/kalakaumudi/media/media_files/2026/02/01/horo-2026-02-01-08-38-05.jpg)
ആദിത്യന്‍ മകരം രാശിയില്‍ തിരുവോണം -അവിട്ടം ഞാറ്റുവേലകളില്‍ സഞ്ചരിക്കുന്നു. ഫെബ്രുവരി ഒന്നിനാണ് മകര പൗര്‍ണമി. ഫെബ്രുവരി 2 ന് കൃഷ്ണപക്ഷം തുടങ്ങും. ചൊവ്വ ഉച്ചത്തില്‍ മകര രാശിയില്‍, മൗഢ്യാവസ്ഥയില്‍ തുടരുന്നു. ബുധനും ശുക്രനും മകരത്തിലാണ് വാരാദ്യം. 3 ന് ബുധനും, 5 ന് ശുക്രനും കുംഭം രാശിയില്‍ പ്രവേശിക്കും. ഇരുഗ്രഹങ്ങള്‍ക്കും ഈയാഴ്ച മൗഢ്യം തീരുന്നുമുണ്ട്.
വ്യാഴം വക്രഗതിയില്‍ മിഥുനം രാശിയില്‍ സഞ്ചരിക്കുന്നു. ശനി മീനം രാശിയിലാണ്. രാഹു കുംഭത്തിലും കേതു ചിങ്ങത്തിലും പിന്‍ഗതി തുടരുന്നു. ഈ ഗ്രഹനിലയെ മുന്‍നിര്‍ത്തി അശ്വതി മുതല്‍ രേവതി വരെയുള്ള എല്ലാ നാളുകളിലും ജനിച്ചവരുടെ വാരഫലം ഇവിടെ വിശദീകരിക്കുന്നു.
അശ്വതി
സാമാന്യം ഉന്മേഷകരമായ വാരമാണ്. പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയുണ്ടാവും. കൂടുതല്‍ ആലോചിക്കാതെ കര്‍മ്മനിരതരാവും. വ്യാപാര വ്യവസായങ്ങളില്‍ വളര്‍ച്ച കൂടുന്നതായിരിക്കും. സുഹൃത്തുക്കള്‍ക്കായി കുറെ കാര്യങ്ങള്‍ ചെയ്യുന്നതാണ്. അവയുടെ ഫലം ചിലപ്പോള്‍ പ്രതീക്ഷിച്ച പോലെ ആവണമെന്നില്ല. ഗാര്‍ഹികാന്തരീക്ഷം മെച്ചപ്പെടാനിടയുണ്ട്. പല കാര്യങ്ങളിലും 'തൊട്ടു, തൊട്ടില്ല' എന്ന മനോഭാവം പുലര്‍ത്തിയേക്കാം. സാമ്പത്തിക അച്ചടക്കം പുലര്‍ത്തേണ്ട കാലം കൂടിയാണ്. വാരമധ്യ ദിവസങ്ങളില്‍ ഉറക്കക്കുറവ് അനുഭവപ്പെടുന്നതാണ്.
ഭരണി
യാത്രകള്‍ സഫലമാവും. ലക്ഷ്യം നേടാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടാവും. പുതുപരിചയങ്ങള്‍ സന്തോഷിപ്പിക്കും. കര്‍മ്മരംഗത്ത് പ്രോല്‍സാഹനം ലഭിക്കുന്നതാണ്. സഹജ സിദ്ധികള്‍ കൊണ്ട് കാര്യനിര്‍വഹണം ഭംഗിയാക്കാനാവും. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കാന്‍ മുന്നോട്ടുവരും. പലതും ചെയ്യാനുണ്ടെന്ന ഉത്സാഹം വളരും. കലാരംഗത്തെ ശുഷ്‌കത നീങ്ങി സക്രിയത വന്നെത്തുന്നതാണ്. പ്രണയ ജീവിതം ശാന്തമായൊഴുകും. വാരാന്ത്യ ദിവസങ്ങള്‍ കൂടുതല്‍ ഗുണകരമാവുന്നതാണ്.
