/kalakaumudi/media/media_files/2025/10/13/rahu-2025-10-13-12-41-01.jpg)
കേരളോല്‍പ്പത്തിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ക്ഷേത്രമാണ് ആദിമൂലം വെട്ടിക്കോട്.ശ്രീനാഗരാജസ്വാമി ക്ഷേത്രം. കശ്യപപ്രജാപതിക്ക് ജനിച്ച ആയിരം നാഗസന്തതികളില്‍ ജ്യേഷ്ഠനും
അഷ്ടനാഗസങ്കല്പത്തില്‍ പ്രഥമനുമായ അനന്തഭഗവാനെ, വിഷ്ണുവിന്റെ ആറാമത്തെ അവതാരവും ഉഗ്രപ്രഭാവനും തേജോമയനുമായ പരശുരാമന്‍ ഭൂവില്‍ പ്രതിഷ്ഠിച്ച ആദ്യക്ഷേത്രമാണ് ആദിമൂലം വെട്ടിക്കോട്ട് ശ്രീനാഗരാജസ്വാമിക്ഷേത്രം.
ജമദഗ്നിമഹര്‍ഷി തപോവനത്തില്‍ പുത്രകളത്രാദികളോടുകൂടി ഈശ്വരസേവയുമായി കഴിയുന്ന കാലത്ത,് ഒരിക്കല്‍ ആ ആശ്രമത്തില്‍ അസുരരാജാവായ കാര്‍ത്തവീരാര്‍ജ്ജുനന്‍ എത്തി. ആശ്രമത്തിലെ കാമധേനുവിന്റെ സഹായത്താല്‍ രാജാവിനും പരിവാരങ്ങള്‍ക്കും മൃഷ്ടാനമായ ഭോജ്യം നല്‍കി മഹര്‍ഷി സല്‍ക്കരിക്കുകയും ആദരിക്കുകയും ചെയ്തു.
എന്നാല്‍ ആശ്രമത്തില്‍ നിന്ന് മടങ്ങാന്‍നേരം രാജാവ് ആ വിശേഷപ്പെട്ട പശുവിനെ തനിക്ക് നല്‍കണമെന്ന് മഹര്‍ഷിയുടെ ആവശ്യപ്പെട്ടു എന്നാല്‍ മഹര്‍ഷി അതിന് തയ്യാറായില്ല. കുപിതനായ രാജാവ് ബലമായി തന്നെ കാമധേനുവിനെ പിടിച്ചു കെട്ടി കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. മാത്രമല്ല മഹര്‍ഷിയെയും പത്‌നിയെയും അവഹേളിച്ച് ബന്ധനസ്ഥരാക്കിയിട്ടാണ് അവിടെനിന്നും പോയത്. ഇതറിഞ്ഞ് എത്തിയ പരശുരാമന്‍ കൊട്ടാരത്തില്‍ ചെന്ന് രാജാവിനെ വധിച്ച് കാമധേനുവിനെ വീണ്ടെടുത്തു.
ഇതേ തുടര്‍ന്ന് കാര്‍ത്തവീരാര്‍ജ്ജുനന്റെ മക്കള്‍ തപോവനത്തില്‍ എത്തി മഹര്‍ഷിയെയും പത്‌നിയെയും വധിച്ചു. ഇതോടെ പരശുരാമന്‍ അതീവ കോപത്തോടെയെത്തി കാര്‍ത്തവീരാര്‍ജ്ജുനന്റെ മക്കളെ വധിച്ചു എന്ന് മാത്രമല്ല ഭൂലോകത്തെ ക്ഷത്രിയരായ രാജാക്കന്മാരെ മുഴുവന്‍ കൊന്നൊടുക്കുമെന്ന് പ്രഖ്യാപിക്കുകയും അവരോട് യുദ്ധം ആരംഭിക്കുകയും ചെയ്തു.
21 തവണ ക്ഷത്രിയനിഗ്രഹം നടത്തി രാജ്യങ്ങള്‍ പിടിച്ചടക്കി പരശുരാമന്‍ മുന്നേറിയപ്പോള്‍ ഭൂമിയില്‍ അരാജകത്വം വരുമെന്നായി. അതോടെ പരശുരാമന്റെ ഗുരുവായ സാക്ഷാല്‍ ശ്രീപരമേശ്വരന്‍ മഹര്‍ഷിരൂപത്തില്‍ എത്തി പരശുരാമന്റെ കോപംശമിപ്പിച്ചു.
തന്റെ അവതാരലക്ഷ്യം പൂര്‍ത്തിയായതായി ഗുരുവില്‍ നിന്ന് അറിഞ്ഞ പരശുരാമന്‍ സര്‍വ്വതും ദാനം ചെയ്ത് ദേശാടനത്തിനു പോയി.പരശു കടലില്‍ എറിഞ്ഞ് പുതിയ ഭൂവിഭാഗം സൃഷ്ടിച്ച് അവിടെ തപസ്സിനായി ഒരു സ്ഥലം കണ്ടെത്താനുള്ള ഗുരുവിന്റെ നിര്‍ദ്ദേശം അനുസരിച്ച് ദക്ഷിണദിക്കിലേക്ക് പരശുരാമന്‍ മഴു വലിച്ചെറിഞ്ഞു.
ആ ദൂരം കടല്‍പിന്‍വാങ്ങി കര സൃഷ്ടിക്കപ്പെട്ടു. അവിടേക്ക് വേണ്ടതെല്ലാം പരശുരാമന്‍ തന്നെ സൃഷ്ടിച്ചെടുത്തു. എന്നാല്‍ പുതിയഭൂമിയില്‍ ഉരഗങ്ങളുടെയും കടലോരിന്റെയും ആധിക്യം കാരണം ജീവിതം ദുസഹമായപ്പോള്‍ ജീവികള്‍ പരശുരാമനെ തന്നെ ശരണം പ്രാപിച്ചു. ദുഃഖിതനായ പരശുരാമന്‍ തന്റെ ഗുരുവായ സാക്ഷാല്‍ ശ്രീ മഹാദേവനോട് സങ്കടം ഉണര്‍ത്തിച്ചു.
മഹാദേവന്റെ നിര്‍ദ്ദേശാനുസരണം ഗന്ധമാദക പര്‍വതത്തില്‍ തപസ്സ് ചെയ്ത് അനന്തഭഗവാനെ പ്രത്യക്ഷപ്പെടുത്തി സങ്കടം ഉണര്‍ത്തിച്ചു. അനന്തശായിയായ മഹാവിഷ്ണുവിന്റെ അഭിഭാജ്യഘടകമാണ് അനന്തമൂര്‍ത്തി. പരമകാരുണ്യവാനായ അനന്തഭഗവാന്‍ ഉരഗങ്ങളെ വരുത്തിയിലാക്കി. നാഗങ്ങള്‍ തങ്ങളുടെ ഉച്ഛാസവായുകൊണ്ട് കടലോര് (ഉപ്പ്) നിര്‍വീര്യമാക്കി ഭൂമി വാസയോഗ്യമാക്കി.
അതിന്റെ സ്മരണാര്‍ത്ഥം പരശുരാമന്‍ ദേവശില്പിവര്യനായ മയനെ കൊണ്ട് കൃഷ്ണ ശിലയില്‍ ഒരു വിഗ്രഹം ഉണ്ടാക്കി. അതില്‍ അനന്തഭഗവാനെ ആവാഹിച്ച് മഴു കൊണ്ട് മണ്ണ് വെട്ടികൂട്ടി അതിന്മേല്‍ പ്രതിഷ്ഠ നടത്തി. മണ്ണ് വെട്ടികൂട്ടി അതിന്മേല്‍ പ്രതിഷ്ഠ നടത്തിയതിനാല്‍ ഈ പുണ്യസ്ഥലം വെട്ടിക്കോട് എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ടു.
