/kalakaumudi/media/media_files/2025/10/30/maruti-ev-2025-10-30-08-22-16.jpg)
ഭാരതീയരുടെ ആവശ്യം കണ്ടറിഞ്ഞ് അവര്‍ക്ക് വേണ്ട ഉല്‍പ്പന്നങ്ങള്‍ കൊടുക്കുന്നതിനാലാണ് പതിറ്റാണ്ടുകളായി മാരുതി ഇന്ത്യയില്‍ നമ്പര്‍ വണ്‍ ആയി നിലനില്‍ക്കുന്നത്. ഇന്ത്യന്‍ ഓട്ടോമോട്ടീവ് രംഗവും ഇപ്പോള്‍ ഇവികളിലേക്കുള്ള പരിവര്‍ത്തനത്തെ പുല്‍കിക്കൊണ്ടിരിക്കുകയാണ്. അല്‍പ്പം പതിയെ ആണെങ്കിലും മാരുതി സുസുക്കിയും ഇവി വിപ്ലവത്തിന്റെ പിന്നണിയിലുണ്ട്. മാരുതി സുസുക്കിയുടെ കന്നി ഇലക്ട്രിക് കാര്‍ ആയ ഇവിറ്റാര ഉടന്‍ പുറത്തിറങ്ങാന്‍ പോകുകയാണ്. ഇലക്ട്രിക് എസ്യുവിയായ ഇത് രാജ്യത്തെ സാധാരണക്കാര്‍ക്ക് താങ്ങില്ല. എന്നാല്‍ ടോക്കിയോയില്‍ നടക്കുന്ന 2025 ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ നിന്ന് പ്രതീക്ഷ നല്‍കുന്ന ചില വാര്‍ത്തകളുണ്ട്.
ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കെയ് കാറായ സുസുക്കി വിഷന്‍ ഇ-സ്‌കൈ അവതരിപ്പിച്ചു. ചെറുതും ചെലവ് കുറഞ്ഞതുമായ ഇന്ധനക്ഷമതയുള്ള വാഹനങ്ങള്‍ ഇലക്ട്രിക് രൂപത്തില്‍ അവതരിപ്പിക്കാനുള്ള കമ്പനിയുടെ പുത്തന്‍ തന്ത്രത്തിന്റെ ഭാഗാമായി പിറന്ന കണ്‍സെപ്റ്റ് മോഡലാണ് പ്രദര്‍ശനത്തിനെത്തിയത്. ഷോയില്‍ ഈ മോഡല്‍ പ്രദര്‍ശിപ്പിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു
സുസുക്കി ഈ കാറിനെ 'ജസ്റ്റ് റൈറ്റ്' മിനി കാര്‍ ബിഇവി എന്നാണ് വിശേഷിപ്പിച്ചത്. സിറ്റി ഡ്രൈവുകള്‍ക്ക് അനുയോജ്യമായ ഇലക്ട്രിക് കാറായാണ് സുസുക്കി ഇത് വികസിപ്പിച്ചിരിക്കുന്നത്. സുസുക്കി വിഷന്‍ ഇ-സ്‌കൈ വലുപ്പത്തില്‍ ചെറുതാണെങ്കിലും, ഡിസൈനിലൂടെ ഒരു മോഡേണ്‍-പ്രീമിയം ലുക്ക് നല്‍കുന്നുണ്ട്.
വലിപ്പം നോക്കിയാല്‍ 3,395 mm നീളവും 1,475 mm വീതിയും 1,625 mm ഉയരവുമാണ് ഇവി കണ്‍സെപ്റ്റിനുള്ളത്.
പിക്സല്‍-സ്റ്റൈല്‍ ഹെഡ്‌ലൈറ്റുകള്‍, C-ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, സ്മൂത്ത് പാനലുകള്‍, റിട്രാക്ടബിള്‍ ഡോര്‍ ഹാന്‍ഡിലുകള്‍, സ്ലോപിംഗ് റൂഫ്‌ലൈന്‍, ഡ്യുവല്‍-ടോണ്‍ ഫിനിഷ്, ബോള്‍ഡ് വീല്‍ ആര്‍ച്ചുകള്‍ എന്നിവ ഇവിക്ക് ഫ്യൂചറിസ്റ്റിക് ലുക്ക് നല്‍കുന്നു. വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും മിനി എസ്യുവി ഫീലുള്ള സുസുക്കി വിഷന്‍ ഇ-സ്‌കൈ കണ്‍സെപ്റ്റ് ആകര്‍ഷകമായ റോഡ് പ്രസന്‍സും നല്‍കുന്നു.