കാര്‍ത്തിക
തൊഴിലിടത്തില്‍ സമാധാനമുണ്ടാവുന്നതാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ടുവരും. വ്യക്തമായ കാഴ്ചപ്പാടോടുകൂടി ആലോചനായോഗങ്ങളില്‍ അഭിപ്രായം പറയും. സംരംഭകര്‍ക്ക് വായ്പാസഹായം ലഭിക്കും. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ മാതാപിതാക്കളുടെ സവിശേഷ ശ്രദ്ധ ആവശ്യമായ ഘട്ടമാണ്. ധനവരവ് തൃപ്തികരമായിരിക്കും. ചെലവില്‍ നിയന്ത്രണം വേണം. എതിര്‍ക്കുന്നവരെ തമസ്‌കരിക്കുവാ നാവും. ഉത്സവങ്ങളില്‍ പങ്കെടുക്കുവാന്‍ സന്ദര്‍ഭം സംജാതമാകും.
രോഹിണി
സത്കാര്യങ്ങള്‍ക്ക് നേതൃത്വം വഹിക്കാനാവും. ആത്മസംതൃപ്തിയുള്ള കാര്യങ്ങള്‍ നിര്‍വഹണത്തിലെത്തിക്കും. സഭകളില്‍ ശോഭിക്കുവാന്‍ അവസരം പിറക്കുന്നതാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായിത്തീരും. പുതിയ പരിചയങ്ങള്‍ ഉണ്ടാവും. അവ ഭാവിയില്‍ പ്രയോജനപ്രദമാവാം. കൊടുക്കല്‍ വാങ്ങലുകളില്‍ ശ്രദ്ധ പുലര്‍ത്തണം. അമിതമായ ആത്മവിശ്വാസം ദോഷം ചെയ്യാം. ഗൃഹം മോടി പിടിപ്പിക്കുവാന്‍ തീരുമാനിക്കും. പുതുതലമുറയുടെ ചിന്തകളോടും വാക്കുകളോടും പൊരുത്തപ്പെടാന്‍ വിഷമിക്കുന്നതാണ്. ചൊവ്വ, വ്യാഴം ദിവസങ്ങള്‍ക്ക് മേന്മ കുറയാം.
മകയിരം
അന്തര്‍മുഖത്വത്തില്‍ നിന്നും സ്വയം പുറത്തുവരും. സാമൂഹിക കാര്യങ്ങള്‍ ശ്രദ്ധിക്കുകയും അഭിപ്രായം പറയുകയും ചെയ്യും. ഉപജാപം നടത്തുന്നവരെ തിരിച്ചറിയുവാനാവും. നവാരംഭങ്ങളില്‍ നിന്നും ആദായം കിട്ടിത്തുടങ്ങുന്നതാണ്. ഊഹക്കച്ചവടം ലാഭകരമാവും. സുഹൃത്തുക്കളുടെ പ്രശ്‌നങ്ങള്‍ക്ക് വ്യക്തമായ പോംവഴി നിര്‍ദ്ദേശിക്കും. ആശുപത്രീവാസം അവസാനിച്ചേക്കാം. എങ്കിലും ആരോഗ്യസംരക്ഷണത്തില്‍ അലംഭാവമരുത്. ചര്‍ച്ചകളില്‍ ഒറ്റപ്പെടുന്നതായി തോന്നാം. ആദ്ധ്യാത്മിക കാര്യങ്ങളില്‍ താത്പര്യം കുറയില്ല.
തിരുവാതിര
പല കാര്യങ്ങളിലും സ്വതന്ത്ര തീരുമാനം എടുക്കാന്‍ കഴിഞ്ഞേക്കില്ല, മനസ്സ് കാരണമില്ലാതെ ചഞ്ചലമായിക്കൊണ്ടിരിക്കും. ജോലി തേടുന്നവര്‍ക്ക് കരാര്‍ പണികളാവും കിട്ടുന്നത്. സാങ്കേതിക കോഴ്‌സുകളില്‍ ചേരാനും താത്പര്യം കാണിക്കും. മേലധികാരികളെ ഉപദേശിച്ച് അബദ്ധത്തിലാവുന്നതിന് സാധ്യതയുണ്ട്. അയല്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കുക കരണീയം. കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിര്‍വഹിക്കും. മകളുടെ ജോലിസ്ഥലത്ത് പോയി കുറച്ചുനാള്‍ താമസിക്കേണ്ടി വരുന്നതാണ്.