ഭൂതലത്തില്‍ ആദ്യമായി നാഗപ്രതിഷ്ഠ നടത്തിയത് വെട്ടിക്കോട് ആയതിനാല്‍ ആദിമൂലം വെട്ടിക്കോട് എന്ന കീര്‍ത്തിയും ലഭിച്ചു. ക്ഷേത്രപ്രതിഷ്ഠയ്ക്ക് മുഹൂര്‍ത്തം കുറിച്ചത് ബ്രഹ്‌മാവും ദക്ഷിണ സ്വീകരിച്ചത് പരമശിവനും പ്രതിഷ്ഠ നടത്തിയത് വിഷ്ണുവും ആകയാല്‍ ത്രിമൂര്‍ത്തി തേജസ്സുകളുടെ സമ്മോഹമാണ് ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം ആദിയാല്‍ വാഴുന്നത് വെട്ടിക്കോട്ടാണെന്ന് പുള്ളുവന്‍ പാട്ടില്‍ പോലും പ്രതിപാദിക്കുന്നുണ്ട്
ക്ഷേത്രാചാരങ്ങളും ആരാധനാക്രമങ്ങളും
മറ്റു ക്ഷേത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഇവിടത്തെ ആചാരം.ബ്രഹ്‌മമുഹൂര്‍ത്തത്തില്‍ തന്നെ ഉഷപൂജകള്‍ വരെയുള്ള ചടങ്ങുകള്‍ നടത്തുന്നു. മധ്യാഹ്നത്തിന് മുമ്പായി ഉച്ചപൂജയും കഴിഞ്ഞിരിക്കും. വൈകുന്നേരം ദീപാരാധനയോ അത്താഴപൂജയോ നടത്താറില്ല. സന്ധ്യാദീപവും വാദ്യമേളങ്ങളുടെ സേവയും മാത്രം. ഇങ്ങനെയാണ് സാധാരണദിവസത്തെ ആരാധനാക്രമം ഏകാദശിവതം ഒഴികെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം സര്‍പ്പബലി നടത്താറുണ്ട്.
എന്നാല്‍ ഇടവമാസത്തെ ആയില്യം മുതല്‍ കന്നിമാസത്തിലെ ആയില്യം വരെയുള്ള (മെയ് അവസാനം മുതല്‍ ഒക്ടോബര്‍ ആദ്യവാരം വരെ) പുറ്റടവ് കാലയളവില്‍ സര്‍പ്പ ബലി നടത്താറില്ല. ഏകാദശി ഒഴികെയുള്ള ഞായറാഴ്ച ദിവസങ്ങളിലും എല്ലാ മാസത്തിലെ ആയില്യം നാളിലും നൂറും പാലും നടത്തുന്നു. പുറ്റടവ് കാലയളവില്‍ ആയില്യംനാളില്‍ മാത്രമേ നൂറും പാലും നടത്താറുള്ളൂ.
ആണ്ടില്‍ രണ്ടുദിവസം മാത്രമേ ഇവിടെ ദീപാരാധന നടത്താറുള്ളൂ എന്നൊരു പ്രത്യേകതയും കൂടിയുണ്ട്. മാസങ്ങളിലെ പൂയം നാളില്‍ വൈകുന്നേരമാണ് ഇത് നടത്തപ്പെടുന്നത്. ഇത് പൂയംതൊഴീല്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഈ ദിവസം അത്താഴപൂജയും നടത്തപ്പെടുന്നു. സങ്കല്പമനുസരിച്ച് ഞായറാഴ്ചകളില്‍ കുളിച്ച് തൊഴുതാല്‍ രാഹുദോഷശാന്തിഉണ്ടാകും.സര്‍പ്പദുരിതങ്ങളും മാറിക്കിട്ടും എന്നാണ് വിശ്വാസം.
വെട്ടിക്കോട് - ആയില്യം
വെട്ടിക്കോട് ക്ഷേത്രത്തിലെ ഏറ്റവും സവിശേഷമായ ഉത്സവമാണ് കന്നിമാസത്തിലെ ആയില്യം. ഈ ദിവസത്തെ വെട്ടിക്കോട്ട്ആയില്യം എന്ന പേരിലാണ് വിളിക്കുന്നത്. ഈ ദിവസം നാഗരാജാവിന്റെ തിരുവെഴുന്നള്ളത്ത് കണ്ടുവണങ്ങിയാല്‍ രാഹു, സര്‍പ്പദോഷങ്ങള്‍ ഒഴിയുന്നതിനും ആ ഒരു വര്‍ഷത്തേക്ക് വിഷഭയം ഒഴിവായി കിട്ടുന്നതിനും ഉത്തമമാണെന്നാണ് വിശ്വാസം. കന്നിമാസത്തിലെ ആയില്യംനാളില്‍ വെളുപ്പിന് മൂന്നുമണിക്ക് നട തുറക്കും.
ആയില്യദിവസത്തെ നിര്‍മ്മാല്യദര്‍ശനം വളരെ പ്രാധാന്യമുള്ളതാണ.് ഉഷപൂജ ഉച്ചപൂജ എഴുന്നള്ളത്ത് വൈകിട്ട് സര്‍പ്പബലി എന്നിവയാണ് ദിവസത്തെ ആരാധനാക്രമം. സര്‍വ്വാലങ്കാര വിഭൂഷിതനായി ഉച്ചയ്ക്ക് മൂന്നുമണിക്ക് ഭഗവാന്റെ തിരുവെഴുന്നള്ളത്ത് ആരംഭിക്കും ക്ഷേത്രത്തില്‍ നിന്നും നാഗയക്ഷി സമേതനായി ശ്രീഅനന്തഭഗവാന്‍ നിലവറയിലേക്കും തിരിച്ച് ശ്രീകോവിലിലേയ്ക്കും എഴുന്നള്ളുന്നു.
പഞ്ചവാദ്യം താലപ്പൊലി. ചെണ്ടമേളം പുള്ളുവഗീതങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയാണ് ഈ തിരു വെഴുന്നള്ളത്ത് നിലവറയില്‍ നിന്നും തിരിച്ചു ശ്രീകോവിലേക്ക് എത്തുമ്പോള്‍ പുള്ളവര്‍ സ്തുതി ഗീതങ്ങള്‍ പാടുന്നു. തുടര്‍ന്ന് നാലമ്പലത്തിന് നാലുപ്രദക്ഷണം വെച്ച് ശ്രീകോവിലേക്ക് എഴുന്നെള്ളുന്നു തുടര്‍ന്ന് സര്‍പ്പബലിയ്ക്കുശേഷം നട അടയ്ക്കുന്നു. പിറ്റേന്ന് മകം നാളില്‍ ഇളനീര്‍ അഭിഷേകത്തോടെ കൂടി ചടങ്ങുകള്‍ ആരംഭിക്കുന്നു. ഉച്ച പൂജയ്ക്ക് ശുദ്ധികലശവും നടത്തിക്കഴിയുമ്പോഴാണ് ചടങ്ങ് പൂര്‍ത്തിയാകുന്നത്. തുലാം മാസത്തിലെ ആയില്യവും കന്നിമാസത്തിലെ ആയില്യവും ഒരുപോലെ വിശേഷമായി ആചരിച്ചുവരുന്നു.
