ഈ ആഴ്ച (04-01-2026, 10-01-2026) നിങ്ങള്‍ക്ക് എങ്ങനെ

മത്സരരംഗത്ത് മുന്നേറും. യുക്തിവിചാര കൗശലമേറും. മകരക്കൂറുകാര്‍ക്ക് പ്രതീക്ഷിക്കാത്ത ചെലവുകള്‍ വന്നെത്താം. ആകസ്മിക യാത്രകള്‍ വേണ്ടിവരുന്നതാണ്. കര്‍മ്മരംഗത്തെ സൗഹൃദാന്തരീക്ഷം നഷ്ടമായേക്കാം.

author-image
Biju
New Update
horo

ആദിത്യന്‍ ധനുരാശിയില്‍ പൂരാടം ഞാറ്റുവേലയില്‍; ചന്ദ്രന്‍ കൃഷ്ണപക്ഷത്തിലും. ചൊവ്വ ധനുരാശിയില്‍ പൂരാടത്തിലും, ബുധന്‍ ധനുരാശിയില്‍ മൂലം -പൂരാടം നക്ഷത്രങ്ങളിലും ശുക്രന്‍ ധനുരാശിയില്‍ പൂരാടം നക്ഷത്രത്തിലും സഞ്ചരിക്കുന്നു. ശനി മീനം രാശിയില്‍ പൂരൂരുട്ടാതിയിലും വ്യാഴം വക്രഗതിയായി മിഥുനം രാശിയില്‍ പുണര്‍തത്തിലും സഞ്ചരിക്കുന്നു. 

രാഹു കുംഭത്തില്‍ ചതയത്തിലാണ്. കേതു ചിങ്ങത്തില്‍ പൂരത്തിലും. ഈ ഗ്രഹനിലയെ മുന്‍നിര്‍ത്തി അശ്വതി മുതല്‍ രേവതി വരെ നക്ഷത്രങ്ങളില്‍ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.

അശ്വതി

ആത്മവിശ്വാസം കുറയില്ല. ഭാഗ്യം ഉണ്ടെന്നും ഇല്ലെന്നും തോന്നുമാറ് അനുഭവങ്ങള്‍ വന്നുചേരുന്നതാണ്. അമിതാദ്ധ്വാനത്തിന് സാധ്യതയുണ്ട്. എന്നാല്‍ അലസരാവാനും വഴികാണുന്നു. പുതിയ ആശയങ്ങള്‍ ഒപ്പമുള്ളവരെ ബോധ്യപ്പെടുത്തുക  എളുപ്പമാവില്ല. ചിലരുടെ കൂട്ടുകെട്ട് മതിയാക്കാന്‍ തീരുമാനിക്കുമെങ്കിലും പ്രാവര്‍ത്തികമാക്കുക ദുഷ്‌കരമാവും. ചെലവുകളില്‍ നിയന്ത്രണം വേണ്ടതുണ്ട്. അലക്ഷ്യമായ വാക്കോ കര്‍മ്മമോ ശത്രുക്കളെ സൃഷ്ടിക്കാം. കാരണവന്മാരെ സന്ദര്‍ശിച്ചേക്കും. അവരുടെ ആരോഗ്യാദികളില്‍ ജാഗ്രത വേണം.

ഭരണി

നക്ഷത്രാധിപനായ ശുക്രന് മൗഢ്യം തുടരുകയാല്‍ ദുഷ്‌പ്രേരണകള്‍ക്കും തെറ്റായ തീരുമാനങ്ങള്‍ക്കും സാധ്യതയുണ്ട്. വാഗ്ദാനലംഘനം വിഷമിപ്പിക്കാം. സ്ത്രീകള്‍/എതിര്‍ ലിംഗത്തില്‍പെട്ടവര്‍ വിരോധിച്ചേക്കും. വീട്ടില്‍ റിപ്പയറിംഗ് വേണ്ടിവരുന്നതാണ്. പ്രണയികള്‍ നിസ്സാരകാര്യങ്ങള്‍ക്ക് കലഹിക്കാം. കുടുംബത്തിലെ വയോജനങ്ങളുടെ ക്ഷേമമന്വേഷിക്കും. വേണ്ട സഹായം ചെയ്യാന്‍ സന്നദ്ധത കാട്ടും. സ്വന്തം ആരോഗ്യപ്രശ്‌നങ്ങളില്‍ കരുതലുണ്ടാവണം. കലാപരിശീലനത്തിന് സമയം കണ്ടെത്തും. ഭാര്യയുടെ പൈതൃകസ്വത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുന്നതാണ്.