പുണര്‍തം
വ്യാഴം ജന്മനക്ഷത്രത്തില്‍ വക്രഗതി തുടരുകയാല്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച കാര്യങ്ങള്‍ക്ക് ഗതിവേഗം ഉണ്ടാവില്ല. പലപ്പോഴും സന്ദിഗ്ദ്ധത തുടരും. ചന്ദ്രഗതി രണ്ടാം നക്ഷത്രം മുതലാകയാല്‍ സാമ്പത്തികാനുകൂല്യം പ്രതീക്ഷിക്കാം. വാക്കുകള്‍ക്ക് ഒപ്പമുള്ളവരുടെ ഇടയില്‍ സ്വീകാര്യത ലഭിക്കും. കുടുംബസൗഖ്യം ഉണ്ടാവുന്നതാണ്. ബിസിനസ്സ് യാത്രകള്‍ പ്രയോജനപ്പെടാം. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കും. തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് തടസ്സം വരാം.
പൂയം
ചന്ദ്രസഞ്ചാരം ഈയാഴ്ച ജന്മനക്ഷത്രത്തില്‍ നിന്നുമാണ് തുടങ്ങുന്നത്. ന്യായമായ കാര്യങ്ങള്‍ നടന്നുകിട്ടാം. കര്‍മ്മരംഗത്ത് സൗഹൃദാന്തരീക്ഷം നിലനിര്‍ത്താനാവും. വാഗ്ദാനങ്ങള്‍ പാലിക്കുവാന്‍ ക്ലേശിക്കും. എന്നാല്‍ കൈവായ്പ മടക്കിക്കൊടുക്കും. സഹോദരരുടെ ജോലിക്കാര്യത്തിന് ശുപാര്‍ശക്കായി ശ്രമിക്കുന്നതാണ്. രോഗികള്‍ക്ക് തുടര്‍ചികില്‍സ വേണ്ടിവന്നേക്കാം. കുടുംബ ക്ഷേത്രത്തിലെ വാര്‍ഷികോത്സവത്തിന് മുന്‍കൈയെടുക്കും. ചെറുയാത്രകള്‍ വര്‍ദ്ധിക്കുന്നതാണ്. ഉറക്കക്കുറവ് അനുഭവപ്പെടും.
ആയില്യം
ആദര്‍ശം പറയുമെങ്കിലും പ്രായോഗികതയ്ക്കാവും മുന്‍തൂക്കം. ഓഫീസ് കാര്യങ്ങളില്‍ കൃത്യത പുലര്‍ത്തും. മിതവ്യയത്തില്‍ നിന്നും വ്യതിചലിക്കേണ്ടി വരുന്നതാണ്. ബന്ധുക്കളെ സഹായിക്കുവാന്‍ സന്നദ്ധത കാട്ടും. രോഗീപരിചരണത്തിന് നേരം കണ്ടെത്തുന്നതാണ്. വിദേശപഠന കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവ്യക്തതയുണ്ടാവും. രോഗികള്‍ക്ക് പൂര്‍ണമായും സമാശ്വാസ കാലമാണെന്ന് പറയുക വയ്യ. നിലപാടുകളില്‍ നിന്നും ചാഞ്ചാടുകയില്ല. വരവുചെലവുകള്‍ സൂക്ഷിക്കേണ്ടതുണ്ട്.