മഹാശിവരാത്രി
ശിവരാത്രി ദിനത്തില്‍ ശിവക്ഷേത്രത്തിലെ പോലെ തന്നെ രാവിലെ നിര്‍മ്മാല്യവും അഭിഷേകവും ഉഷപൂജ എന്നിവയ്ക്ക് ശേഷം ഉച്ചപൂജക്ക് നവഗം പഞ്ചഗവ്യം എന്നിവ പ്രത്യേകമായി നടത്തിവരുന്നു. നവഗം ആടിയ പഞ്ചഗവ്യം എന്നിവ ഭക്തജനങ്ങള്‍ക്ക് തീര്‍ത്ഥമായി നല്‍കുന്നു. അതിനുശേഷം ശിവരാത്രി നാളില്‍ മാത്രം നടത്താറുള്ള ശ്രീഭൂതബലിയുടെ ചടങ്ങുകള്‍ ആരംഭിക്കുന്നു. അത് കഴിഞ്ഞാല്‍ ശിവരാത്രിയുടെ ചടങ്ങുകള്‍ അവസാനിക്കും
ബാലഭദ്രജയന്തി
മേടമാസത്തിലെ ബാലഭദ്രജയന്തിയും വിശേഷദിവസമാണ്. അനന്തഭഗവാന്‍ ബാലഭദ്രനായി അവതരിച്ച ദിനമാണ് ബാലഭദ്രജയന്തി. സാധാരണയായി മേടമാസത്തിലെ അക്ഷയതൃതീയ ദിനമാണ് ബാലഭദ്ര ജയന്തിയായി ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ നിര്‍മാല്യം അഭിഷേകം ഉഷപൂജ എന്നിവയ്ക്ക് ശേഷം നവഗം പഞ്ചഗവ്യം എന്നിവ ഉള്‍പ്പെട്ട ഉച്ചപൂജ നടക്കുന്നു. ഉച്ചപൂജയ്ക്ക് മഹാനിവേദ്യം നേദിക്കുന്നു വൈകിട്ട് ദീപക്കാഴ്ചയും തെളിയിക്കും.
മൂലസ്ഥാനവും നിലവറയും
വെട്ടിക്കോട് ക്ഷേത്രവുമായി ബന്ധപ്പെട്ട് മറ്റൊരു സങ്കല്പമാണ് മൂല സ്ഥാനവും നിലവറയും. പരശുരാമന്‍ ക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മം നടത്തിയ ശേഷം നിത്യ പൂജാകര്‍മ്മങ്ങള്‍ക്കായി പരദേശത്തുനിന്നും ബ്രാഹ്‌മണ പുരോഹിതരെ കൊണ്ടുവന്ന് ക്ഷേത്രത്തിനടുത്ത് ഒരു ഇല്ലം ഉണ്ടാക്കി താമസിപ്പിച്ചു.
16 കെട്ടായിരുന്ന ഈ ഇല്ലത്തില്‍ തേവാരപുരയും അതിനോട് അനുബന്ധിച്ച് സര്‍പ്പങ്ങള്‍ക്കായി നിലവറയും ഉണ്ടായിരുന്നു. കാലപ്പഴക്കത്തില്‍ 16 കെട്ടില്ലം ഇല്ലാതായെങ്കിലും തേവാരപുരയും നിലവറയും ഇപ്പോഴും നിലനിന്നു പോരുന്നു. ഈ സ്ഥലത്തെയാണ് മൂലസ്ഥാനവും നിലവറയും എന്ന ഭക്തര്‍ വിളിച്ചു പോരുന്നത്. തേവാരപുരയില്‍ നിത്യപൂജയും വൈകിട്ട് ദീപം തെളിയിക്കലുമാണ് നടത്തിവരുന്നത്.
ഇവിടെ തേവാരമൂര്‍ത്തികളായി ഭദ്രകാളി ദുര്‍ഗ മഹാവിഷ്ണു യക്ഷി ചാത്തന്‍ എന്നിവയുടെ ചൈതന്യം കുടികൊള്ളുന്നു. വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്നതാണ് മൂലസ്ഥാനത്തെ നിലവറ തുലാമാസത്തെ ആയില്യം കഴിഞ്ഞു വരുന്ന നാളിലാണ് നിലവറ തുറക്കുന്നത്. അന്നവിടെ നൂറും പാലും നടത്തുന്നു. ക്ഷേത്രാരാധനയ്ക്ക് എത്തുന്നവര്‍ തേവാരപുരയില്‍ പ്രാര്‍ത്ഥിച്ചേ മടങ്ങാറുള്ളൂ.
ആഗമസര്‍പ്പക്കാവ്
കേരളത്തിലെ പുരാതന തറവാടുകളില്‍ സര്‍പ്പങ്ങള്‍ക്ക് അധിവസിക്കുന്നതിനായി കാവുകള്‍ ഉണ്ടായിരുന്നു. തറവാടുകള്‍ ക്ഷയിച്ചപ്പോഴും കാലാന്തരങ്ങളായി ഉണ്ടായ പരിണാമം മൂലവും ആചരിക്കാന്‍ കഴിയാതെ വന്ന സര്‍പ്പസങ്കല്‍പ്പങ്ങളെ ഒഴിവാക്കാന്‍ ഈ സര്‍പ്പദൈവങ്ങളെ ആഗമക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു.
ഈ ചൈതന്യങ്ങളെ കുടിയിരുത്തുന്ന സ്ഥലമാണ് ക്ഷേത്രക്കുളത്തിന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ആഗമസര്‍പ്പക്കാവ് കേരളത്തില്‍ അങ്ങോളമിങ്ങോളം ഉള്ള കാവുകളിലെ അലിഖിതമായിരിക്കുന്ന സര്‍പ്പ ചൈതന്യങ്ങളെ ഇത്തരത്തില്‍ വെട്ടിക്കോട് ക്ഷേത്രത്തില്‍ ആവാഹിച്ച് കുടിയിരുത്തിയിട്ടുണ്ട.് ഇവിടെ തുലാം മാസത്തിലെ ആയില്യം കഴിഞ്ഞ വരുന്ന ഞായറാഴ്ചയാണ് നൂറുംപാലും നടത്തുന്നത്. സര്‍പ്പങ്ങളെ ഇങ്ങനെ മാറ്റിയിട്ടുള്ള കുടുംബാംഗങ്ങള്‍ അന്നേദിവസം ആഗമസര്‍പ്പക്കാവില്‍ എത്തി. നൂറും പാലും ചടങ്ങില്‍ പങ്കെടുക്കാറുണ്ട്.
പ്രധാന വഴിപാടുകള്‍
സര്‍പ്പബലി - മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് വെട്ടിക്കോട്ടെസര്‍പ്പബലി. നാഗശ്രേഷ്ഠനായ അനന്തനെയും സഹോദരങ്ങളായ അഷ്ടനാഗങ്ങളെയും ശ്രീദേവിയായ നാഗയക്ഷിയെയും ചക്രവര്‍ത്തി തുല്യമായ ഉപചാരങ്ങളോടെ സ്വീകരിച്ച് അതുല്യമായ രീതിയില്‍ വിശിഷ്ട നിവേദ്യങ്ങളിലൂടെ ഉപാസിക്കുന്നതാണ് ഇവിടത്തെ സര്‍പ്പബലിയുടെ രീതി.
