/kalakaumudi/media/media_files/2025/10/20/apache-2025-10-20-15-04-19.jpg)
പുതിയ ടിവിഎസ് അപ്പാച്ചെ RTX 300, അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് എത്തിയതോടെ റോയല്‍ എന്‍ഫീല്‍ഡ്, ഹീറോ എന്നീ ബ്രാന്‍ഡുകളുടെ നെഞ്ചത്ത് തന്നെ അമ്പെയ്തതിന് തുല്യമാണ്. മോഡലിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 1.99 ലക്ഷം രൂപയാണ്. പുതിയ മോഡല്‍, റാലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈന്‍, പുതിയ എന്‍ജിന്‍, പരിഷ്‌കരിച്ച ഷാസി എന്നിവ കൊണ്ട് തന്നെ ശ്രദ്ധേയമാണ്. അപ്പാച്ചെ ശ്രേണിയിലേക്കുള്ള ഈ പുതിയ കൂട്ടിച്ചേര്‍ക്കലിലൂടെ, രാജ്യത്തെ സാഹസിക ടൂറിംഗ് മോട്ടോര്‍സൈക്കിളുകളുടെ വര്‍ദ്ധിച്ചു വരുന്ന ആവശ്യം നിറവേറ്റാന്‍ ടിവിഎസ് പ്രാപ്തമാകും എന്ന കാര്യത്തില്‍ സംശയമില്ല.
അപ്പാച്ചെ RTX ദിവസേനയുള്ള യാത്രക്കാര്‍ക്കും ഓഫ്-റോഡ് പ്രേമികള്‍ക്കും ഒരുപോലെ പ്രയോജനകരമാകുന്ന ഫീച്ചറുകളോടെ മൂന്ന് വ്യത്യസ്ത വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇടത്തരം സാഹസിക മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്ക് ടിവിഎസിന്റെ വരവിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. 300 സിസി എഞ്ചിന്‍, അത്യാധുനിക ഇലക്ട്രോണിക്‌സ്, കരുത്തുറ്റ ഷേപ്പ് എന്നിവയെല്ലാം ലഭിക്കുന്നുണ്ട്. നഗരയാത്രകള്‍ക്കും, ദുര്‍ഘടമായ റോഡുകളിലൂടെയുള്ള യാത്രകള്‍ക്കും ഇത് ഒരുപോലെ അനുയോജ്യമാണ്. കൂടാതെ വ്യത്യസ്ത സാഹചര്യങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ളതുമാണ്.
ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍, നല്ല റോഡിലും,ദുര്‍ഘടമായ റോഡുകളിലെയും, മലയോര മേഖലയിലെയും ഇതിന്റെ ശേഷി പരീക്ഷിക്കാന്‍ അപ്പാച്ചെ RTX-ല്‍ ഒരു യാത്ര പോകാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. അപ്പാച്ചെ RTX-ന്, റാലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള രൂപകല്‍പ്പനയാണ് നല്‍കിയിരിക്കുന്നത്. കാറ്റിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന വലിയ വിന്‍ഡ്സ്‌ക്രീനും, ഷാസിയും ഇതിന് ലഭിക്കുന്നുണ്ട്.
ഇരട്ട ഹെഡ്ലാമ്പുകള്‍ വ്യത്യസ്ത ലൈറ്റിംഗ് സാഹചര്യങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കാന്‍ കഴിയുന്നതാണ്. ഉയര്‍ന്നുനില്‍ക്കുന്ന രൂപവും, വീതിയേറിയ ഹാന്‍ഡില്‍ബാറുകളും റോഡില്‍ ഇതിന് മികച്ച റോഡ് പ്രസന്‍സ് നല്‍കാന്‍ സഹായിക്കുന്നവയാണ്. മുന്‍വശത്ത് 19-ഇഞ്ച് ടയറും, 180mm ട്രാവലുള്ള അപ്സൈഡ്-ഡൗണ്‍ ഫോര്‍ക്കുകളും ഓഫ്-റോഡിംഗില്‍ മികച്ച പ്രകടനം നല്‍കാന്‍ സഹായിക്കുന്നു. പിന്നിലെ 17-ഇഞ്ച് ടയറുകള്‍ വിവിധതരം പ്രതലങ്ങളില്‍ സ്ഥിരതയും, മികച്ച ഗ്രിപ്പും നല്‍കാന്‍ കഴിവുളളവയാണ്.
റൈഡറിനും, പിന്നിലിരിക്കുന്നവര്‍ക്കും സുഖകരമായ രീതിയിലുള്ള സീറ്റുകളാണ് അപ്പാച്ചെ നല്‍കിയിരിക്കുന്നത്. എക്‌സ്‌പോസ്ഡ് ഫ്രെയിമും, മെറ്റല്‍ ഘടകങ്ങളും ഇതിന് കരുത്തുറ്റ ഭാവം നല്‍കുന്നു. കൂടാതെ ടോപ് ബോക്‌സ് ഘടിപ്പിക്കാനുള്ള സൗകര്യം ടോപ് വേരിയന്റുകളില്‍ അധികമായി നല്‍കിയിട്ടുണ്ട്. 5-ഇഞ്ച് TFT ഡിസ്പ്ലേ നല്‍കിയിരിക്കുന്നത് കൊണ്ട് ഏത് നട്ടുച്ചയ്ക്കും വ്യക്തമായ കാഴ്ച നല്‍കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
