/kalakaumudi/media/media_files/2025/01/23/JbUTJd9X2zjZyKyZMCEw.jpg)
Representational Image
കൊച്ചി: കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഇരുചക്ര വാഹനങ്ങളുടെ വില്പനയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കുതിപ്പ്. ഒറ്റ ചാര്‍ജില്‍ കുറഞ്ഞത് നൂറ് കിലോ മീറ്ററെങ്കിലും സഞ്ചരിക്കാന്‍ സാധിക്കുമെന്ന പ്രത്യേകതയാണ് ഉപഭോക്താക്കളെ ഇലക്ട്രിക് സ്‌കൂട്ടറുകളോട് കൂടുതല്‍ ആകര്‍ഷിപ്പിക്കുന്നത്. 2024ല്‍ 20 കമ്പനികള്‍ രാജ്യത്ത് വിറ്റത് 11,21,821 സ്‌കൂട്ടറുകളെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഡിസംബറില്‍ മാത്രം 71,626 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് രാജ്യത്ത് വിറ്റഴിക്കപ്പെട്ടത്. 2024ല്‍ രാജ്യത്ത് ആകെ വിറ്റ ഇലക്ട്രിക് വാഹനങ്ങളില്‍ 70 ശതമാനത്തിലേറെയും ഇരുചക്ര വാഹനങ്ങളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചേതക്, ടി.വി.എസ്.ഐക്യൂബ്, ഒല, ഏഥര്‍, ഗ്രേവ്‌സ് ഇലക്ട്രിക് മൊബിലിറ്റി, ബഗാസ്, പ്യുര്‍, വിഡ, ബൗണ്‍സ് ഇന്‍ഫിനിറ്റി, റിവോള്‍ട്ട് എന്നീ കമ്പനികളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റത്. മുന്‍നിര നിര്‍മ്മാതാക്കളെ കൂടാതെ മറ്റുചില കമ്പനികളും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍ പുറത്തിറക്കുന്നുണ്ട്. ഏഥര്‍, ടി.വി.എസ്, ഒല, ബജാജ് എന്നീ കമ്പനികളുടെ സ്‌കൂട്ടറുകളാണ് കൂടുതലായി പുറത്തിറങ്ങുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 90,629 (ജനുവരി മുതല്‍ ജൂലായ് വരെ) ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് വിറ്റത്. ഓല, ടി.വി.എസ് മോട്ടോര്‍, ബജാജ്, ഏഥര്‍ എന്നിവയാണ് കേരളത്തില്‍ കൂടുതല്‍ വിറ്റഴിഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകള്‍.