/kalakaumudi/media/media_files/2025/10/08/tata-motors-2025-10-08-11-38-49.jpg)
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ യാത്ര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സിനെ കൈവിട്ട് നിക്ഷേപകര്‍. ഓഹരി വിപണിയില്‍ ടാറ്റ മോട്ടോര്‍സിന്റെ വില തുടര്‍ച്ചയായി രണ്ടാം ദിവസവും കനത്ത നഷ്ടത്തില്‍.
ബുധനാഴ്ച ഒരു ശതമാനത്തിലേറെ ഇടിഞ്ഞ് 690.85 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഒരു വര്‍ഷത്തിനിടെ 24 ശതമാത്തിന്റെ നഷ്ടമാണ് ഏറ്റവും അധികം വ്യാപാരം ചെയ്യപ്പെടുന്ന ടാറ്റ മോട്ടോര്‍സ് ഓഹരി വിലയിലുണ്ടായത്.
യു.കെയിലെ സബ്‌സിഡിയറിയും ആഢംബര കാര്‍ നിര്‍മാണ കമ്പനിയുമായ ജാഗ്വര്‍ ആന്‍ഡ് ലാന്‍ഡ് റോവറിന്റെ വില്‍പനയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയതും ചില മോഡലുകളുടെ ഉത്പാദനം നിര്‍ത്താനുള്ള തീരുമാനവുമാണ് ടാറ്റ മോട്ടോര്‍സില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടാന്‍ കാരണം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മൊത്ത വില്‍പനയില്‍ 24.2 ശതമാനത്തിന്റെയും ചെറുകിട വില്‍പനയില്‍ 17.1 ശതമാനത്തിന്റെയും കുറവാണുണ്ടായത്.
ജെ.എല്‍.ആറിന് യു.കെയില്‍ മൂന്ന് ഫാക്ടറികളാണുള്ളത്. ഈയിടെ സൈബര്‍ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് ഉത്പാദനം നിര്‍ത്തി ഫാക്ടറികള്‍ അടച്ചുപൂട്ടിയിരുന്നു. മാത്രമല്ല, യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് താരിഫ് വര്‍ധിപ്പിച്ചത് ജെ.എല്‍.ആറിന്റെ വില്‍പനയെ സാരമായി ബാധിച്ചിട്ടുണ്ട്.
റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സ്, ഡിഫന്‍ഡര്‍ തുടങ്ങിയ മോഡലുകളാണ് കമ്പനിയുടെ മൊത്ത വില്‍പനയുടെ 77 ശതമാനവും കവര്‍ന്നത്. ഇതുകാരണം, വില്‍പന കുറഞ്ഞ പഴയ കാല കാര്‍ മോഡലുകളുടെ ഉത്പാദനം നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി ഫാക്ടറി പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമം തുടങ്ങിയെന്ന് ജെ.എല്‍.ആര്‍ ആന്‍ഡ്രിയന്‍ മാര്‍ദെല്‍ പറഞ്ഞു.
സൈബര്‍ ആക്രമണത്തിന് പിന്നാലെ ഉത്പാദനം നിര്‍ത്തി ഫാക്ടറി താല്‍കാലികമായി പൂട്ടിയത് കാരണം രണ്ട് ബില്ല്യന്‍ യൂറോ അതായത് 9000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.