/kalakaumudi/media/media_files/2025/11/13/verna-2025-11-13-09-03-11.jpg)
ഇന്ത്യയിലെ വാഹന വിപണിയില്‍ ഒരുപാട് വര്‍ഷങ്ങളായി മുന്നില്‍ നില്‍ക്കുന്ന ഒരു ബ്രാന്‍ഡാണ് ഹ്യുണ്ടായി. സെഡാനുകളും, ഹാച്ച്ബാക്കുകളും, എസ്യുവികളുമെല്ലാം സമ്മാനിച്ചുക്കൊണ്ട് ജനഹൃദയത്തില്‍ ഇടംപിടിക്കാന്‍ ഇവര്‍ക്ക് അധികനാളുകളൊന്നും വേണ്ടിവന്നിട്ടില്ല. സ്‌റ്റൈലിഷ് ലുക്ക്, കംഫര്‍ട്ടബിള്‍ ഇന്റീരിയര്‍, പെര്‍ഫോമന്‍സ് എന്നിവ മികച്ച രീതിയില്‍ ബാലന്‍സ് ചെയ്യുന്നതിനാല്‍ സെഡാന്‍ വിഭാഗത്തില്‍ ഹ്യുണ്ടായി വെര്‍ണ എപ്പോഴും ഒരു പ്രിയപ്പെട്ട മോഡലാണ്. വെര്‍ണയെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടുക്കൊണ്ട് 2026 ഫെയ്സ്ലിഫ്റ്റ് പുറത്തിറക്കാനുള്ള പ്ലാനിലാണിപ്പോള്‍ കമ്പനി. ഈയിടെ ഹിറ്റായിരുന്ന പുത്തന്‍ വെര്‍ണ സ്‌പൈ ഷോട്ടുകളുടെ കൂടുതല്‍ വിവരങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാലോ.
അടുത്തിടെ പുറത്തിറക്കിയ ഹ്യുണ്ടായി വെന്യുവില്‍ നിന്നും നിരവധി അപ്‌ഡേറ്റുകള്‍ കടമെടുത്തുകൊണ്ടാണ് 2026 വെര്‍ണ രൂപമെടുക്കുന്നത്. ഡിസൈനില്‍ ചെറിയതോതിലുള്ള മാറ്റങ്ങള്‍ മാത്രമേ കാണാന്‍ സാധിച്ചിട്ടുള്ളു. ഫ്രണ്ട് ബമ്പര്‍ കൂടുതല്‍ തീക്ഷ്ണമായ ലൈനുകളോടെ ഡിസൈന്‍ ചെയ്‌തേക്കും. അതുപോലെ തന്നെ ലൈറ്റിംഗ് ഘടകങ്ങള്‍ക്കും, ഗ്രില്ലിനും, നേരിയ മാറ്റങ്ങള്‍ വരുത്താനും സാധ്യയുണ്ട്.
അധികമാറ്റങ്ങളില്ലാതെ തന്നെ സൈഡ് പ്രൊഫൈലും തുടരും. എന്നിരുന്നാലും ഷാര്‍പ്പ് ക്യാരക്ടര്‍ ലൈനുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവ ഫെയ്സ്ലിഫ്റ്റിന്റെ ഭാഗമായേക്കും. സൈഡ് ക്രോം ട്രിം ലൈനുകള്‍ കൂടുതല്‍ പ്രീമിയം ഫീല്‍ നല്‍കുന്ന തരത്തില്‍ ഡോര്‍ ലൈനില്‍ ഉണ്ടായേക്കും. പിന്നിലെ ടെയില്‍ലാമ്പുകള്‍ക്കും ബൂട്ട്-ലിഡ്-മൗണ്ടഡ് സ്പോയിലറുകള്‍ക്കും പുതിയ ഡിസൈന്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അകത്തളവും ഏറ്റവും പുതിയ ഹ്യുണ്ടായി വെന്യുവിനെ അനുസ്മരിപ്പിക്കുന്ന കര്‍വ്ഡ് ഡ്യുവല്‍ സ്‌ക്രീന്‍ ലേഔട്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഒപ്പം ടില്‍റ്റ്, ടെലിസ്‌കോപ്പിക് ക്രമീകരണം, മൗണ്ടഡ് കണ്‍ട്രോളുകള്‍ എന്നിവയുള്ള സ്റ്റിയറിംഗ് വീലും വാഗ്ദാനം ചെയ്‌തേക്കും. വലിയ സ്‌ക്രീനുകള്‍ക്ക് പുറമേ വെര്‍ണ ഫെയ്സ്ലിഫ്റ്റില്‍ വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, പനോരമിക് സണ്‍റൂഫ്, മെച്ചപ്പെടുത്തിയ വോയ്സ്/കണക്റ്റഡ് കാര്‍ ഇന്റര്‍ഫേസ് എന്നിവ ഉള്‍പ്പെടും.
