അങ്ങനെ മാരുതിയുടെ ഇവനും ക്യാമറയല്‍ കുടുങ്ങി

ഔട്ട്ഗോയിംഗ് മോഡലിനെ അപേക്ഷിച്ച് ശ്രദ്ധേയമായ ഡിസൈന്‍ മാറ്റങ്ങളും ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകളും ഉണ്ടാകും. അപ്ഡേറ്റില്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട് പുതിയ ബ്രെസ പരീക്ഷണയോട്ടം നടത്തുന്നിനിടെ വീണ്ടും ക്യാമറയില്‍ പതിഞ്ഞു

author-image
Biju
New Update
camera

 ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കോംപാക്ട് എസ്യുവികളില്‍ ഒന്നാണ് മാരുതി സുസുക്കി ബ്രെസ. നിലവില്‍ രണ്ടാം തലമുറയിലുള്ള ബ്രെസ 2022-ലാണ് പുറത്തിറങ്ങിയത്. അത്യന്തം മത്സരം നിറഞ്ഞ സബ് 4 മീറ്റര്‍ എസ്യുവി വിഭാഗത്തില്‍ സ്വാധീനം നിലനിര്‍ത്തുന്നതിനായി അത്യാവശ്യമായ മിഡ്-ലൈഫ് അപ്ഡേറ്റിന് പാത്രമാവുകയാണ് ബ്രെസ. അടുത്ത വര്‍ഷം പുറത്തിറങ്ങാന്‍ പോകുന്ന 2026 മാരുതി ബ്രെസ ഫെയ്സ്ലിഫ്റ്റില്‍ (2026 Maruti Suzuki Brezza Facelift) ഔട്ട്ഗോയിംഗ് മോഡലിനെ അപേക്ഷിച്ച് ശ്രദ്ധേയമായ ഡിസൈന്‍ മാറ്റങ്ങളും ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകളും ഉണ്ടാകും. അപ്ഡേറ്റില്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട് പുതിയ ബ്രെസ പരീക്ഷണയോട്ടം നടത്തുന്നിനിടെ വീണ്ടും ക്യാമറയില്‍ പതിഞ്ഞു.

ഇത്തവണ മണാലി ഹൈവേയിലെ ദുര്‍ഘടമായ മലമ്പാതകളിലൂടെ ഓടിച്ച് ടെസ്റ്റിംഗ് നടത്തുന്ന ചിത്രങ്ങളാണ് ചോര്‍ന്നത്. കാര്‍ ഇന്ത്യ ന്യൂസ് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇടുങ്ങിയ മലയോര പാതയില്‍ പുതിയ ബ്രെസ യു-ടേണ്‍ എടുക്കുന്നതാണ് വീഡിയോയില്‍ കാണാനാകുക. ഒരു വെളുത്ത മാരുതി ജിംനി ടെസ്റ്റ് മ്യൂളിനൊപ്പം കാണാം. അത് സപ്പോര്‍ട്ട് കാറായിരിക്കാം.

 2026 ബ്രെസ ലോഞ്ചിന് മുമ്പായി യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ പരീക്ഷിക്കപ്പെടുകയാണെന്ന് ഇത് വ്യക്തമാക്കുന്നു. തുടര്‍ച്ചയായി നടത്തുന്ന ടെസ്റ്റിംഗ് പുതിയ ബ്രെസയുടെ അവസാനഘട്ട മിനുക്കു പണികളിലാണ് മാരുതിയെന്ന സൂചനകളാണ് നമുക്ക് നല്‍കുന്നത്. മണാലിയിലെ നിരത്തില്‍ കണ്ടത് സാധാരണ പെട്രോള്‍ വേരിയന്റാണെന്നാണ് സൂചന. പുത്തന്‍ സ്പൈ ചിത്രങ്ങള്‍ പ്രകാരം അപ്ഡേറ്റഡ് ബ്രെസയ്ക്ക് ആകര്‍ഷകമായ പുതിയ അലോയ് വീലുകള്‍ ലഭിക്കും.

വാഹനത്തിന്റെ മുന്‍ഭാഗത്തെ രൂപകല്‍പ്പനയിലും പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. ഉയര്‍ന്ന നിലവാരത്തിലുള്ള ലൈറ്റിംഗ് ഘടകങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ബ്രെസയുടെ ഹെഡ്ലാമ്പുകളും ടെയില്‍ ലാമ്പുകളും പുനര്‍രൂപകല്‍പ്പന ചെയ്യും. ഷാര്‍പ്പര്‍ ഡിസൈനിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍ പുതിയ ബ്രെസക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ബോഡി അനുപാതവും വശക്കാഴ്ചയും മുന്‍ഗാമിയില്‍ നിന്ന് വലിയ മാറ്റമില്ലാതെ തുടരുന്നു.

 റിയര്‍ ഡിസൈനിന്റെ വ്യക്തമായ കാഴ്ച വീഡിയോയില്‍ ലഭിക്കുന്നില്ല. പുതിയ എസ്യുവിക്ക് കൂടുതല്‍ പ്രീമിയം നിലവാരവും ലുക്കുമുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ ലഭിക്കുന്നതായി തോന്നുന്നു. വാഹനം നല്ല രീതിയില്‍ മറച്ചിരിക്കുന്നതിനാല്‍ ടെയില്‍ ലാമ്പ് ഡിസൈനിനെ കുറിച്ച് ഇപ്പോള്‍ ആധികാരികമായി ഒന്നും പറയാന്‍ സാധിക്കില്ല. എന്നിരുന്നാലും, ബ്രെസ ഫെയ്സ്ലിഫ്റ്റിന്റെ മുന്നിലും പിന്നിലും പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറുകളും ഒരു ബോഡി ക്ലാഡിംഗും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

പിന്നിലെ വിന്‍ഡ്ഷീല്‍ഡില്‍ സിഎന്‍ജി സ്റ്റിക്കര്‍ പതിച്ച ഒരു സിഎന്‍ജി ടെസ്റ്റ് മോഡലിന്റെ ചിത്രങ്ങളും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. ബ്രെസ സിഎന്‍ജി മോഡലില്‍ അണ്ടര്‍ഫ്‌ലോര്‍ സിഎന്‍ജി ടാങ്ക് നല്‍കാനാണ് കമ്പനി ആലോചിക്കുന്നത്. അവസാനം പുറത്തിറങ്ങിയ വിക്ടോറിസ് എസ്യുവിയിലുള്ളതിന് സമാനമായ ക്രമീകരണമായിരിക്കും ഇത്. പുതിയ വാഹനങ്ങളില്‍ സ്പെയര്‍ വീല്‍ നല്‍കാത്തതിനാല്‍ അവിടെ സിഎന്‍ജി ടാങ്ക് ഘടിപ്പിക്കുന്നത് വഴി ബൂട്ട് സ്പെയ്സ് കുറയുന്നുവെന്ന പരാതിക്ക് പരിഹാരം കാണാം.