കാര്‍ത്തിക

വിശാലചിന്താഗതി തെറ്റിദ്ധരിക്കപ്പെടാം. പുതിയ കാര്യങ്ങള്‍ മറ്റുള്ളവരോട് ചോദിച്ചറിയാന്‍ വലിപ്പച്ചെറുപ്പം ബാധകമാവില്ല. തൊഴില്‍ മാറാന്‍ ഉചിതവേളയല്ല, ഇപ്പോളെന്നത് മറക്കരുത്. കാര്യതടസ്സവും പരിശ്രമങ്ങള്‍ക്ക് പ്രോത്സാഹനം ലഭിക്കാത്തതും  ആത്മവിശ്വാസത്തെ ബാധിച്ചേക്കാം. സുഹൃത്തുക്കളുടെ പ്രശ്‌നങ്ങള്‍ ക്ഷമാപൂര്‍വ്വം കേള്‍ക്കുന്നതാണ്.പോംവഴി നിര്‍ദ്ദേശിക്കും. പഠനയാത്രകള്‍ക്ക് നേരം കണ്ടെത്തും. പുതിയ വാടകവീട് ലഭിച്ചേക്കും. ചുറ്റുപാടുകളുടെ സ്പന്ദനങ്ങള്‍ തിരിച്ചറിയുവാന്‍ കഴിയുന്നതാണ്.

രോഹിണി

പഴയ ഓര്‍മ്മകള്‍ വിഷാദവും പ്രസാദവും നിറയ്ക്കും. അവസരങ്ങള്‍ പ്രയോജനപ്പെടുത്താത്തതില്‍ കുണ്ഠിതം തോന്നാം. എന്നാല്‍ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുമാവും. വിവാദങ്ങളോട് അകലം പാലിക്കുന്നതാവും ഉചിതം. ഉപജാപങ്ങളെ തിരിച്ചറിയും. കുടുംബത്തിന്റെ പിന്തുണയില്‍ സന്തോഷിക്കും. നിക്ഷേപങ്ങളില്‍ നിന്നും തൃപ്തികരമായ ആദായം പ്രതീക്ഷിക്കാം. നവീനമായ ഇലക്ട്രോണിക് ഉല്പന്നങ്ങള്‍ മകന് വാങ്ങിനല്‍കും. ഞായര്‍, വ്യാഴം ദിവസങ്ങള്‍ക്ക് ഗുണം കുറയാം.

മകയിരം

പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടില്ല. എങ്കിലും ചിലപ്പോഴൊക്കെ ആത്മധൈര്യം ചോരുന്നതായി തോന്നും. കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ നേരം കണ്ടെത്തുന്നതാണ്. വിദേശത്തുള്ളവര്‍ക്ക് ജോലിക്കാര്യത്തിലെ സമ്മര്‍ദ്ദത്തിന് അയവ് വരുന്നതായിരിക്കും. സാമ്പത്തിക കാര്യത്തില്‍ സമാശ്വസം അനുഭവപ്പെടും.  വസ്തുവാങ്ങിക്കുന്ന കാര്യത്തില്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യം രൂപപ്പെടുന്നതാണ്. സ്വാശ്രയ ബിസിനസ്സില്‍ പുരോഗതി പ്രതീക്ഷിക്കാം. ആദ്ധ്യാത്മികസാധനകളോട് ഇഷ്ടം രൂപപ്പെടുന്നതാണ്.

തിരുവാതിര

തീര്‍ത്ഥാടനം, കുടുംബ സംഗമം, വിരുന്നുകള്‍ ഇവ സന്തോഷമേകും. പുതിയ കാര്യങ്ങള്‍ പഠിക്കാനവസരം തുറന്നു കിട്ടാം. വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കുറയും. പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഉത്സാഹമേറുന്നതാണ്. കടം വാങ്ങിയ തുക കൃത്യഅവധിക്ക് കൊടുക്കാന്‍ കഴിഞ്ഞേക്കില്ല. വാഗ്ദാനലംഘനം മനപ്രയാസത്തിന് കാരണമാകും. ആഢംബരച്ചെലവുകള്‍ ഉയരുന്നതാണ്. വ്യാപാരത്തിലെ പരീക്ഷണങ്ങളില്‍ ഭാഗികമായി വിജയിക്കാനാവും. സഹായിക്കാന്‍ കുടുംബാംഗങ്ങള്‍ മുന്നോട്ടുവരും. സ്‌നേഹബന്ധം ചഞ്ചലമാവും.

