വണ്ടി പ്രേമികളെ ഞെട്ടാന്‍ റെഡിയായിക്കോ! ഉടനെത്തും മാരുതിയുടെ ഈ സൂപ്പര്‍ ഹീറോ

2025 നവംബറില്‍ മാരുതി സുസുക്കി ആഭ്യന്തര വിപണിയില്‍ 1,70,971 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചുകൊണ്ട് ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ മേധാവിത്തം തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസം അതായത് 2024 നവംബറില്‍ വിറ്റ 1,41,312 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ മാരുതിയുടെ കാര്‍ വില്‍പ്പനയില്‍ 20.99 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

author-image
Biju
New Update
e vitara

2025 നവംബര്‍ മാസം അവസാനിച്ചതോടെ വാഹന നിര്‍മാതാക്കള്‍ അവരുടെ വില്‍പ്പന കണക്കുകള്‍ പുറത്ത് വിട്ട് തുടങ്ങിയിട്ടുണ്ട്. ഫെസ്റ്റിവല്‍ സീസണ്‍ അവസാനിച്ചിട്ടും മാരുതി സുസുക്കി ഷോറൂമുകളില്‍ ഉത്സവാന്തരീക്ഷത്തിന് കുറവുകള്‍ ഒന്നുമില്ലെന്ന് തെളിയിക്കുന്നതാണ് വില്‍പ്പന റിപ്പോര്‍ട്ട്. കോംപാക്റ്റ് കാറുകള്‍ക്കും യൂട്ടിലിറ്റി വാഹനങ്ങള്‍ക്കുമുള്ള ശക്തമായ ഡിമാന്‍ഡിന്റെ ഫലമായി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎല്‍) 2025 നവംബറില്‍ ശക്തമായ വില്‍പ്പന നേടി. ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയുമടക്കം കമ്പനിയുടെ മൊത്തം വില്‍പ്പന 2,29,021 യൂണിറ്റായിരുന്നു. 2024 നവംബറില്‍ വിറ്റ 1,81,531 യൂണിറ്റുകളില്‍ നിന്ന് ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്താനായത്.

2025 നവംബറില്‍ മാരുതി സുസുക്കി ആഭ്യന്തര വിപണിയില്‍ 1,70,971 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചുകൊണ്ട് ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ മേധാവിത്തം തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസം അതായത് 2024 നവംബറില്‍ വിറ്റ 1,41,312 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ മാരുതിയുടെ കാര്‍ വില്‍പ്പനയില്‍ 20.99 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എര്‍ട്ടിഗ, ബ്രെസ, സ്വിഫ്റ്റ്, ഡിസയര്‍, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ പ്രധാന മോഡലുകളാണ് മികച്ച പ്രകടനം നടത്തിയത്.

ആഭ്യന്തര വില്‍പ്പനയിലെ മുന്നേറ്റത്തിന് പുറമെ കയറ്റുമതിയിലും മാരുതി സുസുക്കി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. കഴിഞ്ഞ മാസം കമ്പനി ആകെ 46,057 യൂണിറ്റ് കാറുകളാണ് വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്തത്. 2024 നവംബറില്‍ മാരുതി കപ്പല്‍ കയറ്റിവിട്ടത് 28,633 കാറുകളായിരുന്നു. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കയറ്റുമതിയില്‍ 60.85 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇത് മാരുതിയുടെ ആഗോള വിപണിയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നു.

പ്രത്യേകിച്ച് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക, ആസിയാന്‍ മേഖലകളിലുടനീളമുള്ള വിപണികളില്‍ കമ്പനി വളരുകയാണ്. മാരുതിയുടെ പാസഞ്ചര്‍ കാര്‍ പോര്‍ട്ട്ഫോളിയോയില്‍ മിനി, കോംപാക്റ്റ് സെഗ്മെന്റുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. സംയുക്തമായി ഈ വിഭാഗങ്ങള്‍ 2025 നവംബറില്‍ 85,273 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 71,720 യൂണിറ്റിനേക്കാള്‍ കൂടുതലാണ്.

എന്നാല്‍ ഇനി പറയാന്‍ പോകുന്ന സംഗതി മറ്റൊന്നാണ്... വണ്ടി പ്രേമികളെ ഹരം കൊള്ളിക്കുന്ന പുതുവര്‍ഷത്തിലും വമ്പന്‍ കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്ന, പുതിയ നീക്കമാണ് മാരുതി നടത്തിയിരിക്കുന്നത്. ഒട്ടും വൈകാതെ അതിന്റെ ആദ്യ ഫലം ലഭിച്ചുതുടങ്ങും.

മാരുതി സുസുക്കിയുടെ ആദ്യത്തെ ഓള്‍ ഇലക്ട്രിക് എസ്യുവിയായ ഇ വിറ്റാര വിപണിയിലെത്തുന്നു. ഈ വര്‍ഷം നടന്ന  ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയിലാണ് വാഹനത്തെ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയില്‍ തന്നയാണ് കാറിന്റെ രൂപകല്‍പനയും നിര്‍മാണവും ഒക്കെ.

