/kalakaumudi/media/media_files/2025/11/09/horo-6-2025-11-09-08-33-25.jpg)
ആദിത്യന്‍ നീചക്ഷേത്രമായ തുലാം രാശിയില്‍, വിശാഖം ഞാറ്റുവേലയിലാണ്. ചന്ദ്രന്‍ കൃഷ്ണപക്ഷത്തില്‍, തിരുവാതിര മുതല്‍ ഉത്രം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലൂടെ കടന്നുപോകുന്നു.
ചൊവ്വ സ്വക്ഷേത്രമായ വൃശ്ചികം രാശിയില്‍ മൗഢ്യാവസ്ഥയിലാണ്. ബുധനും വൃശ്ചികം രാശിയിലാണ്. വാരാന്ത്യത്തില്‍ ബുധന് മൗഢ്യം ആരംഭിക്കും.
ശുക്രന്‍ സ്വക്ഷേത്രമായ തുലാം രാശിയില്‍ സഞ്ചരിക്കുന്നു.
ശനി കുംഭം രാശിയില്‍ വക്രഗതിയിലാണ്. വ്യാഴം അതിചാരത്തില്‍ ഉച്ചക്ഷേത്രമായ കര്‍ക്കടകം രാശിയിലുണ്ട്. നവംബര്‍ 14 ന് ശേഷം വ്യാഴം വക്രഗതിയിലാവും. രാഹുവും കേതുവും യഥാക്രമം കുംഭം, ചിങ്ങം രാശികളില്‍ തുടരുന്നു.
മൂലം
ദേഹാരോഗ്യം പൂര്‍ണ്ണമായും തൃപ്തികരമാവില്ല. ശരിയാംവണ്ണം വിശ്രമിക്കാന്‍ കഴിയാതെ വരും. കുട്ടികളുടെ കാര്യത്തില്‍ ഉല്‍ക്കണ്ഠയുണ്ടാവുന്നതാണ്. സര്‍ക്കാരില്‍ സമര്‍പ്പിച്ച പദ്ധതി അനുവദിക്കപ്പെടും. ബാങ്കില്‍ നിന്നുമുള്ള ലോണ്‍ ലഭിച്ചേക്കാം. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കാര്യതടസ്സം വരാം. മുതിര്‍ന്നവരുടെ വിരോധം സമ്പാദിച്ചേക്കും. മറ്റു ദിവസങ്ങളില്‍ ദാമ്പത്യസൗഖ്യം, സുഖഭക്ഷണയോഗം എന്നിവയുണ്ടാവും. നവീനമായ ഗാര്‍ഹികോപകരണങ്ങള്‍ വാങ്ങിയേക്കും. ചീത്തക്കൂട്ടുകെട്ടുകളില്‍ നിന്നും പിന്‍വലിയേണ്ടതുണ്ട്.
പൂരാടം
യാത്ര പൂര്‍ത്തിയാക്കി നാട്ടിലെത്തും. നല്ല അനുഭവങ്ങള്‍ മനസ്സില്‍ സൂക്ഷിക്കും. ചിട്ടയോടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതാണ്. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കുവാനാവും. ഏജന്‍സി വ്യാപാരത്തില്‍ ആദായം വന്നെത്തും. പുരയിടം/ വസ്തു എന്നിവയുടെ പരിപാലനത്തിന് ചെലവധികരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അലസത വരും. രാഷ്ട്രീയ നിലപാടുകള്‍ ശത്രുക്കളെ സമ്മാനിച്ചേക്കും. ജോലിക്കാര്യത്തിന് ശുപാര്‍ശ ഫലം കാണുന്നതാണ്. പ്രണയത്തിന് പുഷ്ടിയുണ്ടാവും. പാരിതോഷികങ്ങള്‍ ലഭിക്കാം.
