ഈ ആഴ്ച (11-01-2026, 17-01-2026) നിങ്ങള്‍ക്ക് എങ്ങനെ

സ്വതസ്സിദ്ധമായ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വാരമാണ്. കര്‍മ്മമേഖലയില്‍ സംതൃപ്തിയുണ്ടാവും. ഒപ്പമുള്ളവരുടെ പിന്തുണ കുറയില്ല. ആലോചിച്ചെടുത്ത തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കും. സാധാരണ കാര്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതായിരിക്കും

author-image
Biju
New Update
horo 4

ആദിത്യന്‍ ധനുരാശിയിലാണ്. ജനുവരി 14 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണി 8 മിനിട്ടിന് ആദിത്യന്‍ മകരം രാശിയില്‍ പ്രവേശിക്കും. ഉത്തരായനകാലം അതുമുതല്‍ ആരംഭിക്കും. 11ന് ഉത്രാടം ഞാറ്റുവേല തുടങ്ങും. 

മകര വാവ് ജനുവരി 18 നാണ്. ചന്ദ്രന്‍ ചിത്തിര  മുതല്‍ പൂരാടം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നു. ചൊവ്വ ജനുവരി 15 ന് ഉച്ചരാശിയായ മകരത്തില്‍ പ്രവേശിക്കും. ചൊവ്വയുടെ മൗഢ്യം തുടരുന്നു. ബുധന്‍ 17 ന് വരെ ധനുവില്‍ സഞ്ചരിക്കുന്നു. ശുക്രന്‍ 12 ന് മകരത്തില്‍ പ്രവേശിക്കും.

ശനി മീനം രാശിയില്‍ പൂരൂരുട്ടാതിയിലും വ്യാഴം വക്രഗതിയില്‍ മിഥുനം രാശിയില്‍ പുണര്‍തത്തിലുമുണ്ട്. രാഹു കുംഭം രാശിയില്‍, കേതു ചിങ്ങം രാശിയില്‍. തല്‍സ്ഥിതിക്ക് മാറ്റമില്ല.  ഈ ഗ്രഹനിലയെ മുന്‍നിര്‍ത്തി അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങളില്‍ ജനിച്ചവരുടെ സമ്പൂര്‍ണ്ണ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.

അശ്വതി 

സ്വതസ്സിദ്ധമായ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വാരമാണ്. കര്‍മ്മമേഖലയില്‍ സംതൃപ്തിയുണ്ടാവും. ഒപ്പമുള്ളവരുടെ പിന്തുണ കുറയില്ല. ആലോചിച്ചെടുത്ത തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കും. സാധാരണ കാര്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതായിരിക്കും. വ്യാപാരാവശ്യത്തിനായി ലോണിന് അപേക്ഷ നല്‍കും. ദാമ്പത്യത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ ഊര്‍ജ്ജം പകരുന്നതാണ്. വ്യാഴം, വെള്ളി അഷ്ടമരാശിക്കൂറ് ആകയാല്‍ വയോജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണം. വാഹനം ഉപയോഗിക്കുന്നവര്‍ ഗതാഗത ലംഘനം നടത്താതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം.

ഭരണി

ശുക്രന്റെ മൗഢ്യം തുടരുകയാല്‍ പ്രവൃത്തികളില്‍ സംതൃപ്തി കുറയും. ചുമതലകള്‍ ഏറ്റെടുക്കാന്‍ മടിയുണ്ടായേക്കും. സുഖഭോഗങ്ങളില്‍ അതൃപ്തി വരും. നിലവിലെ ജോലിയില്‍ തുടരുകയാണ് അഭികാമ്യം. മേലധികാരികളോട് നിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് വിപരീതഫലങ്ങള്‍ക്ക്കാരണമാകും. കരുതല്‍ ധനം ചെലവാക്കാന്‍ ശ്രമിക്കരുത്. മകന്റെ കലാപ്രവര്‍ത്തനത്തില്‍ സന്തോഷിക്കും. വീടുമാറ്റത്തിനുള്ള ശ്രമം തുടരുന്നതാണ്. ഗതാഗതലംഘനത്തിന് പിഴ ചുമത്തപ്പെടാം. വാരാദ്യ-അന്ത്യ ദിവസങ്ങളില്‍ ദേഹക്ലേശം അനുഭവപ്പെടും.