മകം
ചില കാര്യങ്ങള്‍ വേഗം പ്രാവര്‍ത്തികമാക്കും. പരിശ്രമം കൊണ്ടുവേണം ചിലതു നേടാന്‍. പറഞ്ഞ വാക്ക് പാലിക്കുവാന്‍ സാധിക്കുന്നതാണ്. എതിര്‍പ്പുകളെ മറികടക്കാനാവും. കച്ചവടം നടത്തുന്നവര്‍ക്ക് വിപണിയില്‍ സുഗമത വന്നെത്തും. പഴയ കാര്യങ്ങള്‍ ഓര്‍മ്മിക്കാന്‍ സാഹചര്യം സംജാതമാകുന്നതാണ്. മേലധികാരികള്‍ പ്രോല്‍സാഹന നയം കൈക്കൊള്ളണമെന്നില്ല. ആഢംബര വസ്തുക്കള്‍ വാങ്ങുന്നതാണ്. കുടുംബ സമേതം ലഘുയാത്രകള്‍ ഉണ്ടാവും. തിങ്കള്‍, ചൊവ്വ നവാരംഭങ്ങള്‍ക്ക് ഉചിതമല്ല.
പൂരം
പൊതുപ്രവര്‍ത്തകര്‍ ജനങ്ങളുടെ പ്രീതി സമ്പാദിക്കും. ജന്മനാട്ടില്‍ പോയവര്‍ ജോലിസ്ഥലത്തേക്ക് മടങ്ങുന്നതാണ്. വായ്പയ്ക്കുള്ള അപേക്ഷ പരിഗണിക്കപ്പെടാം. വിവാദങ്ങളില്‍ നിന്നും ഒഴിയാനാവും. പ്രണയികള്‍ക്ക് ആഹ്‌ളാദിക്കാന്‍ അവസരം രൂപപ്പെടും. ഔദ്യോഗിക കാര്യങ്ങളിലെ ആസൂത്രണ മിടുക്ക് അഭിനന്ദിക്കപ്പെടും. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധയുണ്ടാവണം. തദ്ദേശസ്ഥാപനത്തില്‍ നിന്നും സംരംഭത്തിനാവശ്യമായ രജിസ്‌ട്രേഷന്‍ ലഭിക്കും. ബുധന്‍ മുതല്‍ മെച്ചപ്പെട്ട ഫലങ്ങള്‍ വന്നെത്തും.
ഉത്രം
ഉദ്യോഗസ്ഥര്‍ക്ക് ജോലിനേരം കൂടുവാനിടയുണ്ട്. സ്വകാര്യ സ്ഥാപനത്തില്‍ സൗകര്യപ്രദമല്ലാത്ത ഷിഫ്ടില്‍ ജോലിമാറ്റം വരുന്നതാണ്. സ്വന്തം സ്ഥാപനം നടത്തുന്നവര്‍ വിപുലീകരണത്തിന് ശ്രമം തുടരുന്നതായിരിക്കും. സുഹൃത്തുക്കളുടെ പ്രശ്‌നങ്ങളില്‍ കഴിവതും ഇടപെടരുത്. ഭൂമി വ്യവഹാരം നീളുന്നതില്‍ ഉത്കണ്ഠയുണ്ടാവും. മകന്റെ സ്വഭാവത്തോട് പൊരുത്തപ്പെടാനാവാത്തത് ഗൃഹാന്തരീക്ഷത്തെ അല്പം കലുഷമാക്കാം. ആധ്യാത്മിക സാധനകള്‍ മനസ്സമാധാനം നല്‍കാം.
അത്തം
വാരാദ്യം തന്നെ നല്ല തുടക്കം കിട്ടുന്നതായിരിക്കും. ന്യായമായ കാര്യങ്ങള്‍ തടസ്സപ്പെടാനിടയില്ല. തൊഴില്‍ രംഗത്ത് പൂര്‍ണ്ണശ്രദ്ധ കൈവന്നേക്കും. ഭാവികാര്യങ്ങളെക്കുറിച്ച് ആലോചിക്കാനും ഉചിതമായ തീരുമാനം കൈക്കൊള്ളാനും കഴിയുന്നതാണ്. സാമ്പത്തിക സ്ഥിതി ഉയരാം. എന്നാല്‍ ചെലവുകളില്‍ നിയന്ത്രണം വേണ്ടതുണ്ട്. വിട്ടുവീഴ്ചകള്‍ക്ക് മുതിരുകയാല്‍ ഗൃഹാന്തരീഷം സമാധാനപൂര്‍ണ്ണമാവും. രോഗപ്രതിരോധ ശക്തി കുറയുന്നതാ യി തോന്നിയേക്കാം. പ്രണയബന്ധം ദൃഢമാകുന്നതാണ്. ഗൃഹനവീകരണത്തിന് പദ്ധതിയിടും.
