ഇനി വില 4.80 ലക്ഷം രൂപ മുതല്‍, കാറുകള്‍ക്ക് 2.70 ലക്ഷം രൂപ വരെ വെട്ടിക്കുറച്ച് സിട്രണ്‍

ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര, സ്‌കോഡ, ഹ്യുണ്ടായി, കിയ തുടങ്ങിയ വമ്പന്‍മാര്‍ക്ക് പിന്നാലെ വില വെട്ടിക്കുറച്ച് കമ്പനി സെപ്റ്റംബര്‍ 22 മുതല്‍ പുതിയ വിലയിലായിരിക്കും വാഹനങ്ങള്‍ വില്‍ക്കുക.

author-image
Biju
New Update
basalt

മുംബൈ: ഇന്ത്യന്‍ വാഹന വിപണിയില്‍ ശോഭിക്കാനാവാതെ പെടാപ്പാട് പെടുന്നൊരു കമ്പനിയാണ് സിട്രണ്‍. തുടക്കത്തില്‍ അവതരിപ്പിച്ച മോഡലുകളിലുണ്ടായിരുന്ന പോരായ്മകള്‍ കാരണമാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളോട് ഇന്ത്യക്കാര്‍ കൂട്ടുകൂടാതിരുന്നതിന്റെ കാരണം. എന്നാല്‍ കുറ്റങ്ങളും കുറവുകളുമെല്ലാം പരിഹരിച്ച് മിടുക്കന്‍മാര്‍ ആയിക്കൊണ്ടിരിക്കുകയാണ് സിട്രണ്‍ മോഡലുകള്‍. നിലവില്‍ ആറോളം കിടിലന്‍ കാറുകള്‍ പുറത്തിറക്കുന്ന കമ്പനി പുതിയ ജിഎസ്ടി ഇളവുകള്‍ പ്രകാരം മോഡല്‍ നിരയില്‍ വമ്പന്‍ വിലക്കുറവ് പ്രഖ്യാപിച്ച് മുമ്പോട്ട് വന്നിരിക്കുകയാണ്. ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര, സ്‌കോഡ, ഹ്യുണ്ടായി, കിയ തുടങ്ങിയ വമ്പന്‍മാര്‍ക്ക് പിന്നാലെ വില വെട്ടിക്കുറച്ച് കമ്പനി സെപ്റ്റംബര്‍ 22 മുതല്‍ പുതിയ വിലയിലായിരിക്കും വാഹനങ്ങള്‍ വില്‍ക്കുക.

രാജ്യത്ത് അടുത്തിടെ അവതരിപ്പിച്ച ജിഎസ്ടി പരിഷ്‌ക്കാരങ്ങള്‍ കാരണം സിട്രണ്‍ ഇന്ത്യ തങ്ങളുടെ മുഴുവന്‍ വാഹന ശ്രേണിയുടെയും വില 2.70 ലക്ഷം രൂപ വരെ കുറച്ചിട്ടുണ്ട്. ജിഎസ്ടി കുറയ്ക്കലിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും വാങ്ങുന്നവര്‍ക്ക് കൈമാറിയതായി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നുമുണ്ട്. നിലവില്‍ കമ്പനി ഇന്ത്യന്‍ വിപണിയില്‍ C3, C3X, എയര്‍ക്രോസ് എസ്യുവി, ബസാള്‍ട്ട്, ബസാള്‍ട്ട് X, C5 എയര്‍ക്രോസ് എസ്യുവി എന്നീ മോഡലുകളാണ് പുറത്തിറക്കുന്നത്.


എന്‍ട്രി ലെവല്‍ C3, C3X ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് വേരിയന്റിനെ ആശ്രയിച്ച് ഏകദേശം 84,000 രൂപ വില കുറയുമെന്നാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ക്ക് ശേഷം സിട്രണ്‍ C3-യുടെ എക്‌സ്‌ഷോറൂം വില 4.80 ലക്ഷം രൂപയില്‍ നിന്നായിരിക്കും ആരംഭിക്കുക. അതായത് മാരുതിയുടെ ചെറുകാറുകള്‍ നോക്കുന്നവര്‍ക്ക് സിട്രണ്‍ ഇനി മുതല്‍ നല്ലൊരു ഓപ്ഷനായിരിക്കുമെന്ന് ചുരുക്കം.

എയര്‍ക്രോസ് എസ്യുവിയുടെ കാര്യത്തിലേക്ക് വന്നാല്‍ 5, 7 സീറ്റര്‍ പതിപ്പുകളില്‍ വിപണിയിലെത്തുന്ന മോഡലിന് അതിന്റെ വേരിയന്റിനെ ആശ്രയിച്ച് 50,000 രൂപ വരെ വില കുറയും. ബസാള്‍ട്ട്, ബസാള്‍ട്ട് X എന്നീ മോഡലുകളുകള്‍ ഇനി മുതല്‍ 7.95 ലക്ഷം രൂപയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വിലയോടെ സ്വന്തമാക്കാം. ഫ്‌ലാഗ്ഷിപ്പ് C5 എയര്‍ക്രോസ് എസ്യുവിക്ക് പുതിയ ജിഎസ്ടി ഘടനയുടെ പരമാവധി ആനുകൂല്യം ലഭിക്കുന്നുണ്ട്.