കാര്‍ത്തിക

കാര്യസാധ്യത്തിന് കുറുക്കുവഴികള്‍ പ്രയോജനപ്പെടുത്തേണ്ടെന്ന് തീരുമാനിക്കും. വ്യവഹാരങ്ങളില്‍ അനുകൂലവിധി വരുന്നതാണ്. കുടുംബകാര്യങ്ങള്‍ക്ക് നേരം കണ്ടെത്തും. മകളുടെ ഉപരിപഠനകാര്യത്തില്‍ വ്യക്തത കൈവരും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. ക്ഷേത്രാടനം സാധ്യമാവും. ഇവയ്ക്ക് ഗൃഹനിര്‍മ്മാണത്തിനുള്ള അപേക്ഷ സര്‍ക്കാരില്‍ സമര്‍പ്പിച്ചേക്കും. ചെലവുകളില്‍ നിയന്ത്രണം സാധ്യമായേക്കില്ല. സുഹൃത്തുക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവും.

രോഹിണി 

മനസ്സന്തോഷമുണ്ടാക്കുന്ന അനുഭവങ്ങള്‍ വന്നെത്തും. തൊഴിലിടത്തില്‍ സമ്മര്‍ദ്ദങ്ങള്‍ കുറയുന്നതാണ്. ആലോചനാ യോഗങ്ങളില്‍ വാക്കുകള്‍ക്ക് സ്വീകാര്യത പ്രതീക്ഷിക്കാം. പൊതപ്രവര്‍ത്തകരുടെ സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ കിട്ടും. കുടുംബകാര്യങ്ങളില്‍ ജീവിതപങ്കാളിയുടെ അഭിപ്രായം കൂടി പരിഗണിക്കുന്നതാണ്. ബിസിനസ്സ് വിപുലീകരണത്തിന് തുടക്കം കുറിക്കാനാവും. വരുമാനം തടസ്സപ്പെടില്ല. അഭിമുഖങ്ങളില്‍ തിളങ്ങുന്നതാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ ഉത്സാഹം നിലനിര്‍ത്താനാവും.

മകയിരം 

മൗനത്തിലൂടെയും തിരസ്‌കാരങ്ങളിലൂടെയും പലര്‍ക്കും മറുപടി നല്‍കും. ഔദ്യോഗികമായി ജോലിഭാരം കൂടുന്നതാണ്.  ഭാവികാര്യങ്ങളില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കരുത്. ആഴ്ചമധ്യത്തില്‍ നക്ഷത്രാധിപനായ ചൊവ്വയ്ക്ക് ഉച്ചസ്ഥിതി വരുന്നതിനാല്‍ ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സംഘടനകളില്‍ പദവികള്‍ ഉയരുന്നതാണ്. ജോലിസ്ഥലത്ത് അനിഷേധ്യതയുണ്ടാവും. ബിസിനസ്സില്‍ കിടമത്സരം കുറയുന്നതിന് സദര്‍ഭം ഉരുത്തിരിയും. രോഗക്ലേശിതര്‍ക്ക് പുതുചികില്‍സ പ്രയോജനപ്പെടും.

തിരുവാതിര 

ഗ്രഹങ്ങളുടെ ബലാബലത്താല്‍ ഫലങ്ങളും സമ്മിശ്രമാവും. ചുമതലകള്‍ പകരക്കാരെ ഏല്‍പ്പിക്കുന്നത് ദോഷമുണ്ടാക്കാം. കമ്മിറ്റികളില്‍ വെട്ടിത്തുറന്ന് പറയുന്ന ശീലം ശത്രുക്കളെ വളര്‍ത്തും. സ്വന്തംധനമുപയോഗിച്ചു കൊണ്ടുള്ള വ്യാപാരത്തിന് പുഷ്ടി കുറയുന്നതാണ് അതിന്റെ കാരണം. ജീവകാരുണ്യത്തിന് നേരം കണ്ടെത്തും. ശുപാര്‍ശകള്‍ക്ക് മുതിരുന്നത് കരുതലോടെ വേണ്ടതുണ്ട്. പേരക്കുട്ടികള്‍ക്കൊപ്പം കുറച്ചു ദിവസം താമസിക്കാനാഗ്രഹിക്കും. ആഴ്ചയുടെ മധ്യഭാഗം മുതല്‍ പ്രയത്‌നഫലം കൈകളില്‍ വന്നെത്തും.