ചിത്തിര
ഉടനടി തീരുമാനങ്ങള്‍ കൈക്കൊള്ളാനും പ്രവര്‍ത്തിക്കാനും കഴിയുന്ന മാനസികാവസ്ഥയുണ്ടാവും. കാര്യാലോചനകളില്‍ വെട്ടിത്തുറന്ന് അഭിപ്രായം പറയുകയാല്‍ ഒറ്റപ്പെടാം. വിദൂര വിദ്യാഭ്യാസ കോഴ്‌സിന് ചേര്‍ന്നേക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേരം കണ്ടെത്തുന്നതാണ്. പുതുവാഹനം വാങ്ങുന്നതിന് ശ്രമിച്ചേക്കും. പഴയ കടബാധ്യതകള്‍ സൈ്വരം കുറയ്ക്കുന്നതാണ്. ദാമ്പത്യത്തില്‍ പിണക്കവും ഇണക്കവും ആവര്‍ത്തിക്കും. ചെലവുകളില്‍ നിയന്ത്രണം അനിവാര്യമാണ്.
ചോതി
ഉദ്യോഗസ്ഥര്‍ കഴിവ് തെളിയിക്കാനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതാണ്. മുന്‍പ് പരിശ്രമിച്ചിട്ടും നടക്കാത്തവ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാവും. പ്രവര്‍ത്തനരംഗത്ത് ഉന്മേഷം നിറയുന്ന കാലമാണ്. ചുമതല നിര്‍വഹിക്കാന്‍ ഏല്പിച്ചവരുടെ പിടിപ്പുകേട് തിരിച്ചറിയും. സംരംഭങ്ങള്‍ക്ക് നല്ല സ്വീകാര്യത ലഭിക്കുന്നതായിരിക്കും. യാത്രകള്‍ ഉല്ലാസപ്രദമാവും. ഗൃഹം നവീകരിക്കുന്നത് സംബന്ധിച്ച് കുടുംബത്തില്‍ തര്‍ക്കങ്ങള്‍ ഉയരാം. ജീവിത പങ്കാളിയുടെ ജോലിക്കാര്യത്തില്‍ ശുഭസൂചന കിട്ടും. നവീന ഇലക്ട്രോണിക് ഉല്പന്നങ്ങള്‍ വാങ്ങിയേക്കും.
വിശാഖം
മാനസിക പിരിമുറുക്കത്തിന് അയവുണ്ടായേക്കും. കരുതിയ കാര്യങ്ങള്‍ ഭംഗിയായി ആവിഷ്‌കരിക്കുന്നതാണ്. ആശയവിനിമയശേഷി ഉയരുന്നതായിരിക്കും. ചില മാധ്യസ്ഥ പ്രവര്‍ത്തനങ്ങള്‍ വിജയം കാണും. ചെറുപ്പക്കാരുടെ പ്രണയം സുരഭിലമാവും. സ്വാര്‍ജ്ജിത സമ്പത്ത് നിക്ഷേപിക്കുന്നതില്‍ കരുതലുണ്ടാവണം. ചെറുകിട തൊഴിലുകളില്‍ നിന്നും ആദായമുയരും. വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ആത്മവിശ്വാസത്തോടെ തയ്യാറെടുക്കും. ഉന്നതാധികാരികള്‍ നിര്‍ദ്ദേശങ്ങള്‍ മുഖവിലക്കെടുക്കുന്നതാണ്.
