വര്‍ഷം കൊണ്ട് 2.77 ലക്ഷം വീടുകളില്‍ കിയ കാരെന്‍സ്

കാരെന്‍സിന്റെ വില്‍പ്പന വേഗത പരിശോധിക്കുമ്പോള്‍ ആദ്യത്തെ 1 ലക്ഷം യൂണിറ്റ് തികയ്ക്കാന്‍ 17 മാസവും പിന്നീടുള്ള 1 ലക്ഷത്തിലേക്ക് 20 മാസത്തെ സമയവുമെടുത്തു. 2025 ഫെബ്രുവരിയില്‍ 2 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയ കാരെന്‍സ് 3 ലക്ഷം യൂണിറ്റിലെത്തുമെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്.

author-image
Biju
New Update
carens

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന പ്രീമിയം എംപിവിയാണ് കാരെന്‍സ് (Kia Crens). ഇക്കഴിഞ്ഞ ഫെബ്രുവരി 15-നാണ് എംപിവി ഇന്ത്യയിലെത്തിയതിന്റെ നാലാം വാര്‍ഷികം ആഘോഷിച്ചത്. ലോഞ്ച് കഴിഞ്ഞ് 4 വര്‍ഷം പിന്നിടുമ്പോള്‍ ചില ശ്രദ്ധേയമായ നേട്ടങ്ങളാണ് ഈ ഫാമിലി കാര്‍ സ്വന്തമാക്കിയിട്ടുള്ളത്. 2022 ഫെബ്രുവരി 15-ന് പുറത്തിറങ്ങിയ കിയ കാരെന്‍സ് ആഭ്യന്തര വിപണിയില്‍ നിന്ന് ഇതുവരെ 2,77,236 യൂണിറ്റ് വില്‍പ്പന നേടിയതായി സിയാം (SIAM) ഡേറ്റ വ്യക്തമാക്കുന്നു. ഇതിനുപുറമെ 30,000-ത്തിലധികം യൂണിറ്റുകള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കിയ ഇന്ത്യക്ക് സാധിച്ചു.

കാരെന്‍സിന്റെ വില്‍പ്പന വേഗത പരിശോധിക്കുമ്പോള്‍ ആദ്യത്തെ 1 ലക്ഷം യൂണിറ്റ് തികയ്ക്കാന്‍ 17 മാസവും പിന്നീടുള്ള 1 ലക്ഷത്തിലേക്ക് 20 മാസത്തെ സമയവുമെടുത്തു. 2025 ഫെബ്രുവരിയില്‍ 2 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയ കാരെന്‍സ് 2026 മെയ് അല്ലെങ്കില്‍ ജൂണ്‍ മാസത്തോടെ 3 ലക്ഷം യൂണിറ്റിലെത്തുമെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്.

നിലവില്‍ കൊറിയന്‍ കമ്പനി ഇന്ത്യയില്‍ ഏഴ് ഉല്‍പ്പന്നങ്ങളാണ് വിപണനം ചെയ്യുന്നത്. ഇതില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ കാര്‍ ആണ് കാരെന്‍സ്. സെല്‍റ്റോസ് (6,02,390 യൂണിറ്റ്), സോനെറ്റ് (5,05,246 യൂണിറ്റ്) എന്നീ എസ്യുവികള്‍ക്ക് പിന്നിലാണെങ്കിലും 2026 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച വളര്‍ച്ചയാണ് കാരെന്‍സ് രേഖപ്പെടുത്തുന്നത്.

2025-2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 10 മാസം പിന്നിട്ടപ്പോള്‍ 66,454 യൂണിറ്റ് വില്‍പ്പനയുമായി കാരെന്‍സ്, സെല്‍റ്റോസിനെ (62398 യൂണിറ്റ്) പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. വാഹന വിപണിയിലെ ട്രെന്‍ഡ് മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. 93,380 യൂണിറ്റ് വില്‍പ്പനയുമായി സോനെറ്റ് ആണ് നിലവില്‍ കിയയുടെ ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍.

നടപ്പ് സാമ്പത്തിക വര്‍ഷം 24 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കാരെന്‍സ് റേഞ്ച് നേടിയത്. അടുത്തിടെ വിപണിയിലെത്തിയ കാരെന്‍സ് ക്ലാവിസ് (Clavis), അതിന്റെ ഇലക്ട്രിക് പതിപ്പായ കാരെന്‍സ് ക്ലാവിസ് ഇവി (Clavis EV) എന്നിവയാണ് ഈ കുതിപ്പിന് പിന്നിലെ ചാലക ശക്തികളായി പ്രവര്‍ത്തിച്ചത്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ എംപിവി വിഭാഗത്തില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്കും ടൊയോട്ട ഇന്നോവയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് കാരെന്‍സ്.

നിലവില്‍ കിയയുടെ ആകെ വില്‍പ്പനയുടെ 27 ശതമാനമാണ് കാരെന്‍സ് മോഡലുകള്‍ സംഭാവന ചെയ്യുന്നത്. കിയ ഇന്ത്യയുടെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കുന്നതില്‍ എംപിവി നിര്‍ണായക പങ്കുവഹിക്കുന്നു. മികച്ച ഫീച്ചറുകളും സുരക്ഷയുമാണ് കാരെന്‍സിന്റെ വിജയരഹസ്യം. ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്ന ഈ എംപിവിയില്‍ നിരവധി നൂതന സേഫ്റ്റി ഫീച്ചറുകള്‍ സജ്ജീകരിച്ചിരിക്കുന്നു. പ്രീമിയം ലുക്കും അകത്തളത്തില്‍ മതിയായ സ്പെയ്സുമുള്ള കാറുകള്‍ തേടുന്ന വലിയ കുടുംബങ്ങളെയാണ് കാരെന്‍സ് ലക്ഷ്യമിടുന്നത്.