പുണര്‍തം 

കാര്യപ്രാപ്തി സ്വയം പരിശോധിക്കപ്പെടും. ആത്മവിശ്വാസത്തിന് കുറവ് വരാം. നീതിബോധം കൈവിടാതെ കര്‍മ്മരംഗത്ത് മുഴുകുന്നതാണ്. സഹപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കും. ആരംഭിച്ച സംരംഭങ്ങള്‍ ബാലാരിഷ്ടകളെ മറികടക്കുന്നതാണ്. കുടുംബത്തിനൊപ്പം ധാരാളം സമയം ചെലവഴിക്കുന്നതിന് മുതിരും. മകന്റെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയും. ബന്ധം ദൃഢമാകാന്‍ ആത്മാര്‍ത്ഥമായ ശ്രമം തുടരുന്നതായിരിക്കും. സാമ്പത്തിക സ്രോതസ്സുകള്‍ നിയമവിധേയമാക്കും. ഭാവിയാത്രകള്‍ ആസൂത്രണം ചെയ്യും. ബുധന്‍ മുതല്‍ ശനി വരെ കൂടുതല്‍ ഗുണകരം.

പൂയം

സ്വന്തം തീരുമാനങ്ങളില്‍ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്.  ആദ്യം ശരിയെന്ന് തോന്നിയത് പിന്നീട് തെറ്റെന്ന് തോന്നുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് പ്രവൃത്തികളില്‍ ചുമതലയേറും. ധനകാര്യങ്ങളില്‍ അല്പം സമ്മര്‍ദ്ദം വന്നുചേരുന്ന വാരമാണ്. പഠനത്തില്‍ ഏകാഗ്രത കുറയുമെന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ശ്രദ്ധയുണ്ടാവണം. അനായാസ വിജയങ്ങള്‍ പഴങ്കഥയാണോ എന്നുതോന്നും. അനുരാഗികള്‍ക്ക് സന്തോഷമുണ്ടാവും. കുടുംബ ജീവിതത്തില്‍ അനുരഞ്ജനമാര്‍ഗം സമാധാനമേകും.

ആയില്യം

സാഹചര്യങ്ങളോട് പിണങ്ങിയും ഇണങ്ങിയും മുന്നേറും. കൂട്ടുകെട്ടുകളില്‍ കരുതലുണ്ടാവണം.  അനുഭവപാഠങ്ങള്‍ കരുത്തേകും. സംഘടനകളില്‍ നേതൃപദവിയില്‍ തുടരും. ഉദ്യോഗാര്‍ത്ഥികള്‍ മത്സരപ്പരീക്ഷകള്‍ക്ക് ശരിയാംവണ്ണം തയ്യാറെടുപ്പ് നടത്തും. ബിസിനസ്സ് സ്ഥാപനത്തിന് പുതിയ ശാഖ തുടങ്ങുന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ വരാം. ഭൂമിയില്‍ നിന്നും ആദായം കുറയുന്നത് ആകുലപ്പെടുത്താം. സാഹിത്യം, കല ഇവയിലൂടെ പ്രശംസ നേടാനാവും. അപരിചിത സാഹചര്യങ്ങളില്‍ ജാഗ്രത വേണ്ടതുണ്ട്.