അനിഴം
ആത്മാഭിമാനം ഉയരുന്ന സാഹചര്യം ഉരുവാകുന്നതാണ്. നീതിബോധം നഷ്ടപ്പെടുത്താതെ തീരുമാനങ്ങളും നടപടികളും കൈക്കൊള്ളുകയാല്‍ ശത്രുക്കളേറും. ജോലിഭാരത്തിന് അയവുണ്ടാവില്ല. വാഗ്ദാനങ്ങള്‍ പാലിക്കും. പിണങ്ങിയവര്‍ വീണ്ടും ഇണക്കത്തിലാവും. കരാര്‍ ജോലികളില്‍ നിന്നും വരുമാനം കൈവരുന്നതാണ്. ബന്ധുഗൃഹം സന്ദര്‍ശിച്ച് രോഗികള്‍ക്ക് സമാശ്വാസം പകരും. ഭൂമിയില്‍ നിന്നും ആദായം പ്രതീക്ഷിക്കാം. സാങ്കേതിക വിഷയങ്ങള്‍ യുവതലമുറയില്‍ നിന്നും ഗ്രഹിക്കുന്നതാണ്.
തൃക്കേട്ട
ചന്ദ്രസഞ്ചാരം ഒമ്പതാമെടം തൊട്ട് പതിനൊന്നാമെടം വരെയാകയാല്‍ ആഴ്ച മുഴുവന്‍ പ്രായേണ ഗുണഫലങ്ങളാണ് ഭവിക്കുക. തീരുമാനങ്ങള്‍ ഒപ്പമുള്ളവരെ ബോധ്യപ്പെടുത്തുന്നതില്‍ വിജയിക്കും. സ്വതസ്സിദ്ധമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്നതാണ്. ആശയവിനിമയം ആകര്‍ഷകമാവും. അപ്രസക്തമായിട്ടുള്ള വിഷയങ്ങളെ ഒഴിവാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷ്യബോധം ഉറയ്ക്കും. ആഢംബര വസ്തുക്കള്‍ വാങ്ങുന്നതാണ്. ഗൃഹത്തില്‍ സമാധാനം പുലരും. ധനാഗമ മാര്‍ഗങ്ങള്‍ പുഷ്ടിപ്പെടുന്നതായിരിക്കും. ശനിയാഴ്ച പുതിയ കാര്യങ്ങള്‍ തുടങ്ങരുത്.
മൂലം
സൈ്വരമുണ്ടാവും, മനസ്സിന്. ദേഹസ്സുഖവും കുറയില്ല. അപ്രസക്ത കാര്യങ്ങളില്‍ നിന്നും പിന്‍വാങ്ങാന്‍ ദൃഢനിശ്ചയം ചെയ്യുന്നതാണ്. തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം കാണുവാനാവും. കൂട്ടുകെട്ടുകളില്‍ പുനശ്ചിന്ത വേണ്ടതുണ്ട്. നിക്ഷേപങ്ങളില്‍ നിന്നും ആദായമുണ്ടാവും. വായ്പകളുടെ തിരിച്ചടവ് മുടങ്ങില്ല. വാരാദ്യ ദിവസങ്ങളില്‍ അഷ്ടമരാശിക്കൂറ് വരികയാല്‍ ആത്മഗ്‌ളാനി അനുഭവപ്പെടും. പുതുകാര്യങ്ങള്‍ തുടങ്ങരുത്.
പൂരാടം
കര്‍മ്മനിരതരാവും. ഔദ്യോഗികവും വ്യക്തിപരവുമായ കാര്യങ്ങളെ ഇണക്കുന്നതില്‍ വിജയിക്കുന്നതാണ്. അനുഭവങ്ങള്‍ നല്‍കിയ അറിവ് പരമാവധി പ്രയോജനപ്പെടുത്തുവാനാവും. ബിസിനസ്സിലെ വരവും ചെലവും കര്‍ശനമായി പരിശോധിക്കും. എതിര്‍പ്പുകള്‍ക്ക് മൗനം കൊണ്ട് മറുപടി പറയുന്നതാണ്. ബന്ധുഭവനം സന്ദര്‍ശിച്ച് രോഗീശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ നേരം നീക്കിവെക്കും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നവാരംഭങ്ങള്‍ ഒഴിവാക്കുക കരണീയം.