പുണര്‍തം

നവസംരംഭങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും. ഊര്‍ജ്ജസ്വലതയേറുന്നതാണ്. ന്യായമായ കാര്യങ്ങള്‍ക്ക് തടസ്സം വരില്ല. പ്രധാന ചുമതലകള്‍ പകരക്കാരെ ഏല്‍പ്പിക്കരുത്. ഭൂമിയില്‍ നിന്നും ആദായം കുറയുന്നതാണ്. പിണങ്ങിയ ബന്ധുക്കളുമായി അടുപ്പം പുലര്‍ത്തും. ഗാര്‍ഹികമായി സൈ്വരമുണ്ടാവും. വിശ്വസ്തരായ സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിക്കാം. മകന്റെ ജോലിക്കാര്യത്തിനായി നടത്തിയ ശുപാര്‍ശ ഫലിക്കുന്നതാണ്.  തിങ്കള്‍, ചൊവ്വ, ശനി ദിവസങ്ങളില്‍ പുതുകാര്യങ്ങള്‍ ആരംഭിക്കാതിരിക്കുക കരണീയം.

പൂയം

ചില ദിവസങ്ങളില്‍ ഉന്മേഷവും ചില ദിവസങ്ങളില്‍ ഉന്മേഷരാഹിത്യവും അനുഭവിക്കുവാനിടയുണ്ട്. മേലധികാരികളെ ഉപദേശിക്കാന്‍ തുനിഞ്ഞ് അബദ്ധത്തിലാവും. സാമ്പത്തിക സ്ഥിതി മോശമാവില്ല. നടപ്പിലാക്കിയ കാര്യങ്ങളുടെ കണക്ക് രേഖപ്പെടുത്തും. കാര്യസാധ്യത്തിന് അലച്ചിലുണ്ടായേക്കാം.  കലാരംഗത്ത് കൂടുതല്‍ പരിശീലനം ആവശ്യമാണെന്നറിയും. സ്ഥാനമാനങ്ങളെച്ചൊല്ലി സഹപ്രവര്‍ത്തകരുമായി കലഹിച്ചേക്കും. ധന ഇടപാടുകളില്‍ ജാമ്യം നില്‍ക്കുന്നത് കരുതലോടെയാവണം. വാഹനം വാങ്ങാനുള്ള ആലോചന സാക്ഷാത്തായേക്കും.

ആയില്യം

ഭൗതികമായ പുരോഗതി സന്തോഷിപ്പിക്കും. അല്പലാഭങ്ങള്‍ അനുസ്യൂതമാവും. പ്രതീക്ഷകളില്‍ ചിലതൊക്കെ പൂവണിയാം. കര്‍മ്മരംഗത്ത് കൂടുതല്‍ സമയം ചെലവഴിക്കുന്നതാണ്. പങ്കാളിത്ത ബിസിനസ്സ് പുഷ്ടിപ്പെടുത്താം. സുഖഭക്ഷണ യോഗം, വിനോദം ഇവയുണ്ടാവും. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ശത്രുക്കള്‍ ഉണ്ടായേക്കാം. പ്രണയബന്ധത്തില്‍ ആഹ്‌ളാദിക്കും. ഊഹക്കച്ചവടത്തില്‍ ആദായം കൈവരുന്നതാണ്. ജന്മനാട്ടിലേക്ക് ഹ്രസ്വസന്ദര്‍ശനം നടത്തും. ഞായര്‍, ബുധന്‍, വ്യാഴം മേന്മ കുറയും.

