ഈ ആഴ്ച (18-01-2026, 25-01-2026) നിങ്ങള്‍ക്ക് എങ്ങനെ

ചന്ദ്രസഞ്ചാരം അനുകൂല രാശികളിലൂടെയാണ്. കര്‍മ്മമേഖലയില്‍ തടസ്സങ്ങള്‍ അനുഭവപ്പെട്ടാലും അവയെ മറികടക്കും. പുതിയ ആശയങ്ങള്‍ സാക്ഷാല്കരിക്കാന്‍ സാധിക്കുന്നതാണ്.

author-image
Biju
New Update
horo 5

ആദിത്യന്‍ മകരം രാശിയില്‍ ഉത്രാടം നക്ഷത്രത്തിലാണ്. വാരാദ്യ ദിവസമായ ഞായറാഴ്ചയാണ് മകരവാവ് (അമാവാസി). ജനുവരി 19 ന് തിങ്കളാഴ്ച ശിശിര ഋതുവും മാഘമാസവും ആരംഭിക്കുന്നു.  

ചൊവ്വ മകരം രാശിയില്‍ ഉച്ചസ്ഥനാണ്. ഉത്രാടം നക്ഷത്രത്തില്‍ സഞ്ചരിക്കുന്നു. ബുധനും ശുക്രനും മകരം രാശിയിലുണ്ട്. നാല് ഗ്രഹങ്ങള്‍ മകരം രാശിയിലൂടെ കടന്നുപോവുകയാണ്. ചന്ദ്രനുമെത്തുമ്പോള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, ശുക്രന്‍ എന്നീ പഞ്ചഗ്രഹങ്ങള്‍ മകരം രാശിയില്‍ സഞ്ചരിക്കും. 

ശനി മീനം രാശിയിലാണ്. ജനുവരി 20 ന് ഉത്രട്ടാതിയില്‍ പ്രവേശിക്കും. വ്യാഴം മിഥുനത്തില്‍ വക്രഗതി തുടരും. രാഹു കുംഭം രാശിയില്‍ ചതയം നക്ഷത്രത്തിലും കേതു ചിങ്ങം രാശിയില്‍ പൂരം നക്ഷത്രത്തിലും സഞ്ചരിക്കുന്നു.

ഈ ഗ്രഹനിലയെ മുന്‍നിര്‍ത്തി അശ്വതി മുതല്‍ രേവതി വരെയുള്ള നാളുകളില്‍ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.

അശ്വതി

ചന്ദ്രസഞ്ചാരം അനുകൂല രാശികളിലൂടെയാണ്. കര്‍മ്മമേഖലയില്‍ തടസ്സങ്ങള്‍ അനുഭവപ്പെട്ടാലും അവയെ മറികടക്കും. പുതിയ ആശയങ്ങള്‍ സാക്ഷാല്കരിക്കാന്‍ സാധിക്കുന്നതാണ്. സഹപ്രവര്‍ത്തകരുടെ പിന്തുണ കരുത്തേകും. കൃത്യമായ നിരീക്ഷണങ്ങളിലൂടെ പോരായ്മകള്‍ തിരുത്തുവാന്‍ ആവശ്യമായ കാര്യങ്ങള്‍ കൈക്കൊള്ളും. സൗഹൃദം പുഷ്ടിപ്പെടും. മനസ്സില്‍ വിലോലഭാവങ്ങള്‍ ചിറകടിക്കും. ധനാഗമമാര്‍ഗങ്ങള്‍ തുറന്നുകിട്ടുന്നതാണ്. വെള്ളി, ശനി ദിവസങ്ങളില്‍ യാത്രാക്ലേശം, ദേഹക്ഷീണം,  വ്യയാധിക്യം ഇവ അനുഭവത്തില്‍ വരാം.