ഉത്രാടം
കാര്യമായ വെല്ലുവിളികളില്ലാതെ തന്നെ കാര്യസാധ്യം ഭവിക്കുന്നതാണ്. സഹായ വാഗ്ദാനങ്ങള്‍ പാഴാവും. പുതിയ സംരംഭങ്ങളുടെ കടലാസ്സു ജോലികള്‍ പുരോഗമിച്ചേക്കും. എതിര്‍പ്പുകളെ ഗൗരവബുദ്ധ്യാ പരിഗണിക്കില്ല. മകളുടെ ഗൃഹനിര്‍മ്മാണത്തിന് നല്ലൊരു തുക നല്‍കുന്നതാണ്. കുറഞ്ഞ ചെലവില്‍ നടത്തപ്പെടുന്ന 'ഒരുനാള്‍ വിനോദയാത്രയില്‍' പങ്കെടുക്കും. പാരമ്പര്യ കലകളുടെ ആസ്വാദനത്തിന് നേരം കണ്ടെത്തുന്നതാണ്.
തിരുവോണം
സുഗമമായി എല്ലാക്കാര്യങ്ങളും നിര്‍വഹണത്തിലെത്തിക്കാനാവും. ദൗത്യങ്ങളുടെ പൂര്‍ത്തീകരണം മൂലം നല്ലസന്തോഷം തോന്നും. ഗാര്‍ഹികമായി സ്വസ്ഥതയുണ്ടാവുന്ന കാലമാണ്. ജീവിതപങ്കാളിയുടെ രോഗം കുറയുകയാന്‍ ആശ്വാസമുണ്ടാവും. പരീക്ഷകളില്‍/ അഭിമുഖങ്ങളില്‍ ശോഭിക്കുന്നതാണ്. ഭൂമി/ കെട്ടിടം ഇവയില്‍ നിന്നും ആദായം വന്നെത്തും. ജന്മനാട്ടിലെ ക്ഷേത്രോത്സവങ്ങളില്‍ പങ്കെടുക്കുന്നതാണ്. കൂട്ടുകച്ചവടത്തില്‍ വിപണനതന്ത്രങ്ങള്‍ ആവിഷ്‌കരിക്കും. വ്യാഴം, വെള്ളി ദിവസങ്ങള്‍ക്ക് ശുഭത്വം കുറയുന്നതാണ്.
അവിട്ടം:
പൂര്‍വികസ്വത്തില്‍ നിന്നും വരുമാനമുണ്ടാവും. വീടിന്റെ അറ്റകുറ്റപ്പണി വേഗതയില്‍ ചെയ്തുതീര്‍ക്കും. ഡെപ്യൂട്ടേഷനില്‍ നിന്നും സ്വന്തം ലാവണത്തിലേക്ക് മടങ്ങിയെത്തും. അമിതാവേശം ഒഴിവാക്കണം. കാര്യങ്ങള്‍ പഠിച്ച് അഭിപ്രായം പറയാന്‍ തയ്യാറാവണം. സ്ഥാനചലനമുണ്ടാകുമോ എന്ന ഭയം ഇടയ്ക്കിടെ അലട്ടാം. കരാറുകള്‍ പുതുക്കാന്‍ രാഷ്ട്രീയമായ ശുപാര്‍ശ വേണ്ടിവന്നേക്കും. മകന്റെ നിര്‍ബന്ധശീലം വിഷമിപ്പിക്കാം. ചില വിപണന തന്ത്രങ്ങള്‍ക്ക് ഫലം കണ്ടില്ലെന്ന് വരും. പ്രണയികള്‍ക്ക് സന്തോഷമുണ്ടാവും.
ചതയം:
വരുമാനത്തിനനുസരിച്ചാവില്ല ചെലവുകള്‍. പരീക്ഷാദികള്‍ക്ക് ഭംഗിയായി മുന്നൊരുക്കം നടത്താനാവും. ബന്ധുവിന്റെ വിവാഹത്തിന് ആദ്യാവസാനക്കാരനാവും. ശുഭവാര്‍ത്തകള്‍ കേള്‍ക്കുന്നതാണ്. ജോലിയില്‍ അസംതൃപ്തിയുണ്ടായാലും ഉപേക്ഷിക്കാതിരിക്കുന്നത് അഭികാമ്യം. സംഘടനയിലെ പദവികള്‍ വേണ്ടെന്ന് വെച്ചേക്കും. പണമെടപാടുകളില്‍ ചതയില്‍ പെടാതിരിക്കുക ഉത്തമം.