മകം

നവം നവമായിട്ടുള്ള കാര്യങ്ങളില്‍ മനസ്സ് മുഴുകുമ്പോഴും പാരമ്പര്യത്തെയും പഴമയേയും തള്ളിപ്പറയില്ല. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും സമ്മര്‍ദ്ദം കുറയുന്നതാണ്. സമയബന്ധിതമായി പ്രവര്‍ത്തിക്കാനാവും. കടബാധ്യത കുറയ്ക്കാനായതിന്റെ ആശ്വാസമനുഭവപ്പെടുന്നതാണ്. മുന്‍പത്തെക്കാള്‍ കൂടുതല്‍ സഹകരണം ഔദ്യോഗികമായി ലഭിക്കാം. കുടുംബത്തിനൊപ്പം ഷോപ്പിംഗ്, പുറമേ നിന്നും ഭക്ഷണം, വിനോദം എന്നിവയ്ക്ക് സന്ദര്‍ഭം കണ്ടെത്തും. തിങ്കള്‍, ചൊവ്വ ദിവസം ക്രയവിക്രയങ്ങളില്‍ കരുതലുണ്ടാവണം.

പൂരം

കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനാവും. വ്യക്തിപരമായി ചില തീരുമാനങ്ങള്‍ കൈക്കൊള്ളും. അവനവന്റെ കാര്യങ്ങളില്‍ ബാഹ്യ ഇടപെടലുകള്‍ക്ക് അവസരം കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ ശോഭിക്കാനാവും. സകുടുംബം അവധിക്കാല യാത്രകള്‍ക്ക് പദ്ധതിയിടും. നവീനമായ ഗാര്‍ഹികോപകരണങ്ങള്‍ വാങ്ങും. വാഗ്ദാനലംഘനം നടത്തിയവരോട് കയര്‍ക്കുന്നതാണ്. മകന്റെ പഠന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടി വരും. ഞായര്‍, ബുധന്‍, വ്യാഴം മികച്ച ദിവസങ്ങള്‍.

ഉത്രം

കഴിവുകള്‍ സ്വയം തിരിച്ചറിയും. മറ്റുള്ളവരും മനസ്സിലാക്കിത്തുടങ്ങും. അവഗണന പരിഗണനയായി മാറാം. കര്‍മ്മമേഖലയില്‍ തിരക്കുണ്ടാവും. പ്രോജക്ടുകള്‍ക്ക് അധികാരികള്‍ 'ഗ്രീന്‍ സിഗ്‌നല്‍' നല്‍കും. ഗവേഷണത്തിന് കൂടുതല്‍ നേരം മാറ്റിവെക്കാന്‍ സാധ്യതയുണ്ട്. ധനാഗമ മാര്‍ഗങ്ങള്‍ തുറക്കപ്പെടുന്നതാണ്. ജന്മനാട്ടിലേക്ക് ഹ്രസ്വസന്ദര്‍ശനം നടത്തുന്നതാണ്. കൂടിച്ചേരലുകള്‍ ഗതകാലസ്മരണകള്‍ ഉണര്‍ത്തും. ആരോഗ്യ പരിപാലനത്തില്‍ അലംഭാവമരുത്. വാരമദ്ധ്യത്തിലെ ദിവസങ്ങളില്‍ ദേഹക്ലേശം ഉണ്ടായേക്കാം.

അത്തം

ചന്ദ്രഗതി, ഞായര്‍ മുതല്‍ ചൊവ്വ വരെ 10,11 ഭാവങ്ങളിലാകയാല്‍ ആ ദിവസങ്ങളില്‍ അഭീഷ്ടസിദ്ധി, സുഖഭോഗം, ധനലാഭം എന്നിവയുണ്ടാവും. കാര്യവിജയം പ്രതീക്ഷിക്കാം. കിട്ടാക്കടങ്ങള്‍ കുറച്ചൊക്കെ കൈവരുന്നതാണ്. മനസ്സിന് സ്വാസ്ഥ്യം ഭവിക്കുന്നതായിരിക്കും. ബുധനും വ്യാഴവും ചന്ദ്രഗതി പന്ത്രണ്ടിലാകയാല്‍ ചെലവേര്‍പ്പെടും. അലച്ചിലിനും സാധ്യതയുണ്ട്. സമയനിഷ്ഠ പാലിക്കാനാവില്ല. വെള്ളി, ശനി ദിവസങ്ങളില്‍ ജന്മരാശിയിലൂടെ കടന്നുപോവുകയാല്‍ നല്ലഭക്ഷണം, ദേഹസുഖം, കീര്‍ത്തി എന്നിവ ഭവിക്കുന്നതാണ്.