ഭരണി

ജന്മരാശിയുടെ അധിപനായ ചൊവ്വ ഉച്ചത്തിലാവുകയാല്‍ മനസ്ഥൈര്യം വീണ്ടെടുക്കും. സ്വന്തം ഇഷ്ടങ്ങളില്‍ ചിലതെങ്കിലും സാക്ഷാല്കരിക്കാനാവും. കര്‍മ്മരംഗത്ത് തടസ്സങ്ങളുണ്ടാവില്ല. ഒപ്പമുള്ളവരുടെ നിര്‍ലോഭമായ സഹകരണം കൈവരുന്നതാണ്. സാങ്കേതിക കാര്യങ്ങളില്‍ അറിവ് നേടും. ഇടനാഴികളിലെ ഉപജാപങ്ങളെ നിരാകരിക്കുവാനാവും. പ്രണയികള്‍ക്കിടയില്‍ ഐക്യം ദൃഢമാവുന്നതാണ്. സാമ്പത്തിക കാര്യങ്ങള്‍ സുഗമമാവും. ദാമ്പത്യത്തില്‍ സംതൃപ്തി ഭവിക്കും. സന്താനങ്ങളുടെ ശ്രേയസ്സ് സന്തോഷത്തിന് കാരണമാകും. വെള്ളി, ശനി അലച്ചിലുണ്ടാവും. ചെലവേറാം.

കാര്‍ത്തിക

തൊഴിലിന്റെ വളര്‍ച്ചയ്ക്ക് ഒട്ടൊക്കെ അനുകൂലമായ സാഹചര്യമാണ്. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളുടെ പിന്തുണ കിട്ടും. കുടുംബകാര്യങ്ങള്‍ക്ക് കൂടുതലായി സമയം മാറ്റിവെക്കും. ക്ഷേത്രദര്‍ശനവും സമര്‍പ്പണങ്ങളും സാധ്യമാകും. സര്‍ക്കാരില്‍ നിന്നുമുള്ള  അനുമതിരേഖ പ്രതീക്ഷിക്കാം. കൈവായ്പകള്‍ മടക്കിക്കിട്ടുന്നതാണ്. ഊഹക്കച്ചവടത്തില്‍ നിന്നും മറ്റും ധനാഗമമുണ്ടാവും. കൂടിയാലോചനകളില്‍ ശക്തമായ നിലപാടുകള്‍ കൈക്കൊള്ളും. മാതിപിതാക്കളുടെ ആരോഗ്യകാര്യത്തില്‍ കരുതല്‍ വേണം.

രോഹിണി

ഞായര്‍ മുതല്‍ ചൊവ്വ വരെ ദിവസങ്ങളില്‍ സമ്മര്‍ദ്ദങ്ങള്‍ പ്രവര്‍ത്തന മേഖലയില്‍ നിഴലിക്കാം. ചിലരുടെ കുതന്ത്രങ്ങള്‍ താത്കാലികമായി ക്ലേശിപ്പിച്ചേക്കും. 
തെറ്റായ തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധയുണ്ടാവണം. ബുധന്‍ മുതല്‍ ന്യായമായ ആവശ്യങ്ങള്‍ നടന്നുകിട്ടും. ആത്മവിശ്വാസം തിരികെ ലഭിക്കാം. ദൗത്യങ്ങളില്‍ മുന്നേറുന്നതിന് കഴിയുന്നതാണ്. വിശ്രമിക്കാനും വിനോദിക്കാനും സന്ദര്‍ഭങ്ങള്‍ കുറയില്ല. അപ്രതീക്ഷിത ധനാഗമത്തിന് സാധ്യതയുണ്ട്.

മകയിരം

തുടക്കത്തിലെ പിരിമുറുക്കം ഒഴിച്ചാല്‍ ഗുണപ്രദമായ വാരമാണ്. കൃത്യമായ നിഗമനങ്ങളും ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനവും ലക്ഷ്യത്തിലെത്താന്‍ വഴിയൊരുക്കും. സുഹൃത്തുക്കളുടെ പിന്തുണ കരുത്തേകുന്നതാണ്.  വീട് വാടകയ്‌ക്കെടുക്കാന്‍ ആളുണ്ടാവും. സംഘടനകളോട് വീണ്ടും ഇണങ്ങും. പദവികള്‍ വാഗ്ദാനം ചെയ്യപ്പെടും. കലാപ്രവര്‍ത്തനം അഭംഗുരമാവും. ബന്ധുക്കളെ ഒന്നിപ്പിക്കാനുള്ള ശ്രമം പൊളിയാം. ദുസ്സാഹസങ്ങള്‍ക്ക് മുതിരരുത്. രോഗികള്‍ക്ക് ആശ്വാസകാലമാണ്. വാഗ്ദാനം പാലിക്കാന്‍ ക്ലേശിക്കും.

