/kalakaumudi/media/media_files/2026/01/17/kanthara-2026-01-17-15-09-41.jpg)
കന്നഡയിലെ വിസ്മയ ചിത്രമായ കാന്താര ചാപ്റ്റര്‍ ഒന്ന് കണ്ടവരാരും അത്രവേഗം മറക്കാനിടയില്ലാത്ത മുഖമാണ് വിജയേന്ദ്ര രാജാവിന്റേത്. മലയാളിയായ ഹരിപ്രശാന്ത് വര്‍മ ജീവന്‍ നല്‍കിയ കരുത്തുറ്റ കഥാപാത്രം വാനോളം പ്രശംസ നേടിയിരുന്നു. ആറടിനാലിഞ്ച് പൊക്കവും താടിയും കൊമ്പന്‍മീശയുമായി സ്‌ക്രീന്‍ നിറഞ്ഞുനിന്ന താരത്തെ മലയാളികള്‍ക്കിടയില്‍ പ്രത്യേക ആമുഖത്തിന്റെ ആവശ്യമൊന്നുമില്ല. ആട് രണ്ടിലെ ചെകുത്താന്‍ ലാസര്‍ എന്ന കഥാപാത്രമാണ് മലയാളികള്‍ക്കിടയില്‍ ഹരിപ്രശാന്തിനെ സുപരിചിതനാക്കിയത്. ഒപ്പം മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനിലെ പ്രധാന കഥാപാത്രവും കൂടിയാവുമ്പോള്‍ താരത്തിന്റെ മൂല്യം തന്നെ ഉയരും.
സ്‌ക്രീന്‍ സ്പേസ് കുറവാണെങ്കിലും സിനിമയിലുടനീളം സ്വാധീനം ചെലുത്തുന്ന കഥാപാത്രമാണ് ഹരിപ്രശാന്തിന് കാന്താരയിലുണ്ടായിരുന്നത്. സിനിമ മേഖലയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരം ഇപ്പോഴിതാ ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ വരവേറ്റ സന്തോഷത്തിലാണ് ഇപ്പോള്‍. മറ്റൊന്നുമല്ല ഏറെക്കാലമായി മോഹിച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സ്വന്തമാക്കിയിരിക്കുകയാണ് സിനിമാതാരം ഇപ്പോള്‍.
റെട്രോ ക്ലാസിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 650-യാണ് താരം കൂടെക്കൂട്ടിയിരിക്കുന്നത്. ബ്രാന്‍ഡിന്റെ എറണാകുളത്തെ പ്രമുഖ വിതരണക്കാരായ അര്‍ബന്‍ ലോകോമോട്ടില്‍ നിന്നുമാണ് ഹരിപ്രശാന്ത് വര്‍മ ബൈക്ക് വാങ്ങിയിരിക്കുന്നത്. ഡീലര്‍ഷിപ്പ് തന്നെയാണ് വാഹനത്തിന്റെ ഡെലിവറി വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 3,79,252 രൂപയാണ് ബൈക്കിന് വരുന്ന എക്‌സ്‌ഷോറൂം വില.
ബ്രാന്‍ഡിന്റെ മോഡല്‍ നിരയിലെ ഏറെ പ്രിയങ്കരമായ 650 പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍ നല്‍കുന്ന ആറാമത്തെ മോട്ടോര്‍സൈക്കിളാണ് ക്ലാസിക്. ഡിസൈനിലേക്ക് നോക്കിയാല്‍ ആദ്യ കാഴ്ച്ചയില്‍ 350 സിസി ക്ലാസിക്കിന് സമാനമായാണ് കാണപ്പെടുന്നതെങ്കിലും വലിപ്പത്തിന്റെ കാര്യത്തില്‍ ക്ലാസിക് 650 അജഗജാന്തരമാണെന്ന് വേണം പറയാന്‍. ടിയര്‍ഡ്രോപ്പ് ഫ്യുവല്‍ ടാങ്ക്, സ്പോക്ക്ഡ് റിംസ്, ന്യൂട്രല്‍ റൈഡിംഗ് ട്രയാംഗിള്‍ എന്നിവയ്ക്കൊപ്പം അതിന്റെ റെട്രോ സ്‌റ്റൈല്‍ നഷ്ടപ്പെടുത്താതെ പണികഴിപ്പിച്ചിരിക്കുന്നത്.
എല്ലാ ലൈറ്റിംഗ് ഘടകങ്ങളും വൃത്താകൃതിയിലാണെന്നതും ശ്രദ്ധേയമാണ്. പ്രധാന ഹെഡ്ലാമ്പ് ഒരു എല്‍ഇഡി യൂണിറ്റാണെന്നതിന് പുറമെ സിംഗിള്‍ സീറ്റിനൊപ്പം ഒരു പില്യണ്‍ സീറ്റ് ഓപ്ഷനും റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 മോട്ടോര്‍സൈക്കിളിന് ലഭിക്കും. ടീല്‍, വല്ലം റെഡ്, ബ്രണ്ടിംഗ്തോര്‍പ്പ് ബ്ലൂ, ബ്ലാക്ക് ക്രോം എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളും വാഹനത്തിനുണ്ടാവുമെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.
ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാല്‍ വരാനിരിക്കുന്ന പുതിയ ക്ലാസിക് 650 സിസി മോഡലിന് 350 പതിപ്പിലെ അതേ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ലഭിച്ചിരിക്കുന്നത്. ടെല്‍ടെയില്‍ ലൈറ്റുകളോട് കൂടിയ അനലോഗ് സ്പീഡോമീറ്ററും ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍, ഫ്യൂവല്‍ ലെവല്‍ ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍ എന്നിവ കാണിക്കുന്ന ചെറിയ ഡിജിറ്റല്‍ റീഡൗട്ട്, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ക്ലോക്ക് എന്നിവയും ക്ലസ്റ്ററിലുണ്ട്.
യാത്രകള്‍ ആവേശകരമാക്കാന്‍ ട്രിപ്പര്‍ നാവിഗേഷന്‍ സംവിധാനവും റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 മോഡലില്‍ ഉണ്ടാവും. 270-ഡിഗ്രി ഫയറിംഗ് ഓര്‍ഡര്‍ ഉപയോഗിക്കുന്ന അതേ സ്വീറ്റ് 647 സിസി, എയര്‍-ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് തുടിപ്പേകാന്‍ എത്തുക. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 7,250 ആര്‍പിഎമ്മില്‍ 46.39 bhp പവറും 5,650 ആര്‍പിഎമ്മില്‍ 52.3 Nm ടോര്‍ക്കും വരെ നിര്‍മിക്കാനാവും.
മറ്റ് മെക്കാനിക്കല്‍ വശങ്ങളിലേക്ക് വന്നാല്‍ സസ്‌പെന്‍ഷനായി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 ബൈക്കിന്റെ മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഷോവയില്‍ നിന്നുള്ള ട്വിന്‍ ഷോക്കുകളുമാണ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിനായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും ലഭിക്കും. റൈഡറിന്റെ അധിക സുരക്ഷക്കായി സ്റ്റാന്‍ഡേര്‍ഡായി തന്നെ ഡ്യുവല്‍ ചാനല്‍ എബിഎസും കൊടുത്തിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
