/kalakaumudi/media/media_files/2025/11/06/bmwtvs-2025-11-06-09-35-46.jpg)
ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന 2025 EICMA മോട്ടോര്‍ ഷോയില്‍ തങ്ങളുടെ ഏറ്റവും പുതിയ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിനെ പുറത്തിറക്കി ബവേറിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഉടന്‍ വില്‍പ്പനയ്ക്ക് എത്താന്‍ പോവുന്ന മോഡലിനെ ഇതാദ്യമായാണ് കമ്പനി പൊതുവേദിയില്‍ അവതരിപ്പിക്കുന്നത്. നേരത്തെ കണ്‍സെപ്റ്റ് പതിപ്പില്‍ എത്തിയപ്പോള്‍ തന്നെ ഏറെ ഹൈപ്പുണ്ടാക്കിയ F 450 GS എഡിവിയുടെ പ്രൊഡക്ഷന്‍ പതിപ്പാണിത്. G 310 GS നിര്‍ത്തലാക്കിയപ്പോള്‍ സങ്കടപ്പെട്ടവര്‍ക്കെല്ലാം ഇരട്ടി സന്തോഷം നല്‍കുന്നതാണ് ബേബി ജിഎസിന്റെ വരവ്.
ഇനി GS നിരയിലെ എന്‍ട്രി ലെവല്‍ മോഡലായിരിക്കും ഇത്. ബിഎംഡബ്ല്യുവിന്റെ 450 GS അഡ്വഞ്ചര്‍ ബൈക്കിന്റെ നിര്‍മാണ ചുമതല ടിവിഎസിനാണ്. മെയ്ഡ് ഇന്‍ ഇന്ത്യ മോട്ടോര്‍സൈക്കിളായി ഇതിനെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുമെന്നാണ് ബ്രാന്‍ഡ് അറിയിച്ചിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450, കെടിഎം 390 അഡ്വഞ്ചര്‍ തുടങ്ങിയവയോടാവും F 450 GS മത്സരത്തിനിറങ്ങുക.
EICMA മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച F 450 GS അഡ്വഞ്ചറിന്റെ പ്രൊഡക്ഷന്‍ പതിപ്പിന് വെറും 178 കിലോഗ്രാം ഭാരമാണുള്ളത്. GS ശ്രേണിയിലെ ഏറ്റവും ചെറിയ മോഡല്‍ ആണെങ്കിലും ആശാന്‍ വേറെ ലെവലായിരിക്കുമെന്നതാണ് സത്യം. ടൂറിംഗിനും ഓഫ്-റോഡിനുമെല്ലാം ഉപയോഗിക്കാന്‍ കിടിലമായിരിക്കുമെന്നതില്‍ സംശയമൊന്നും വേണ്ട. പുതിയ R 1300 GS-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ക്വാഡ് എല്‍ഇഡി ഡിആര്‍എല്ലുകള്‍ (ഡേടൈം റണ്ണിംഗ് ലാമ്പുകള്‍), ഗോള്‍ഡന്‍ നിറമുള്ള USD ഫോര്‍ക്ക് എന്നിവയെല്ലാം അഴക് വര്‍ധിപ്പിക്കുന്നുണ്ട്. 420 സിസി ട്വിന്‍-സിലിണ്ടര്‍ എഞ്ചിനാണ് ബേബി ജിഎസിന്റെ ഹൃദയം. 6 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,750 ആര്‍പിഎമ്മില്‍ 48 bhp കരുത്തും 6,750 ആര്‍പിഎമ്മില്‍ 43 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാനാവും. ക്ലച്ച് ഉപയോഗിക്കാതെ തന്നെ വേഗത്തിലുള്ള അപ്ഷിഫ്റ്റുകള്‍ക്കും ഡൗണ്‍ഷിഫ്റ്റുകള്‍ക്കുമായി F 450 GS-ല്‍ ബിഎംഡബ്ല്യുവിന്റെ ഷിഫ്റ്റ് അസിസ്റ്റന്റ് പ്രോ എന്നറിയപ്പെടുന്ന ക്വിക്ക്ഷിഫ്റ്ററും ലഭ്യമാവും.
വലതുവശത്ത് രണ്ട് കാറ്റലറ്റിക് കണ്‍വെര്‍ട്ടറുകളുള്ള ഒരു സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എക്സ്ഹോസ്റ്റ് സിസ്റ്റം ഇതിലുണ്ട്. ബേസിക്, എക്‌സ്‌ക്ലൂസീവ്, സ്‌പോര്‍ട്ട്, ട്രോഫി എന്നിങ്ങനെ നാല് വേരിയന്റുകളിലാവും പുതിയ 420 സിസി അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ വിപണനത്തിന് എത്തുക. റൈഡിംഗ് സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഡൈനാമിക്‌സിനുമായി ഈസി റൈഡ് ക്ലച്ച് (ERC) ബൈക്കില്‍ സജ്ജീകരിച്ചിരിട്ടുണ്ടെന്നും കമ്പനി പറയുന്നു. GS ട്രോഫി വേരിയന്റില്‍ ഈയൊരു ഫീച്ചര്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യും. കൂടാതെ മറ്റെല്ലാ വകഭേദങ്ങളിലേക്കും ഇത് അധിക പൈസയ്ക്ക് വാങ്ങിവെക്കാനുമാവുമെന്നാണ് ബിഎംഡബ്ല്യു അറിയിച്ചിരിക്കുന്നത്. മറ്റ് മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ F 450 GS അഡ്വഞ്ചറിന്റെ സസ്‌പെന്‍ഷനായി മുന്‍വശത്ത് ഒരു KYB അപ്സൈഡ്-ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ KYB മോണോഷോക്കുമാണ് ബിഎംഡബ്ല്യു ഒരുക്കിയിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