മകം

സാധാരണ കാര്യങ്ങള്‍ മുടങ്ങില്ല. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ആശയക്കുഴപ്പം അനുഭവപ്പെടും. ന്യായാന്യായതകള്‍ തിരിച്ചറിയാന്‍ വിഷമിക്കും. സാമൂഹിക കാര്യങ്ങളില്‍ നിലപാടുകള്‍ മയപ്പെടുത്തേണ്ടി വരാം. പ്രൊഫഷണലുകള്‍ കിടമത്സരങ്ങളെ അഭിമുഖീകരിക്കും. ഗവേഷകര്‍ക്ക്  കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതായി വന്നേക്കും. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും മോശപ്പെട്ട വാരമല്ല. സഹോദരന്റെ സഹായം അവസരോചിതമായി അനുഭവപ്പെടും. തിങ്കള്‍, ചൊവ്വ കൂടുതല്‍ ഗുണകരം.

പൂരം

സാഹചര്യങ്ങള്‍ ഭാഗികമായി അനുകൂലമാണ്. അതിനാല്‍ കര്‍മ്മരംഗത്ത് ജാഗ്രത അനിവാര്യമാണെന്നത് മറക്കരുത്. നിസ്സാരമെന്ന് ബാഹ്യമായി തോന്നുന്ന കാര്യങ്ങള്‍ ഉള്ളിലേക്ക് കടക്കുമ്പോള്‍ കീറാമുട്ടിയായി തോന്നും. കൂട്ടുകെട്ടുകളില്‍ കരുതല്‍ വേണം. ബന്ധുക്കളുടെ വാഗ്ദാനങ്ങള്‍ ഫലവത്താകണമെന്നില്ല. കലാമത്സരങ്ങളില്‍ നേട്ടം പ്രതീക്ഷിക്കാം. അല്പം കൂടി പരിശ്രമിച്ചിരുന്നുവെങ്കില്‍ എന്ന തോന്നല്‍ പിന്നീടുണ്ടാവാനിടയുണ്ട്. ദാമ്പത്യത്തില്‍ സ്വസ്ഥതയുണ്ടാവും. പ്രണയികള്‍ക്ക് സമ്മര്‍ദ്ദങ്ങള്‍ കുറയില്ല.

ഉത്രം

ആശയവിനിമയം കൃത്യമാകാത്തതിനാല്‍ ചില പ്രശ്‌നങ്ങളുണ്ടാവും. അഭിമുഖങ്ങളില്‍ കരുതിയത്ര ശോഭിക്കാന്‍ കഴിഞ്ഞേക്കില്ല.  മകന്റെ ആവശ്യങ്ങള്‍ കൂടിക്കൂടി വരുന്നത് വിഷമിപ്പിക്കും. ചിലരുടെ ഉപദേശം ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് തിരിച്ചറിയും. കരാറുകാര്‍ക്ക് കുടിശിക തുക ലഭിക്കാം. ലഘുതീര്‍ത്ഥാടനത്തിന് അവസരം കൈവന്നേക്കും. നിക്ഷേപങ്ങളില്‍ കരുതലുണ്ടാവണം. രോഗികള്‍ക്ക് ചികില്‍സാമാറ്റത്താല്‍ സമാശ്വാസം ലഭിക്കുന്നതാണ്. കഠിനപാതകള്‍ ഒഴിവാക്കാന്‍ തീരുമാനിക്കുമെങ്കിലും വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതായിരിക്കും. 

അത്തം

ചന്ദ്രസഞ്ചാരം മുഴുവനായും അനുകൂല ഭാവങ്ങളിലല്ലാത്തതിനാല്‍ മനക്ലേശത്തിനും ദേഹാസ്വാസ്ഥ്യത്തിനും സാധ്യത. ചില പ്രതിജ്ഞകള്‍ വേഗത്തില്‍ തന്നെ ലംഘിക്കപ്പെടാം. സഹോദരരുടെ പിന്തുണ ലഭിക്കും. സാങ്കേതിക പഠനത്തില്‍ ഏകാഗ്രത പുലര്‍ത്തും. യുവാക്കളുടെ ജോലിക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതാണ്. സൗഹൃദം പ്രണയത്തിലേക്ക് നീങ്ങാം. കടബാധ്യതകള്‍ പരിഹരിക്കാന്‍ ശ്രമം തുടരുന്നതാണ്. ഹ്രസ്വയാത്രകള്‍ വേണ്ടിവന്നേക്കും. കലാരംഗത്ത് ശോഭിക്കുന്നതാണ്.