ഇ-വിറ്റാരയുടെ ഓള്‍ വീല്‍ ഡ്രൈവ് വേരിയന്റില്‍ 1,900 കിലോഗ്രാം വരെ ഭാരം പ്രതീക്ഷിക്കുന്നു, ഇത് മാരുതി ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ഭാരമേറിയതായിരിക്കും. വലിയ ബാറ്ററി പായ്ക്ക്, ശക്തിപ്പെടുത്തിയ ഷാസി, ഓള്‍-വീല്‍ ഡ്രൈവിനായി അധിക ഘടകങ്ങള്‍ എന്നിവയുടെ സാന്നിധ്യം കണക്കിലെടുക്കുമ്പോള്‍ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ ഈ ഭാരം ഗുണങ്ങളും നല്‍കുന്നുണ്ട്. 

ഹെര്‍ടെക് ഇ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. ഹെര്‍ടെക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചതാണ് ഈ പ്ലാറ്റ്‌ഫോം. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായതും വൈദ്യുത വാഹനത്തിന് യോജിച്ചതുമായ ഇലക്ട്രിക് പ്ലാറ്റ്ഫോമായ Hertect-e ടൊയോട്ടയോടൊപ്പം ചേര്‍ന്ന് മാരുതി സുസുക്കി വികസിപ്പിച്ചെടുക്കുകയായിരുന്നു. ഭാവിയില്‍ പുറത്തിറങ്ങുന്ന മാരുതി സുസുക്കിയുടെ മാത്രമല്ല ടൊയോട്ടയുടെ ഇവികളിലും ഇതേ പ്ലാറ്റ്ഫോം ഉപയോഗിക്കും. കരുത്തിനും കാര്യക്ഷമതക്കും സുരക്ഷക്കും പ്രാധാന്യം നല്‍കുന്ന പ്ലാറ്റ്ഫോമാണിത്. ടയറുകള്‍ നാലു വശങ്ങളിലേക്ക് പരമാവധി ഒതുക്കിക്കൊണ്ടുള്ള പരന്ന പ്ലാറ്റ്ഫോമായതിനാല്‍ സ്‌കേറ്റ്ബോര്‍ഡ് പ്ലാറ്റ്ഫോം എന്നും ഇതിനെ വിളിക്കാറുണ്ട്. വാഹനത്തിന് ഉള്‍ഭാഗത്ത് പരമാവധി സ്ഥലം ഉറപ്പിക്കാനും പിന്‍സീറ്റില്‍ അനായാസം മൂന്നുപേര്‍ക്ക് ഇരിക്കാനും ഈ പ്ലാറ്റ്ഫോമില്‍ ഇറങ്ങുന്ന വാഹനങ്ങളില്‍ സാധിക്കും. 

ഈ കരുത്തുറ്റ പ്ലാറ്റ്ഫോമില്‍ 50 ശതമാനത്തിലധികം ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ ഉപയോഗിച്ചിരിക്കുന്നു, ഇത് മികച്ച ഘടനാപരമായ ദൃഢത ഉറപ്പാക്കുന്നു. 2700 എംഎമ്മിന്റെ നീളമേറിയ വീല്‍ബേസും ചെറിയ ഓവര്‍ഹാങ്ങുമുള്ള ഈ പ്ലാറ്റ്ഫോമിന്, 5.2 മീറ്ററിന്റെ മികച്ച കുറഞ്ഞ ടേണിങ് റേഡിയസ് ഉണ്ട്. ഇത് വാഹനത്തെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുകയും അതിന്റെ എന്‍ജിനീയറിങ് മികവിന് അടിവരയിടുകയും ചെയ്യുന്നു.

കൂടാതെ, പരന്ന ഫ്‌ലോര്‍ ഡിസൈന്‍ ക്യാബിനിലെ സ്ഥലം പരമാവധി വര്‍ദ്ധിപ്പിക്കുകയും, മെച്ചപ്പെട്ട യാത്രാസുഖം, സീറ്റിങ് ഫ്‌ലെക്‌സിബിലിറ്റി, ഉയര്‍ന്ന ശേഷിയുള്ള ബാറ്ററി പാക്കിന് ആവശ്യമായ സ്ഥലം എന്നിവ നല്‍കുകയും ചെയ്യുന്നു. ടൊയോട്ടയുമായി സഹകരിച്ചാണ് ഈ എസ്‌യുവി വാഹനം നിര്‍മിക്കുന്നത്.  ഈ എസ്യുവിയെ ടൊയോട്ടയുടെ മോഡലായി പുനര്‍നിര്‍മിച്ച് വില്‍ക്കുകയും ചെയ്യും. അര്‍ബന്‍ ക്രൂയിസര്‍ ഇവി എന്നായിരിക്കും പേര് നല്‍കുക. സുസുക്കിയുടെ ഗുജറാത്ത് പ്ലാന്റിലാണ് ഇത് നിര്‍മിക്കുക. 

സ്പീഡിനേക്കാള്‍ ഇന്ധനക്ഷമതയ്ക്ക് പേരുകേട്ട ബ്രാന്‍ഡാണ് മാരുതി. എന്നാല്‍ ഇ വിറ്റാര ഇന്നുവരെയുള്ള ഏറ്റവും വേഗമേറിയ മാരുതി സുസുക്കിയാണ്. ഓള്‍വീല്‍ ഡ്രൈവ് വേരിയന്റ് 143 kW (194 PS) പവര്‍ നല്‍കുന്നു, കൂടാതെ 7.4 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ ഇതിന് കഴിയും.  ടൂ വീല്‍ ഡ്രൈവ് വേരിയന്റ് 100 kW (136 PS) ഉത്പാദിപ്പിക്കും. വേഗം 100 കടക്കാന്‍ ഏകദേശം 9.6 സെക്കന്‍ഡ് വേണം.