/kalakaumudi/media/media_files/2025/12/07/horo-4-2025-12-07-09-28-15.jpg)
ആദിത്യന്‍ വൃശ്ചികം രാശിയില്‍ തൃക്കേട്ട ഞാറ്റുവേലയിലാണ്. ചന്ദ്രന്‍ കൃഷ്ണപക്ഷത്തിലൂടെ കടന്നുപോവുന്നു. ചൊവ്വ 21 ന് ഞായറാഴ്ച് ധനുരാശിയില്‍ പ്രവേശിക്കും. ചൊവ്വയുടെ മൗഢ്യം തുടരുകയാണ്. ബുധനും ശുക്രനും വൃശ്ചിക രാശിയില്‍ സഞ്ചരിക്കുന്നു. 24 ന് ബുധനാഴ്ച ശുക്രന് മൗഢ്യം തുടങ്ങും.
വ്യാഴം മിഥുനത്തില്‍ വക്രഗതിയിലാണ്. ശനി മീനം രാശിയില്‍ പൂരൂരുട്ടാതിയില്‍ സഞ്ചരിക്കുന്നു. രാഹു കുംഭത്തില്‍ സ്വന്തം നക്ഷത്രമായ ചതയത്തിലാണ്. കേതു ചിങ്ങം രാശിയില്‍ പൂരത്തിലും. ഈ ഗ്രഹനിലയെ മുന്‍നിര്‍ത്തി അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളില്‍ ജനിച്ചവരുടെ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.
അശ്വതി
സമ്മിശ്രഫലങ്ങള്‍ വന്നെത്തുന്ന വാരമാണ്. തീരുമാനിച്ച കാര്യങ്ങള്‍ ഒട്ടൊക്കെ നടന്നുകിട്ടും. 'പലതുള്ളി പെരുവെള്ളം' എന്ന ചൊല്ലുപോലെ ഒന്നൊന്നായി പല പല കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. എന്നാല്‍ അമിതജോലിഭാരം ഉണ്ടാവില്ല. കൂടിയാലോചനകളില്‍ ഉചിതമായ നിലപാടുകള്‍ കൈക്കൊള്ളുന്നതാണ്. ഒപ്പമുള്ളവരുടെ സഹകരണം കുറയില്ല. കുടുംബാന്തരീക്ഷത്തില്‍ ചെറിയ സൈ്വരക്കേടുകള്‍ വന്നെത്താം. പുതുതലമുറക്കാരുടെ വാക്കും കര്‍മ്മവും പ്രഹേളികയാവും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നവാരംഭങ്ങള്‍ ഒഴിവാക്കുക ഉചിതം.
ഭരണി
ആരംഭിച്ച കാര്യങ്ങള്‍ മുഴുമിപ്പിക്കാനവസരം കൈവരും. തൊഴിലിടത്തില്‍ വലിയ സമ്മര്‍ദ്ദമുണ്ടാവില്ല. ഒരുപക്ഷേ സഹജമായ കഴിവുകള്‍ മുഴുവന്‍ പുറത്തെടുക്കാന്‍ കഴിഞ്ഞേക്കില്ല. കലാമത്സരങ്ങളില്‍ വേണ്ടത്ര ശോഭിക്കാന്‍ സാധിക്കണമെന്നില്ല. സുഹൃത്തുക്കള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വിജയിക്കും. സഹോദരാനുകൂല്യം ഉണ്ടാവും. ഗൃഹത്തില്‍ സമാധാനം കുറയില്ലെങ്കിലും ഉറ്റവരുടെ നിര്‍ബന്ധശീലം ചൊടിപ്പിക്കാം. ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കില്ല. ചൊവ്വ മുതല്‍ വ്യാഴം വരെ മൂന്നുദിവസങ്ങള്‍ കൂടുതല്‍ കരുതല്‍ വേണം.
