/kalakaumudi/media/media_files/2025/10/06/mahe-2025-10-06-14-24-25.jpg)
ഇന്ത്യയിലെ ഏറ്റവും വലിയ യൂടിലിറ്റി വാഹന നിര്‍മാതാക്കളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ ഇന്ന് (06 ഒക്ടോബര്‍ 2025) മഹീന്ദ്ര ബൊലേറോ, ബൊലേറോ നിയോ ഫെയ്സ്ലിഫ്റ്റ് എസ്യുവികള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുന്നു. കാര്‍വാലെ ഇത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2021-ല്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷമുള്ള ബൊലേറോ നിയോയുടെ ആദ്യത്തെ പ്രധാന അപ്‌ഡേറ്റാണിത്. അതേസമയം ക്ലാസിക് ബൊലേറോയെ സംബന്ധിച്ചിടത്തോളം ഈ ഫെയ്സ്ലിഫ്റ്റ് അതിന്റെ നിലവിലെ തലമുറയുടെ അവസാന അപ്‌ഡേറ്റായിരിക്കുമെന്ന് പറയപ്പെടുന്നു. അതിനാല്‍ നാളെ പുറത്തിറങ്ങാന്‍ പോകുന്ന ഈ മോഡലുകളുടെ പ്രതീക്ഷിക്കുന്ന അപ്‌ഡേറ്റുകള്‍ നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.
ബൊലേറോ, ബൊലേറോ നിയോ എന്നീ രണ്ട് യൂടിലിറ്റി വാഹനങ്ങളും മഹീന്ദ്രയുടെ നിരയിലെ പ്രധാന മോഡലുകളാണ്. പ്രത്യേകിച്ച് ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ അവയുടെ കരുത്തും വിശ്വാസ്യതയും വളരെയധികം വിലമതിക്കപ്പെടുന്നു. ഇപ്പോള്‍ അപ്ഡേറ്റഡ് ലുക്ക്, പുതുക്കിയ ഇന്റീരിയറുകള്‍, വിശ്വാസ്യതയുള്ള മെക്കാനിക്കല്‍ എന്നിവയുമായി ലെവല്‍ ഉയര്‍ത്തിക്കൊണ്ടാണ് ഈ മോഡലുകളുടെ വരവ്.
ഫെയ്സ്ലിഫ്റ്റ് മോഡലിന് പുതിയ ഡിസൈന്‍ അപ്‌ഡേറ്റ് ലഭിക്കും. അതില്‍ പുതിയ ഫ്രണ്ട് ഗ്രില്‍, പുതുക്കിയ ബമ്പറുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവ ഉള്‍പ്പെടും. ഇത് മോഡലുകള്‍ക്ക് ആധുനികവും പരിഷ്‌കൃതവുമായ ലുക്ക് സമ്മാനിക്കും. ബൊലേറോ നിയോയുടെ വെര്‍ട്ടിക്കല്‍ ഗ്രില്‍ ഹൊറിസോണ്ടല്‍ സ്ലാറ്റുകളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടും. പ്രീമിയം ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നതിനായി ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ക്രോം ആക്‌സന്റുകള്‍ ലഭിക്കും.
ഇന്റീരിയറിലേക്ക് വന്നാല്‍ പുതിയ ബ്ലാക്ക് ആന്‍ഡ് ബ്രൗണ്‍ ക്യാബിന്‍ തീമാണ് പുത്തന്‍ മോഡലുകള്‍ക്ക് ഉണ്ടാകുക. ബൊലേറോ നിയോയില്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉണ്ട്. കൂടാതെ കാറിന് പ്രീമിയം അനുഭവം നല്‍കുന്ന പിയാനോ ബ്ലാക്ക്, സില്‍വര്‍ ഇന്‍ടേക്കുകളും ഉണ്ട്. മെക്കാനിക്കലായി, ഫെയ്സ്ലിഫ്റ്റില്‍ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.