തിരുവാതിര

ഉന്മേഷത്തോടെ പ്രവര്‍ത്തിക്കാനാവും.  സാമൂഹിക പ്രതിബന്ധത ആദരിക്കപ്പെടും.  നീതിപൂര്‍വ്വകമായ സമീപനത്തില്‍ മുറുകെപ്പിടിക്കും.  സാമ്പത്തിക കാര്യങ്ങളുടെ കണക്ക് സൂക്ഷിക്കാന്‍ മറക്കരുത്. മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന്  ലോണിന് സ് അപേക്ഷേക്കാം. പ്രധാനപ്പെട്ട കാര്യങ്ങള്‍ നടപ്പിലാക്കാന്‍ തിങ്കളും ചൊവ്വയും ഗുണകരമല്ല. ആരോഗ്യ ജാഗ്രത വേണ്ടതുണ്ട്.

പുണര്‍തം

സ്വയം തീരുമാനിച്ച കാര്യങ്ങള്‍ അഭംഗുരമായി നിര്‍വ്വഹണത്തിലെത്തിക്കും. പുതിയതിനോട് ഇഷ്ടം പുലര്‍ത്തുമ്പോഴും പഴമയെ തിരസ്‌കരിക്കുകയില്ല .  തൊഴിലിടത്തില്‍ സൗഹൃദാന്തരീക്ഷം നിലനില്‍ക്കും. കൂട്ടുബിസിനസ്സ് പുഷ്ടിപ്പെടുന്നതാണ്. മുടക്കിയ പണം മടക്കിക്കിട്ടിത്തുടങ്ങാം. നയതന്ത്രത്തില്‍ വിജയം കാണും. കുടുംബകാര്യങ്ങള്‍ക്ക് വേണ്ടത്ര സമയം കിട്ടിയില്ലെന്നുവരാം. മകന്റെ ജോലിക്കാര്യത്തില്‍ ശുഭസൂചന ലഭിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നവാരംഭങ്ങള്‍ ഒഴിവാക്കുക കരണീയം.

പൂയം

സമ്മിശ്രമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ചില തടസ്സങ്ങള്‍ ഉണ്ടാവുമെങ്കിലും നിശ്ചയിച്ചതിന്‍വണ്ണം പ്രവര്‍ത്തിക്കാനാവും. അധികാരികളോട് തര്‍ക്കിക്കേണ്ടിവരുന്നതാണ്. യാത്രകള്‍ കൊണ്ട് നേട്ടങ്ങള്‍ ഉണ്ടാവണമെന്നില്ല. ബന്ധുക്കളുടെ പ്രശ്‌നങ്ങള്‍ക്ക് പോംവഴി നിര്‍ദ്ദേശിക്കുന്നതാണ്. എന്നാല്‍ അതുസംബന്ധിച്ച ആരോപണങ്ങള്‍ നേരിട്ടേക്കാം. ധനവരവ് മോശമാവില്ലെങ്കിലും ചെലവ് നിയന്ത്രിക്കാന്‍ കഴിവില്ല. പ്രണയികള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉയരാം. ബുധനും വ്യാഴനും അഷ്ടമരാശിയാകയാല്‍ ജാഗ്രത അനിവാര്യം.

ആയില്യം

ഏഴാം ഭാവത്തില്‍ ഗ്രഹാധിക്യം ഉള്ളതിനാല്‍ സര്‍വത്ര ആശയക്കുഴപ്പം അനുഭവപ്പെടും. ഇച്ഛയും ക്രിയയും സമന്വയിക്കപ്പെടണമെന്നില്ല. പുതിയ കാര്യങ്ങള്‍ക്കായി അലച്ചിലുണ്ടാവും. സര്‍ക്കാരില്‍ നിന്നും അനുമതി കിട്ടാന്‍ ശ്രമം തുടരും. കൂട്ടുകാരുടെ വാക്കുകളെ അമിതമായി വിശ്വസിക്കുന്നതായി വീട്ടുകാര്‍ ആരോപിച്ചേക്കാം.  ദാമ്പത്യത്തില്‍ തൃപ്തി കുറയും. വാഗ്ദാനം പാലിക്കാനായേക്കും. പുതിയ തലമുറയോട് അനുരഞ്ജനത്തിന് മുതിരുന്നതാണ്. ആഴ്ചമധ്യത്തിലെ ദിവസങ്ങളില്‍ ആലസ്യം അനുഭവപ്പെടും.