നാഗശ്രേഷ്ഠന്മാര്‍ക്കും നാഗഭൂതങ്ങള്‍ക്കും ദിക്പാലകന്മാര്‍ക്കും മറ്റു ദേവന്മാര്‍ക്കും ഹവിസ് സമര്‍പ്പിച്ച് നൂറും പാലും തര്‍പ്പിക്കുന്നു. ദേവാംശങ്ങളായ സര്‍പ്പശ്രേഷ്ഠന്മാര്‍ ഈ ദിവ്യകര്‍മ്മത്തില്‍ സംപ്രീതരായി ഭക്തരെ അനുഗ്രഹിക്കുന്നു. സമ്പത്തും സന്താനങ്ങളും ഐശ്വര്യവും ആയുസ്സും ലഭിക്കുന്നതിന് ശ്രീനാഗരാജസ്വാമി ക്ഷേത്രത്തില്‍ നടത്തപ്പെടുന്ന ഏറ്റവും ശ്രേഷ്ഠമായ വഴിപാടാണിത്. വൈകുന്നേരം ഈ വഴിപാട് നടത്തുന്നത.് പുറ്റടവ് കാലത്തും ഏകാദശി തിഥിയിലും സര്‍പ്പബലി നടത്താറില്ല
അഷ്ടനാഗപൂജ
അനന്തന്‍, തക്ഷന്‍, വാസുകി, കാര്‍ക്കോടകന്‍, ശംഖപാലന്‍, പത്മന്‍, മഹാപത്മന്‍, ഗുളികന്‍ എന്നീ നാഗ ശ്രേഷ്ഠന്മാരെയാണ് അഷ്ടനാഗങ്ങള്‍ എന്ന് പറയുന്നത് ക്ഷേത്രത്തിന്റെ കന്നിമൂലയില്‍ അഷ്ടനാഗ തറയില്‍ ശിവനും ഇരുവശങ്ങളിലായി നാഗങ്ങളെയും പ്രതിഷ്ഠിച്ചിരിക്കുന്നു. സന്താനസൗഭാഗ്യത്തിനും സര്‍പ്പ ദോഷങ്ങള്‍ക്കും ദുരിതങ്ങള്‍ ഒടുങ്ങാനും എല്ലാം ഈ വഴിപാട് ഉത്തമമാണ്
പാല്‍പ്പായസഹോമം
സര്‍പ്പഹിംസാബാധകത്വം, സര്‍പ്പശാപം, സര്‍പ്പകോപം, വൃക്ഷനശീകരണംവഴിയുളള ദോഷം തുടങ്ങിയ ദോഷങ്ങള്‍ മാറുന്നതിനു വേണ്ടി നടത്തുന്ന വഴിപാടാണ് പാല്‍പായസഹോമം
നൂറും പാലും
അഷ്ടനാഗങ്ങള്‍ക്കും നാഗരാജാവിനും നാഗയക്ഷിക്കും ഒരുമിച്ച് പൂജ നടത്തി നൂറും പാലും സമര്‍പ്പിക്കാം.
ഏകാദശി ഒഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും നൂറും പാലും നടത്തപ്പെടുന്നു. പുറ്റടവ് കാലത്ത് ആയില്യം നാളില്‍ മാത്രമേ നൂറു പാലും നടത്തുകയുള്ളൂ. ഇടവമാസത്തിലെ ആയില്യം മുതല്‍ കന്നിമാസത്തിലെ ആയില്യം വരെയാണ് പുറ്റടവ് കാലം
രാഹു ദോഷശാന്തി
രാഹുദശാകാലത്ത് ഉണ്ടാകുന്ന ദുരിതങ്ങള്‍ക്ക് മോചനം കിട്ടുന്നതിനും നാഗ പ്രീതിക്കുമായി നിവേദ്യം സമര്‍പ്പിച്ച് സര്‍പ്പസൂക്തം കൊണ്ട് പുഷ്പാഞ്ജലി നടത്തുന്ന വിശേഷവഴിപാട് ആണിത്
ധാര -അഭിഷേകം
സര്‍പ്പകോപം നിമിത്തം ഉണ്ടാകുന്ന രോഗങ്ങള്‍ ശമിപ്പിക്കുന്നതിന് പ്രത്യേകിച്ച് ത്വക്ക് രോഗശമനത്തിന് വിധിച്ചിട്ടുള്ള കര്‍മ്മമാണിത്. എള്ളെണ്ണ, കരിക്ക്, ശുദ്ധമായ പശുവിന്‍പാല്‍, ശുദ്ധജലം ഇവയാണ് അഭിഷേകം ചെയ്യുന്നത്. ഈ അഭിഷേകതീര്‍ത്ഥം രോഗം ബാധിച്ചിട്ടുള്ള ആളിനെ ക്ഷേത്രത്തിനു മുന്നില്‍ ഒരു പ്രത്യേക സ്ഥലത്ത് ഇരുത്തി ധാര നടത്തുന്നു. അഭിഷേകം ചെയ്ത എണ്ണ ത്വക്ക്‌രോഗത്തിന് ഒരു ദിവ്യഔഷധമായി ഉപയോഗിച്ചു പോരുന്നു. വ്രതം എടുത്ത് വേണം ഈ രണ്ട് കര്‍മ്മങ്ങളും ആചരിക്കേണ്ടത്
ഉരുളി കമഴ്ത്തല്‍
നാഗരാജ ക്ഷേത്രങ്ങളില്‍ മാത്രം നടത്തിവരുന്ന ഒരു വഴിപാടാണ് ഉരുളി കമഴ്ത്തല്‍ സന്താനങ്ങള്‍ ഇല്ലാത്തവര്‍ക്ക് സന്താനലാഭത്തിനു വേണ്ടി നടത്തിവരുന്ന സ്ത്രീപ്രധാനമായ ചടങ്ങാണിത്. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ചുവന്ന പട്ടില്‍ പൊതിഞ്ഞ ഉരുളിയുമായി ദമ്പതികള്‍ പഞ്ചവാദ്യത്തോട് കൂടി ക്ഷേത്രത്തിനു പ്രദക്ഷണം വയ്ക്കുന്നു.
ആഗ്രഹസാഫല്യത്തിന് വേണ്ടി നാഗരാജാവിനോടും നാഗയക്ഷിയടക്കമുള്ള ദേവകളോടും പ്രാര്‍ത്ഥന നടത്തി തിരുനടയില്‍ ഉരുളി കമഴ്ത്തുന്നു. അതിനുശേഷം നിവേദ്യമായ കദളിപ്പഴവും പാലും പ്രസാദമായി ഇവര്‍ക്ക് നല്‍കുന്നു. സന്താനഭാഗ്യം ലഭിക്കുന്നതുവരെ മാസംതോറും ഈ നിവേദ്യം നടത്തണം. അതിനുശേഷം ദമ്പതിമാര്‍ സന്താനത്തോടൊപ്പം ക്ഷേത്രത്തില്‍ വന്ന് ഉരുളി നിവര്‍ത്തേണ്ടതുമാണ്.
പുറ്റും മുട്ടയും
ഭൂമി സംബന്ധമായും ശരീരസംബന്ധമായുള്ള സര്‍പ്പദുരിതങ്ങള്‍ക്ക് ദോഷപരിഹാരമായി നടത്തുന്ന വഴിപാടാണ് ഇത്
ഉപ്പും മഞ്ഞളും
മലയാളഭൂമി വാസയോഗ്യമാക്കിയപ്പോള്‍ മനുഷ്യര്‍ ആദ്യം കൃഷി ചെയ്തത് മണ്ണിലെ വിഷാംശം നീക്കുന്നതിനുള്ള മഞ്ഞളാണ്. ആദ്യ വിളവായ മഞ്ഞളും കടലോരു(ഉപ്പ് ) മാറ്റിയ സ്മരണയ്ക്കായി ശ്രീ അനന്തഭഗവാനായി സമര്‍പ്പിക്കുന്ന സങ്കല്പത്തിലാണ് ഇവിടത്തെ ഉപ്പും മഞ്ഞളും സമര്‍പ്പണം. കര്‍ഷകര്‍ അവരുടെ കൃഷികളുടെ ആദ്യവിളവ് സമര്‍പ്പിക്കുന്ന ചടങ്ങ് ഇപ്പോഴും തുടരുന്നു
പുള്ളുവന്‍ പാട്ട്
പുള്ളുവന്‍ ( പുല്ലോല്‍ ഭവന്‍) എന്നാല്‍ പുല്ലില്‍ നിന്ന് ഉത്ഭവിച്ചവന്‍ എന്ന് പറയപ്പെടുന്നു. സര്‍പ്പങ്ങളെ സന്തോഷിപ്പിക്കുന്നതിനായി പുള്ളുവരെ സൃഷ്ടിച്ച ത്രിമൂര്‍ത്തികള്‍ വീണയും കുടവും താളവും നല്‍കി അവരെ ഭൂമിയിലേക്ക് അയച്ചു എന്നാണ് വിശ്വാസം. ത്രിഗുണവാദ്യങ്ങള്‍ ഉപയോഗിച്ച് പുള്ളുവര്‍ കാവ് തോറും നാഗ ദൈവങ്ങളെ സ്തുതിച്ചു പാടുന്നു.