ചിത്തിര

സാങ്കേതിക ജോലികള്‍ ചെയ്യുന്നവര്‍ക്ക് അവസരങ്ങള്‍ കൂടും. വീടു പുതുക്കിപ്പണിയാന്‍ ശ്രമം തുടരുന്നതാണ്. ഉദ്യോഗത്തില്‍ നിന്നും വിരമിച്ചവര്‍ക്ക് പുതിയ കരാര്‍ജോലികള്‍ തരപ്പെടുന്നതാണ്. ഇലക്ട്രിക്/ ഇലക്ട്രോണിക് സാധനങ്ങള്‍ വാങ്ങും. കൂട്ടുകച്ചവടത്തില്‍ ലാഭം കുറയുന്നതാണ്. ആരോഗ്യപരമായി ക്ലേശങ്ങളുണ്ടാവും.  മകന്റെ വിവാഹകാര്യത്തില്‍ ശുഭതീരുമാനങ്ങളുണ്ടാവും. ഔഷധവ്യാപാരത്തില്‍ പുരോഗതി ദൃശ്യമാകുന്നതാണ്. മംഗളകര്‍മ്മങ്ങളില്‍ സകുടുംബം സംബന്ധിക്കുന്നതിന് സാധിക്കും.

ചോതി

ചെയ്യുന്ന ജോലിയില്‍ വിജയിക്കും. എന്നാല്‍ അദ്ധ്വാനം കുറയില്ല. കുറുക്കുവഴികള്‍ അറിയാത്തതിനാല്‍ ചിലരുടെ ഉപജാപങ്ങളെ വിശ്വസിച്ചു പോകും. അതിനാല്‍ കരുതലുണ്ടാവണം. ദൂരദിക്കുകളില്‍ കഴിയുന്നവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ അവധി ലഭിക്കുന്നതാണ്. ഉന്നത വ്യക്തികളുടെ പരിചയം സമ്പാദിക്കും.  ഗൃഹനവീകരണത്തിന് പ്‌ളാന്‍ തയ്യാറാക്കുന്നതാണ്. കൂടുകെട്ടുകളില്‍ കരുതലുണ്ടാവണം. ആത്മവിശ്വാസം അതിരുകടക്കരുത്. വെള്ളി, ശനി ഒഴികെ ആഴ്ച മുഴുവനും കാര്യവിജയവും നേട്ടവും കൈവരാന്‍ സാധ്യത കാണുന്നു.

വിശാഖം

കര്‍മ്മരംഗത്ത് തളര്‍ച്ചയുണ്ടാവില്ല. എന്നാല്‍ കുതിച്ചുചാട്ടവും പ്രതീക്ഷിക്കേണ്ടതില്ല. ശുപാര്‍ശകള്‍ക്ക് ഫലം കിട്ടും. കുടുംബ ബിസിനസ്സ് വിപുലീകരിക്കുവാന്‍ ശ്രമം തുടരുന്നതാണ്. സംഘടനാ ചുമതലകള്‍ ഒഴിയാന്‍ തീരുമാനിക്കുമെങ്കിലും പ്രാവര്‍ത്തികമായേക്കില്ല. അഭിമുഖങ്ങള്‍ക്ക് തയ്യാറെടുക്കും. സന്താനങ്ങളെക്കൊണ്ട് മനസ്സന്തോഷം പ്രതീക്ഷിക്കാം. വിരമിച്ചവര്‍ പുതിയ സാഹചര്യത്തോട് പൊരുത്തപ്പെടാന്‍ വിഷമിക്കുന്നതാണ്. മകളുടെ വിവാഹകാര്യത്തില്‍ കൂടുതല്‍ ശുഷ്‌കാന്തി കാട്ടും. നിസ്സാര കാര്യങ്ങള്‍ ദുസ്സാധ്യമാവും. വിഷമം പിടിച്ചവ എളുപ്പം നേടാനും കഴിഞ്ഞേക്കും.

