സിട്രണ്‍ എയര്‍ക്രോസ് X മാക്‌സ് 5S പുറത്തിറങ്ങി; പക്ഷെ കിട്ടാന്‍ പാടുപെടും

വില പ്രഖ്യാപിച്ചുവെന്ന് കരുതി നേരെ ഷോറൂമില്‍ പോയി ഈ വേരിയന്റ് വാങ്ങി മടങ്ങാന്‍ പറ്റില്ല. സ്ഥിരീകരിച്ച ബുക്കിംഗുകള്‍ ലഭിച്ച ശേഷം മാത്രമേ കമ്പനി ഇവ നിര്‍മ്മിക്കുകയുള്ളൂ എന്നതാണ് കാര്യം.

author-image
Biju
New Update
xmas

 ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രണ്‍ 'സിട്രോണ്‍ 2.0' തന്ത്രത്തിന്റെ ഭാഗമായി എയര്‍ക്രോസ് X (മുമ്പ് C3 എയര്‍ക്രോസ്) എസ്യുവിക്ക് പുത്തന്‍ വേരിയന്റ് സമ്മാനിച്ചു. എയര്‍ക്രോസ് X ടോപ്പ് എന്‍ഡ് മാക്സ് ട്രിമ്മില്‍ 5-സീറ്റര്‍ ഓപ്ഷന്‍ ചേര്‍ത്താണ് അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് കമ്പനി പുത്തന്‍ വേരിയന്റിന്റെ കൂട്ടിച്ചേര്‍ക്കല്‍. എയര്‍ക്രോസ് X മാക്സ് 5-സീറ്റര്‍ വേരിയന്റിന് 12.41 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്. എയര്‍ക്രോസ് നിരയില്‍ 12.8 ലക്ഷം രൂപയ്ക്ക് വിപണനം ചെയ്യുന്ന മാക്സ് ടര്‍ബോ 7 സീറ്ററിന് തൊട്ടുതാഴെയാണ് പുത്തന്‍ വേരിയന്റ് സ്ഥാനം പിടിക്കുന്നത്.

വില പ്രഖ്യാപിച്ചുവെന്ന് കരുതി നേരെ ഷോറൂമില്‍ പോയി ഈ വേരിയന്റ് വാങ്ങി മടങ്ങാന്‍ പറ്റില്ല. സ്ഥിരീകരിച്ച ബുക്കിംഗുകള്‍ ലഭിച്ച ശേഷം മാത്രമേ കമ്പനി ഇവ നിര്‍മ്മിക്കുകയുള്ളൂ എന്നതാണ് കാര്യം. കണ്‍ഫേം ബുക്കിംഗിന് ശേഷം മാത്രം പ്രൊഡക്ഷന്‍ എന്ന തീരുമാനത്തിലൂടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് സിട്രണ്‍ ലക്ഷ്യമിടുന്നത്. 

സിട്രണ്‍ എയര്‍ക്രോസ് X യൂ, പ്ലസ്, മാക്സ് എന്നീ മൂന്ന് ട്രിമ്മുകളിലാണ് വരുന്നത്. ട്രിം ലെവലിനെ ആശ്രയിച്ച് 5 സീറ്റര്‍, 7 സീറ്റര്‍ പതിപ്പുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. നേരത്തെ എയര്‍ക്രോസ് X-ന്റെ ലോവര്‍ വേരിയന്റുകളില്‍ മാത്രമാണ് 5-സീറ്റര്‍ ഓപ്ഷന്‍ ലഭ്യമായിരുന്നത്. അതായത് യൂ, പ്ലസ് ട്രിമ്മുകള്‍ക്ക് മാത്രമേ വലിയ 444 ലിറ്റര്‍ ബൂട്ടുള്ള 5 സീറ്റര്‍ കോണ്‍ഫിഗറേഷന്‍ ഉണ്ടായിരുന്നുള്ളൂ.

ടോപ് മാക്സ് വേരിയന്റ് 7-സീറ്റര്‍ ഓപ്ഷനില്‍ മാത്രമായിരുന്നു ലഭ്യമാക്കിയിരുന്നത്.ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ടോപ്പ് എന്‍ഡ് മോഡലിലും ഇപ്പോള്‍ 5-സീറ്റര്‍ സൗകര്യം കൊണ്ടുവന്നിരിക്കുകയാണ്. കൂടുതല്‍ ലഗേജ് സ്പേസ് ആഗ്രഹിക്കുന്നവര്‍ക്കും 5 പേര്‍ക്ക് ആഡംബരമായി യാത്ര ചെയ്യേണ്ടവര്‍ക്കും ഇത് അനുയോജ്യമാണ്. പോളാര്‍ വൈറ്റ്, ഡീപ് ഫോറസ്റ്റ്, പെര്‍ല നേര ബ്ലാക്ക് എന്നീ മൂന്ന് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ഈ വേരിയന്റ് ലഭ്യമാണ്.

മെക്കാനിക്കല്‍ വശങ്ങള്‍ പരിശോധിച്ചാല്‍, പുതിയ എയര്‍ക്രോസ് X മാക്സ് 5-സീറ്റര്‍ പതിപ്പില്‍ 108 bhp പവറുള്ള ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. മികച്ച പെര്‍ഫോമന്‍സും ഡ്രൈവിംഗ് അനുഭവവും വാഗ്ദാനം ചെയ്യുന്ന മോട്ടോര്‍ മാനുവല്‍ ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ടര്‍ബോ എഞ്ചിനില്‍ ലഭ്യമാകുന്ന ആദ്യത്തെ 5 സീറ്റര്‍ വേരിയന്റാണിതെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഫൗവ് ഡാര്‍ക്ക് ബ്രൗണ്‍ ഇന്റീരിയര്‍ തീമിലാണ് ഇത് ഫിനിഷ് ചെയ്തിരിക്കുന്നത്.

രണ്ടാം നിരയിലെ യാത്രക്കാര്‍ക്ക് 60 mm നീളമുള്ള നീ റൂം (Knee Room), കപ്പ് ഹോള്‍ഡറുകളുള്ള റിയര്‍ സെന്റര്‍ ആംറെസ്റ്റ്, രണ്ടാം നിരയിലെ സീറ്റുകള്‍ക്ക് 3-സ്റ്റെപ്പ് റീക്ലൈന്‍, ഫൗവ് ഡാര്‍ക്ക് ബ്രൗണ്‍ ഇന്റീരിയര്‍ തീം എന്നിവയാണ് പുതിയ സിട്രണ്‍ എയര്‍ക്രോസ് X മാകസ് 5 സീറ്ററിലെ ശ്രദ്ധേയ സവിശേഷതകള്‍. മൂന്നാം നിരയേക്കാള്‍ സുഖസൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ എയര്‍ക്രോസിനെ കൂടുതല്‍ ആകര്‍ഷകമാക്കുക എന്നതാണ് ഈ അപ്‌ഡേറ്റുകളുടെ ലക്ഷ്യം.