kia carnival
മുംബൈ: നാലാം തലമുറ കിയ കാര്‍ണിവല്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. എംപിവിയുടെ പുതിയ മോഡല്‍ 2023 ഓട്ടോ എക്സ്പോയില്‍ KA4 കണ്‍സെപ്റ്റായി പ്രദര്‍ശിപ്പിച്ചിരുന്നു. തുടര്‍ന്ന് 2023 നവംബറില്‍ ആഗോളതലത്തില്‍ അനാച്ഛാദനം ചെയ്തു. ഈ വര്‍ഷം അവസാനത്തോടെ പുതിയ കിയ കാര്‍ണിവല്‍ വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന. പുതിയ 2024 കിയ കാര്‍ണിവലും സിക്കെഡി റൂട്ട് വഴിയാണ് വരുന്നതെന്ന് കമ്പനി അറിയിച്ചു. 26 ലക്ഷം മുതല്‍ 35 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില.
ഇന്റീരിയര്‍ മുതല്‍, 2024 കിയ കാര്‍ണിവല്‍ ഡാഷ്ബോര്‍ഡിന്റെ മധ്യഭാഗത്ത് 12.3 ഇഞ്ച് യൂണിറ്റുകള്‍ സംയോജിപ്പിച്ച് ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണം അവതരിപ്പിക്കും. എസി, ഓഡിയോ നിയന്ത്രണങ്ങളും പരിഷ്‌കരിച്ച് സെന്‍ട്രല്‍ സ്‌ക്രീനിന് താഴെ സ്ഥാപിക്കും. മുന്നിലും പിന്നിലും ഡാഷ് ക്യാമുകള്‍, റോട്ടറി ഡ്രൈവ് സെലക്ടര്‍, ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ, ആംബിയന്റ് ലൈറ്റിംഗ്, അപ്ഡേറ്റ് ചെയ്ത ഡിജിറ്റല്‍ കീ, ഓപ്ഷണല്‍ 14.6 ഇഞ്ച് റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവ എംപിവിയില്‍ ഉള്‍പ്പെടും. ഇതിന്റെ മെച്ചപ്പെടുത്തിയ ക്യാബിന്‍ സൗണ്ട് ഇന്‍സുലേഷന്‍ പ്രീമിയം ഫീല്‍ കൂടുതല്‍ ഉയര്‍ത്തും.
ഇന്ത്യയില്‍, പുതിയ കിയ കാര്‍ണിവല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള നിലവിലുള്ള 2.2 എല്‍, ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.