സന്താനങ്ങളാല്‍ ചില മനപ്രയാസങ്ങള്‍ ഏര്‍പ്പെടാം. വ്യവഹാരം കൊണ്ട് അല്പലാഭം കൈവന്നേക്കും.
പൂരൂരുട്ടാതി
ബിസിനസ്സിന്റെ പുരോഗതിക്കായി പുതിയ ജോലിക്കാരെ നിയമിക്കും. ഉന്നത പദവിയിലുള്ളവര്‍ സഹായിക്കാനിടയുണ്ട്. ദേഹാലസ്യം കാര്യതടസ്സമുണ്ടാക്കുന്നതാണ്. സാഹിത്യകാരന്മാര്‍ക്ക് ഗ്രന്ഥരചനയില്‍ ശ്രദ്ധ ചെലുത്താന്‍ കഴിഞ്ഞേക്കും. വീട്ടുകൃഷിയില്‍ നിന്നും അല്പമായ ലാഭം വരും. മറ്റുള്ളവരെ സംബന്ധിച്ച രഹസ്യങ്ങള്‍ മനസ്സിലാക്കാന്‍ അമിത വ്യഗ്രത പുലര്‍ത്തുന്നതാണ്. സഹോദരരെ സഹായിക്കും. പകര്‍ച്ചവ്യാധികള്‍ പിടിപെടാതെ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രകള്‍ കൊണ്ട് നേട്ടങ്ങള്‍ വരാം. വെള്ളി, ശനി ദിവസങ്ങള്‍ക്ക് മേന്മ കുറയുന്നതാണ്.
ഉത്രട്ടാതി
കുടുംബ ജീവിതത്തില്‍ സംതൃപ്തിയുണ്ടാവും. മുഖ്യ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് മുന്നേ മറ്റംഗങ്ങളുടെ അഭിപ്രായം തേടേണ്ടതുണ്ട്. വാഹനത്തിന്റെ അറ്റകുറ്റത്തിന് കൂടുതല്‍ പണം ചെലവായേക്കും. പൊതു പ്രവര്‍ത്തകര്‍ ദുരാരോപണങ്ങളെ നേരിടുന്നതാണ്. പിതാവിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമായേക്കില്ല. ബന്ധുസമാഗമം സന്തോഷമേകും. കൂട്ടുകെട്ടുകള്‍ കൊണ്ട് ദോഷം വരുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതാണ്. ഭാവനാത്മകതയും സൃഷ്ടിപരതയും ഉയരും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പിരിമുറുക്കം ഉയരാം.
രേവതി
കര്‍മ്മരംഗത്തെ പരീക്ഷണങ്ങള്‍ വിജയിക്കണമെന്നില്ല. ബിസിനസ്സ് യാത്രകള്‍ ഫലപ്രദമാവും. സാങ്കേതിക കാര്യങ്ങള്‍ പഠിച്ചറിയാന്‍ നേരം മാറ്റിവെക്കുന്നതാണ്. ഊഹക്കച്ചവടത്തില്‍ നിന്നും ലഘുവായ ലാഭം പ്രതീക്ഷിച്ചാല്‍ മതി. ഒമ്പതാമെടത്തി ലെ ബുധകുജയോഗം മൂലം ബന്ധുക്കള്‍ വിരോധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യേതര കാര്യങ്ങളില്‍ ശ്രദ്ധയേറും. പിതാവിന് ജോലിയില്‍ അര്‍ഹതപ്പെട്ട പദവി ലഭിക്കാത്തത് വിഷമിപ്പിക്കാം. പേരക്കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നതാണ്. സാഹസങ്ങള്‍ ഒഴിവാക്കുന്നത് കരണീയം. ആഴ്ചമധ്യം കൂടുതല്‍ ശോഭനമാവും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