രണ്ട് എസ്യുവികളും മഹീന്ദ്രയുടെ വിശ്വസനീയമായ 1.5 ലിറ്റര്‍ 3-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്. ബൊലേറോയ്ക്ക് 75 യവു പവറും 210 ചാ ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എംഹോക് 75 എഞ്ചിനാണ് ലഭിക്കുന്നത്. എന്നാല്‍ ബൊലേറോ നിയോയില്‍ 98 മുതല്‍ 100 യവു വരെ പവറും 240 മുതല്‍ 260 ചാ വരെ ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എംഹോക് 100 എഞ്ചിന്‍ ലഭിക്കും.
ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ 5-സ്പീഡ് മാനുവല്‍ ആയി തുടരുമെന്നാണ് റിപ്പോര്‍ട്ട്. അതായത് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ഉണ്ടാകില്ല. നിലവില്‍ ഗ്രാമീണ, സെമി അര്‍ബന്‍ മേഖലകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ട് മോഡലുകളാണ് ബൊലേറോയും ബൊലേറോ നിയോയും. ഈ രണ്ട് മോഡലുകള്‍ക്കും ശക്തമായ ഡിമാന്‍ഡും ഉണ്ട്. രണ്ട് എസ്യുവികളുടെയും മൊത്തത്തിലുള്ള ആകര്‍ഷണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുത്തന്‍ അപ്ഡേറ്റുകള്‍ കമ്പനി നടപ്പാക്കുന്നത്.
യൂടിലിറ്റിക്കൊപ്പം മൊഞ്ച് കൂട്ടുന്ന കോസ്മെറ്റിക് പരിഷ്‌കാരങ്ങളും ആധുനിക സവിശേഷതകളും ഉപയോഗിച്ച് ഇരുമോഡലുകളെയും കാലികമായി നിലനിര്‍ത്തുകയാണ് മഹീന്ദ്ര. ഈ പുതിയ ഫെയ്സ്ലിഫ്റ്റിലൂടെ ഉത്സവകാല വിപണിയിലെ ഡിമാന്‍ഡ് മുതലെടുക്കാനും തങ്ങളുടെ സ്ഥാനം നിലനിര്‍ത്താനും സാധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. താരതമ്യേന താങ്ങാവുന്ന വിലയില്‍ പ്രായോഗികമായ എസ്യുവി തേടുന്നവരെയും അപ്‌ഡേറ്റഡ് ഫീച്ചറുകളും സ്റ്റൈലും ആഗ്രഹിക്കുന്ന ന്യൂജെന്‍ ഉപഭോക്താക്കളെയും പുതിയ മോഡലുകള്‍ ആകര്‍ഷിക്കും.
ചുരുക്കത്തില്‍ നാളെ പുറത്തിറങ്ങുന്ന മഹീന്ദ്ര ബൊലേറോയും ബൊലേറോ നിയോയും അകത്തും പുറത്തുമുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ട് ഇന്ത്യയിലെ ഫാമിലി, യൂടിലിറ്റി വാഹന വിഭാഗങ്ങളില്‍ വെന്നിക്കൊടി പാറിക്കുമെന്ന് പ്രതീക്ഷിക്കാം. ഏതായാലും ഉത്സവകാല വിപണി ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ഥാര്‍ 3 ഡോര്‍ ഫെയ്സ്ലിഫ്റ്റ് കൊണ്ടുവന്ന മഹീന്ദ്രയ്ക്ക് പുതിയ മോഡലുകള്‍ വില്‍പ്പനക്ക് കരുത്താകട്ടേയെന്ന് ആശംസിക്കാം. പുതിയ ബൊലേറോ മോഡലുകളുടെ വിലയുടെ കാര്യത്തില്‍ മഹീന്ദ്ര ഞെട്ടിക്കുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം കാത്തുനിന്നാല്‍ മതി.