അനിഴം

അഭ്യൂഹങ്ങളെ അവഗണിക്കേണ്ടതുണ്ട്. സാഹചര്യങ്ങളോട് വേഗം ഇണങ്ങും. പുതിയ തലമുറയോട് മാനസികമായി പൊരുത്തപ്പെട്ടേക്കില്ല. കുടുംബ ബഡ്ജറ്റ് ഉയരുന്നതാണ്. അധികച്ചെലവുകള്‍ നിയന്ത്രിക്കാന്‍ വീട്ടുകാരോട് ആവശ്യപ്പെടുന്നത് ചെറിയ തര്‍ക്കത്തിന് വഴിവെക്കാം. പഠനകാര്യങ്ങളില്‍ ഏകാഗ്രതയുണ്ടാവില്ല. വാരാദ്യം അലച്ചിലിനിടയുണ്ട്. സാമൂഹിക കാര്യങ്ങളില്‍ അഭിപ്രായപ്രകടനം കരുതലോടെ വേണ്ടതുണ്ട്. ഊഹക്കച്ചവടത്തില്‍ ആദായമുണ്ടാവും. പ്രണയികള്‍ക്ക് ആഹ്‌ളാദ സാഹചര്യങ്ങള്‍ സംജാതമാകും.

തൃക്കേട്ട

വചോവിലാസം ശ്രദ്ധേയമാകും. ആശയവിനിമയശേഷി അഭംഗുരമായി തുടരുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ അധികരിക്കും. തീരുമാനങ്ങള്‍ ഏകപക്ഷീയമാവാതിരിക്കാന്‍ കരുതലുണ്ടാവണം. അവഗണിച്ചവര്‍ പരിഗണിക്കുന്ന സാഹചര്യം ഭവിക്കാം. ന്യായമായ ആവശ്യങ്ങള്‍ക്ക് തടസ്സമുണ്ടാവില്ല. രോഗഗ്രസ്തര്‍ക്ക് പാരമ്പര്യ ചികില്‍സാരീതി ഫലവത്തായേക്കും. തൊഴില്‍ തേടുന്നവര്‍ക്ക് ഗുണവത്തായ ചില സൂചനകള്‍ കിട്ടാം. സാമ്പത്തികമായി സമാശ്വാസമുണ്ടാവുന്ന കാലഘട്ടമാവും.

മൂലം

ജന്മരാശിയില്‍ നാലുഗ്രഹങ്ങള്‍ സഞ്ചരിക്കുന്നതിനാല്‍ സമ്മര്‍ദ്ദം ഒഴിയുകയില്ല. പലപ്പോഴും ചിന്താപരവശതയില്‍ മുഴുകും. ആത്മവിശ്വാസത്തിന് കുറവ് വരുന്നതാണ്. കുടുംബകാര്യങ്ങളില്‍ സഹിഷ്ണുത വേണ്ടതുണ്ട്. പരിശ്രമങ്ങള്‍ വിജയിക്കാന്‍ ഏകാഗ്രത കൂടിയേ കഴിയൂ! നവസംരംഭങ്ങള്‍ തുടങ്ങുന്നതിന് ഗ്രഹാനുകൂല്യം ഇല്ലാത്ത കാലമാണ്. ചെറിയ കാര്യങ്ങള്‍  നടന്നുകിട്ടും. അപ്രതീക്ഷിത സഹായങ്ങള്‍ വന്നുചേരും. ബിസിനസ്സിലൂടെയുള്ള വരുമാനത്തിലും കുറവുണ്ടാവും. വ്യയത്തില്‍ കരുതലുണ്ടാവണം. സ്ത്രീസൗഹൃദം സന്തോഷമേകും.

പൂരാടം

ജന്മനക്ഷത്രത്തിലൂടെ ഗ്രഹങ്ങള്‍ കടന്നുപോവുകയാല്‍ മാനസിക പിരിമുറുക്കത്തിന് സാധ്യതയുണ്ട്. പരീക്ഷണങ്ങള്‍ക്ക് മുതിരരുത്. നിലവിലെ ജോലിയില്‍ തൃപ്തി കുറയാം. അഭിമുഖങ്ങളില്‍ ശോഭിക്കാനായേക്കില്ല. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത വേണം. പ്രധാനകാര്യങ്ങള്‍ ഇരുവട്ടം ആലോചിച്ചുവേണം പ്രാവര്‍ത്തികമാക്കാന്‍. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ദീര്‍ഘയാത്രകളും സാഹസകര്‍മ്മളും ഒഴിവാക്കുക നന്ന്. ലഘുവായ സന്തോഷങ്ങള്‍, കുടുംബ സുഖം, പ്രിയപ്പെട്ടവരുടെ പിന്തുണ, പ്രാര്‍ത്ഥന എന്നിവ മനക്‌ളേശങ്ങള്‍ അകലാന്‍ കാരണമാകും.