ചിത്തിര 

നക്ഷത്രാധിപനായ ചൊവ്വയ്ക്ക്  ഉച്ചസ്ഥിതി വരികയാല്‍ തടസ്സങ്ങള്‍ നീങ്ങുന്നതാണ്. കര്‍മ്മരംഗത്ത് നവോന്മേഷം സംജാതമാകുന്ന തായിരിക്കും. 
ഭൂമി വാങ്ങുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. മത്സരങ്ങളില്‍ മുന്നേറുവാനാവും. വ്യാപാരത്തിലെ ആലസ്യമകലും. വിലപ്പെട്ട പാരിതോഷികങ്ങള്‍ ലഭിക്കാം. സംവാദങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയില്‍ ശോഭിക്കുന്നതാണ്. സംഘടനകളില്‍ അംഗമായവര്‍ക്ക് നേതൃപദവി കിട്ടാനിടയുണ്ട്. പരാശ്രയത്വം ഉണ്ടാവില്ല. സാമ്പത്തിക ഞെരുക്കത്തിന് മാറ്റം വരുന്നതാണ്.

ചോതി 

പ്രയത്‌നത്തിനനുസരിച്ച്  സാമ്പത്തികമായി മെച്ചം ഉണ്ടാവണമെന്നില്ല. കര്‍മ്മരംഗത്ത് സമ്മിശ്രഫലങ്ങളുണ്ടാവും. മേലധികാരികളെ തിരുത്താന്‍ ശ്രമിച്ച് വിരോധം സമ്പാദിക്കാനിടയുണ്ട്. പൊതുക്കാര്യങ്ങളില്‍ കൈക്കൊള്ളുന്ന നടപടികള്‍ക്ക് അംഗീകാരം ലഭിക്കുന്നതാണ്. ക്ഷേത്രോത്സവാദികളുടെ ചുമതല ഏറ്റെടുക്കേണ്ടി വരാം. കലാകാരന്മാര്‍ക്ക് അവസരങ്ങള്‍ കൂടുന്നതാണ്. വായ്പയുടെ തിരിച്ചടവിനായി അല്പം ഞെരുക്കം ഉണ്ടാവാം ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ മറക്കരുത്.

വിശാഖം 

ദൂരദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നാട്ടിലേക്ക് വന്നുപോകാന്‍ സാഹചര്യമുണ്ടാവും. പ്രധാന കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളും. ഭൗതിക നിലവാരം ഉയര്‍ന്നേക്കും. ഓഫീസില്‍ സ്വാതന്ത്ര്യം കുറയുന്നതായി തോന്നാം. ധനപരമായി സൂക്ഷ്മത വേണ്ടതുണ്ട്. കുട്ടികള്‍ പഠനത്തില്‍ അലസരാവാനിടയുണ്ട്. വ്യാപാരത്തില്‍ ലാഭം കുറയില്ല. ദുര്‍വ്യയം ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതാണ്. പ്രണയികള്‍ക്ക് ഭാവിപ്രതീക്ഷകള്‍ നിറം പിടിക്കും. വാരാദ്യ വാരാന്ത്യ ദിവസങ്ങളില്‍ വല്ല മനപ്രയാസവും ഉണ്ടെയെന്നു വരാം.

