/kalakaumudi/media/media_files/2025/10/03/thar-2025-10-03-16-16-19.jpg)
മുംബൈ: ഇന്ത്യയിലെ എസ്യുവി പ്രേമികളുടെ ഡ്രീം കാറാണ് മഹീന്ദ്ര ഥാര്‍. 2020-ല്‍ രണ്ടാംതലമുറ ആവര്‍ത്തനം പുറത്തിറങ്ങിയത് മുതല്‍ ആളുകളെല്ലാം വാങ്ങിക്കൂട്ടിയ വണ്ടി ഇന്ന് നിരത്തിലെ സ്ഥിരം കാഴ്ച്ചയാണ്. 3 ഡോര്‍ ആയതിനാല്‍ തന്നെ ഫാമിലി വാഹനമായി ഉപയോഗിക്കാന്‍ പ്രാക്ടിക്കാലിറ്റിയില്ലെന്ന് പലരും പരാതി പറയുന്നുണ്ടായിരുന്നുവെങ്കിലും ഥാര്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം മനസില്‍ കണ്ടുകൊണ്ട് ഥാറിന്റെ 5-ഡോര്‍ മോഡലായ റോക്സിനെ പോയ വര്‍ഷം കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. അതും വലിയ തരംഗമായി മാറിയതോടെ മൂന്ന് ഡോര്‍ മോഡലിന്റെ കച്ചോടം ചെറുതായൊന്ന് താഴേക്ക് പോയി.
അതിനാല്‍ എസ്യുവിയെ മുഖംമിനുക്കി കമ്പനി പുറത്തിറക്കാന്‍ പോവുകയാണെന്ന വാര്‍ത്തയും പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ഒപ്പം മൂടിക്കെട്ടിയ രീതിയില്‍ വാഹനത്തിന്റെ പരീക്ഷണയോട്ടവും തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഥാര്‍ റോക്സിന് സമാനമായ ലുക്കും ഫീച്ചറുകളുമെല്ലാമായി 3-ഡോര്‍ (Mahindra Thar 3-Door) വരുമെന്ന് പ്രതീക്ഷിച്ചിരുന്നവരെല്ലാം ഇനി നിരാശപ്പെടാന്‍ റെഡിയായിക്കോ.
കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ പുതിയ 2025 മഹീന്ദ്ര ഥാര്‍ എസ്യുവി വിപണിയില്‍ എത്തിയിരിക്കുകയാണ്. 9.99 പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ പുറത്തിറങ്ങിയിരിക്കുന്ന മോഡല്‍ കാഴ്ച്ചയില്‍ മുന്‍ഗാമിക്ക് സമാനമാണ്. മഹീന്ദ്ര ഇതിനെ 'മിഡ്-സൈക്കിള്‍ എന്‍ഹാന്‍സ്മെന്റ് (MCE)' എന്നാണ് വിളിക്കുന്നത്. വാഹനത്തിനായുള്ള ഔദ്യോഗിക ബുക്കിംഗുകളും ആരംഭിച്ചിരിക്കുകയാണ്. അതേസമയം എസ്യുവിക്കായുള്ള ഡെലിവറി ഉടനടി ആരംഭിക്കും.
