/kalakaumudi/media/media_files/2025/12/10/harly-2-2025-12-10-09-03-00.jpg)
ലോകമെമ്പാടുമുള്ള ബൈക്ക് പ്രേമികളുടെ സ്വപ്നബ്രാന്‍ഡായി നിലകൊള്ളുന്ന ഒന്നാണ് ഹാര്‍ലി ഡേവിഡ്സണ്‍. ഇപ്പോള്‍ ഈ അമേരിക്കന്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ വീണ്ടും വലിയ ശ്രദ്ധ നേടുകയാണ്. തങ്ങളുടെ ഏറ്റവും പ്രീമിയം ബൈക്കുകളില്‍ ഒന്നായ CVO സ്ട്രീറ്റ് ഗ്ലൈഡ് പുറത്തിറക്കികൊണ്ടാണ് കമ്പനി തിളങ്ങി നില്‍ക്കുന്നത്. 63.03 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഈ കിടിലന്‍ ബൈക്ക് ഇറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന ഹാര്‍ലി മോഡലുകളില്‍ CVO റോഡ് ഗ്ലൈഡിന് ശേഷം രണ്ടാമത്തെ ഏറ്റവും വിലയേറിയ ബൈക്ക് കൂടിയാണിത്. ആഡംബര സവിശേഷതകളാല്‍ സമ്പന്നമായ ഇവന്‍ ഇന്നത്തെ യുവതലമുറയുടെ ഹ്യദയം പിടിച്ചുപറ്റാന്‍ ഒരിങ്ങിയിക്കുകയാണ്.
ബ്രാന്‍ഡിന്റെ CVO (Custom Vehicle Operations) ശ്രേണിയില്‍ ഉള്‍പ്പെടുന്ന ഈ ബൈക്ക് ഫാക്ടറിയില്‍ തന്നെ പ്രത്യേകം ഡിസൈന്‍ ചെയ്ത പെയിന്റ്, മികച്ച മെറ്റീരിയലുകള്‍, പുതിയ സാങ്കേതിക സംവിധാനങ്ങള്‍ എന്നിവയോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. മാത്രവുമല്ല ഇത് സ്റ്റാന്‍ഡേര്‍ഡ് സ്ട്രീറ്റ് ഗ്ലൈഡിന്റെ കൂടുതല്‍ പ്രീമിയവും ശക്തമാവുമായ വേര്‍ഷനാണ്. കൂടാതെ ഹാര്‍ലിയുടെ പ്രശസ്തമായ ബാറ്റ്വിംഗ് ഫെയറിംഗും ബാഗര്‍ സ്‌റ്റൈലും ബൈക്കില്‍ ഉള്‍പ്പെടുന്നുണ്ട്.
അതിനൊപ്പം ശക്തമായ എഞ്ചിന്‍, മെച്ചപ്പെടുത്തിയ സസ്പെന്‍ഷന്‍, മികച്ച ബ്രേക്കുകള്‍, ഉയര്‍ന്ന ഗുണമേന്മയുള്ള പെയിന്റ്, മികച്ച സ്പീക്കറുകള്‍, വലിയ ടച്ച്സ്‌ക്രീന്‍ തുടങ്ങിയ നിരവധി ഹൈ-എന്‍ഡ് ഫീച്ചറുകളും ഇതില്‍ ലഭിക്കും. ദൈര്‍ഘ്യമേറിയ യാത്രകളില്‍ കൂടുതല്‍ കംഫര്‍ട്ടും സ്റ്റബിലിറ്റിയും നല്‍കുന്നതിനായി ഒരുക്കിയിട്ടുള്ളതിനാല്‍ യാത്രാ പ്രേമികള്‍ക്ക് വളരെ ഇഷ്ടപ്പെടുന്ന ബൈക്കായി മാറും. മോഡലിന് ശക്തി നല്‍കുന്നത് പുതിയ മില്‍വാക്കി-എയ്റ്റ് (Milwaukee-Eight) 121 V-ട്വിന്‍ എഞ്ചിനാണ്.
