/kalakaumudi/media/media_files/2025/11/24/train-2025-11-24-19-42-11.jpg)
ചെന്നൈ: ദക്ഷിണേന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നു. ഹൈദരാബാദ് - ചെന്നൈ ഹൈസ്പീഡ് റെയില്‍ ഇടനാഴിയുടെ അന്തിമ അലൈന്‍മെന്റ് തയാറായി. ഡിപിആറില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അന്തിമ അലൈന്‍മെന്റ് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ തമിഴ്നാട് സര്‍ക്കാരിന് സമര്‍പ്പിച്ചു.
സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കൂടി അനുമതി തേടിയതോടെ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് ഒരു പടി കൂടി അടുക്കുകയാണ്. തമിഴ്‌നാട് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ പദ്ധതിയുടെ ഡിപിആര്‍ അന്തിമമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
തമിഴ്നാടിന്റെ അഭ്യര്‍ത്ഥനപ്രകാരം, ഗുഡൂരിലൂടെ കടന്നുപോകുന്നതിനു പകരം തിരുപ്പതിയില്‍ ഒരു സ്റ്റേഷന്‍ ഉള്‍പ്പെടുത്തുന്നതിനായി അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടുണ്ട്. നിലവില്‍ 12 മണിക്കൂര്‍ യാത്രാ സമയമാണ് ചെന്നൈ ഹൈദരാബാദ് യാത്രക്ക്. ഇത് 2 മണിക്കൂര്‍ 20 മിനിറ്റായി കുറയും. അലൈന്‍മെന്റ് പ്രകാരം തമിഴ്നാട്ടില്‍ രണ്ട് സ്റ്റേഷനുകളാണ് ഉണ്ടാകുക.
തമിഴ്‌നാട്ടിലൂടെ പോകുന്ന പാതയിലെ 12 കിലോമീറ്റര്‍ ദൂരം തുരങ്കപാത ആയിരിക്കും. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലൂടെയും പാത കടന്നുപോകും. ഭാവിയില്‍ ഹൈദരാബാദ്, ചെന്നൈ, അമരാവതി, ബെംഗളൂരു എന്നീ നാല് നഗരങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഹൈസ്പീഡ് ലൈനുകള്‍ക്കും പദ്ധതി തയ്യാറാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