പതിപ്പിന് സമാനമായ വിലയില്‍ തന്നെ എത്തിയത് ആരാധകരെ സന്തോഷിപ്പിക്കുന്ന വിഷയമാണ്. ഇനി മിഡ്-സൈക്കിള്‍ എന്‍ഹാന്‍സ്മെന്റ് നവീകരണങ്ങളില്‍ എസ്യുവിക്ക് എന്തെല്ലാം മാറ്റങ്ങള്‍ ലഭിച്ചുവെന്ന് നോക്കിയാലോ. ഡിസൈന്‍ പൂര്‍ണമായും ഉടച്ചുവാര്‍ക്കുന്നതിന് പകരം ചെറിയ കോസ്‌മെറ്റിക് മാറ്റങ്ങളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പുതിയ ഥാറിന്റെ മുന്‍വശത്ത് ഇപ്പോള്‍ ഡ്യുവല്‍-ടോണ്‍ ബമ്പറും ബോഡി-കളര്‍ ഗ്രില്ലുമാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
ഇത് മുമ്പത്തെ ബ്ലാക്ക് ഫിനിഷിനെ മാറ്റിസ്ഥാപിക്കുന്നു. ക്ലാസിക് ഥാര്‍ രൂപഘടന നിലനിര്‍ത്തിക്കൊണ്ട് വശങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതും പലരിലും സന്തോഷം ജനിപ്പിച്ചേക്കാം. പിന്‍ഭാഗത്ത്, വാഷറുള്ള ഒരു റിയര്‍ വൈപ്പറും റിയര്‍വ്യൂ ക്യാമറയും കൂട്ടിച്ചേര്‍ത്ത് എസ്യുവിയെ കൂടുതല്‍ മിടുക്കനാക്കി. ഥാര്‍ റോക്‌സില്‍ കാണപ്പെടുന്ന സവിശേഷതകളെ പ്രതിഫലിപ്പിക്കുന്നതാണീ പരീഷ്‌ക്കാരങ്ങള്‍.
ഈ അപ്ഡേറ്റുകള്‍ ഥാറിന് അതിന്റെ പരുക്കന്‍ സ്വഭാവം നഷ്ടപ്പെടാതെ അല്‍പ്പം കൂടുതല്‍ പരിഷ്‌കൃതമായ രൂപം നല്‍കാനും സഹായിച്ചിട്ടുണ്ട്. ബാറ്റില്‍ഷിപ്പ് ഗ്രേ, ടാങ്കോ റെഡ് എന്നിങ്ങനെ ഥാറിന് രണ്ട് പുതിയ കളര്‍ ഓപ്ഷനുകളും മഹീന്ദ്ര സമ്മാനിക്കുകയുണ്ടായി. ഒപ്പം നിലവിലുള്ള ഗാലക്‌സി ഗ്രേ, സ്റ്റെല്‍ത്ത് ബ്ലാക്ക്, ഡീപ് ഫോറസ്റ്റ്, എവറസ്റ്റ് വൈറ്റ് എന്നി നിറങ്ങള്‍ തുടര്‍ന്നും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാനാവും.
ഇനി ഇന്റീരിയറിലേക്ക് കയറിയാല്‍ ഥാറില്‍ കൂടുതല്‍ മാറ്റങ്ങള്‍ ദൃശ്യമാവും. പഴയതും ചെറുതുമായ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് പകരമായി ഇപ്പോള്‍ വലിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീനാണ് എസ്യുവിയില്‍ ഒരുക്കിയിരിക്കുന്നത്. ഈ സിസ്റ്റം അഡ്വഞ്ചര്‍ സ്റ്റാറ്റിസ്റ്റിക്‌സ് 2 അവതരിപ്പിക്കുന്നുവെന്നതിനാല്‍ ഇത് ഡ്രൈവര്‍മാര്‍ക്ക് ടെറൈന്‍, ആംഗിളുകള്‍, സ്ലോപ്പുകള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ ഓഫ്-റോഡ് വിവരങ്ങള്‍ നല്‍കാന്‍ സഹായിക്കും.
ഥാര്‍ റോക്സിന്റെ മാതൃകയില്‍ സ്റ്റിയറിംഗ് വീലും പരിഷ്‌ക്കരിച്ചു. സെന്റര്‍ കണ്‍സോള്‍ പുനര്‍നിര്‍മിച്ചുവെന്നതും കൈയടി അര്‍ഹിക്കുന്നുണ്ട്. പിന്‍വശത്തെ എസി വെന്റുകള്‍ ഇപ്പോള്‍ ഈ കണ്‍സോളിലാണ് സ്ഥാപിച്ചിരിക്കുന്നത്. വിന്‍ഡോ സ്വിച്ചുകള്‍ ഡോറുകളിലേക്ക് മാറ്റിയിട്ടുമുണ്ട്. ഈ പരിഷ്‌ക്കാരങ്ങള്‍ ഒഴികെ മറ്റെല്ലാം പഴയപടി തുടരുകയാണ്. എഞ്ചിന്‍ ഓപ്ഷനുകളും പഴയതാണ്.