ഉത്രാടം
സാങ്കേതിക കാര്യങ്ങളില്‍ അറിവ് നേടാന്‍ നേരം കണ്ടെത്തും. ഒപ്പമുള്ളവരുടെ സഹകരണത്തിന് കൃതജ്ഞത പറയും. ധനാഗമ മാര്‍ഗങ്ങള്‍ തുറന്നു കിട്ടുന്നതാണ്. ഇടനാഴികളിലെ ഉപജാപങ്ങളെ തള്ളിക്കളയുവാനാവും. രോഗക്ലേശിതര്‍ക്ക് നവചികിത്സ ഗുണവത്താകും. വസ്തുവില്‍പ്പനയ്ക്കായി പരസ്യം അവലംബിക്കും. അകന്നുപോയ സുഹൃത്തുക്കള്‍ വീണ്ടും ഇണക്കത്തിലായേക്കാം. പ്രണയികള്‍ക്കിടയില്‍ 'ego' പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. വാഹനത്തിന്റെ അറ്റകുറ്റപ്പണി കഴിയുന്നതിനാല്‍ വീണ്ടും യാത്രകള്‍ക്ക് ഒരുങ്ങും.
തിരുവോണം
സ്വന്തം ആശയങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ പ്രതിബന്ധങ്ങള്‍ വകവെക്കില്ല. ഔദ്യോഗികമായി സമ്മിശ്രമായ ഫലങ്ങള്‍ പ്രതീക്ഷിച്ചാല്‍ മതി. സാമൂഹ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയേറും. സംഘടനകളില്‍ സ്വാധീനമുയരുന്നതായിരിക്കും. ദാമ്പത്യ വിജയത്തിന് വിട്ടുവീഴ്ച അനിവാര്യമാണെന്ന് ബോധ്യമാകും. ചിട്ടി, ലോണ്‍, ഇന്‍ഷ്വറന്‍സ് ഇവയിലൂടെ ധനാഗമത്തിന് സാധ്യതയുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മനക്ലേശം/ദേഹാലസ്യം ഉണ്ടാവാം. പുതുകാര്യങ്ങള്‍ ആരംഭിക്കരുത്.
അവിട്ടം
ആരംഭിച്ച കാര്യങ്ങള്‍ക്ക് ഊര്‍ജ്ജശോഷണം അനുഭവപ്പെടുന്നതിനാല്‍ അതിന്നായി സമയം ചെലവഴിക്കും. മേലധികാരികളുമായി ആശയവൈരുധ്യം ഉണ്ടാവുന്നതാണ്. പതിവിലും കൂടുതല്‍ നേരം ഓഫീസില്‍ ചെലവഴിക്കേണ്ടി വരാം. കുടുംബ ബിസിനസ്സില്‍ ആദായം ഉയരും. നവീകരണത്തിന് ശ്രമം തുടരുന്നതാണ്. പൊതുപ്രവര്‍ത്തനത്തില്‍ സൈ്വരം കുറയാം. വിദ്യാര്‍ത്ഥികളുടെ പഠനകാര്യത്തില്‍ മുതിര്‍ന്നവര്‍ക്ക് ശ്രദ്ധയുണ്ടാവണം. കരകൗശലം, സാഹിത്യം, ലളിത കലകള്‍ എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് അവസരങ്ങള്‍ വര്‍ദ്ധിക്കും.
ചതയം
കാലം അനുകൂലമല്ലെന്ന തോന്നല്‍ എപ്പോഴും ഉണ്ടാവണം. സ്വന്തം കഴിവുകള്‍ക്കനുസരിച്ചുള്ള നേട്ടങ്ങള്‍ കൈവരിക്കാനായില്ലെന്ന് വന്നേക്കാം. പാരമ്പര്യ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് മടുപ്പുണ്ടാവും. വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരും. എന്നാല്‍ ഇതെല്ലാം താത്കാലികങ്ങള്‍ മാത്രം. ഭാവിക്കായി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണ്. സാങ്കേതിക കാര്യങ്ങളില്‍ കൂടുതല്‍ അറിവ് സമ്പാദിക്കുവാന്‍ ശ്രമം തുടരും. ബന്ധുക്കള്‍ക്ക് സഹായം നല്‍കും. ക്ഷേത്രോത്സവാദികളില്‍ സക്രിയരാവും. ചെലവുകള്‍ നിയന്ത്രിക്കുന്നതിനായേക്കും.