മകം

പ്രയത്‌നത്തിന് ഉചിതമായ പ്രതിഫലം ലഭിക്കുന്നതാണ്. കഴിവുകളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളതിനാല്‍ ദൗത്യങ്ങളില്‍ വിവേകം പുലരും. സംരംഭകര്‍ ബാലാരിഷ്ടകളെ മറികടക്കുന്നതാണ്. സാങ്കേതിക വിദഗ്ദ്ധരുടെ ഉപദേശം കൈക്കൊള്ളം. എതിര്‍ശബ്ദങ്ങളെ ഭയപ്പെടുകയില്ല. മത്സരങ്ങളില്‍ ആരോഗ്യകരമായ നിലപാട് സ്വീകരിക്കുന്നതാണ്. ഭാവികാര്യങ്ങളില്‍ മുന്‍കൂട്ടി തന്നെ വ്യക്തമായ തീരുമാനങ്ങളിലെത്തും. ധനപരമായി സമ്മര്‍ദ്ദങ്ങളുണ്ടാവില്ല. ഗാര്‍ഹികമായി ഒട്ടൊക്കെ സൈ്വരം ഭവിക്കുന്നതാണ്. ശനിയാഴ്ച കൂടുതല്‍ ജാഗ്രത വേണം.

പൂരം

ആത്മവിശ്വാസം വാക്കിലും കര്‍മ്മത്തിലും നിറയും. പഴമയില്‍ നിന്നും പഠിച്ച പാഠങ്ങള്‍ പുതുമയില്‍ ഉള്‍പ്പെടുത്തും. സാഹചര്യങ്ങള്‍ക്കനുസരിച്ച് നീന്തിമുന്നേറാന്‍ മനസ്സിന് പാകം ഉണ്ടാവുന്നതാണ്. പരീക്ഷകള്‍ക്ക് മുന്നേകൂട്ടി തയ്യാറെടുപ്പ് തുടങ്ങും.  ഔദ്യോഗിക കൃത്യനിര്‍വഹണം സ്തുത്യര്‍ഹമാവും. നീതിബോധം കാറ്റില്‍ പറത്തുന്നവരോട് കലഹിക്കും. തിരക്കുകള്‍ക്കിടയിലും ജീവകാരുണ്യത്തിന് നേരം കണ്ടെത്തുന്നതാണ്. കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. വാരാന്ത്യം ശുഭത്വം കുറയും.

ഉത്രം

പുതുകാര്യങ്ങള്‍ തുടങ്ങുന്നതിലേ തടസ്സങ്ങള്‍ നീങ്ങും. സര്‍ക്കാര്‍ നിലപാടുകള്‍ ഗുണകരമായി പ്രയോജനപ്പെടുത്തും. മനസ്സില്‍ ഉന്മേഷം നിറയുന്നതാണ്. ഔദ്യോഗിക രംഗത്ത് കൂടുതല്‍ സക്രിയരാവും. സര്‍ഗാത്മകത അംഗീകരിക്കപ്പെടും. കണ്ടെത്തലുകള്‍ ശരിയാണെന്ന് ബോധ്യമാവും.  സാമ്പത്തിക നിര്‍വഹണത്തില്‍ കൂടുതല്‍ ശ്രദ്ധവേണ്ടതുണ്ട്. സുഹൃത്തിന്റെ പ്രശ്‌നത്തിന് ഉചിതമായ പോംവഴി നിര്‍ദ്ദേശിക്കാനാവും. ബിസിനസ്സ് യാത്രകള്‍ സാമാന്യമായി വിജയിക്കും.  മകളുടെ ഉന്നത പഠനത്തില്‍ ആലോചനകള്‍ തുടരും.