കാര്‍ത്തിക
സന്ദര്‍ഭത്തിന്റെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് പെരുമാറാനാവും. ചുമതലകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ആത്മവിശ്വാസം വേണ്ടുവോളമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ക്ക് ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. സംഭാഷണ ശക്തി ആദരിക്കപ്പെടും. ബന്ധുക്കളുടെ ഇടയില്‍ സ്വാധീനമേറുന്നതാണ്. തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ കുടുംബത്തിന്റെ അഭിപ്രായം ആരായാന്‍ മറക്കരുത്. കേതുചന്ദ്രയോഗം മനക്ലേശം സൃഷ്ടിക്കാം. വാഹനം ഉപയോഗിക്കുമ്പോള്‍ നല്ലശ്രദ്ധയുണ്ടാവണം. ആഴ്ചമധ്യത്തില്‍ സമ്മര്‍ദ്ദങ്ങള്‍ കൂടാനിടയുണ്ട്.
രോഹിണി
ഔദ്യോഗികമായി സമ്മിശ്രമായ വാരമാണ്. നവാരംഭങ്ങള്‍ ഉണ്ടായേക്കില്ല. കൂടുതല്‍ കാര്യങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് ചെയ്ത് തീര്‍ക്കാന്‍ ബാധ്യസ്ഥരാവും. ബിസിനസ്സില്‍ കൂടുതല്‍ പണം മുടക്കുന്നത് കരുതലോടെയാവണം. നിക്ഷേപങ്ങളില്‍ നിന്നും ആദായം കിട്ടിത്തുടങ്ങും. ചര്‍ച്ചകളില്‍ നന്നായി കാര്യങ്ങള്‍ വിശദീകരിക്കും. കുടുംബത്തൊടൊപ്പമുള്ള യാത്രകള്‍ സന്തോഷമുണ്ടാക്കുന്നതാണ്. ബന്ധുസമാഗമത്തിന് സന്ദര്‍ഭം ഭവിക്കും. തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ ശുഭാരംഭം ഒഴിവാക്കുന്നത് നന്നായിരിക്കും.
മകയിരം
കാര്യവിജയം എളുപ്പമായേക്കില്ല. തൊഴിലിടത്തില്‍ സമ്മര്‍ദ്ദം ഉണ്ടാവുന്നതാണ്. ആശയക്കുഴപ്പം തുടരുന്നതായിരിക്കും. സുഹൃത്തുക്കളുടെ വാക്കുകള്‍ വിശ്വസിക്കും. ചില ബന്ധുക്കളുമായുള്ള പിണക്കം തുടരുന്നതാണ്. വ്യാപാരത്തില്‍ നിന്നുള്ള ആദായം മോശമാവില്ല. പലവഴിക്കായി പണം ചെലവഴിയുന്നത് തടുക്കാന്‍ വിഷമിക്കും. രാഷ്ട്രീയ നിലപാടുകള്‍ എതിര്‍പ്പുകള്‍ വളര്‍ത്താം. ഗാര്‍ഹിക രംഗത്ത് സൈ്വരം കുറയും. പരുഷവാക്കുകള്‍ ഒഴിവാക്കണം. വായ്പകള്‍ അടച്ചുതീര്‍ക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നതാണ്.
തിരുവാതിര
ജന്മത്തില്‍ വ്യാഴവും ചന്ദ്രനും സഞ്ചരിക്കുകയാല്‍ വാരാദ്യം കേസരിയോഗം ഭവിക്കുന്നു. മനശ്ശക്തി, കാര്യവിജയം, ഭോഗസുഖം, ആദരണീയത ഇവ ഫലമായിപ്പറയാം. കിട്ടുവാനുള്ള ധനം കൈവശമെത്തുന്നതാണ്. ഒപ്പമുള്ളവരെക്കൊണ്ട് തന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കിക്കാന്‍ കഴിഞ്ഞേക്കും. സഹോദരരുമായി ഭിന്നതയ്ക്ക് സാധ്യതയുണ്ട്. ഭൂമിവ്യവഹാരം തുടരപ്പെടുന്നതാണ്. ശത്രുക്കളുണ്ടോ എന്ന ഭയം അലട്ടാം. ധൈര്യപൂര്‍വ്വം അഭിപ്രായം പറയും. രാഷ്ട്രീയ മത്സരങ്ങള്‍ കടുക്കാം. ആരോഗ്യ ജാഗ്രത അനിവാര്യമാണ്.
പുണര്‍തം
ജന്മനക്ഷത്രത്തിലൂടെ ചന്ദ്രനും വ്യാഴവും സഞ്ചരിക്കുകയാല്‍ ഗുണദോഷഫലങ്ങള്‍ അനുഭവപ്പെടും. ഭക്ഷണ സംതൃപ്തി, മതിയായ വിശ്രമം ഇവ ലഭിക്കുന്നതാണ്.