ഉത്രാടം

പ്രവര്‍ത്തന മേഖലയില്‍ സ്വാതന്ത്ര്യം കുറയാം. അസംതൃപ്തി പരസ്യമാക്കും. പൊതുവേ ചെലവേറുന്ന കാലമാണ്. മിതവ്യയം ജീവിതശൈലിയാക്കണം. സംഘടനകളില്‍ വിമര്‍ശിക്കപ്പെടാം. ധനാഗമ മാര്‍ഗങ്ങള്‍ വിപുലീകരിക്കാന്‍ ശ്രമം തുടരേണ്ടതുണ്ട്. സ്വന്തം സംരംഭങ്ങളെക്കുറിച്ച് കാര്യമായി ആലോചിക്കാവുന്ന സന്ദര്‍ഭമാണ്. ഉപരിപഠനത്തില്‍ തീരുമാനമുണ്ടാവും. കലാപരിശീലനം തീവ്രമാക്കേണ്ടതുണ്ട്. സുഹൃത്തുക്കളുടെ വാക്കുകളുടെ ശരിതെറ്റുകള്‍ സ്വന്തം വിവേകത്തിന് വിധേയമാക്കേണ്ടതാണ്. ഗൃഹത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കും.

തിരുവോണം

പന്ത്രണ്ടാം രാശിയില്‍ ഗ്രഹാധിക്യം ഭവിച്ചിരിക്കുകയാല്‍ ചെലവേറുന്നതാണ്. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ യാത്രാക്ലേശമുണ്ടാവും. ക്ഷോഭം നിയന്ത്രിക്കേണ്ടതുണ്ട്. ആശയവിനിമയത്തില്‍ അബദ്ധം വരാതെ നോക്കണം. ഭൂമിയുടെ വില്പന തടസ്സപ്പെടും.  ബന്ധുക്കളുമായി പിണങ്ങിയേക്കാം. അല്പസന്തോഷങ്ങള്‍, ചെറിയ ആശ്വാസങ്ങള്‍, സമാഗമങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാം. പ്രോജക്ടുകള്‍ നിരസിക്കപ്പെട്ടതിനാല്‍ മാറ്റി എഴുതേണ്ടി വരുന്നതാണ്. ഉപാസനാദികള്‍ക്ക് സമയം കണ്ടെത്തും. പ്രണയികള്‍ക്ക് ഇച്ഛാഭംഗത്തിന് സാധ്യത കാണുന്നു.

അവിട്ടം

മത്സരരംഗത്ത് മുന്നേറും. യുക്തിവിചാര കൗശലമേറും. മകരക്കൂറുകാര്‍ക്ക് പ്രതീക്ഷിക്കാത്ത ചെലവുകള്‍ വന്നെത്താം. ആകസ്മിക യാത്രകള്‍ വേണ്ടിവരുന്നതാണ്. കര്‍മ്മരംഗത്തെ സൗഹൃദാന്തരീക്ഷം നഷ്ടമായേക്കാം. കുംഭക്കൂറുകാര്‍ക്ക് പല രംഗങ്ങളിലും അനായാസ വിജയം പ്രതീക്ഷിക്കാം. വരവ് അധികരിക്കുന്നതാണ്. സാമൂഹികമായ അംഗീകാരമുണ്ടാവും. പദവികളിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടും. പൊതുവേ ഗാര്‍ഹികാന്തരീക്ഷത്തില്‍ സമാധാനം നിറയും. അനുരാഗം അഭംഗുരമാവും.