അത്തം

ചന്ദ്രസഞ്ചാരം ആശയക്കുഴപ്പത്തിനും അതുപോലെ ആഹ്‌ളാദത്തിനും കാരണമാകും. ആവശ്യവും അനാവശ്യവും ചിന്തിച്ചുകൂട്ടും. അവസാന നിമിഷം പലതും ചെയ്യേണ്ടതായി വന്നേക്കും. പുതുതലമുറയുമായി പൊരുത്തപ്പെടാനാവാതെ വിഷമിച്ചേക്കും. ഗൃഹാന്തരീക്ഷത്തില്‍ സമാധാനം വന്നുംപോയുമിരിക്കും. പഠനത്തില്‍ അലസതയ്ക്ക് സാധ്യത കാണുന്നു. സാമ്പത്തികമായി മോശം കാലമല്ല.  രോഗികള്‍ക്ക് കുറച്ചൊക്കെ ആശ്വാസം ഭവിക്കുന്നതാണ്. ഗതകാലസ്മരണകള്‍ അയവിറക്കുന്നതില്‍ ആഹ്‌ളാദം അനുഭവിക്കും.

ചിത്തിര

ഒരുപാടു കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതായി വരുമെങ്കിലും കൃത്യനിഷ്ഠയും ആത്മാര്‍ത്ഥതയും പ്രശംസിക്കപ്പെടും. ഔദ്യോഗിക കാര്യങ്ങളില്‍  സംതൃപ്തിയുണ്ടാവും.   പുതിയ സാഹചര്യങ്ങളോട് വേഗം പൊരുത്തപ്പെടും. മകന്റെ നിര്‍ബന്ധശീലം വിഷമിപ്പിക്കും. സാഹിത്യകാരന്മാര്‍ക്ക് ഭാവനാവിലാസം അഭംഗുരമാവും. വാഹനം വാങ്ങുന്നതിന് കാലതാമസം വരുന്നതാണ്.  വായ്പയുടെ തിരിച്ചടവ് മുടങ്ങില്ല. വാരമധ്യത്തിലെ ദിവസങ്ങള്‍ക്ക് മേന്മ കൂടുതലായിരിക്കും.

ചോതി

ആത്മവിശ്വാസത്തോടുകൂടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് വരാം. തീരുമാനിച്ച കാര്യങ്ങളില്‍ പിന്നെയും ആലോചനയുണ്ടാവും. നാലാമെടത്തെ ഗ്രഹബാഹുല്യം മാനസിക ക്ലേശം ഉണ്ടാക്കും. ഉന്മേഷം നഷ്ടമാകുന്നതാണ്. ആഢംബരങ്ങളോട് ആകര്‍ഷണം തോന്നും. കോസ്‌മെറ്റിക് വസ്തുക്കള്‍ നിര്‍ലോഭം വാങ്ങും. ഗൃഹനവീകരണം  തുടരുന്നതാണ്. കലാരംഗത്ത് അവസരങ്ങള്‍ കുറയില്ല. സൗഹൃദം പുഷ്ടിപ്പെടും. മേലധികാരികളോട്  കലഹിക്കുന്നതാണ്. മിത്രത്തെയും ശത്രുവിനെയും തിരിച്ചറിയാന്‍ പറ്റാതെയാവും.

വിശാഖം

വിശ്വസിക്കുന്ന കാര്യങ്ങളില്‍ ഇളക്കം തട്ടുവാനിടയുണ്ട്. ചിലപ്പോള്‍ കൂടുതല്‍ സംസാരിക്കും. ചിലപ്പോള്‍ തീര്‍ത്തും മൗനാവലംബികളാവും. സഹായ വാഗ്ദാനങ്ങള്‍ പാലിക്കാത്തവരോട് നീരസം കാട്ടും. ഔദ്യോഗികമായി സമ്മിശ്രമായ ഫലങ്ങള്‍ പ്രതീക്ഷിക്കാം. ചുമതലകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ക്ലേശിക്കുന്നതാണ്. കുടുംബത്തിന്റെ ആവശ്യകതകള്‍ കൂടുന്നതാണ്. സ്ത്രീകളുടെ പിന്തുണയുണ്ടാവും. സാമ്പത്തിക നിക്ഷേപങ്ങളില്‍ ജാഗ്രത അനിവാര്യമാണ്. ഉത്സവാദികള്‍ക്ക് സക്രിയമായ നേതൃത്വം വഹിക്കുന്നതായിരിക്കും.

