ആര്‍ബിഐയുടെ ഞെട്ടിക്കുന്ന കാര്‍ലോണ്‍; ഇഎംഐ കുറയും

റിസര്‍വ് ബാങ്കിന്റെ ഈ തീരുമാനം വാഹന വായ്പയെ എങ്ങിനെ ബാധിക്കുന്നുവെന്ന് പറയുന്നതിന് മുമ്പ് നാം റിപ്പോ നിരക്ക് എന്താണെന്ന് അറിഞ്ഞിരിക്കണം. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും റിസര്‍വ് ബാങ്കില്‍ നിന്ന് പണം കടമെടുത്താണ് ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കുന്നത്

author-image
Biju
New Update
car loan

ആകര്‍ഷകമായ പലിശ നിരക്കില്‍ മാസതവണകളായി വായ്പ തിരിച്ചടച്ചാല്‍ വലിയ സാമ്പത്തിക ഭാരമില്ലാതെ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. വാഹന വായ്പയെ നേരിട്ട് ബാധിക്കുന്നതാണ് റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്ക് (Repo Rate ). ഭാരതീയ റിസര്‍വ് ബാങ്ക് ഇപ്പോള്‍ റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചിരിക്കുകയാണ്. ഇത് വാഹന വായ്പകളുടെ പലിശനിരക്ക് കുറയ്ക്കാനും പ്രതിമാസ തവണകള്‍ (ഇഎംഐ) കുറയാനും വഴിതെളിക്കും. ഈ മാറ്റം ഉപഭോക്താക്കള്‍ക്ക് എത്രത്തോളം ആശ്വാസം നല്‍കുമെന്നതിനെ കുറിച്ച് വിശദമായി ഈ ലേഖനത്തില്‍ വായിക്കാം.

റിസര്‍വ് ബാങ്കിന്റെ ഈ തീരുമാനം വാഹന വായ്പയെ എങ്ങിനെ ബാധിക്കുന്നുവെന്ന് പറയുന്നതിന് മുമ്പ് നാം റിപ്പോ നിരക്ക് എന്താണെന്ന് അറിഞ്ഞിരിക്കണം. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും റിസര്‍വ് ബാങ്കില്‍ നിന്ന് പണം കടമെടുത്താണ് ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കുന്നത്. ഇതിന് റിസര്‍വ് ബാങ്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. വായ്പാദാതാക്കള്‍ ഈ റിപ്പോ നിരക്കിനൊപ്പം ലാഭവിഹിതവും ചേര്‍ത്ത് ഉപഭോക്താക്കളില്‍ നിന്ന് പലിശ ഈടാക്കുന്നു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും ജിഡിപി നിരക്ക് 7.3 ശതമാനമായതും പരിഗണിച്ചാണ് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്ക് 0.25 ബേസിസ് പോയിന്റ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 5.25 ശതമാനമായി മാറി. ഈ പലിശ ഇളവ് ഉപഭോക്താക്കള്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യുമെന്നും വായ്പകളുടെ പ്രതിമാസ തവണകളില്‍ കുറവ് വരുമെന്നും പ്രതീക്ഷിക്കുന്നു.

ഉദാഹരണത്തിന്, 8.75 ശതമാനം പലിശയ്ക്ക് 5 വര്‍ഷത്തേക്ക് 10 ലക്ഷം രൂപയുടെ കാര്‍ ലോണിട്ട് വാങ്ങിയ ആള്‍ക്ക് നിലവില്‍ 20,673 രൂപയായിരുന്നു പ്രതിമാസ തിരിച്ചടവ്. പലിശ 0.25 ശതമാനം കുറഞ്ഞ് 8.50 ശതമാനമാകുമ്പോള്‍ ഇഎംഐ 20,517 രൂപയായി കുറയും. ഇത് പ്രതിമാസം 120 രൂപയുടെ ലാഭമാണ് ഉപഭോക്താവിന് നേടിക്കൊടുക്കുന്നത്. സമാനമായ രീതിയില്‍ 8.75 ശതമാനം പലിശ നിരക്കില്‍ 15 ലക്ഷം രൂപ വായ്പയെടുത്തയാള്‍ ഇതുവരെ 30,956 രൂപയായിരുന്നു ഇഎംഐ അടച്ചിരുന്നത്.

പലിശ നിരക്ക് 8.50 ശതമാനമായി കുറയുമ്പോള്‍ ഇഎംഐ 30,775 രൂപയായി മാറും. ഇതുവഴി ഓരോ മാസവും 181 രൂപ ലാഭിക്കാന്‍ സാധിക്കും. വായ്പാ തുക, കാലാവധി, ലോണ്‍ എടുത്ത ബാങ്കിന്റെയോ ധനകാര്യ സ്ഥാപനത്തിന്റെയോ വായ്പാ പദ്ധതി എന്നിവ അനുസരിച്ച് ഈ പലിശ നിരക്കുകളിലെ മാറ്റം വ്യത്യാസപ്പെടാം എന്ന് ഓര്‍ക്കണം. അതിനാല്‍, നിങ്ങളുടെ കാര്‍ ലോണിന്റെ യഥാര്‍ത്ഥ പലിശനിരക്ക് എത്രയാണെന്ന് ബന്ധപ്പെട്ട ബാങ്കുമായോ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ടോ ചോദിച്ച് മനസ്സിലാക്കുന്നതാണ് ഉത്തമം.

റിപ്പോ നിരക്ക് മാറ്റം വാഹന വായ്പകള്‍ക്ക് മാത്രമല്ല, ഭവന വായ്പകള്‍, വ്യക്തിഗത വായ്പകള്‍ തുടങ്ങിയ മറ്റ് ലോണുകള്‍ക്കും ബാധകമാകും. റിപ്പോ നിരക്കിലെ മാറ്റത്തിന്റെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് കൈമാറുന്ന രീതിയിലാണ് മിക്ക ലോണുകളും. അതുകൊണ്ട് തന്നെ ആര്‍ബിഐയുടെ ഈ തീരുമാനം വാഹന, ഭവന വായ്പകള്‍ എടുത്ത ലക്ഷക്കണക്കിന് പേര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കും.