അനിഴം

സാങ്കേതികജ്ഞാനം പ്രയോജനപ്പെടുന്നതാണ്. ഉന്നതോദ്യോഗസ്ഥരുടെ പിന്തുണ കിട്ടും. കൃത്യാന്തരങ്ങള്‍ കൂടുന്നതാണ്. മുന്‍കൂട്ടി തീരുമാനിച്ചവ വേഗം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതാണ്. സംരംഭങ്ങള്‍ നടത്തുന്നവര്‍ക്ക് ജോലിക്കാരെക്കൊണ്ട് ക്ലേശങ്ങള്‍ വരാനിടയുണ്ട്. വാഹനത്തിന്റെ അറ്റകുറ്റപ്പണി കഴിയുകയാല്‍ വീണ്ടും സഞ്ചാരസുഗമത കൈവരും. പുതുതലമുറയെ മനസ്സിലാക്കാന്‍ ശ്രമിക്കാത്തതിനാല്‍ ഗാര്‍ഹികമായി സൈ്വരം കുറയുന്നതാണ്. കൂട്ടുകച്ചവടത്തില്‍ ആദായം മോശമാവില്ല.

തൃക്കേട്ട

ജ്ഞാനശക്തിയെ കര്‍മ്മശക്തിയുമായി ഇണക്കാനാവും. നവീനമായ ആശയങ്ങള്‍ ആവിഷ്‌കരിക്കും. പ്രശംസ ചൊരിയുന്നവരോട് വിപ്രതിപത്തി തോന്നുന്നതാണ്. സാമ്പത്തിക സഹായം കൈവരാനിടയുണ്ട്. സഹപ്രവര്‍ത്തകരുടെ പ്രോല്‍സാഹനം സന്തോഷിപ്പിക്കും. ഗവേഷകര്‍ക്ക് പുതിയ നിഗമനങ്ങളില്‍ ചെന്നെത്താനാവും.  ലഘുയാത്രകളിലൂടെ മാനസിക സന്തോഷം കണ്ടെത്തുന്നതാണ്.  അനുഷ്ഠാനങ്ങളോട് മടപ്പുതോന്നാം. കൃഷിയോടുള്ള ആഭിമുഖ്യത്തിന് സന്ദര്‍ഭം ഒരുങ്ങും. മങ്ങിയിരുന്ന ആത്മവിശ്വാസം തിളങ്ങുവാനാരംഭിക്കും.

മൂലം

കാര്യസിദ്ധി അനായാസമാവും. സാമൂഹികമായ അംഗീകാരം കൈവരുന്നതാണ്. പഠനത്തോടൊപ്പം കലാമത്സരങ്ങളിലും വിജയിക്കുവാനാവും. എതിരാളികളെ നിഷ്പ്രഭരാക്കാന്‍ കഴിഞ്ഞേക്കും. കിട്ടേണ്ട ധനം അക്കൗണ്ടിലെത്തിച്ചേരും. ഏജന്‍സി ഏര്‍പ്പാടുകള്‍ ലാഭത്തിലേക്ക് നീങ്ങും. പുതിയ കൂട്ടുകെട്ടുകളില്‍ കരുതല്‍ വേണ്ടതുണ്ട്. ബന്ധുവിന്റെ കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ടിറങ്ങും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ അലച്ചിലിനിടയുണ്ട്. ചെലവ് കൂടാം. തര്‍ക്കങ്ങളില്‍ നിന്നൊഴിയണം. ശനിയാഴ്ച സ്വസ്ഥത പ്രതീക്ഷിക്കാം.

പൂരാടം

താരതമ്യേന ഗുണകരമായ വാരമായിരിക്കും. സാമ്പത്തിക ഞെരുക്കം ഒരു പരിധിവരെ പരിഹരിക്കപ്പെടും. അകന്നുപോയ ബന്ധങ്ങള്‍ പഴയസ്ഥിതിയിലാവുന്നതാണ്. സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട രേഖകള്‍ കിട്ടുവാന്‍ സാധ്യതയുണ്ട്. കൈവായ്പ തിരികെ കൊടുക്കാന്‍ സാധിക്കുന്നതാണ്. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ശ്രമിക്കും. പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പ്രതിഭ തെളിയിക്കാനാവും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കരുതല്‍ വേണം. സഹപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുന്നതായിരിക്കും.