അനിഴം

മൂന്നാമെടത്ത് ഗ്രഹാധിക്യം തുടരുന്നതിനാല്‍ പലതരം സഹകരണ സഹായങ്ങള്‍ പ്രതീക്ഷിക്കാം. രാഷ്ട്രീയത്തില്‍ ശോഭിക്കും.  ജനകീയാടിത്തറ ഉയരുന്നതാണ്. സ്വന്തം ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയാനും ചിലതൊക്കെ തിരുത്താനും ശ്രമിക്കും. വിദ്യാര്‍ത്ഥികള്‍ ആലസ്യം വിട്ടുണരും. അപ്രസക്ത കാര്യങ്ങള്‍ ഒഴിവാക്കാനും മുഖ്യത്വമുള്ള കാര്യങ്ങളില്‍ മനസ്സുറപ്പിക്കാനുമാവും. കഴിവുകള്‍ക്ക് പാരിതോഷിക ലഭിക്കുന്നതാണ്. ഉന്നതാധികാരികള്‍ നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്യും.

തൃക്കേട്ട

ന്യായമായ ആഗ്രഹങ്ങള്‍ നിറവേറ്റാനാവും. അഭിമുഖങ്ങളില്‍ ശോഭിക്കുന്നതാണ്. സാങ്കേതിക വകുപ്പില്‍ ജോലി കിട്ടാനിടയുണ്ട്. കരാറുകള്‍ തുടരപ്പെടുന്നതാണ്. ബിസിനസ്സുകാര്‍ക്ക് വിപണിയുടെ സപ്ന്ദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനാവും. ഭൂമിയിടപാടില്‍ ലാഭം ഇരട്ടിയാവും. വിദ്യാര്‍ത്ഥികള്‍ക്ക് ഏകാഗ്രതയുണ്ടാവും.  പ്രണയികള്‍ക്ക് ആഹ്‌ളാദിക്കാന്‍ സന്ദര്‍ഭം വന്നെത്തുന്നതാണ്. ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനൊപ്പം ആത്മികമായുള്ള താത്പര്യങ്ങളും വര്‍ദ്ധിക്കും. തീര്‍ത്ഥാടനങ്ങള്‍ ആസൂത്രണം ചെയ്യും.

മൂലം

വാക്കുകള്‍ ചിലപ്പോള്‍ ആജ്ഞാഭാവം നിറയുന്നതായേക്കാം.  അധികാരമുളള വര്‍ക്ക് ശോഭിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവും. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറായേക്കും. അഭിമുഖങ്ങളില്‍ നല്ല പ്രകടനം നടത്തും. സ്വന്തം സ്ഥാപനത്തിന് പുതിയ ശാഖകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചില ആശയവിനിമയങ്ങള്‍ നടക്കും. ബന്ധുഗൃഹത്തിലെ മംഗളകര്‍മ്മങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നതാണ്. സ്വയം മാറാന്‍ കൂട്ടാക്കില്ല; എന്നാല്‍ മറ്റുള്ളവരോട് അക്കാര്യം ഉപദേശിക്കും. വ്യവഹാരങ്ങള്‍ നീളാനിടയുണ്ട്.

പൂരാടം

ജീവിതസാഹചര്യങ്ങളില്‍ ഗുണപരമായ മാറ്റം പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നതായിരിക്കും. അനുഭവപാഠങ്ങള്‍ പ്രയോജനപ്പെടുത്തുവാനാവും. കുടുംബകാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്തുന്നതാണ്. വരുമാന മാര്‍ഗം പ്രത്യേക പരിശ്രമം കൂടാതെ തന്നെ ഉയരുന്നതായിരിക്കും.  ജോലി തേടുന്നവര്‍ക്ക്  അവസരങ്ങള്‍ തെളിയുമെങ്കിലും അര്‍ഹതയ്‌ക്കൊത്ത പദവി ലഭിക്കാന്‍ അല്പം കൂടി കാത്തിരിപ്പ് ആവശ്യമാണ്. ഗവേഷണവിഷയവുമായി ബന്ധപ്പെട്ട യാത്രകള്‍ ഉണ്ടാവും. ജന്മനാട്ടിലെ ഉത്സവാദികളില്‍ സംബന്ധിക്കും. ഞായര്‍, ബുധന്‍, വ്യാഴം ദിവസങ്ങള്‍ക്ക് മേന്മകൂടും.