ചില കാര്യങ്ങളില്‍ ഉദ്വേഗമുണ്ടാവും. അധികാരികളുടെ അവഗണനയില്‍ അസംതൃപ്തി വരുന്നതാണ്. മനസ്സിന്റെ ഏകാഗ്രത നിലനിര്‍ത്താന്‍ ശ്രമിക്കും. തൊഴില്‍ മേഖലയില്‍ ഉത്തരവാദിത്വം കൂടുന്നതാണ്. യാത്രകള്‍ കൂടും. പ്രയോജനവും പ്രതീക്ഷിക്കാം. നിലപാടുകള്‍ പരസ്യപ്പെടുത്താന്‍ മടിക്കില്ല. സാമ്പത്തികമായി മെച്ചമുണ്ടാവും. ശുപാര്‍ശകള്‍ കൊണ്ട് കാര്യസാധ്യമുണ്ടാവും.
പൂയം
തീരുമാനങ്ങളില്‍ ചാഞ്ചല്യമുണ്ടാവാം. പ്രതീക്ഷിച്ച ഉപദേശം കിട്ടാത്തതിനാല്‍ ഉല്‍ക്കണ്ഠക്ക് സാധ്യതയുണ്ട്. പുതിയ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തും. സാങ്കേതിക പരിമിതികള്‍ മറികടക്കാനായേക്കും. ആഢംബരച്ചെലവുകള്‍ കുറയ്ക്കണം. വിദ്യാര്‍ത്ഥികളെ ആലസ്യം പിടികൂടുന്നതാണ്. എതിര്‍പ്പുകളില്‍ തളരില്ല. മറുപടികള്‍ കൃത്യമായി നല്‍കും. സഹോദരരെക്കൊണ്ട് ഗുണമുണ്ടാവും. ഉദ്യോഗാര്‍ത്ഥികള്‍ മത്സരപ്പരീക്ഷകള്‍ക്ക് ഒരുക്കം തുടങ്ങുന്നതാണ്. മകളുടെ ജോലിസ്ഥലത്ത് മാതാപിതാക്കള്‍ക്ക് പോയിനില്‍ക്കേണ്ടി വരാം. ഞായര്‍, വെള്ളി ദിവസങ്ങള്‍ ഗുണകരമാവില്ല.
ആയില്യം
ബുധശുക്രയോഗത്താല്‍ മക്കളുടെ കാര്യത്തില്‍ ചില നല്ല തീരുമാനങ്ങള്‍ ഉണ്ടായേക്കും. ആലോചിച്ചുറപ്പിച്ച കാര്യങ്ങള്‍ ഭംഗിയായി പ്രാവര്‍ത്തികമാക്കാന്‍ കഴിയും. പന്ത്രണ്ടിലെ ചന്ദ്രഗുരുയോഗം നല്ല കാര്യങ്ങളില്‍ ചെലവുണ്ടാക്കും. തീര്‍ത്ഥാടന സാധ്യത തള്ളിക്കളയാനാവില്ല. സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ആവര്‍ത്തിത ശ്രമം വേണ്ടതായുണ്ട്. മനസ്സിനെ വൈക്ലബ്യം ബാധിക്കാതിരിക്കാന്‍ കരുതല്‍ വേണം. പ്രണയികള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ വരാം. ഗൃഹനവീകരണം പൂര്‍ത്തിയാവും. രാഷ്ട്രീയ സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കാം.
മകം
നല്ല അനുഭവങ്ങളോടുകൂടി തുടങ്ങുന്ന വാരമാവും. ഞായറാഴ്ച സുഹല്‍ സമാഗമം, വിരുന്നില്‍ പങ്കെടുക്കല്‍, ധനലാഭം ഇവയുണ്ടാവാം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അലച്ചിലിന് സാധ്യത കാണുന്നു. മനക്ലേശം വരും. ജോലിഭാരം കൂടുന്നതാണ്. ചെലവിന് പലവഴികള്‍ വന്നെത്തും. ബുധനും വ്യാഴനും സുഖഭോഗം, ഭക്ഷണതൃപ്തി, ബഹുമാന്യത, പാരിതോഷികലബ്ധി ഇവയുണ്ടാവും. ക്ഷേത്ര ദര്‍ശനത്തിന് അവസരം വരാം. വെള്ളി, ശനി ദിവസങ്ങളില്‍ സൈ്വരം കുറയാം. സംഭാഷണം വിരോധികളെ സൃഷ്ടിക്കാനിടയുണ്ട്.