ഈ കാറിന്റെ ഇന്റീരിയര്‍ ലളിതവും വിശാലവും ആധുനികവുമാണ്. ഫ്ലോട്ടിങ് സെന്റര്‍ കണ്‍സോളിനൊപ്പം വയര്‍ലെസ് ചാര്‍ജിങ് പാഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റോറേജിനായി ട്രേ-സ്റ്റൈല്‍ ഡാഷ്ബോര്‍ഡ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ആംബിയന്റ് ലൈറ്റിങ്ങും സ്‌ക്വയര്‍ ഷേപ്പ് സ്റ്റിയറിംഗ് വീലും ആരെയും ആകര്‍ഷിക്കും. ആഡംബരത്തിന് അധികം പ്രാധാന്യം നല്‍കാതെ നഗരത്തിലൂടെ സൗകര്യപ്രദമായി ചുറ്റിയടിക്കാന്‍ പറ്റിയ ഇവിയാണ് ഇതെന്ന് പറയാം.
ബാറ്ററി, മോട്ടോര്‍ എന്നിവയെ കുറിച്ചുള്ള കൃത്യമായവിവരങ്ങള്‍ കമ്പനി പങ്കുവെച്ചിട്ടില്ല. എങ്കിലും, സുസുക്കി വിഷന്‍ ഇ-സ്‌കൈ ഒറ്റ ചാര്‍ജില്‍ 270 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് പറയപ്പെടുന്നത്. വാരാന്ത്യങ്ങളില്‍ ദൈനംദിന യാത്ര, ഷോപ്പിംഗ്, ചെറിയ യാത്രകള്‍ എന്നിവയ്ക്കായി മിനികാറുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളെയാണ് ഇതുവഴി സുസുക്കി ലക്ഷ്യംവെക്കുന്നത്.
കുറഞ്ഞ ചെലവ്, ഉയര്‍ന്ന കാര്യക്ഷമത, കുറഞ്ഞ പരിപാലനച്ചെലവ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2026 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പേ ഇത് ജപ്പാനില്‍ വില്‍പ്പനക്കെത്തിക്കാനാണ് സുസുക്കി ലക്ഷ്യമിടുന്നത്. ഒതുക്കമുള്ളതും വിലകുറഞ്ഞതും ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമായതിനാലാല്‍ ജപ്പാനില്‍ കെയ് കാറുകള്‍ ജനപ്രിയമാണ്. കമ്പനി ഇപ്പോള്‍ കുഞ്ഞന്‍ കാറുകള്‍ ഇലക്ട്രിക് കുപ്പായമണിയിക്കുകയാണ്.
ഭാവിയില്‍ ഇന്ത്യ പോലുള്ള വിപണികളില്‍ ഈ മോഡല്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ ഇന്ത്യയില്‍ മാസ് മാര്‍ക്കറ്റ് ഇവികള്‍ നന്നേ കുറവായതിനാല്‍ ഇത്തരം കാറുകള്‍ നന്നായി വിറ്റുപോകാന്‍ സാധ്യതയുണ്ട്. വിഷന്‍ ഇ-സ്‌കൈ രൂപത്തില്‍ അല്ലെങ്കിലും ഇന്ത്യയില്‍ പേറ്റന്റ് നേടിയ eWX ഹാച്ച് കമ്പനി ഇന്ത്യയിലേക്ക് കൊണ്ടുവരും. വാഗണ്‍ആര്‍ ഇലക്ട്രിക്, വിഷന്‍ ഇ-സ്‌കൈ കണ്‍സെപ്റ്റ് എന്നിവയുമായി ഏറെ സാമ്യത പുലര്‍ത്തുന്നുണ്ട് eWX. ഏതായാലും മാരുതിയുടെ ഇവി തന്ത്രത്തിന് അനുസരിച്ച് ഇവ ഓരോന്നും പുറത്തിറങ്ങും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