ഉത്രാടം

ഉത്സാഹവും ഉന്മേഷവും കുറയരുത് എന്നാഗ്രഹിക്കും. എന്നാല്‍ പ്രവര്‍ത്തികളില്‍ ആലസ്യം അനുഭവപ്പെടും. പാപഗ്രഹങ്ങള്‍ ജന്മനക്ഷത്രത്തില്‍ തുടരുകയാല്‍ വൈകാരിക ക്ഷോഭം ഉണ്ടാവും. നിയന്ത്രണം വേണ്ടതുണ്ട്. ബിസിനസ്സില്‍ പകരക്കാരെ / പാര്‍ട്ണര്‍മാരെ വെക്കുന്നത് കരുതലോടെ വേണം. സാമ്പത്തിക ഇടപാടുകളുടെ കണക്കുകള്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും. വിരുന്നുകളിലും ക്ഷേത്രചടങ്ങുകളിലും പങ്കെടുക്കുന്നതിന് സന്ദര്‍ഭം വന്നെത്തും. വാരമധ്യത്തിലെ ദിവസങ്ങള്‍ക്ക് മെച്ചം മേറും.

തിരുവോണം

ജന്മരാശിയില്‍ ചതുര്‍ -പഞ്ചഗ്രഹ യോഗം വരികയാല്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദങ്ങളെ നേരിടേണ്ടി വരുന്നതാണ്. ആലസ്യം അനുഭവപ്പെടും. എന്നാല്‍ അനാവശ്യമായ തിടുക്കവും ഒഴിവാക്കണം. സാമ്പത്തിക കാര്യങ്ങളില്‍ കണിശത പുലര്‍ത്തണം. സാഹസകര്‍മ്മങ്ങള്‍ ഒഴിവാക്കുന്നത് നന്ന്. ജോലിസ്ഥലത്ത് ചെറിയ നേട്ടങ്ങള്‍ വരും. കലാപ്രവര്‍ത്തനത്തിലെ തടസ്സങ്ങള്‍ നീങ്ങുന്നതാണ്. സഹപ്രവര്‍ത്തകര്‍ മടിച്ചുമടിച്ചാണെങ്കിലും കഴിവുകളെ അംഗീകരിക്കും. ഉപാസനാദികളില്‍ അഭയം കണ്ടെത്തും.

അവിട്ടം

ഭാവികാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. സര്‍വ്വത്ര ആശയക്കുഴപ്പം എന്ന സ്ഥിതിയുണ്ടായേക്കും.  താത്കാലിക ജോലി ലഭിക്കാനിടയുണ്ട്.  ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റക്കാര്യത്തില്‍ ശുപാര്‍ശ ഫലിച്ചേക്കില്ല. വീടുവിട്ടുനില്‍ക്കേണ്ട സാഹചര്യം സംജാതമാകുന്നതാണ്. പഠിച്ചറിഞ്ഞ സാങ്കേതിക കാര്യങ്ങള്‍ പലതും ഓര്‍മ്മയില്‍ നില്‍ക്കില്ല. ഏജന്‍സി ഏര്‍പ്പാടുകള്‍ ലാഭകരമായേക്കും. എന്നാല്‍ കൂടുതല്‍ പണം മുടക്കുന്നത് ഗുണമായേക്കില്ല. സുഹൃത്തുക്കളുടെ പിന്തുണ കരുത്തേകും. കുടുംബ ജീവിതത്തില്‍ പിണക്കവും ഇണക്കവും ആവര്‍ത്തിക്കും.