നിലവിലെ മോഡലിലെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് കോട്ടംതട്ടാതെയായിരിക്കും പുതിയ വെര്‍ണ നിര്‍മ്മിക്കുന്നത്. ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ലെയ്ന്‍ ഫോളോവിംഗ് അസിസ്റ്റ്, ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് തുടങ്ങിയ സ്മാര്‍ട്ട് സാങ്കേദികവിദ്യകള്‍ ഉള്‍പ്പെടെയുള്ള ലെവല്‍ 2 ADAS ഫീച്ചര്‍ പുതിയ വെര്‍ണയിലും കാണാന്‍ കഴിയും.
ഈ നൂതന സാങ്കേതികവിദ്യകള്‍ക്ക് പുറമേ ഹ്യുണ്ടായി കാറിന്റെ നിഷ്‌ക്രിയ സുരക്ഷയും ശക്തിപ്പെടുത്തിയേക്കും. 6 എയര്‍ബാഗുകള്‍, എല്ലാ യാത്രക്കാര്‍ക്കും ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, സീറ്റ് ബെല്‍റ്റ് ഓര്‍മ്മപ്പെടുത്തല്‍ എന്നിവ പുതിയ വെര്‍ണയില്‍ ലഭ്യമാകും. കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ തുടങ്ങിയ സവിശേഷതകളും പുത്തന്‍ പതിപ്പിന്റെ ഭാഗമാകും.
വെര്‍ണ ഫെയ്സ്ലിഫ്റ്റ് അതിന്റെ ക്ലാസിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള സെഡാനുകളിലൊന്നായി തുടരാനാണ് സാധ്യത. പുതിയ മോഡല്‍ മുമ്പുണ്ടായിരുന്ന പോലെ തന്നെ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും ഉള്‍ക്കൊള്ളും. 1.5 നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ മാനുവല്‍ അല്ലെങ്കില്‍ IVT ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുമായി ഏകദേശം 18 കിലോമീറ്റര്‍ മുതല്‍ 19 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കും.
ഇത് 115 bhp കരുത്തും 143.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാനും യോഗ്യമാണ്. അതേസമയം 160 bhp കരുത്തും 253 Nm ടോര്‍ക്കുംഉത്പാദിപ്പിക്കുന്ന 1.5 ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 7-സ്പീഡ് DCT ഗിയര്‍ബോക്സിനൊപ്പം 20 KM വരെ മൈലേജാണ് നല്‍കുന്നത്. സ്‌റ്റൈല്‍, സേഫ്റ്റി, ടെക്നോളജി, കംഫര്‍ട്ട് എന്നിവയെ ഒറ്റ പാക്കേജില്‍ കൊണ്ടുവരുന്ന ഈ പുതിയ വെര്‍ണ മിഡ്-സൈസ് സെഡാന്‍ സെഗ്മെന്റില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുമെന്ന് തന്നെ കരുതാം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