നാഗാരാധനയില്‍ പുള്ളുവന്‍ പാട്ട് ഒഴിച്ചുകൂടാന്‍ ആവാത്തതാണ്. ഈ ക്ഷേത്രത്തിലും പാട്ടിന് സവിശേഷ പ്രാധാന്യമുണ്ട.് ഭാരതത്തില്‍ നാഗാരാധനയ്ക്ക് പ്രത്യേകസ്ഥാനം ഉണ്ട്. ഐശ്വര്യത്തിനും കുടുംബാഭിവൃത്തിക്കും സന്താനഭാഗ്യത്തിനും ആണ് സര്‍പ്പപൂജ പ്രധാനമായും നടത്തുന്നത്. നാഗാരാധന പ്രകൃതിയാരാധന കൂടിയാണ്.
പ്രകൃതിയില്‍ നിന്നും മനുഷ്യന് ഉണ്ടാകുന്ന ദോഷങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍പ്പങ്ങള്‍ക്ക് കഴിയും എന്നൊരു വിശ്വാസമുണ്ട് അതുകൊണ്ടാണ് പൂര്‍വികര്‍ നാഗദൈവങ്ങളെ കാവുകളില്‍ കൂടിയിരുത്തി ആരാധിച്ചിരുന്നത്. എല്ലാ മാസത്തിലെയും ആയില്യം നാളിലാണ് ആയില്യം പൂജ നടത്തുന്നത.് സര്‍പ്പ ദോഷമകറ്റാന്‍ ഉത്തമമായ പരിഹാരമാണിത്. സൂര്യനാണ് നാഗരാജന്റെ ദേവത. സൂര്യഭഗവാന് പ്രാധാന്യമുള്ള ഞായറാഴ്ച ദിവസം നാഗപൂജ നടത്തുന്നത് ശ്രേഷ്ഠമാണ.്
അന്നേദിവസം ബാധ്യകോശങ്ങളുടെ അകമ്പടിയോടെ നാഗയക്ഷി സമേതനായ സര്‍വ്വാലങ്കാര വിഭൂഷിതനായ നാഗരാജാവിനെ നിലവറയിലേക്ക് എഴുന്നള്ളിക്കുന്നു അഞ്ചുമണിയോടെ ക്ഷേത്രത്തിലെത്തി പ്രദര്‍ശനം വെച്ച് അകത്തേക്ക് എഴുന്നള്ളിക്കുന്നു ഏഴുമണിക്ക് സര്‍പ്പബലി ആരംഭിക്കുന്നു
പൂയംതൊഴീല്‍
പൂയ നാളിലെ ഉച്ചപൂജയ്ക്ക് ശേഷം വലിയ പഞ്ചവാദ്യം കഴിയുന്നതോടെ ആരംഭിക്കുന്ന നാഗസ്വര സേവയും തുടര്‍ന്ന് പ്രസിദ്ധമായ പൂയം ദീപാരാധന ചടങ്ങുകള്‍ക്ക് തുടക്കമാകുന്നു. മാസത്തിലെ പൂയം നാളില്‍ മാത്രമേ ക്ഷേത്രത്തില്‍ ദീപാരാധന നടത്തുകയുള്ളൂ എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. ഈ നാളില്‍ ദീപാരാധ കണ്ട് സായൂജ്യമടയാന്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത.് ഈ ദീപാരാധന ദര്‍ശിക്കുന്നത് സര്‍പ്പദോഷങ്ങളില്‍ നിന്നും മുക്തി നേടുന്നതിന് ഏറ്റവും ഉത്തമമാണ്. ഇതൊരു അസുലഭ ഭാഗ്യമായി ഭക്തര്‍ കാണുന്നു.
ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതിന്
കായംകുളം ജംഗ്ഷനില്‍ നിന്ന് 9 കിലോമീറ്റര്‍ ദൂരം. കായംകുളം പത്തനാപുരം റോഡില്‍ സഞ്ചരിച്ചാല്‍ മതി. പത്തനംതിട്ട ജില്ലയിലെ അടൂരില്‍ നിന്നും കായംകുളത്തേക്ക് സഞ്ചരിക്കുമ്പോള്‍ റോഡിന്റെ ഇടതു വശത്തായി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. കൊല്ലം -കുണ്ടറ റോഡില്‍ കുണ്ടറ ജംഗ്ഷനില്‍ നിന്നും ഭരണിക്കാവ് -ചെങ്ങന്നൂര്‍ റൂട്ടില്‍ ചാരുംമൂട് ജംഗ്ഷനില്‍ നിന്നും 3 കിലോമീറ്റര്‍ കായംകുളം ഭാഗത്തേക്ക് വരുന്ന വഴിയില്‍ ഇടതുവശത്താണ് ക്ഷേത്രം
ദര്‍ശന സമയം
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ആറുമണി മുതല്‍ പതിനൊന്നര വരെയും വൈകിട്ട് 5 മണി മുതല്‍ ഏഴര വരെയും ആണ് ദര്‍ശനസമയം എന്നാല്‍ ഞായറാഴ്ച ദിവസങ്ങളിലും ആയില്യം നാളിലും രാവിലെ 5 മണിക്ക് നിര്‍മാല്യ ദര്‍ശനത്തോടുകൂടി പൂജകള്‍ ആരംഭിക്കും ഉച്ചയ്ക്ക് ഒരു മണിവരെ നട തുറന്നിരിക്കും. വൈകിട്ട് 5 മണി മുതല്‍ 7 വരെയാണ് ദര്‍ശന സമയം
ക്ഷേത്രത്തിന്റെ മേല്‍വിലാസം
ആദിമൂലംവെട്ടിക്കോട് ശ്രീനാഗരാജസ്വാമി ക്ഷേത്രം
വെട്ടിക്കോട് പി.ഒ
പള്ളിക്കല്‍ ആലപ്പുഴ ജില്ല
പിന്‍ - 69 0 50 3
ഫോണ്‍ - 0479-2339933
അപകടകാരിയാകുന്ന
രാഹുദോഷം
രഹയതി ഇതി രാഹു എന്ന നിര്‍വചനം. രഹ് എന്നാല്‍ ത്യജിക്കുക എന്നര്‍ത്ഥം. സൂര്യചന്ദ്രന്മാരെ പിടിച്ചിട്ട് പിന്നെ ഉപേക്ഷിച്ചതിനാല്‍ രാഹു എന്ന പേരുണ്ടായി. സൂര്യചന്ദ്രന്മാരെ ഭുജിച്ചിട്ട് ത്യജിക്കുന്നത് കൊണ്ട് രാഹു എന്ന പേര് വന്നു എന്നാണ്. രഹായതി ഗൃഹിതാ ത്യജതി ചന്ദ്രാര്‍ക്കൗ ഇത്‌രാഹു എന്ന നിര്‍വചനം ഇതേ ആശയം തന്നെയാണ് വ്യക്തമാക്കുന്നത്.