ചതയം

ജന്മനക്ഷത്രത്തില്‍ രാഹു; പന്ത്രണ്ടാം ഭാവത്തില്‍ നാല്/അഞ്ച് ഗ്രഹങ്ങളും. ചതയം നാളുകാര്‍ക്ക് മനസ്സമാധാനം കുറയുന്ന കാലമാണ്. ലഘുവായ നേട്ടങ്ങള്‍ക്കു പോലും ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടി വരുന്നതാണ്. സ്വന്തം ബിസിനസ്സില്‍ നിന്നും ആദായം കുറയുവാനിടയുണ്ട്. വിപുലീകരണം, പുതിയ പാര്‍ട്‌ണേഴ്‌സിനെ ചേര്‍ക്കല്‍, ശാഖ ആരംഭിക്കുന്നത് തുടങ്ങിയവയ്ക്ക് ഇപ്പോള്‍ ഗ്രഹാനുകൂല്യമില്ല. ചെറിയ/ വലിയ യാത്രകള്‍ വേണ്ടിവരുന്നതാണ്. വ്യയം അധികരിക്കും. അല്പലാഭം കൊണ്ട് തൃപ്തിപ്പെടേണ്ടതുണ്ട്.

പൂരൂരുട്ടാതി

സമയോചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കഴിഞ്ഞേക്കില്ല.  തൊഴിലിടത്തില്‍ പിരിമുറുക്കമുണ്ടാവും. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അധ്വാനഭാരം കൂടുന്നതാണ്. സാമ്പത്തികമായിട്ടുള്ള കബളിപ്പിക്കല്‍ പറ്റാതിരിക്കാന്‍ കരുതലുണ്ടാവണം. ചിലര്‍ക്ക് താത്കാലികമായി വീടുവിട്ടുനില്‍ക്കേണ്ടി വരുന്നതാണ്. പാദരോഗം, വാതം ഇവ ഉപദ്രവിക്കാം. കമ്മീഷന്‍, ഏജന്‍സി എന്നിവയിലൂടെ ധനാഗമമുണ്ടാവും. കാര്യനിര്‍വഹണത്തില്‍ പരാശ്രയം ഭവിക്കുന്നതാണ്. വാഹനം ഉപയോഗിക്കുന്നതില്‍ ശ്രദ്ധ വേണം.

ഉത്രട്ടാതി

ജന്മനക്ഷത്രത്തിലേക്ക് ശനി പ്രവേശിക്കുകയാണ്. പതിനൊന്നില്‍ ഗ്രഹസമൃദ്ധിയാണ്. ആലസ്യം അനുഭവപ്പെടും. എന്നാലും കാര്യങ്ങള്‍ ഭംഗിയായി നടന്നുകൂടും. സാമ്പത്തികമായി മെച്ചമുണ്ടാവുന്ന വാരമാണ്. കിട്ടേണ്ടതുക കൈവശമെത്തിച്ചേരുന്നതാണ്. ഇടനാഴികളിലെ ഉപജാപം തിരിച്ചറിയുവാനാവും. അധികാരികള്‍ പ്രോല്‍സാഹിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ പരീക്ഷകള്‍ക്കുള്ള കൃത്യമായ തയ്യാറെടുപ്പ് തുടങ്ങും. പ്രണയജീവിതത്തില്‍ തടസ്സങ്ങള്‍ അകലുന്നതായി അനുഭവപ്പെടും.

രേവതി

ജന്മശനിക്കാലമാണെന്നത് മറക്കത്തക്ക ഗുണപുഷ്‌കലത വന്നെത്തും. കര്‍മ്മമേഖലയില്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ഒപ്പമുള്ളവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കും. കടം വാങ്ങിയ തുക ഭാഗികമായി മടക്കിനല്‍കാനാവും. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധയുണ്ടാവും. കിടപ്പ് രോഗികള്‍ക്ക് സമാശ്വാസം പ്രതീക്ഷിക്കാം. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതാണ്. കലാരംഗത്തുള്ളവര്‍ക്ക് പാരിതോഷികം/ അംഗീകാരം കിട്ടും. കുടുംബ ജീവിതത്തില്‍ സ്വാസ്ഥ്യം പുലരുന്നതാണ്. ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ നിറയും.