ചതയം

അനുകൂല സാഹചര്യങ്ങളുണ്ട്.  അലസതമൂലം മുഴുവന്‍ ഗുണവും ലഭിച്ചെന്നു വരില്ല. സമയബന്ധിതമായി ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ മടി കാട്ടും. പുതിയ കാര്യങ്ങളില്‍ കുറ്റം കണ്ടെത്തി ഒഴിവാക്കാന്‍ നോക്കിയേക്കും. സാമ്പത്തിക പ്രയോജനം വന്നെത്തും. ഭൂമി വില്‍പ്പനയിലൂടെ ലാഭമുണ്ടാക്കുന്നതാണ്. ന്യായമല്ലാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ശത്രുക്കളെ സമ്പാദിച്ചേക്കും. ദാമ്പത്യത്തില്‍ അനുരഞ്ജനം ഗുണകരമാവും. ഉപാസനാദികള്‍ മുടങ്ങില്ല. വെള്ളി, ശനി ദിവസങ്ങള്‍ക്ക് മേന്മയുണ്ടാവില്ല.

പൂരൂരുട്ടാതി

വാരാദ്യം ആലോചനകളില്‍ മുഴുകും. വ്യക്തമായ തീരുമാനമുണ്ടായേക്കില്ല. ചൊവ്വ മുതല്‍ പ്രവൃത്തികളില്‍ ശ്രദ്ധയുണ്ടാവും. നിന്നുപോയ സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കും. സാമ്പത്തിക പിന്തുണയ്ക്ക് വഴിതേടുന്നതാണ്. കൂട്ടുകെട്ടുകളെക്കുറിച്ച് മാതാപിതാക്കള്‍ വ്യാകുലപ്പെടാം. ഉന്നതോദ്യോഗസ്ഥരില്‍ സ്വാധീനമുണ്ടാവും. കരാര്‍ പണികളുടെ കുടിശിക തുക ലഭിക്കുന്നതാണ്. ചികില്‍സാമാറ്റത്താല്‍ രോഗികള്‍ക്ക് ആശ്വാസമുണ്ടാവും. ബന്ധുക്കളെ സന്ദര്‍ശിക്കും. ശനിയാഴ്ച സാഹസകര്‍മ്മങ്ങള്‍ ഒഴിവാക്കണം.

ഉത്രട്ടാതി

ഗാര്‍ഹികമായി സ്വസ്ഥത കിട്ടുന്ന വാരമാണ്. വീടിന്റെ അറ്റകുറ്റപ്പണി കഴിയും. മകന്റെ പഠനപുരോഗതി അഭിമാനിക്കത്തക്കതാവും. ഇഷ്ടപ്പെട്ട കാര്യങ്ങളില്‍ ചിലതൊക്കെ നേടാനായേക്കും. പ്രണയികള്‍ നിര്‍ബാധമായി മധുരസ്വപ്നങ്ങളില്‍ മുഴുകുന്നതാണ്. കുടുംബകാര്യങ്ങള്‍ക്കായി വിദേശ യാത്രക്ക് ഒരുക്കം തുടങ്ങേണ്ടതായി വരും. കൂടുകച്ചവടം കൊണ്ട് ലാഭം കിട്ടാറാകും. നിക്ഷേപങ്ങള്‍ പുതുക്കാന്‍ സമയമാവും. വായ്പകളുടെ അടവ് തടസ്സപ്പെടില്ല. തീര്‍ത്ഥാടന യോഗമുണ്ട്.

രേവതി

സ്വന്തം കാര്യങ്ങള്‍ പരാശ്രയത്വം കൂടാതെ നടന്നുകിട്ടും. ഗാര്‍ഹികസൗഖ്യം പ്രതീക്ഷിക്കാം.  അന്യദിക്കില്‍ കഴിയുന്ന ചിലര്‍ക്ക്  നാട്ടിലേക്ക് വരാനാവും.  മകന്റെ കാര്യത്തില്‍ അല്പം മനക്ലേശത്തിന് സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ അലസതയിലേക്ക് നീങ്ങാം ഉത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചുമതലകള്‍ വരാം. സാമ്പത്തിക കാര്യങ്ങളില്‍ അശ്രദ്ധയരുത്. ഉദ്യോഗസ്ഥരുടെ വാക്കുകള്‍ മേലധികാരികള്‍ ഗൗരവത്തിലെടുക്കുന്നതാണ്. വാഗ്ദാനങ്ങള്‍ പാലിക്കാനാവും. സുഹൃത്തുക്കളുമൊത്ത് വിനോദിക്കാന്‍ നേരം കണ്ടെത്തും.