ഉത്രാടം

മന്ദീഭവിച്ച സംരംഭം പുനരുജ്ജീവിപ്പിക്കാന്‍ പ്രവര്‍ത്തനം തുടരും. സാങ്കേതികമായ അറിവുകള്‍ പ്രയോജനപ്പെടും. വായ്പയ്ക്കുള്ള അപേക്ഷ പരിഗണിക്കപ്പെടാം. ഔദ്യോഗികമായി ചുമതലകള്‍ കൂടാം. തീര്‍ത്ഥയാത്ര പൂര്‍ത്തിയാക്കുകയാല്‍ മനസ്സന്തോഷം ഭവിക്കും. ഭൂമി സംബന്ധിച്ച വ്യവഹാരം നീളാനിടയുണ്ട്. 
കിട്ടാക്കടം കുശ്ശൈ കിട്ടിയേക്കാം. ഗൃഹനവീകരണം തൃപ്തികരമാവും. കുടുംബകാര്യങ്ങളില്‍ ഉത്സുകത കുറയും. ഉത്സവനടത്തിപ്പിന്റെ ഭാഗമാവുകയാല്‍ വിശ്രമവേളകള്‍ ചുരുങ്ങിയേക്കും.

തിരുവോണം

സഹജവാസനയാല്‍ ചിലതൊക്കെ മുന്‍കൂട്ടി മനസ്സിലാക്കും. പ്രവര്‍ത്തനരംഗത്തെ തടസ്സങ്ങള്‍ ഒഴിയുന്നതാണ്. മേലധികാരികളുടെ പ്രോല്‍സാഹനം ലഭിക്കാം. ധനസ്രോതസ്സുകള്‍ തുറന്നുകിട്ടും. കുറുക്കുവഴികള്‍ ഉപേക്ഷിക്കും. രാഷ്ട്രീയത്തില്‍ ശോഭിക്കുന്നതാണ്. കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനും തിളങ്ങാനും അവസരം സംജാതമാകും. ദാമ്പത്യം സുഖകരമാവും. നവസംരംഭങ്ങളുടെ ആലോചന വീണ്ടും മനസ്സിലിടം പിടിക്കുന്നതാണ്. യാത്രകളില്‍ അഭിരമിക്കും. മാനസികോല്ലാസം പ്രതീക്ഷിക്കാം.

അവിട്ടം

വാരം മുഴുവന്‍ കാമ്യഫലങ്ങളാവും. ഔദ്യോഗികമായി നേട്ടങ്ങള്‍ വരുന്നതാണ്. പുതുതലമുറയ്ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പകരുവാനാവും. പകരക്കാരെ ഒഴിവാക്കി ദൗത്യങ്ങള്‍ സ്വയം ഏറ്റെടുക്കുന്നതിന് മുന്നോട്ടുവരും. രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാവും. ഭാവികാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് സമയം കണ്ടെത്തുന്നതാണ്. മുടങ്ങിക്കിടന്ന കെട്ടിട നിര്‍മ്മാണം പുനരാരംഭിച്ചേക്കും. ജീവകാരുണ്യം/ സാമൂഹ്യ സേവനം എന്നിവയ്ക്ക് നേരം കണ്ടെത്തുന്നതാണ്. കുംഭക്കൂറുകാര്‍ക്ക് ഞായറും, മകരക്കൂറുകാക്ക് ശനിയും ഗുണകരമല്ല.

ചതയം

കര്‍മ്മമേഖലയില്‍ സമാധാനമുണ്ടാവും. തീരുമാനിച്ച കാര്യങ്ങള്‍ നടത്തിയെടുക്കും. സാമൂഹികമായി ആദരവുണ്ടാവും. ഉപജാപങ്ങളെ തള്ളിക്കളയുന്നതാണ്. മുഖസ്തുതിക്കാരെ തിരിച്ചറിയും. വിദ്യാര്‍ത്ഥികള്‍ക്ക് കലാരംഗത്തും ശോഭിക്കാന്‍ കഴിയും. ഞായറും തിങ്കളും മനക്ലേശത്തിന് സാധ്യത. ചൊവ്വയും ബുധനും അലച്ചിലുണ്ടാവും. മറ്റു ദിവസങ്ങളില്‍ സൈ്വരം കുറയില്ല. വിനോദത്തിനും വിശ്രമത്തിനും സന്ദര്‍ഭം ഭവിക്കും. സ്വകാര്യ സ്ഥാപനത്തില്‍ പ്രൊമോഷന്‍ കിട്ടാം. പ്രണയാനുഭവങ്ങള്‍ മനസ്സിനെ പുഷ്‌കലമാക്കുന്നതാണ്.