പൂരം
ഭാവിയെക്കുറിച്ച് ആലോചന കൂടും. പ്രവൃത്തികളില്‍ ശുഷ്‌കാന്തി കുറയുന്നതാണ്. ഉത്തരവാദിത്വങ്ങള്‍ പകരക്കാരെ ഏല്പിക്കുന്നത് ദോഷകരമായി വരാം. കലാരംഗത്ത്, മത്സരങ്ങളില്‍ വിജയിക്കാനാവും. പ്രണയികള്‍ക്ക് ആഹ്‌ളാദിക്കാനുള്ള അവസരങ്ങള്‍ സംജാതമാകും. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ഈയാഴ്ച കരുതിയ പുരോഗതി ഉണ്ടായേക്കില്ല. കുടുംബകാര്യങ്ങള്‍ക്ക് സമയം കിട്ടുന്നില്ലെന്ന് ഒഴികഴിവുകള്‍ കാണും. പഠനത്തില്‍ ഏകാഗ്രത കുറയാം. ഞായര്‍, ബുധന്‍, വ്യാഴം ദിവസങ്ങള്‍ക്ക് മേന്മയുണ്ടാവും.
ഉത്രം
കര്‍മ്മമേഖലയില്‍ ന്യായമായ വിധം മുന്നേറാന്‍ സാധിക്കും. സഹജമായ കഴിവുകള്‍ തുണയ്‌ക്കെത്തും. സമയോചിതമായ തീരുമാനങ്ങളും നിര്‍വ്വഹണവും പ്രശംസിക്കപ്പെടും. പുതിയ കാര്യങ്ങള്‍ ബാലാരിഷ്ടകള്‍ പിന്നിട്ട് വളരാന്‍ തുടങ്ങുന്നതാണ്. ഗവേഷകര്‍ക്ക് പ്രബന്ധരചനയില്‍ മുഴുകാനാവും. ബന്ധങ്ങളുടെ ദാര്‍ഢ്യം നിലനിര്‍ത്തുന്നതില്‍ വിജയിക്കുന്നതാണ്. ധനവരവ് കുറയില്ല. എന്നാല്‍ ചെലവുകളില്‍ മിതത്വം പാലിക്കുന്നത് ഗുണകരമാവും. ഗൃഹനിര്‍മ്മാണം അല്പം മന്ദഗതിയിലായേക്കും. സുഹൃല്‍ സമാഗമത്തില്‍ പങ്കെടുക്കുന്നതാണ്.
അത്തം
കാര്യങ്ങള്‍ ഒരുവിധം വരുതിയിലാവും. പ്രവര്‍ത്തനത്തില്‍ ആത്മവിശ്വാസവും ഏകാഗ്രത പുലര്‍ത്തുവാന്‍ സാധിക്കും. മേലധികാരികളുടെ പ്രീതിനേടുന്നതാണ്. കുടുംബകാര്യങ്ങളില്‍ സമാധാനം പ്രതീക്ഷിക്കാം. കിട്ടാക്കടങ്ങള്‍ കുറച്ചൊക്കെ കിട്ടാനിടയുണ്ട്. വായ്പയുടെ തിരിച്ചടവ് സുഗമമാവും. വിരോധികളുടെ കാര്യത്തില്‍ ശക്തമായ നിലപാടുകള്‍ കൈക്കൊള്ളുന്നതാണ്. ബന്ധുക്കളുടെ തര്‍ക്കങ്ങളില്‍ സ്തുത്യര്‍ഹമാംവിധം മാധ്യസ്ഥം വഹിക്കുന്നതാണ്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ചെലവധികരിക്കാം.
