ഒരു ഫോണ്‍ വാങ്ങുന്ന വിലയ്ക്ക് ബൈക്ക് വാങ്ങിയാലോ?

റഷ്ലേന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വില്‍പ്പന റിപ്പോര്‍ട്ട് അനുസരിച്ച് 2025 സെപ്റ്റംബറില്‍ ബജാജ് 62,260 പ്ലാറ്റിന ബൈക്കുകള്‍ വിറ്റഴിച്ചു. ഒരു വര്‍ഷം മുമ്പ് അതായത് 2024 സെപ്റ്റംബറില്‍ 49,774 യൂണിറ്റുകള്‍ മാത്രമായിരുന്നു വിറ്റുപോയത്.

author-image
Biju
New Update
bike

ഇന്ത്യയില്‍ ബഹുഭൂരിപക്ഷം വരുന്ന ഇടത്തരക്കാര്‍ ഇപ്പോഴും ദൈനംദിന യാത്രകള്‍ക്കായി ഇരുചക്ര വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. മികച്ച ഇന്ധനക്ഷമതയുള്ള കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളാണ് അവരുടെ മാസബജറ്റ് താളംതെറ്റാതെ നിലനില്‍ക്കാന്‍ സഹായിക്കുന്നത്. അതുകൊണ്ടുതന്നെ കുറഞ്ഞ വിലയുള്ള കമ്മ്യൂട്ടര്‍ ബൈക്കുകള്‍ പുറത്തിറക്കാന്‍ കമ്പനികള്‍ മത്സരിക്കുന്നു. അവയില്‍ തന്നെ ഇന്ത്യക്കാര്‍ നെഞ്ചിലേറ്റിയ ചില മോഡലുകള്‍ ഉണ്ട്. കുറഞ്ഞ വിലയും ഉയര്‍ന്ന മൈലേജും കാരണം ഇന്ത്യന്‍ വിപണിയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ ബൈക്കാണ് ബജാജ് പ്ലാറ്റിന. 2006-ലാണ് ബജാജ് പ്ലാറ്റിന വിപണിയിലെത്തിയത്. പ്ലാറ്റിനയുടെ പ്രാരംഭ വില അന്ന് 34,000 രൂപയിരുന്നു.

1 ലിറ്റര്‍ പെട്രോള്‍ നിറച്ചാല്‍ 108 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന പരസ്യം അന്ന് വലിയ ചര്‍ച്ചയായിരുന്നു. കുറഞ്ഞ വിലയും മാരക മൈലേജും കാരണം വെറും 8 മാസത്തിനുള്ളില്‍ 5 ലക്ഷത്തിലധികം പ്ലാറ്റിന ബൈക്കുകള്‍ വിറ്റഴിക്കാന്‍ ബജാജിന് സാധിച്ചു. വിപണിയിലെത്തി ഏകദേശം 20 വര്‍ഷത്തോളമായിട്ടും ഈ മോഡലിന്റെ വില്‍പ്പനയ്ക്ക് ഇപ്പോഴും യാതൊരു ഇടിവ് സംഭവിച്ചിട്ടില്ല.
2025 സെപ്റ്റംബറിലെ കണക്കുകളും ഇത് ശരിവെക്കുന്നു.

 റഷ്ലേന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വില്‍പ്പന റിപ്പോര്‍ട്ട് അനുസരിച്ച് 2025 സെപ്റ്റംബറില്‍ ബജാജ് 62,260 പ്ലാറ്റിന ബൈക്കുകള്‍ വിറ്റഴിച്ചു. ഒരു വര്‍ഷം മുമ്പ് അതായത് 2024 സെപ്റ്റംബറില്‍ 49,774 യൂണിറ്റുകള്‍ മാത്രമായിരുന്നു വിറ്റുപോയത്. 12,486 ബൈക്കുകള്‍ അധികം വിറ്റഴിച്ചതോടെ 25.09 ശതമാനം വളര്‍ച്ചയാണ് പ്ലാറ്റിന രേഖപ്പെടുത്തിയത്. 2025 സെപ്റ്റംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മികച്ച 10 ബൈക്കുകളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബജാജ് പ്ലാറ്റിന.

ഹീറോ സ്പ്ലെന്‍ഡര്‍ (3.82 ലക്ഷം), ഹോണ്ട ഷൈന്‍ (1.85 ലക്ഷം), ബജാജ് പള്‍സര്‍ (1.55 ലക്ഷം), ഹീറോ എച്ച്എഫ് ഡീലക്സ് (1.18 ലക്ഷം) എന്നിവയാണ് ഈ പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍. ടിവിഎസ് അപ്പാച്ചെ (53326), ടിവിഎസ് റെയ്ഡര്‍ (41753), റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 (40440), ഹോണ്ട സിബി യൂനികോണ്‍ (32361), ഹീറോ ഗ്ലാമര്‍ (30140) എന്നീ മോഡലുകളാണ് പ്ലാറ്റിനക്ക് പിന്നില്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍.

 നിലവില്‍, ബജാജ് പ്ലാറ്റിന 100, 110 എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ ലഭ്യമാണ്. 100 സിസി പതിപ്പിന്റെ പ്രാരംഭ വില 65,407 രൂപയാണ്. ഇതിന് 7.9 PS പവറും 8.3 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 102 സിസി എഞ്ചിനാണ് കരുത്ത് പകരുന്നത്. 110 സിസി പതിപ്പിന് 69,284 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

6.33 kW പവറും 9.81 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 115.45 സിസി എഞ്ചിനാണ് പ്ലാറ്റിന 110 മോഡലിന്റെ ഹൃദയം.ബജാജിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമായ എക്സ്ഷോറൂം വിലകളാണ് ഇത്. പെട്രോള്‍ വില ഇപ്പോഴും 100 രൂപയില്‍ നില്‍ക്കുന്നതാണ് പ്ലാറ്റിന പോലുള്ള ബൈക്കുകള്‍ക്ക് ഡിമാന്‍ഡ് വലിയ രീതിയില്‍ കുറയാതിരിക്കാന്‍ കാരണം.

 ഒപ്പം പ്രീമിയം സ്മാര്‍ട്ഫോണ്‍ വാങ്ങുന്ന വിലയും മറ്റൊരു ഘടകമാണ്. ബജാജ് പ്ലാറ്റിന കമ്മ്യൂട്ടര്‍ ബൈക്കിന് തുടക്കത്തില്‍ 108 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്തെങ്കിലും ഉപഭോക്താക്കള്‍ക്ക് സാധാരണയായി 90 കിലോമീറ്റര്‍ വരെയാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലര്‍ക്ക് 100 കിലോമീറ്റര്‍ വരെ മൈലേജ് ലഭിച്ചതായും പറയപ്പെടുന്നു.

റൈഡിംഗ് ശൈലി, റോഡിന്റെ കണ്ടീഷന്‍, വാഹനത്തിന്റെ പരിപാലനം എന്നിവ അനുസരിച്ച് മൈലേജില്‍ വ്യത്യാസം വരാം. ഓഫീസുകളിലേക്കും കോളേജുകളിലേക്കും ദിവസവും യാത്ര ചെയ്യുന്നവര്‍ക്കും സ്വിഗ്ഗി, സോമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി കമ്പനികളില്‍ മറ്റ് ലാസ്റ്റ് മൈല്‍ ഡെലിവറി സേവനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത്തരം ബൈക്കുകള്‍ ഉപകാരപ്രദമാണ്.

bajaj