പൂരൂരുട്ടാതി

ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം പദവിയില്‍ ഉന്മേഷമുണ്ടാവും. അധികാരം സമര്‍ത്ഥമായി വിനിയോഗിക്കും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ശരിയായ തീരുമാനങ്ങള്‍ കൈക്കൊള്ളാനാവും. ദൂരയാത്രകള്‍ വേണ്ടി വരാം. സുഹൃത്തുക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈയ്യെടുക്കും. മത്സരങ്ങളില്‍ ശോഭിക്കുന്നതാണ്. കടം വാങ്ങിയ തുക ഭാഗികമായി കൊടുത്തുതീര്‍ക്കുന്നതിനാവും. സാമ്പത്തികമായി മെച്ചപ്പെടും. എന്നാല്‍ ആഢംബരച്ചെലവുകള്‍ കൂടുന്നതാണ്. പ്രണയികള്‍ക്ക്  എതിര്‍പ്പുകളെ നേരിടേണ്ടി വന്നേക്കും.

ഉത്രട്ടാതി

സര്‍ക്കാരില്‍ നിന്നും ഗുണം പ്രതീക്ഷിക്കാം. അപേക്ഷിച്ച ലൈസന്‍സ് ലഭിക്കും. ഉന്നതാധികാരികളുടെ പ്രോല്‍സാഹനം സാധ്യതയാണ്. ഭൂമിയില്‍ നിന്നും ആദായമുണ്ടാവും. വ്യാപാരികള്‍ക്ക് ഉപഭോക്താക്കളുടെ പ്രിയം നേടാന്‍ കഴിയുന്നതാണ്. ഇഷ്ടാനിഷ്ടങ്ങള്‍ തുറന്നു പറയാന്‍ മടിക്കാത്തതിനാല്‍ ശത്രുക്കളുടെ എണ്ണം കൂടും.  കാര്യാലോചനകളില്‍ അധൃഷ്യത കാട്ടും. ദാമ്പത്യത്തില്‍ സമാധാനമുണ്ടാവും. മകന്റെ പിടിവാശി മനപ്രയാസം സൃഷ്ടിക്കാം.
തിങ്കളും ചൊവ്വയും പുതുകാര്യങ്ങള്‍ തുടങ്ങുവാന്‍ നന്നല്ല. സാഹസങ്ങള്‍ ഒഴിവാക്കണം.

രേവതി

നേരത്തെ ക്ലേശിച്ച കാര്യം ഇപ്പോള്‍ അനായാസം നേടും. വരുമാനമാര്‍ഗം പുഷ്ടിപ്പെടുന്നതാണ്. തിരക്കുകൂടും; ബഹുമാന്യത ഏറുന്നതാണ്. മത്സരങ്ങളിലും അഭിമുഖങ്ങളില്‍ ശോഭിക്കും. കുടുംബബന്ധം കൂടുതല്‍ ഊഷ്മളമാവുന്നതാണ്. യാത്രകള്‍ മൂലം നേട്ടങ്ങളുണ്ടാക്കും. ഗൃഹത്തിന്റെ അറ്റകുറ്റം പൂര്‍ത്തിയാവും. പുതുതലമുറയെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതാണ്. വില്‍ക്കാതെ കിടക്കുന്ന ഭൂമിക്ക് അഡ്വാന്‍സ് ലഭിച്ചേക്കും. ഞായര്‍ മുതല്‍ ചൊവ്വ വരെ ദിവസങ്ങളില്‍ വാഹനം, യന്ത്രം, അഗ്‌നി എന്നിവയുടെ ഉപയോഗത്തില്‍ ജാഗ്രത വേണ്ടതുണ്ട്.