ചിത്തിര
ഗുണാനുഭവങ്ങള്‍ക്ക് മുന്‍തൂക്കം കിട്ടുന്ന വാരമാണ്. അറിവ് ആത്മവിശ്വാസമേകുന്നതാണ്. മിക്കകാര്യങ്ങളിലും സ്വതന്ത്രമായ സമീപനം കൈക്കൊള്ളും. ബിസിനസ്സുകാര്‍ക്ക് ലാഭം കൂടുന്നതാണ്. വിപണന തന്ത്രങ്ങള്‍ വിജയിച്ചതിന്റെ സന്തോഷമുണ്ടാവും. ചിലരുടെ കൃതഘ്‌നത വിഷമിപ്പിച്ചേക്കും. വ്യായാമത്തിന് സമയം മാറ്റിവെക്കുമെങ്കിലുംഇടക്കിടെ ആലസ്യം ബാധിക്കുന്നതാണ്. ഗൃഹനിര്‍മ്മാണത്തിന് തയ്യാറെടുക്കും. അന്യദേശത്ത് കഴിയുന്നവരെ തൊഴില്‍ പ്രശ്‌നങ്ങള്‍ അലട്ടാനിടയുണ്ട്. അനാവശ്യമായ തിടുക്കം ഒഴിവാക്കേണ്ടതുണ്ട്.
ചോതി
ഏതാണ്ട് വാരം മുഴുവന്‍ അനുകൂലഫലങ്ങളാവും. വാഗ്ദാനം പാലിക്കാന്‍ കഴിയുന്നതിനാല്‍ സന്തോഷമുണ്ടാവും. സ്വന്തം സ്ഥാപനത്തിന് നവീനശാഖ തുടങ്ങാന്‍ വേണ്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. രാഷ്ട്രീയമായി മെച്ചം വരുന്നതാണ്. മത്സരങ്ങളില്‍ മുന്‍തൂക്കം ഉണ്ടാവും. സാമ്പത്തികമായി സ്വാതന്ത്ര്യമുണ്ടാവും. സമ്മാനം/ പാരിതോഷികം ഇവ ലഭിക്കാം. വിവാദങ്ങളില്‍ നിന്നും ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞു നില്‍ക്കും. പുതിയ തലമുറയെ കേള്‍ക്കാന്‍ തയ്യാറായേക്കും. അനുരാഗികള്‍ക്ക് ഭാവിതീരുമാനം കൈക്കൊള്ളാന്‍ സാധിക്കുന്നതാണ്.
വിശാഖം
കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവും. വ്യത്യസ്തങ്ങളായ കര്‍മ്മമേഖലകളില്‍ ശോഭിക്കുന്നതാണ്. വാക്കും കര്‍മ്മവും ഒന്നായിരിക്കുന്നതില്‍ വിജയിക്കും. എന്നാല്‍ വാക്കുകള്‍ക്ക് പാരുഷ്യം വരാനിടയുണ്ട്. തന്മൂലം ശത്രുക്കളുടെ എണ്ണം കൂടുന്നതാണ്. നഷ്ടപ്പെട്ടുവെന്ന് കരുതിയ രേഖകള്‍ തിരിച്ചു കിട്ടാം. മത്സരങ്ങളില്‍ നിലമെച്ചപ്പെടുത്തും. നറുക്കെടുപ്പ്, ചിട്ടി മുതലായവയിലൂടെ ധനാഗമം പ്രതീക്ഷിക്കാം. ഭാവിചിന്തകള്‍ സുഹൃത്തുക്കളോട് പങ്കുവെക്കുന്നതാണ്. വിട്ടുവീഴ്ചാമനോഭാവം ദാമ്പത്യത്തെ സംതൃപ്തമാക്കും.
അനിഴം
സ്ഥാനങ്ങള്‍ക്കും പദവികള്‍ക്കും അവകാശവാദമുന്നയിച്ചേക്കാം. ചിലപ്പോള്‍ നിയമസഹായം തേടുന്നതാണ്. ആത്മവിശ്വാസം അധികമാവരുത്. ഗവേഷകരുടെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടുന്നതാണ്. ഉപകാരം ചെയ്തവര്‍ തന്നെ വിരോധികളായേക്കും. വിവരസാങ്കേതികവിദ്യയില്‍ ശോഭിക്കുവാന്‍ കഴിയുന്നതാണ്. ബിസിനസ്സില്‍ നഷ്ടസാധ്യതയും കൂടി വിലയിരുത്തേണ്ടതുണ്ട്. അപരിചിതരുമായി കരാര്‍ ഉറപ്പിക്കുന്നത് ആശാസ്യമല്ല. ഞായര്‍, തിങ്കള്‍, വ്യാഴം ദിവസങ്ങള്‍ക്ക് ശുഭത്വം കുറയുന്നതാണ്. മുടങ്ങിക്കിടക്കുന്ന വഴിപാടുകള്‍ നടത്താനാവും.
