസ് ഇടവകയിലെ തൊമ്മന്‍ -താണ്ട ദമ്പതികളുടെ എട്ട് മക്കളില്‍ ആദ്യ പുത്രിയായി ജനിച്ച ഏലിശ്വ, ചെറുപ്പം മുതലേ പ്രാര്‍ത്ഥനയിലും സുകൃതങ്ങളിലും വേരൂന്നിയ ആദ്ധ്യാത്മികത സ്വന്തമാക്കിയിരുന്ന വ്യക്തിയാണ്.

author-image
Biju
New Update
VAKA

കൊച്ചി: കേരളത്തിലെ പ്രഥമ തദ്ദേശിയ സന്യാസിനി സഭയായ നിഷ്പാദുക കര്‍മ്മലീത്ത മൂന്നാം സഭയുടെയും (TOCD), തെരേസ്യ9 കര്‍മ്മലീത്ത സന്യാസിനി സഭയുടെയും (CTC) സ്ഥാപകയായ ധന്യ മദര്‍ ഏലീശ്വാ വാകയില്‍ ഇനി വാഴ്ത്തപ്പെട്ടവള്‍. 

 കൊച്ചി വല്ലാര്‍പാടം ബസലിക്കയില്‍ നടന്ന ചടങ്ങില്‍ ചടങ്ങു്കളില്‍, മലേഷ്യയിലെ പെനാങ് (Penang) രൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് (Card. Sebastian Francis), പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പായുടെ പ്രത്യേക പ്രതിനിധിയായി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

ഭാരതത്തിലേക്കുള്ള അപ്പസ്‌തോലിക നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലെയൊപോള്‍ദോ ജിറെല്ലി (H.G. Msgr. Leopoldo Girelli), വരാപ്പുഴ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍ തുടങ്ങി നിരവധി സഭാനേതൃത്വങ്ങളും, വൈദികരും, സമര്‍പ്പിതരും, ആയിരക്കണക്കിന് വിശ്വാസികളും ചടങ്ങുകളില്‍ പങ്കെടുത്തു.

1831 ഒക്ടോബര്‍ 15-ന് കേരളത്തിലെ വരാപ്പുഴ വികാരിയേറ്റില്‍ ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രസ് ഇടവകയിലെ തൊമ്മന്‍ -താണ്ട ദമ്പതികളുടെ എട്ട് മക്കളില്‍ ആദ്യ പുത്രിയായി ജനിച്ച ഏലിശ്വ, ചെറുപ്പം മുതലേ പ്രാര്‍ത്ഥനയിലും സുകൃതങ്ങളിലും വേരൂന്നിയ ആദ്ധ്യാത്മികത സ്വന്തമാക്കിയിരുന്ന വ്യക്തിയാണ്.

മാതാപിതാക്കന്മാരുടെ ആഗ്രഹപ്രകാരം 1847 ല്‍ വത്തരു വാകയിലിനെ വിവാഹം കഴിച്ച്, 1850-ല്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ഏലീശ്വ, ഭര്‍ത്താവിന്റെ മരണത്തോടെ വിധവയായി. പലരും പുനര്‍വിവാഹത്തിന് നിര്‍ബന്ധിച്ചുവെങ്കിലും, ധന്യ, പ്രാര്‍ത്ഥനയുടെയും ഉപവി പ്രവര്‍ത്തനങ്ങളുടെയും വഴിയാണ് തനിക്കായി തിരഞ്ഞെടുത്തത്.

ദിവ്യകാരുണ്യ നാഥനോടുള്ള ഭക്തിയും, ഏകാന്ത പ്രാര്‍ത്ഥനകളും, പാവപ്പെട്ടവര്‍ക്കുള്ള സേവനങ്ങളും സ്വജീവിതത്തില്‍ പ്രവര്‍ത്തികമാക്കിയ സി. ഏലീശ്വാ, 1866 ഫെബ്രുവരി 13-ആം തീയതിയാണ്, ഇറ്റാലിയന്‍ വൈദികനും കര്‍മ്മലീത്ത മിഷനറിയുമായിരുന്ന ഫാ. ലെയോപോള്‍ഡ് ബെക്കാറോ ഒ.സി.ഡി യുടെ സഹായത്തോടെ നിഷ്പാദുക കര്‍മ്മലീത്ത മൂന്നാം സഭ സ്ഥാപിച്ചത്.

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും, പെണ്‍കുട്ടികള്‍ക്ക് വേണ്ടി ബോര്‍ഡിംഗ് സ്‌കൂള്‍ ആരംഭിക്കുകയും ചെയ്ത മദര്‍ ഏലിശ്വ, കേരളത്തില്‍ സ്ത്രീ നവോത്ഥാനത്തിനായി പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ്.

1913 ജൂലൈ 18-ആം തീയതിയാണ് മദര്‍ ഏലീശ്വാ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. വരാപ്പുഴ അതിരൂപതയിലെ പരിശുദ്ധ കര്‍മ്മലമാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും നാമധേയത്തിലുള്ള ബസിലിക്കയിലാണ് മദര്‍ ഏലിശ്വയുടെ ഭൗതിക ശരീരം അടക്കം ചെയ്യപ്പെട്ടതെങ്കിലും, ധന്യയുടെ ഭൗതികാവശിഷ്ടങ്ങള്‍ പിന്നീട് വരാപ്പുഴ സെന്റ് ജോസഫ് കര്‍മ്മല മഠത്തിലെ സ്മൃതി മന്ദിരത്തിലേക്ക് മാറ്റിയിരുന്നു.

 2008 മാര്‍ച്ച് 6-ആം തീയതി ദൈവദാസി പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മദര്‍ ഏലിശ്വയെ, 2023 നവംബര്‍ 8-ന് ഫ്രാന്‍സിസ് പാപ്പാ ധന്യപദവിയിലേക്ക് ഉയര്‍ത്തി.

ദൈവദാസി മദര്‍ ഏലീശ്വയുടെ മദ്ധ്യസ്ഥതയാല്‍ നടന്ന ഒരു അത്ഭുതം അംഗീകരിക്കുപ്പെട്ടതിനെത്തുടര്‍ന്ന്, 2025 ഏപ്രില്‍ 14-ന്, വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മര്‍ചേല്ലൊ സെമെറാറൊ, ഫ്രാന്‍സീസ് പാപ്പായുമായി നടത്തിയ കൂടിക്കാഴ്ച നടത്തുകയും, ധന്യയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയുമായിരുന്നു. ലിയോ പതിനാലാമന്‍ പാപ്പായാണ്, ധന്യ ഏലീശ്വാ വാകയിലിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനുള്ള തീയതി പ്രഖ്യാപിച്ചത്.

വിശുദ്ധപദ പ്രഖ്യാപനത്തിലേക്കുള്ള അവസാനത്തെ പടിയാണ് നവംബര്‍ 8-ന് വല്ലാര്‍പാടം ബസലിക്കയില്‍ വച്ച് നടക്കുന്ന വാഴ്ത്തപ്പെട്ടവള്‍ എന്ന പ്രഖ്യാപനം.

നിലവില്‍ പതിനൊന്ന് പ്രൊവിന്‍സുകളിലെ 223 മഠങ്ങളിലായി 1350-ലധികം സന്ന്യാസിനിമാര്‍ ഉള്ള തെരേസ്യ9 കര്‍മ്മലീത്ത സമൂഹം, 78 രൂപതകളില്‍ സേവനമനുഷ്ടിക്കുന്നുണ്ട്.