ഇന്ത്യയിലെ ആഡംബര വാഹന വിപണിയുടെ മേധാവിത്വം ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സിന് സ്വന്തമാണ്. നിരവധി മോഡലുകളുമായി നിരത്തുകളില്‍ സജീവമായിട്ടുള്ള മെഴ്‌സിഡീസ് തങ്ങളുടെ വാഹന നിരയിലെ എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്. രണ്ട് ഘട്ടങ്ങളിലായാണ് വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുകയെന്നാണ് മെഴ്‌സിഡീസ് അറിയിച്ചിരിക്കുന്നത്. ഇതില്‍ ഒന്നാംഘട്ട വില വര്‍ധനവ് ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വരും.
മെഴ്‌സിഡീസ് ബെന്‍സ് സി-ക്ലാസ്, ഇ-ക്ലാസ്, ജിഎല്‍സി, ജിഎല്‍ഇ, ജിഎല്‍എസ്, ഇക്യുഎസ്, മെയ്ബ എസ് ക്ലാസ് എന്നീ മോഡലുകളുടെ ഏതാനും വേരിയന്റുകളുടെ വിലയാണ് ജൂണ്‍ ഒന്ന് മുതല്‍ വര്‍ധിപ്പിക്കുന്നത്. മറ്റുള്ളവയുടെ വിലയില്‍ സെപ്റ്റംബര്‍ മാസത്തില്‍ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഴ്‌സിഡീസ് വാഹനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങുന്ന ഉപയോക്താക്കള്‍ക്ക് കൃത്യമായി പ്ലാന്‍ ചെയ്യുന്നതിനായാണ് രണ്ട് ഘട്ടങ്ങളിലായി വില വര്‍ധനവ് നടപ്പാക്കുന്നതെന്നാണ് മെഴ്‌സിഡീസ് അറിയിച്ചിരിക്കുന്നത്.
രൂപയുടെ വിനിമയ നിരക്കിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിലും ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ ഇറക്കുമതി ചെയ്യുന്നതിലുമുണ്ടായ ഭാരിച്ച ചെലവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വില വര്‍ധനവ് വരുത്തുന്നതെന്നാണ് മെഴ്‌സിഡീസ് അറിയിച്ചിരിക്കുന്നത്. പ്രദേശികമായ ഉത്പാദനം വര്‍ധിപ്പിച്ച് ചെലവ് നിയന്ത്രിക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ടെങ്കിലും ചെറിയൊരു വില വര്‍ധനവ് അനിവാര്യമാണെന്നും മെഴ്‌സിഡീസ് അഭിപ്രായപ്പെടുന്നു.
90,000 രൂപ മുതല്‍ 12.2 ലക്ഷം രൂപയുടെ വരെ വില വര്‍ധനവാണ് മെഴ്‌സിഡീസ് വാഹനങ്ങള്‍ വരുത്തുന്നത്. ബെന്‍സ് സി-ക്ലാസിന്റെ വിലയിലാണ് 90,000 രൂപയുടെ വര്‍ധനവ് വരുത്തുന്നത്. 60.3 ലക്ഷം രൂപയായിരിക്കും ഈ വാഹനത്തിന്റെ പുതിയ പ്രാരംഭ വില. മെഴ്‌സിഡീസ് വാഹന നിരയിലെ അത്യാഡംബര മോഡലായ മെയ്ബ എസ് ക്ലാസ് എസ് 680 സെഡാന്‍ മോഡലിന്റെ വിലയിലാണ് ഏറ്റവും വലിയ വര്‍ധനവ് ഉണ്ടാകുന്നത്. 12.2 ലക്ഷം രൂപ. 3.60 കോടിയിലാണ് പുതിയ വില ആരംഭിക്കുന്നത്.
മെഴ്‌സിഡീസ് ജിഎല്‍സി 300 ഫോര്‍മാറ്റിക് മോഡലിന് 1.5 ലക്ഷം രൂപയാണ് വര്‍ധിപ്പിക്കുന്നത്. 78.3 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ വര്‍ധിപ്പിച്ച വില. ഇ-ക്ലാസിന്റെ വിലയില്‍ രണ്ടുലക്ഷം രൂപയുടെ വര്‍ധവുണ്ടാകും. 81.5 ലക്ഷം രൂപയിലാണ് ജൂണ്‍ ഒന്ന് മുതല്‍ ഇ-ക്ലാസിന്റെ വില ആരംഭിക്കുക. ജിഎല്‍ഇ 300ഡി എഎംജി ലൈനിന് 2.5 ലക്ഷം രൂപയും ഇക്യുഎസ് 450-ക്ക് മൂന്നുലക്ഷം രൂപയും ജിഎല്‍എസ്450-ക്ക് 3.1 ലക്ഷം രൂപയുമാണ് വര്‍ധിപ്പിക്കുന്നതെന്നാണ് മെഴ്‌സിഡീസ് അറിയിച്ചിരിക്കുന്നത്.