തൃക്കേട്ട
മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയില്‍ നന്നായി തിളങ്ങും. ജോലിയില്ലാത്തവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കാം. യാഥാര്‍ത്ഥ്യ ബോധത്തോടുകൂടിയ പ്രതികരണങ്ങളും നിലപാടുകളും കൈക്കൊള്ളുന്നതായിരിക്കും. പാരമ്പര്യ തൊഴിലുകളില്‍ നൂതന സാങ്കേതികവിദ്യ അവലംബിക്കും. സുഹൃത്തിന് സാമ്പത്തിക സഹായം ചെയ്യുന്നതാണ്. വാക്കുകള്‍ക്ക് ശക്തി കൂടും. പലപ്പോഴും അപ്രസക്തമായ ആലോചനകളില്‍ മുഴുകും. ചുമതലകള്‍ കുടുംബാംഗങ്ങളെ ഏല്പിക്കാന്‍ വൈമുഖ്യമുണ്ടാവും. ചൊവ്വാഴ്ച മുതല്‍ കൂടുതല്‍ നല്ലഫലങ്ങള്‍ പ്രതീഷിക്കാം.
മൂലം
സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് അവസാന നിമിഷം സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കാം. ക്ലേശം സഹിച്ചും ദൗത്യം പൂര്‍ത്തിയാക്കും. സഹപ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതാണ്. ഊഹാപോഹങ്ങള്‍ക്ക് ചെവികൊടുക്കരുത്. മത്സര വിജയം അനായാസമാവില്ല. മാതാപിതാക്കളുടെ അനിഷ്ടം സമ്പാദിക്കാനിടയുണ്ട്. സമാന ചിന്താഗതിക്കാരുമായി കൂട്ടുകൂടാനാവും. ഗതാഗത നിയമങ്ങള്‍ തെറ്റിക്കുകയാല്‍ പിഴ ചുമത്തപ്പെടും. തിങ്കള്‍, ചൊവ്വ ദിവസങ്ങള്‍ക്ക് മേന്മ കുറയും. ദാമ്പത്യത്തില്‍ പിണക്കവും ഇണക്കവും തുടരുന്നതാണ്.
പൂരാടം
ആത്മവിശ്വാസത്തോടെ ഉത്തരവാദിത്വം നിറവേറ്റുന്നതാണ്. ഉപജാപങ്ങള്‍ക്ക് മറുപടി നല്‍കും. ആര്‍ഭാടങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമെങ്കിലും കഴിഞ്ഞേക്കില്ല. സ്ഥലം വാങ്ങുന്ന കാര്യത്തില്‍ തീരുമാനം വൈകാം. കലാകാരന്മാര്‍ക്ക് പ്രതിഫലം കുറയാം. പഠനത്തില്‍ ശ്രദ്ധ ചഞ്ചലമാവും. കാര്യസാധ്യത്തിന് അലച്ചിലുണ്ടാവും. സഹോദരരുടെ സഹായം ലഭിക്കുന്നതാണ്. പിതാവിന്റെ ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ഗാര്‍ഹികാധ്വാനം അമിതമായേക്കും. തിങ്കള്‍, ചൊവ്വ അഷ്ടമരാശിയാകയാല്‍ ശുഭാരംഭങ്ങള്‍ക്ക് ഉചിതമല്ല.
ഉത്രാടം
സാഹചര്യങ്ങള്‍ അനുകൂലമാണ്. കഠിനമെന്ന് കരുതിയ പലതും പ്രതീക്ഷിച്ചതിലും വേഗത്തില്‍ ചെയ്യാനാവും. പണവരവ് മോശമാവില്ല. ബിസിനസ്സില്‍ പാര്‍ട്ണര്‍മാരെ ചേര്‍ക്കാന്‍ ശ്രമിക്കും. എന്നാല്‍ അക്കാര്യത്തില്‍ ഇരുമനസ്സുണ്ടാവും. പൊതുപ്രവര്‍ത്തനത്തില്‍ വഴിത്തിരിവുണ്ടാവും. കുടുംബത്തോടൊപ്പം ദൂരയാത്രകള്‍ ആസൂത്രണം ചെയ്യുന്നതാണ്. സഹപാഠികളുടെ യോഗത്തില്‍ പങ്കെടുക്കുന്നതാണ്. ആഴ്ചമധ്യത്തിലെ ദിവസങ്ങള്‍ക്ക് ശുഭത്വം കുറയും.