ജ്യോതിഷത്തില്‍ ആദ്യകാലത്ത് പരാമര്‍ശിച്ചിരുന്നത് ആദിത്യന്‍ ചന്ദ്രന്‍ ചൊവ്വ ബുധന്‍ വ്യാഴം ശുക്രന്‍ ശനി എന്നീ സപ്തഗ്രഹങ്ങളെ മാത്രമായിട്ടാണ്. ജ്യോതിഷ ഗ്രന്ഥമായ ബൃഹത്‌സംഹിതയിലാണ് രാഹു കേതുവിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ശാസ്ത്രീയമായി പറഞ്ഞാല്‍ രാഹുവും കേതുവും ഭൂമിയുടെ സഞ്ചാരപഥവും ചന്ദ്രന്റെ സഞ്ചാരവും തമ്മില്‍ ഖണ്ഡിക്കുന്ന രണ്ട് ബിന്ദുക്കളാണ.്
ചന്ദ്രന്‍ ഭൂമിക്ക് ചുറ്റും ഒരു പ്രാവശ്യം കറങ്ങുമ്പോള്‍ ഭൂമിയുടെ ഭ്രമണപഥത്തെ രണ്ടുപ്രാവശ്യം മുറിച്ചു കിടക്കുന്നു ഇത് കാന്തിക മണ്ഡലത്തെ ഉത്തരദശയില്‍ പോയി ഭേദിക്കുന്നു. ചന്ദ്രന്‍ തെക്ക് നിന്ന് വടക്കോട്ട് സഞ്ചരിച്ച് ക്രാന്തി മണ്ഡലത്തിലെത്തുന്നു ഈ സന്ധി അല്ലെങ്കില്‍ ബിന്ദുവാണ് രാഹു അഥവാ പൂര്‍വ്വ പാതന്‍. അവരോഹണമായി വന്ന് ക്രാന്തി വൃത്തത്തിന്റെ ദക്ഷിണ ബിന്ദുവിനെ സ്പര്‍ശിക്കുന്നു ആ ബിന്ദുവാണ് കേതു.
പുരാണകഥയില്‍ രാഹു
മന്ദരാപര്‍വതത്തെ മത്താക്കി വാസുകിയെ കയറാക്കി ദേവന്മാരും അസുരന്മാരും ഇടതും വലതും നിന്ന് പാലാഴി കടഞ്ഞപ്പോള്‍ പല ദിവ്യ വസ്തുകളും പൊന്തിവന്നു. അതില്‍ ഏറ്റവും ഒടുവിലാണ് അമൃത് ലഭിച്ചത് പെട്ടെന്ന് സൈംഹികേയന്‍ എന്ന അസുരന്‍ അമൃത കുംഭം തട്ടിയെടുത്ത് പാതാളത്തിലേക്ക് കടന്നുകളഞ്ഞു. വിവരമറിഞ്ഞ ഭഗവാന്‍ മഹാവിഷ്ണു മായാമോഹിനി രൂപം കൊണ്ട് പാതാളത്തില്‍ എത്തുകയും അസുരന്മാരെ മയക്കി അമൃത കുംഭവുമായി സ്വര്‍ഗത്തിലേക്ക് മടങ്ങുകയും ചെയ്തു.
ദേവന്മാര്‍ക്ക് അമൃതം വിളമ്പുന്നതിനിടയില്‍ ഭഗവാന്‍ മഹാവിഷ്ണുവോ മറ്റു ദേവന്മാരോ അറിയാതെ ഒരു വൃദ്ധബ്രാഹ്‌മണ വേഷത്തില്‍ സൈംഹികേയനും പന്തിയില്‍ കടന്നിരുന്ന്അമൃതം പാനം ചെയ്യുകയും ചെയ്തു. ദ്വാരപാലകരായിരുന്ന സൂര്യചന്ദ്രന്മാര്‍ക്ക് വൃദ്ധബ്രാഹ്‌മണനെ മനസ്സിലായി. അപ്പോഴാണ് അതറിഞ്ഞ് ഭഗവാന്‍ ചക്രായുധംകൊണ്ട് സൈംഹികേയന്റെ കഴുത്തറുത്തു.
അസുരന്‍ വിഴുങ്ങിയ അമൃത പകുതി കണ്ഠതിനു മുകളിലും പകുതി താഴെയും തങ്ങിനില്‍ക്കാന്‍ ഇടയാക്കി ഇതില്‍ ശിരോഭാഗം രാഹുവെന്നും അധോഭാഗം കേതുവെന്നും അറിയപ്പെടുന്നു. സൈംഹികേയന്റെ കഴുത്തു മുറിഞ്ഞു വീണ ചോരയും കുറച്ച് അമൃതും ചുവന്നുള്ളിയും വെളുത്തുള്ളിയും ആയി മാറിയത്രെ.
ചിലര്‍ ചുവന്നുള്ളിയും വെളുത്തുള്ളിയും അവരുടെ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണം ഇതാവാം. ഈ അപൂര്‍വ്വഭാഗ്യം അതായത് അമൃത് കഴിക്കാനുള്ള ഭാഗ്യം നിഷ്ഫലമാക്കിയ സൂര്യചന്ദ്രന്മാരോട് രാഹുവിനും കേതുവിനും അടങ്ങാത്ത പകയും അതോടെ തുടങ്ങി. സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ ഇവര്‍ ഇവരെ വിഴുങ്ങുകയും ചെയ്യുന്നു.
ഇതാണ് ഗ്രഹണം എന്ന് വിശ്വസിക്കപ്പെടുന്നു. സൂര്യചന്ദ്രന്മാരെ വിഴുങ്ങുന്ന വലിയൊരു പാമ്പ് എന്ന ഒരു വിശേഷണം കൂടി ഇതിലുണ്ട്. മുമ്പൊക്കെ നാട്ടിന്‍പുറങ്ങളില്‍ ഭൂമിയില്‍ വീഴുന്ന നിഴലിനെ രാഹുവെന്ന സങ്കല്‍പ്പത്തോടെ മടലും മരക്കൊമ്പും കൊണ്ട് അടിക്കുന്ന പതിവുണ്ടായിരുന്നു. അടി കൊള്ളുമ്പോള്‍ രാഹു പെട്ടെന്ന് വായയില്‍ നിന്നും സൂര്യചന്ദ്രന്മാരെ പുറത്തുവിടും എന്നാണ് വിശ്വാസം. ഗ്രഹണസമയത്ത് അന്നം വര്‍ജ്ജികക്കുന്നവരുണ്ട് .
രാഹുദംശനം കൊണ്ട് അന്തരീക്ഷം വിഷമയമായി തീരുന്നതുകൊണ്ടുള്ള മുന്‍കരുതലാണ് ഇത്. ഗ്രഹണ സമയത്ത് ക്ഷേത്രങ്ങളില്‍ പൂജകള്‍ ഒന്നും പതിവില്ല. വിശ്വാസികള്‍ ഗ്രഹണ സമയത്ത് പുണ്യനദികളില്‍ സ്‌നാനം ചെയ്യുന്നു. നാമമന്ത്രങ്ങള്‍ ഉരുവിടുന്നു. ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നു.
