ചെന്നൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ വീണ്ടും തിരിച്ചുവരാന്‍ ഒരുങ്ങുന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഫോര്‍ഡ് ഇന്ത്യയില്‍ കാര്‍ ഉല്‍പ്പാദനം നിര്‍ത്തിയത്. വില്‍പ്പന ഗണ്യമായി കുറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതോടെ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഫോര്‍ഡ് തീരുമാനിക്കുകയായിരുന്നു.
തമിഴ്‌നാട്ടില്‍ കയറ്റുമതിക്കായി ഒരു നിര്‍മ്മാണ പ്ലാന്റ് പുനരാരംഭിക്കാന്‍ ഫോര്‍ഡ് മോട്ടോര്‍ പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കയറ്റുമതിക്കായി സംസ്ഥാനത്ത് നിര്‍മ്മാണം പുനരാരംഭിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കമ്പനി ചര്‍ച്ച നടത്തിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം കയറ്റുമതിക്കായി ഉല്‍പ്പാദന കേന്ദ്രം സ്ഥാപിക്കുന്നതിനായി താത്പര്യം അറിയിച്ച് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയതായും ഫോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
2021ല്‍ ഇന്ത്യയില്‍ ആഭ്യന്തര വില്‍പ്പനയ്ക്കായി ഫോര്‍ഡ് കാറുകള്‍ നിര്‍മ്മിക്കുന്നതാണ് ആദ്യം നിര്‍ത്തിയത്. പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതോടെ 2022ല്‍ കയറ്റുമതി രംഗത്ത് നിന്നും പിന്‍വാങ്ങി. ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി ഉല്‍പ്പാദന പ്ലാന്റ് പുനരാരംഭിക്കാനാണ് പദ്ധതി. ഈ പ്ലാന്റില്‍ ഫോര്‍ഡ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന കാറുകളും മറ്റ് വിശദാംശങ്ങളും പിന്നീട് അറിയിക്കുമെന്നും കമ്പനി അറിയിച്ചു.