തിരുവോണം
വാരാദ്യം ഉത്സാഹം അനുഭവപ്പെടും. ശുഭവാര്‍ത്തകള്‍ കേള്‍ക്കുന്നതാണ്. തൊഴില്‍ രംഗത്ത് മുന്നേറുന്നതിന് അവസരങ്ങള്‍ ഉണ്ടാവുന്നതായിരിക്കും.ഏറ്റെടുത്ത ഉത്തരവാദിത്വം വിജയിപ്പിക്കും. സാങ്കേതിക വിഷയങ്ങളില്‍ കൂടുതല്‍ അറിവ് സമ്പാദിക്കേണ്ട സ്ഥിതി വരുന്നതാണ്. കരാര്‍ പണികള്‍ നീട്ടിക്കിട്ടുമോ എന്ന ആശങ്കയുണ്ടാവുന്നതാണ്. സന്ധിസംഭാഷണങ്ങള്‍ക്ക് നിയോഗിക്കപ്പെടും. ഉപരിപഠനത്തിന് ഉതകുന്ന ഹ്രസ്വകാലകോഴ്‌സില്‍ ചേര്‍ന്നേക്കും. കക്ഷിരാഷ്ട്രീയത്തോട് വിരക്തിയുണ്ടാവും. പിതൃധനം അനുഭവത്തില്‍ വരുന്നതാണ്. ബുധന്‍, വ്യാഴം ദിവസങ്ങള്‍ക്ക് മേന്മ കുറയും.
അവിട്ടം
പാരമ്പര്യത്തെയും പുതുമയേയും സമന്വയിപ്പിക്കാന്‍ ശ്രമം തുടരുന്നതാണ്. വ്യത്യസ്ത കര്‍മ്മമേഖലകളില്‍ പ്രശോഭിക്കാനാവും. മേലധികാരികള്‍ക്ക് കൃത്യമായ വിശദീകരണം നല്‍കുന്നതാണ്. എതിര്‍ സ്വരങ്ങള്‍ അസ്വസ്ഥമാക്കാം. നിഷ്പക്ഷ നിലപാടുകള്‍ ശത്രുക്കളെ സൃഷ്ടിക്കുന്നതാണ്. ഏജന്‍സികളില്‍ നിന്നും ലാഭം കിട്ടും.കൂടുതല്‍ നേരം ആലോചനകളില്‍ മുഴുകും. കുടുംബകാര്യങ്ങളോര്‍ത്ത് അല്പം സന്തോഷം കുറയാം. സെമിനാറുകളിലും ചര്‍ച്ചകളിലും ശോഭിക്കുന്നതാണ്.അപ്രസക്ത കാര്യങ്ങള്‍ക്ക് കൂടുതല്‍ നേരം ചെലവഴിക്കും.
ചതയം
പതിവ് കാര്യങ്ങള്‍ ഒരുവിധം ഭംഗിയായി നടന്നുകിട്ടും. നിഴല്‍ പോലെ ആലസ്യം ഉണ്ടാവുന്നതാണ്. അധികാരികളുടെ പ്രോല്‍സാഹനം ലഭിച്ചേക്കാം. ജീവിതച്ചെലവുകള്‍ കൂടുന്നതിനാല്‍ ക്ലേശമുണ്ടാവും. കാര്യനിര്‍വഹണത്തില്‍ തടസ്സങ്ങള്‍ വരാനിടയുണ്ട്. അഭിമാനത്തെ ചോദ്യം ചെയ്യുന്നു എന്ന തോന്നല്‍ മൂലം ചില കലഹങ്ങള്‍ ഉദയം ചെയ്യാം. സുതാര്യമായ സമീപനം ചിലര്‍ ചൂഷണം ചെയ്‌തേക്കാം. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമാകുന്നതാണ്.മകന്റെ നിര്‍ബന്ധശീലം വ്യകുലതയുണ്ടാക്കും. ചെറുസംരംഭങ്ങളുമായി മുന്നോട്ടുപോകുന്നതാണ്.