രാശിചക്രത്തില്‍ 180ഡിഗ്രി അകലത്തില്‍ പരസ്പരം രാഹുവും കേതുവും സ്ഥിതി ചെയ്യുന്നു അതായത് പരസ്പരം ഏഴാം രാശിയില്‍ ആയിരിക്കും. രാശിചക്രത്തില്‍ എല്ലാ ഗ്രഹങ്ങളും പ്രദക്ഷിണമായി ഇടത്തുനിന്ന് വലത്തോട്ട് സഞ്ചരിക്കുമ്പോള്‍ രാഹുവും ഖേദവും അപ്രദക്ഷിണമായി നീങ്ങുന്നു. ഗ്രഹനിലയില്‍ രാഹുവിന് സര്‍പ്പന്‍ എന്ന ചുരുക്കെഴുത്താണ് ഉള്ളത്. കേതുവിനെ ശിഖി എന്ന നാമത്തിലും ശി എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു.
രാഹു ഒരു പുരുഷഗ്രഹമാണെന്നും അതല്ല സ്ത്രീ ഗ്രഹമാണെന്നും ജ്യോതിഷര്‍ക്കിടയില്‍ രണ്ട് അഭിപ്രായമുണ്ട് എന്നാല്‍ ഭുജഗന്‍ എന്ന് രാഹു അറിയപ്പെടുന്നതിനാല്‍ ഇതൊരു സ്ത്രീ ഗ്രഹമാണെന്നും വാദമുണ്ട്. നവഗ്രഹ മണ്ഡലത്തില്‍ ഗ്രഹങ്ങള്‍ സ്ഥിതിചെയ്യുന്നത് നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ കാണാനാകും. സൂര്യന്‍ ശുക്രന്‍ ബുധന്‍ കിഴക്കോട്ട് പ്രതിഷ്ഠ, വ്യാഴം വടക്കോട്ട്, ശനി ചന്ദ്രന്‍ പടിഞ്ഞാറോട്ടും, കേതു ചൊവ്വ രാഹു എന്നിവര്‍ തെക്കോട്ടും നോക്കിയിരിക്കുന്നു.
രാഹു ഒരു താമസ ഗ്രഹമാണ്. ശനിയെപ്പോലെ രാഹുവും തന്റെ സ്വാധീനത്തില്‍ പെടുന്ന വ്യക്തിക്ക് നിരവധി ദുരിതങ്ങളും ക്ലേശങ്ങളും ഉണ്ടാക്കും. ജാതകനെ നന്മയിലേക്കും സ്വയം ശുദ്ധീകരണത്തിലേക്ക് നയിക്കാനും പര്യാപ്തനാണ് രാഹു. രാഹുവിന് തെക്കുപടിഞ്ഞാറ് - നിത്യതി കോണ്‍- ദിക്കാണ് ആധിപത്യം ഉള്ളത്. 5 7 9 12 എന്നീ ഭാവങ്ങളില്‍ രാഹുവിനെ പൂര്‍ണദൃഷ്ടിയും രണ്ട് പത്ത് എന്നീ ഭാവങ്ങളില്‍ അര്‍ദ്ധദൃഷ്ടിയും 3 6 എന്നീ ഭാവത്തില്‍ കാല്‍ദൃഷ്ടിയും ഉണ്ട്.
രാഹു നവഗ്രഹ മണ്ഡലത്തില്‍ ശൂര്‍പാകാരനായിട്ടാണ് കാണപ്പെടുന്നത്. നവഗ്രഹ പൂജ ചെയ്യുമ്പോള്‍ മുറം പോലെയുള്ള കളം വരച്ച് അതിലാണ് രാഹുവിനെ ആവാഹിക്കേണ്ടത്. അതിനെ കരുണ പൊടി ഉപയോഗിക്കുന്നു. കറുത്ത വസ്ത്രം വേണം രാഹുദേവന് ചാര്‍ത്താന്‍. നീല ശംഖ്പുഷ്പം കൊണ്ട് പൂജ നടത്താം, കറുക കൊണ്ടു വേണം ഹോമം നടത്താന്‍, ഉപ്പില്ലാത്ത അട ഉഴുന്നുപലഹാരങ്ങള്‍ എന്നിവ നിവേദ്യങ്ങള്‍, രാഹുവിന്റെ രത്‌നം ഗോമേതകമാണ്.
രാഹു ജാതകന്റെ ലഗ്‌നത്തില്‍ നിന്നാല്‍ ആരോഗ്യം കീര്‍ത്തി ശിരസ് ദേഹസ്ഥിതി എന്നിവ ഈ ഭാവം കൊണ്ട് ചിന്തിക്കാം. മേടം മുതല്‍ കന്നി വരെയുള്ള രാശികളില്‍ രാഹു നിന്നാല്‍ ഗുണഫലങ്ങള്‍ ഉണ്ടാകും. എന്നാല്‍ ജീവിത മൂല്യങ്ങളെ അംഗീകരിക്കാത്ത വാക്കും കര്‍മ്മവും ആയിരിക്കും ഉണ്ടാവുക ആരോഗ്യസ്ഥിതിയും ദുര്‍ബലമായിരിക്കും. രാഹു രണ്ടാം ഭാവത്തില്‍ നിന്ന് ആള്‍, കുടുംബം, ശക്തി, വാക്ക് വിദ്യാഭ്യാസം, സാമ്പത്തികം എന്നിവ ചിന്തിക്കാം. രണ്ടാം ഭാവത്തില്‍ നിന്നാല്‍ ഇതിനെല്ലാം അമംഗളം ഉണ്ടാകും. കുടുംബജീവിതം അത്ര സുഖകരമായിരിക്കില്ല.
എന്നാല്‍ ശുഭദൃഷ്ടിയോഗങ്ങള്‍ രാശിഫലം എന്നിവയുണ്ടെങ്കിലും കേന്ദ്ര ത്രികോണാധിപന്മാരുടെ ചേര്‍ച്ചയുണ്ടെങ്കിലും ഗുണഫലങ്ങള്‍ ഉണ്ടാകും. എന്നാല്‍ രാഹു മൂന്നാം ഭാവത്തില്‍ നിന്നാല്‍ ജാതകന് ശോഭനമായ ഫലങ്ങള്‍ നല്‍കും.
വീട്ടിലും നാട്ടിലും ആദരവ്, അംഗീകാരങ്ങള്‍, നല്ലകുടുംബജീവിതം എന്നിവ ഉണ്ടാകും, എന്നാല്‍ സഹോദരങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത നിലപാടുകളും തീരുമാനങ്ങളും എടുക്കും. എന്നാല്‍ നാലാം ഭാവത്തില്‍ നിന്നാല്‍ ജീവിതവുമായി വളരെ വൈകാരികത പ്രകടിപ്പിക്കുന്നതാണ്. ഇത് പാപഗ്രഹമാകയാലും ചന്ദ്രന്റെ ശത്രുവാകയാലും ഈ സ്ഥിതി ജാതകനെ അനുകൂലം ആവണമെന്നില്ല. മനസ്സിന്റെ സ്വസ്ഥത എല്ലായിപ്പോഴും നഷ്ടപ്പെട്ടുകൊണ്ടിരിക്കും.
എന്നാല്‍ മേടം മുതല്‍ കന്നി വരെയുള്ള രാശികളില്‍ ദോഷങ്ങള്‍ ലഘൂകരിക്കപ്പെടുകയും ചെയ്യും. അഞ്ചാം ഭാവം സന്താനം പൂര്‍വ്വപുണ്യം എന്നിവയാണ് ഈ ഭാവത്തില്‍ ജാതകന് സന്താനത്തെ ചൊല്ലി വ്യസനം ഉണ്ടാകും. ഉദരരോഗങ്ങള്‍ ഉണ്ടാകാം. ഒന്നിനും വിജയമുണ്ടാകാന്‍ സാധ്യതയില്ല. ആറാം ഭാവത്തില്‍ രാഹു ജാതകന് രോഗം ശത്രുക്കള്‍ കടം എന്നിവയില്‍ നിന്നും രക്ഷ നല്‍കുന്നു. രാഷ്ട്രീയത്തില്‍ വിജയം ദീര്‍ഘായുസ്സ് എന്നിവയും അനുഭവത്തില്‍ ഉണ്ടാകും. ഏഴാം ഭാവത്തില്‍ കളത്ര ഭാവമാണ് ചിന്തിക്കേണ്ടത് ഈ സ്ഥിതിയില്‍ അനുകൂലഫലങ്ങള്‍ നല്‍കില്ലെന്ന് ആചാര്യമതം.
