/kalakaumudi/media/media_files/2025/10/27/musk-2025-10-27-16-02-35.jpg)
ദുബായ്: മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ഗതാഗത മേഖലയില്‍ വന്‍ മാറ്റത്തിന് കളമൊരുങ്ങുന്നു. ആഗോള വ്യവസായ ഭീമന്‍ ഇലോണ്‍ മസ്‌കിന്റെ 'ദി ബോറിങ് കമ്പനി' ദുബൈയില്‍ ഇലക്ട്രിക് ഭൂഗര്‍ഭ പാത നിര്‍മ്മിക്കും. 2026 ന്റെ രണ്ടാം പാദത്തില്‍ പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങും. ദുബൈ ലൂപ്പ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് അതിവേഗം എമിറേറ്റ്‌സിലെ വിവിധ ഭാഗങ്ങളില്‍ എത്താന്‍ സാധിക്കും എന്നതാണ് പ്രത്യേകത.
ഇലോണ്‍ മസ്‌ക് സ്ഥാപിച്ച ദി ബോറിങ് കമ്പനി വികസിപ്പിച്ചെടുത്ത ഒരു പദ്ധതിയാണ് ലൂപ്പ്. അതിവേഗം യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സാധിക്കുന്ന ഇലക്ട്രിക് ഭൂഗര്‍ഭ ഗതാഗത സംവിധാനമാണ് ലൂപ്പ് എന്ന് പറയുന്നത്. സാധാരണ സബ് വേ പോലെയുള്ള ഗതാഗത മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അതില്‍നിന്ന് വ്യത്യസ്തമായി ടെസ്ല കാറുകള്‍ ആയിരിക്കും ഈ ടണലിലൂടെ സഞ്ചരിക്കുക.
സബ് വേയിലൂടെ സഞ്ചരിക്കുമ്പോള്‍ പല സ്റ്റോപ്പുകളിലും ട്രെയിനുകള്‍ നിര്‍ത്തേണ്ടി വരും. ഇത് വലിയ സമയ നഷ്ടമുണ്ടാക്കും. എന്നാല്‍ ലൂപ്പ് പദ്ധതിയില്‍ സ്റ്റോപ്പുകള്‍ ഒന്നും തന്നെ ഉള്‍പ്പെടുന്നില്ല. അത് കൊണ്ട് ഈ സമയം നഷ്ടം ഒഴിവാക്കാനും യാത്രക്കാരനെ കൃത്യ സ്ഥാനത്ത് എത്തിക്കാനും കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്
അതായത്, ഒരു യാത്രക്കാരന്‍ ഒരു പോയിന്റില്‍ നിന്ന് യാത്ര ആരംഭിച്ചാല്‍ അയാളുടെ ലക്ഷ്യസ്ഥാനത്ത് എത്തിയശേഷം മാത്രമേ വാഹനം നില്‍ക്കുകയുള്ളൂ. അപ്പോള്‍ ഇത് ഒരു ഇതൊരു 'ടെസ്ല ടണല്‍' ആണെന്ന് സംശയം തോന്നാം. എന്നാല്‍ അങ്ങനെ അല്ല. ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്വര്‍ക്ക് ആയിരിക്കും. അത് കൊണ്ട് മറ്റു ഇടപെടലുകള്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലൂപ്പ് പദ്ധതി ദുബൈയിലേക്ക് എത്തിയതിന്റെ പിന്നില്‍ ചില ലക്ഷ്യങ്ങള്‍ കൂടിയുണ്ട്. ദുബൈ ക്ലീന്‍ എനര്‍ജി സ്‌ട്രേറ്റജി 2050,അര്‍ബര്‍ മാസ്റ്റര്‍ പ്ലാന്‍ 2040 എന്നീ ആശയങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് ഈ പദ്ധതി.
ഈ രണ്ടു ആശയങ്ങളിലും സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത് തടസ്സം ഇല്ലാതെ ഗതാഗത മേഖലയില്‍ മുന്നേറുക എന്നതാണ്. അത് കൊണ്ടാണ് ഇലോണ്‍ മസ്‌കിന്റെ ലൂപ്പ് പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
ഇലോണ്‍ മസ്‌കിന്റെ ദി ബോറിങ് കമ്പനിയും ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ബി വൈ ക്യാപ്പിറ്റല്‍സും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ദുബൈയിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍, ടൂറിസ്റ്റ് സ്‌പോട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഈ ടണല്‍ പണിയുക. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ ആകും ഭൂഗര്‍ഭ പാതയില്‍ ഉപയോഗിക്കുക.
2026 ലെ രണ്ടാം പാദത്തോടുകൂടി ടണലിന്റെ പണി ആരംഭിക്കും എന്നാണ് ലഭിക്കുന്ന വിവരം. പണി ഭാഗികമായി പൂര്‍ത്തിയായാല്‍ ഒരു മണിക്കൂറില്‍ 20,000 ആളുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിയും എന്നാണ് കണക്കുകൂട്ടുന്നത്.
പ്രവര്‍ത്തനം പൂര്‍ണ്ണസജ്ജമാകുമ്പോള്‍ മണിക്കൂറില്‍ ഒരു ലക്ഷം ആളുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിയും. ഇതിലൂടെ സിറ്റിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ജനങ്ങളുടെ ജീവിത ജീവിതനിലവാരം ഉയര്‍ത്താന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് ഈ പദ്ധതിയില്‍ നല്‍കിയിരിക്കുന്നത്. തണലിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളിലെല്ലാം വെന്റിലേഷന്‍ സിസ്റ്റവും എമര്‍ജന്‍സി എക്‌സിറ്റുകളും ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റംസ് എന്നിവ ഒരുക്കിയിട്ടുണ്ട്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. ഭൂകമ്പം ഉണ്ടായാല്‍ പോലും ടണലിലുള്ള യാത്രക്കാര്‍ക്ക് യാതൊരു കുഴപ്പവും ഉണ്ടാകില്ല എന്നാണ് കമ്പനിയുടെ അവകാശവാദം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