പൂരൂരുട്ടാതി
പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടി വരാം. ഇഷ്ടപ്പെട്ടവരുടെ അനിഷ്ടം സമ്പാദിക്കാനിടയുണ്ട്. വാക്കുകള്‍ കൃത്യമാവാതെ വരാം. മേലധികാരികളുടെ പ്രോല്‍സാഹനം കിട്ടണമെന്നില്ല. പ്രതികാരബുദ്ധി മനസ്സിനെ തളര്‍ത്താനിടയുണ്ട്. ആത്മസംയമനം പാലിക്കേണ്ടതുണ്ട്. ധനാര്‍ജ്ജനം സന്തോഷിപ്പിക്കുന്നതാണ്. എന്നാല്‍ മിതവ്യയം നടപ്പിലാക്കാന്‍ സാധിക്കാതെ വരും. കിടപ്പ് രോഗികള്‍ക്ക് മുഴുവന്‍ സമയ പരിചരണം ഏര്‍പ്പാടാക്കപ്പെടും. കുറുക്കുവഴികള്‍ ഉപേക്ഷിക്കുന്നതാണ്. വീട്ടുകാരുടെ നിര്‍ലോഭമായ പിന്തുണ സന്തോഷമേകും.
ഉത്രട്ടാതി
ക്രയവിക്രയത്തില്‍ ലാഭം കുറയില്ല. കൂടുതല്‍ സമയം ഓഫീസില്‍ ചെലവഴിക്കേണ്ടതായി വന്നേക്കും. വിദേശത്ത് കഴിയുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സന്ദര്‍ഭം വന്നെത്തും. ചടുലനീക്കങ്ങള്‍ നടത്താന്‍ കഴിയാത്തതിനാല്‍ ചിലപ്പോള്‍ പിന്നിലായിപ്പോകും. ഗവേഷകര്‍ക്ക് പ്രബന്ധരചനയില്‍ തടസ്സമുണ്ടാവുന്നതാണ്. പാതിയില്‍ നിന്നുപോയ ഗൃഹനിര്‍മ്മാണം പുനരാരംഭിക്കുന്നതില്‍ ശുഭസൂചന കൈവരും. ഉറ്റവരുടെ പിന്തുണയില്‍ സന്തോഷിക്കും. പ്രണയിക്കുന്നവര്‍ക്ക് ആഹ്‌ളാദിക്കാന്‍ അവസരങ്ങള്‍ കൈവരുന്നതാണ്.
രേവതി
നക്ഷത്രാധിപനായ ബുധന്റെയും ഉച്ചാധിപനായ ശുക്രന്റെയും മൗഢ്യം തീരുന്നത് ശുഭകരമാണ്. പ്രവര്‍ത്തനരംഗത്ത് സജീവത നിലനിര്‍ത്തുവാന്‍ കഴിയും. നവീനമായ സാങ്കേതിക കാര്യങ്ങള്‍ ഉള്‍ക്കൊള്ളും. കുടുംബത്തോടൊപ്പം ലഘുയാത്രകള്‍ ഉണ്ടാവും. വസ്തുതര്‍ക്കങ്ങളില്‍ അനുകൂല വിധിയോ ഒത്തുതീര്‍പ്പോ ഭവിക്കാം. ജോലിക്കുള്ള അഭിമുഖ പരീക്ഷയില്‍ തിളങ്ങാനാവും. കടബാധ്യത ഭാഗികമായി തീര്‍ക്കാനുള്ള വഴി തെളിയുന്നതാണ്. ഒപ്പമുള്ള അവസരവാദികളെ തിരിച്ചറിയും. കുടുംബകാര്യങ്ങളില്‍ സ്വാസ്ഥ്യമുണ്ടാവും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