ദാമ്പത്യ ജീവിതത്തെ ശിഥിലീകരിക്കാനും ഭാര്യാവിരഹം, പുനര്‍വിവാഹം തുടങ്ങിയവയ്ക്കും രാഹുകാരണമാകും, എട്ടാം ഭാവത്തില്‍ രാഹു അപകടകാരിയാണ് മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ക്ക് അപവാദം കേള്‍ക്കും ഏതു കാര്യങ്ങള്‍ക്കും കാലതാമസം വരിക, കുടുംബജീവിതത്തില്‍ തിരിച്ചടികള്‍ ഉണ്ടാവുക പാഴ് ചെലവുകള്‍ വര്‍ധിക്കുക എളുപ്പം നടക്കാവുന്ന കാര്യങ്ങള്‍ പോലും കാലതാമസം നേരിടുക തുടങ്ങിയവ ഫലങ്ങള്‍.
ഒമ്പതാം ഭാവത്തില്‍ ധാരാളം ജോലിക്കാരുള്ള യജമാനന്‍ ആയിരിക്കും. വിദേശത്ത് പോയി ജീവിക്കുക. സ്വന്തം സന്താനങ്ങളുടെ കാര്യത്തില്‍ അതിരു കവിഞ്ഞ ഉത്കണ്ഠ ഉണ്ടാവുക തുടങ്ങിയ ഫലങ്ങള്‍. പത്താം ഭാവം ബഹുമതികള്‍ അംഗീകാരവും ഉണ്ടാക്കും. പതിനൊന്നാം ഭാവത്തില്‍ നിന്നാല്‍ ആഗ്രഹം ധനലാഭം ഈ ഭാവത്തില്‍ രാഹു ഉത്തമഗുണങ്ങള്‍ പ്രധാനം ചെയ്യും. വിദ്യാപുരോഗതി ധനധാന്യ സമൃദ്ധി.
ബഹുമതികള്‍ എന്നിവ ലഭിക്കും പന്ത്രണ്ടാം ഭാവത്തില്‍ രാഹുല്‍ നിന്നാല്‍ പൊതുവേ ജീവിതം ദുരിത പൂര്‍ണമായിരിക്കും അംഗവൈകല്യം ഉണ്ടാകാനും ലൈംഗിക അരാജകത്വം വരുത്തുവാനും ഈ ഭാവത്തിന് കഴിയും.
രാഹുവും കേതവും പരസ്പരം ഏഴാം രാശിയിലാണ് സ്ഥിതി ചെയ്യുന്നത് ഇവയുടെ മധ്യത്തിലായി മറ്റ് ഗ്രഹങ്ങള്‍ എല്ലാം നില്‍ക്കുകയാണെങ്കിലോ ഒരു രാശിയില്‍ രാഹുവോ കേതുവോ നില്‍ക്കുന്നതിനൊപ്പം നില്‍ക്കുന്ന ഡിഗ്രികളില്‍ തന്നെ മറ്റു ഗ്രഹങ്ങളും സ്ഥിതിചെയ്യണം അപ്പോഴാണ് കാളസര്‍പ്പയോഗം ഭവിക്കുക രാഹുവും കേതുവും മറ്റു ഗ്രഹങ്ങളെ വിഴുങ്ങിയിരിക്കുന്നു എന്നാണ് സങ്കല്പം.
ഓരോ ഭാവത്തിലും കാളസര്‍പ്പപ്രയോഗം വന്നാല്‍ ഓരോ പേരാണ് രാഹുല്‍ ലഗ്‌നത്തിലും കേതു ഏഴിലും നിന്നാല്‍ അനന്തകാള സര്‍പ്പയോഗം (മറ്റു ഗ്രഹങ്ങള്‍ അവയ്ക്കുള്ളില്‍ ആകണം) രാഹുല്‍ രണ്ടിലും കേതു എട്ടിലും നിന്നാല്‍ ഗുളികസര്‍പ്പ യോഗം. രാഹു മൂന്നാം ഭാവത്തിലും കേതു ഒമ്പതാം ഭാവത്തിലും നിന്നാല്‍ വാസുകി കാളസര്‍പ്പ യോഗം നാലില്‍ രാഹു പത്താം ഭാവത്തില്‍ കേതു എന്നിങ്ങനെ വന്നാല്‍ ശംഖപാലസര്‍ പ്പയോഗം രാഹുഅഞ്ചില്‍ കേതു 12 ല്‍ നിന്നാല്‍ മഹാപത്മസര്‍പ്പയോഗം രാഹു ഏഴാം ഭാവത്തില്‍ കേതു ലഗ്‌നത്തിലും നിന്നാല്‍ തക്ഷകകാളസര്‍പ്പ യോഗം.
രാഹു എട്ടാം ഭാവത്തില്‍ കേതു രണ്ടിലും നിന്നാല്‍ കാര്‍ക്കോടക കാള സര്‍പ്പയോഗം ഒമ്പതാം ഭാവത്തില്‍ രാഹു മൂന്നാം ഭാവത്തില്‍ കേതു നിന്നാല്‍ ശംഖപാലസര്‍പ്പയോഗം രാഹു പത്തില്‍ കേതുനാലില്‍ നിന്നാല്‍ ഘാതകകാള സര്‍പ്പയോഗം രാഹു പന്ത്രണ്ടാം ഭാവത്തിലും കേതു ആറിലും നിന്നാല്‍ ശേഷനാഗ കാളസര്‍പ്പ യോഗം ഈ യോഗങ്ങള്‍ ഭാഗ്യ അനുഭവങ്ങളെ ശിഥിലമാക്കുന്നു.
സര്‍പ്പശാപം സന്താന തടസ്സത്തിന് കാരണമാകുന്നത് അഞ്ചാം ഭാവത്തില്‍ നില്‍ക്കുന്ന രാഹു ചൊവ്വയുടെ ദൃഷ്ടിയിലോ രാശിയിലോ വന്നാലും വ്യാഴം രാഹുവിനോട് കൂടി നില്‍ക്കുകയാണെങ്കിലും ലഗ്‌നത്തിന് ചൊവ്വയുമായി ബന്ധമുണ്ടാവുക, അഞ്ചാം ഭാവാധിപനും രാഹൂം ഒരേ രാശിയില്‍ നില്‍ക്കുക, ശനി അഞ്ചാം ഭാവത്തില്‍ കൂടി നില്‍ക്കുക, ചന്ദ്രന്റെ യോഗദൃഷ്ടികള്‍ അവിടേക്ക് വരിക ഇങ്ങനെയൊക്കെ വന്നാല്‍ സന്താന ക്ലേശത്തിന് കാരണമാകും. മാതൃഭാവം പുത്രനാശയോഗം ബ്രാഹ്‌മണ ശാപം ആയുര്‍ബലം എല്ലാം രാഹു കേതുബന്ധം കൊണ്ട് ചിന്തിക്കാം.
രാഹുവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളില്‍ ആദ്യക്ഷേത്രം എന്നറിയപ്പെടുന്നത് ആദ്യമൂലം വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
