E20 നിറച്ചാലും വാറണ്ടി തരാമെന്ന് മഹീന്ദ്ര മുതലാളിയുടെ വാക്ക്

ടൊയോട്ട, റെനോ എന്നീ ബ്രാന്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് അയച്ചുവെന്ന് അവകാശപ്പെടുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. ഈ സാഹചര്യത്തില്‍ E20 ഇന്ധനത്തിന്റെ കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര. E20 ഇന്ധനം ഉപയോഗിക്കുന്ന തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വാറണ്ടി പരിരക്ഷയുണ്ടായിരിക്കുമെന്നാണ് മഹീന്ദ്രയുടെ വാഗ്ദാനം.

author-image
Biju
New Update
MAHENDRA

മുംബൈ: നിങ്ങള്‍ വാഹനങ്ങള്‍ ഓടിക്കുന്നവരോ അല്ലാത്തവരോ ആണെങ്കിലും E20 ഇന്ധനത്തിനെ കുറിച്ച് ഉറപ്പായും കേട്ടിട്ടുണ്ടാകും. ജിഎസ്ടി 2.0 പ്രഖ്യാപനം വരുന്നതിന് മുമ്പ് വാഹന ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം 20 ശതമാനം എഥനോള്‍ കലര്‍ത്തിയ E20 ഇന്ധനം രാജ്യത്തെ ഫ്യുവല്‍ സ്റ്റേഷനുകളില്‍ വ്യാപകമാക്കുന്നതായിരുന്നു. E20 ഇന്ധനത്തിന് അനുസൃതമായി രൂപകല്‍പ്പന ചെയ്തിട്ടില്ലാത്ത പഴയ വാഹനങ്ങള്‍ക്ക് ഇത് കേടുപാടുകള്‍ സൃഷ്ടിക്കുമെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ വിഷയം സുപ്രീം കോടതിയില്‍ വരെ എത്തി. അസംസൃത എണ്ണ ഇറക്കുമതി കുറയ്ക്കാനും കര്‍ഷകരെ സഹായിക്കാനും മറ്റുമായി E20 പ്രേത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനൊപ്പം നിന്ന പരമോന്നത നീതിപീഠം പൊതുതാല്‍പര്യ ഹരജി തള്ളുകയായിരുന്നു.

എന്നിരുന്നാലും E20 പെട്രോള്‍ ഉപയോഗിച്ചാല്‍ പഴയ വാഹനങ്ങളുടെ ഫ്യൂവല്‍ സിസ്റ്റം തകരാറിലാകുകയും ഇന്ധനക്ഷമത കുറയുകയും ചെയ്യുന്നുവെന്ന പരാതികള്‍ ആശങ്കയായി തുടരുന്നു. ചില കമ്പനികള്‍ E20 കംപ്ലയിന്റ് അല്ലാത്ത വാഹനങ്ങളില്‍ അവ നിറയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല. മാത്രമല്ല E20 കംപ്ലയിന്റ് അല്ലാത്ത വാഹനങ്ങളില്‍ അവ നിറച്ചതിന് ശേഷം വരുന്ന അറ്റകുറ്റപ്പണികള്‍ക്ക് വാറണ്ടി ലഭിക്കില്ലെന്നും ചില ബ്രാന്‍ഡുകള്‍ ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതും വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചു.

ടൊയോട്ട, റെനോ എന്നീ ബ്രാന്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് അയച്ചുവെന്ന് അവകാശപ്പെടുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. ഈ സാഹചര്യത്തില്‍ E20 ഇന്ധനത്തിന്റെ കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര. E20 ഇന്ധനം ഉപയോഗിക്കുന്ന തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വാറണ്ടി പരിരക്ഷയുണ്ടായിരിക്കുമെന്നാണ് മഹീന്ദ്രയുടെ വാഗ്ദാനം.

'2025 ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മിച്ച എല്ലാ വാഹനങ്ങളും E20 മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നു. ഇവ മികച്ച പ്രകടനവും കാര്യക്ഷമതയും നല്‍കുന്നതിനായി പ്രത്യേകം ട്യൂണ്‍ ചെയ്തിരിക്കുന്നു. പഴയ വാഹനങ്ങളും ഈ ഇന്ധനത്തില്‍ സുരക്ഷിതമായി ഓടിക്കാം. എന്നിരുന്നാലും ഡ്രൈവിംഗ് ശൈലികളെ ആശ്രയിച്ച് ആക്സിലറേഷനിലോ മൈലേജിലോ ചെറിയ വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. ഉത്തരവാദിത്തമുള്ള നിര്‍മ്മാതാവ് എന്ന നിലയില്‍ E20 ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും തുടര്‍ന്നും എല്ലാ വാറണ്ടികളും ലഭിക്കും' കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

ഇതോടെ E20 ഇന്ധനം സംബന്ധിച്ച് മഹീന്ദ്ര ഉടമകള്‍ക്കിടയിലുണ്ടായിരുന്ന ആശങ്കകള്‍ കാറ്റില്‍ പറന്നു. പെട്രോളിയം ലോബി ഭയം പരത്തുകയാണെന്ന് ആരോപിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി E20-യെ ന്യായീകരിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് മഹീന്ദ്രയുടെ പ്രസ്താവന. ഫോസില്‍ ഇന്ധന ഇറക്കുമതിക്കായി ഇന്ത്യ പ്രതിവര്‍ഷം ഏകദേശം 22 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം E20 ലാഭകരമാണെന്ന് മാത്രമല്ല കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

2030-ല്‍ ആയിരുന്നു ഇന്ത്യ 20% എഥനോള്‍ മിശ്രിത ലക്ഷ്യം കൈവരിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇന്ത്യ ലക്ഷ്യം നേടിയതായി ഈ വര്‍ഷം ആദ്യം പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. രാജ്യവ്യാപകമായി 90,000 സ്റ്റേഷനുകളില്‍ E20 ഇന്ധനം അവതരിപ്പിച്ചെങ്കിലും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എഥനോള്‍ കലര്‍ത്തിയ ഇന്ധനം മൈലേജ് കുറയ്ക്കുമെന്നും എഞ്ചിന്റെ ആയുസ് കുറയ്ക്കുമെന്നും മെയിന്റനന്‍സ് ചെലവുകള്‍ കൂട്ടുമെന്നുമുള്ള വാഹന ഉടമകളുടെ ആശങ്കയായിരുന്നു അതിന് കാരണം.

ഇന്ത്യയുടെ ക്ലീന്‍ എനര്‍ജി പ്രോഗ്രാമിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ എഥനോള്‍ മിശ്രിത ഇന്ധനങ്ങളെ സജീവമായി പ്രോത്സാഹിപ്പിക്കുന്നു. E20 ഇന്ധനം ഇന്നും ഒരു തര്‍ക്ക വിഷയമായി തുടരുന്ന സാഹചര്യത്തില്‍ നിലവിലുള്ളതും ഭാവി ഉപഭോക്താക്കള്‍ക്കും ആശ്വാസം നല്‍കുന്നതാണ് മഹീന്ദ്രയുടെ പ്രഖ്യാപനം. കാറിന്റെ പ്രകടനത്തെയും വാറണ്ടി കവറേജിനെയും കുറിച്ച് ആശങ്കപ്പെടാതെ ഹരിത ഇന്ധനങ്ങളിലേക്ക് മാറാന്‍ ഇത് സഹായിക്കും.