/kalakaumudi/media/media_files/2025/08/19/car-2-2025-08-19-14-43-55.jpg)
ന്യൂഡല്‍ഹി: ദീപാവലി സമ്മനമായി ജിഎസ്ടി സ്ലാബുകളില്‍ മാറ്റംവരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് സ്വാതന്ത്ര്യദിനത്തിലായിരുന്നു. സ്ലാബില്‍ മാറ്റവരുന്നതോടെ മിക്കവാറും സാമഗ്രികള്‍ക്ക് വില കുറയമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.
വാഹന മേഖലയിലായിരിക്കും കൂടുതല്‍ പ്രയോജനം ചെയ്യുകയന്നും വിലയിരുത്തലുണ്ട്. രാജ്യത്ത് വാഹനങ്ങളുടെ നികുതി നിരക്കുകള്‍ നിര്‍വചിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന എഞ്ചിന്‍ ശേഷി, വാഹന വലുപ്പം എന്നിവയുമായി ബന്ധപ്പെട്ട വര്‍ഗ്ഗീകരണത്തിലെ തര്‍ക്കങ്ങള്‍ പുതിയ രീതി പരിഹരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ജിഎസ്ടിയില്‍ ഏറ്റവും ഉയര്‍ന്ന നികുതി ഇനത്തിലാണ് ഓട്ടോമൊബൈല്‍ മേഖല ഉള്‍പ്പെടുന്നത്. ഈ പുതിയ പരിഷ്‌കരണത്തിലൂടെ, സാധാരണക്കാര്‍ക്ക് പ്രയോജനം ചെയ്യുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
നിലവില്‍, ഇന്ത്യയിലെ വാഹനങ്ങള്‍ക്ക് 28 ശതമാനം നികുതിയാണ് ചുമത്തുന്നത്. ഇത് ഏറ്റവും ഉയര്‍ന്ന ജിഎസ്ടി സ്ലാബാണ്. കൂടാതെ, വാഹനത്തിന്റെ തരം അനുസരിച്ച് ഈ നിരക്കിന് മുകളില്‍ ഒരു ശതമാനം മുതല്‍ 22 ശതമാനം വരെ കോമ്പന്‍സേഷന്‍ സെസും ചുമത്തുന്നു. ഇത് വാഹനങ്ങള്‍ വാങ്ങുന്നവരുടെ മേല്‍ കൂടുതല്‍ ഭാരം വര്‍ദ്ധിപ്പിക്കുന്നു. വാഹനത്തിന്റെ എഞ്ചിന്‍ ശേഷിയും വലുപ്പവും അനുസരിച്ച് കാറുകളുടെ മൊത്തം നികുതി പരിധി ചെറിയ പെട്രോള്‍ കാറുകള്‍ക്ക് 29 ശതമാനം മുതല്‍ എസ്യുവികള്‍ക്ക് 50 ശതമാനം വരെയാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അഞ്ച് ശതമാനം നിരക്കിലാണ് നികുതി ചുമത്തുന്നത്. ഉപഭോക്താക്കള്‍ക്കും വാഹന നിര്‍മ്മാതാക്കള്‍ക്കും ഒരുപോലെ ഭാരം നല്‍കുന്നവയാണ് ഈ നികുതി ഘടന.
രാജ്യത്തെ ജിഎസ്ടി സംവിധാനം പ്രധാനമായും രണ്ട് തലങ്ങളിലുള്ള സ്ലാബിലേക്ക് മാറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. ഇതില്‍ അഞ്ച് ശതമാനം, 18 ശതമാനം, തിരഞ്ഞെടുത്ത ചില ഇനങ്ങള്‍ക്ക് 40 ശതമാനം എന്നിങ്ങനെ ആയിരിക്കും ജിഎസ്ടി സ്ലാബുകള്‍ വരുന്നത്. ഇതനുസരിച്ച് വാഹനങ്ങളെ ഒരു സ്ലാബില്‍ ഉള്‍പ്പെടുത്തുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എഞ്ചിന്‍ ശേഷിയും നീളവും അനുസരിച്ച് കാറുകളുടെ വര്‍ഗ്ഗീകരണം മൂലമുണ്ടാകുന്ന തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഇതുവഴി സാധിക്കും. നിലവിലെ 28 ശതമാനവുമായി താരതമ്യപ്പെടുത്തുമ്‌ബോള്‍ 18 ശതമാനം കുറഞ്ഞ ജിഎസ്ടി നിരക്ക് കാറുകളുടെ ആവശ്യകതയും വില്‍പ്പനയും വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം പുതിയ പരിഷ്‌കാരത്തോടെ വാഹനങ്ങള്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയുള്ളവ ആയിത്തീരും.
കാലാകലങ്ങളായി ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയുടെ ചാലകശക്തിയായിരുന്ന ചെറുകാറുകള്‍ക്ക് ഈ ജിഎസ്ടി പരിഷ്‌കരണത്തോടെ ഉത്തേജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വാഹന വില്‍പ്പന വര്‍ദ്ധിപ്പിക്കുമെന്നും സാധാരണക്കാര്‍ക്ക് കൂടുതല്‍ താങ്ങാകുമെന്നുമുള്ള കണക്കുകൂട്ടലാണ് കേന്ദ്രത്തിന്റെ ജിഎസ്ടി പരിഷ്‌കരണ നിര്‍ദ്ദേശത്തിന് പിന്നിലെ പ്രധാന ആശയം എന്നാണ് റിപ്പോര്‍ട്ടുകള്‍.
12 ശതമാനം, 28 ശതമാനം സ്ലാബ് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള കേന്ദ്രത്തിന്റെ നിര്‍ദ്ദേശം ഓഗസ്റ്റ് 21 ന് ജിഎസ്ടി നിരക്കില്‍ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട് ചേരുന്ന മന്ത്രിമാരുടെ സംഘം (ജിഒഎം) ചര്‍ച്ച ചെയ്യും. അതിനുശേഷം, കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെടുന്ന ജിഎസ്ടി കൗണ്‍സില്‍ അടുത്ത മാസം യോഗം ചേര്‍ന്ന് അന്തിമ ജിഎസ്ടി നിരക്ക് ഘടന അംഗീകരിക്കും.