പൂരൂരുട്ടാതി
ഉദ്യോഗസ്ഥര്‍ക്ക് കൃത്യസമയത്ത് ഓഫീസില്‍ നിന്നുമിറങ്ങാന്‍ സാധിച്ചേക്കില്ല. സങ്കീര്‍ണ വിഷയങ്ങളില്‍ അനുഭവജ്ഞാനമുള്ളവരുടെ നിര്‍ദ്ദേശം സ്വീകരിക്കും. നിശ്ചയിച്ചുറച്ച വിഷയങ്ങളില്‍ വ്യതിചലനം വരാം. ഭൂമിയില്‍ നിന്നും അനുഭവഗുണം കുറയുന്നതാണ്. ബിസിനസ്സുകാരുടെ വിപണന തന്ത്രങ്ങള്‍ ഫലം കാണണമെന്നില്ല. കിടപ്പുരോഗികള്‍ക്ക് ആശ്വാസമുണ്ടാവും. മത്സരങ്ങളില്‍ ഒരുപാട് വിയര്‍പ്പൊഴുക്കും. യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതാണ്. പ്രണയികള്‍ക്ക് ആഹ്‌ളാദിക്കാനവസരം ഉണ്ടായേക്കില്ല. അന്യദേശത്തുനിന്നും തീര്‍ത്ഥയാത്രക്കായി ജന്മനാട്ടിലേക്ക് വരാം.
ഉത്രട്ടാതി
നീതിയുക്തമായി തീരുമാനങ്ങള്‍ കൈക്കൊള്ളുകയാല്‍ ജനകീയത ഉയരും. ഭരണസംവിധാനത്തിന്റെ ആനുകൂല്യം ലഭിക്കുന്നതാണ്. കാര്യവിജയത്തില്‍ മതിമറക്കരുത്. ഗവേഷകര്‍ക്ക് കൂടുതല്‍ വിഷയങ്ങള്‍ അറിയേണ്ടായി വരും. ഗഹനമായ വിഷയങ്ങള്‍ ലളിതമാക്കാന്‍ ശ്രമം തുടരുന്നതാണ്. നവസംരംഭങ്ങള്‍ക്ക് ഉചിത സന്ദര്‍ഭമല്ല. സാമ്പത്തിക അച്ചടക്കം പാലിക്കാനായേക്കില്ല. കലാമത്സരങ്ങളില്‍ പങ്കെടുക്കാന്‍ കൂടുതല്‍ പരിശീലനം ആവശ്യമായേക്കും. കരാറുകളില്‍ ഒപ്പിടും മുന്‍പ് നിയമങ്ങള്‍/ നിബന്ധനകള്‍ കൃത്യമായി അറിയേണ്ടതുണ്ട്.
രേവതി
അപ്രസക്ത കാര്യങ്ങള്‍ ആലോചിച്ച് കൂട്ടും. പ്രവര്‍ത്തനത്തെ ഉദാസീനതയും മടുപ്പും ബാധിച്ചേക്കാം. എല്ലാക്കാര്യങ്ങളിലും സത്യവസ്ഥ അറിഞ്ഞശേഷം പ്രതികരിക്കുകയാവും ഉചിതമാവുക. ആത്മവിശ്വാസം അമിതമാവരുത്. പ്രോജക്ടുകള്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിക്കുന്നതാണ്. വയോജനങ്ങളെ ശുശ്രൂഷിക്കാനായി സമയം കണ്ടെത്തുന്നതാണ്. വാഹനത്തിന്റെ അറ്റകുറ്റപ്പണിക്ക് പ്രതീക്ഷിച്ചതിലും ചെലവുണ്ടാകാം. അര്‍പ്പണ മനോഭാവം തിരിച്ചറിയപ്പെട്ടേക്കില്ല. വാരമധ്യം മുതല്‍ കൂടുതല്‍ നല്ലഫലം വന്നു ചേരുന്നതാണ്. കുടുംബസൗഖ്യത്തിന് വിട്ടുവീഴ്ച വേണ്ടിവന്നേക്കും. സംഘടനയില്‍ സ്വാധീനം വര്‍ദ്ധിക്കാനിടയുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