1,982 സിസി ശേഷിയുള്ള ഈ വലിയ എഞ്ചിന്‍ സാധാരണ സ്ട്രീറ്റ് ഗ്ലൈഡില്‍ ലഭിക്കുന്ന 117ci എഞ്ചിനേക്കാള്‍ ശക്തവും മെച്ചപ്പെട്ടതുമാണ്. മാത്രവുമല്ല ഈ എഞ്ചിന്‍ 4,500 ആര്‍പിഎമ്മില്‍ 115 bhp പവറും 3,000 ആര്‍പിഎമ്മില്‍ 189 Nm ടോര്‍ക്കും നല്‍കും. അതായത് കുറഞ്ഞ ആര്‍പിഎമ്മില്‍ പോലും കൂടുതല്‍ ശക്തി ലഭിക്കുന്നുണ്ട്. ഇത് സ്ലിപ്പ്-ആന്‍ഡ്-അസിസ്റ്റ് ക്ലച്ച് ഉപയോഗിച്ച് 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.
സ്ട്രീറ്റ് ഗ്ലൈഡിന്റെ അടിസ്ഥാന ഫ്രെയിം ഇതിലും ഉപയോഗിച്ചിട്ടുണ്ടെങ്കിലും ബ്രേക്കുകള്‍, സസ്പെന്‍ഷന്‍ മുതലായവ കൂടുതല്‍ പ്രീമിയം ആയി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. മുന്‍വശത്ത് ബ്രെംബോയുടെ 4-പിസ്റ്റണ്‍ റേഡിയലി മൗണ്ടഡ് ബ്രേക്ക് കാലിപറുകള്‍ നല്‍കിയിരിക്കുന്നു. ഇത് ബൈക്ക് വേഗത്തില്‍ ഓടിക്കുമ്പോഴും സുരക്ഷിതമായി നിര്‍ത്താന്‍ സഹായിക്കും. കൂടാതെ പിന്നിലെ സസ്പെന്‍ഷനില്‍ റിമോട്ട് ഉപയോഗിച്ച് പ്രീലോഡ് ക്രമീകരിക്കാനുള്ള സൗകര്യവും ലഭിക്കുന്നുണ്ട്. അതിനാല്‍ യാത്രക്കാരന്‍ കൂടെയുണ്ടായാലും ലഗേജ് കൂടിയാലും റൈഡറിന് അനുസരിച്ച് സസ്പെന്‍ഷന്‍ ക്രമീകരിക്കാന്‍ എളുപ്പമാണ്.
പൂര്‍ണ്ണമായി ഇന്ധനം നിറച്ചാല്‍ CVO സ്ട്രീറ്റ് ഗ്ലൈഡിന്റെ ഭാരം 380 കിലോഗ്രാമാണ്. അതിനാല്‍ ഇത് ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും ഭാരമുള്ള മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ്. 22.7 ലിറ്റര്‍ ശേഷിയുള്ള വലിയ ഇന്ധന ടാങ്ക് ദീര്‍ഘ ദൂരം യാത്ര ചെയ്യാന്‍ ഉചിതമാക്കുന്നു. ഭാരം വളരെ കൂടുതലാണെങ്കിലും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പം ഉപയോഗിക്കാന്‍ വേണ്ടി ഹാര്‍ലി 680 mm എന്ന കുറഞ്ഞ സീറ്റ് ഉയരവും 140 mm ഗ്രൗണ്ട് ക്ലിയറന്‍സും നല്‍കിയിട്ടുണ്ട്.
CVO മോഡല്‍ എന്ന നിലയില്‍ ഈ ബൈക്കിന്റെ പ്രധാന ഹൈലൈറ്റ് അതിന്റെ ലുക്കും ഫിനിഷുമാണ്. പെയിന്റ് വര്‍ക്ക് ആഴമുള്ളതും പാളികളുള്ളതുമായ പ്രീമിയം ഫിനിഷിലാണ് നല്‍കിയിരിക്കുന്നത്. അതിനാല്‍ ദൂരത്തുനിന്നുതന്നെ ശ്രദ്ധിക്കപ്പെടാന്‍ ഈ താരത്തിന് സാധിക്കും. മാത്രവുമല്ല ഇന്ത്യയില്‍ മൂന്ന് കളര്‍ ഓപ്ഷനുകളിലും രണ്ട് തരത്തിലുള്ള ഫിനിഷുകളിലും ആണ് ബൈക്ക് ലഭ്യമാകുന്നത്. ക്രോം ഫിനിഷ് അല്ലെങ്കില്‍ ബ്ലാക്ക്ഡ്-ഔട്ട് ഫിനിഷ് ഇവയില്‍ ഏതെങ്കിലും ഒന്ന് വാങ്ങുന്നവര്‍ക്ക് തിരഞ്ഞെടുക്കാം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
